ദുആ എപ്പോഴാണ് സ്വീകരിക്കപ്പെടുക? സമയങ്ങളും കാരണങ്ങളും

ദുആ സ്വീകരിക്കപ്പെടാൻ ഏറ്റവും പ്രതീക്ഷയുള്ള സമയങ്ങളും അവസ്ഥകളും.

1 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക."

رواه مسلم പദവി: صحيح

വിശദീകരണം

ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്താകുന്ന സന്ദർഭം അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്ന വേളയിലായിരിക്കുമെന്ന് നബി ﷺ അറിയിക്കുന്നു. കാരണം നമസ്കരിക്കുന്ന വ്യക്തി സുജൂദ് ചെയ്യുന്ന സന്ദർഭത്തിൽ അവൻ്റെ ശരീരത്തിലെ ഏറ്റവും ഉന്നതയും ശ്രേഷ്ഠവുമായ ഭാഗമാണ് അല്ലാഹുവിന് മുൻപിൽ താഴ്മയോടെയും വിനയത്തോടെയും കീഴൊതുക്കത്തോടെയും ഭൂമിയിൽ വെക്കുന്നത്.

സുജൂദിൻ്റെ സന്ദർഭത്തിൽ പ്രാർത്ഥന അധികരിപ്പിക്കാൻ നബി ﷺ നമ്മോട് കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വാക്കിലും പ്രവർത്തിയിലുമുള്ള താഴ്മ ഇതിലൂടെ ഒരുമിക്കുന്നതാണ്.

പ്രയോജനങ്ങൾ

  • നന്മകൾ അല്ലാഹുവിനോടുള്ള അവൻ്റെ അടിമകളുടെ അടുപ്പം അധികരിപ്പിക്കുന്നതാണ്.
  • സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുന്നതിലുള്ള പുണ്യം. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്ന വേളയാണത്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: അംറു ബ്നു അബസഃ -رَضِيَ اللَّهُ عَنْهُ- എന്നോട് പറയുകയുണ്ടായി: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "(ലോകരക്ഷിതാവായ) റബ്ബ് അവൻ്റെ അടിമയോട് ഏറ്റവും അടുക്കുക രാത്രിയുടെ അന്ത്യയാമങ്ങളിലാകുന്നു. അതുകൊണ്ട് ആ നേരം അല്ലാഹുവിനെ സ്മരിക്കുന്നവരിൽ ഉൾപ്പെടാൻ നിനക്ക് സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യുക"

رواه أبو داود والترمذي والنسائي പദവി: صحيح

വിശദീകരണം

അല്ലാഹു തൻ്റെ അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അവസാന മൂന്നിലൊന്നിൻ്റെ സന്ദർഭത്തിലാണെന്ന് നബി -ﷺ- അറിയിക്കുന്നു. അതിനാൽ -വിശ്വാസിയായ സഹോദരാ!- നിനക്ക് അല്ലാഹു സൗഭാഗ്യം നൽകുകയും, ഈ സമയം അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് നിസ്കരിക്കുകയും അവനെ സ്മരിക്കുകയും ചെയ്യുന്നവരിൽ നിനക്ക് ഉൾപ്പെടാൻ സാധിക്കുമെങ്കിൽ ഈ സന്ദർഭം പ്രയോജനപ്പെടുത്തുകയും ആരാധനകളാൽ പരിശ്രമിക്കുകയും ചെയ്യണമെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

പ്രയോജനങ്ങൾ

  • രാത്രിയുടെ അവസാനഭാഗങ്ങളിൽ അല്ലാഹുവിനെ സ്മരിക്കാനുള്ള പ്രോത്സാഹനം.
  • ദിക്ർ, ദുആ, നിസ്കാരം തുടങ്ങിയവയുടെ ശ്രേഷ്ഠത സമയങ്ങളുടെ വ്യത്യാസമനുസരിച്ച് ഏറിയും കുറഞ്ഞും ഇരിക്കുന്നതാണ്.
  • നസീമുദ്ദീൻ മുഹമ്മദ് മീറക് (റഹി) പറയുന്നു: സുജൂദിൻ്റെ സന്ദർഭത്തിലാണ് അടിമയെ സംബന്ധിച്ചിടത്തോളം അവൻ അല്ലാഹുവിലേക്ക് ഏറ്റവും അടുത്തു നിൽക്കുന്ന സമയം. എന്നാൽ അല്ലാഹു അടിമയോട് ഏറ്റവും അടുക്കുന്ന സമയം രാത്രിയുടെ അന്ത്യയാമമാണ്. ഇതാണ് സുജൂദിലുള്ള അടുപ്പവും, രാത്രിയുടെ അന്ത്യയാമത്തിലുള്ള അടുപ്പവും തമ്മിലുള്ള വ്യത്യാസം.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

അർത്ഥവും ഉറവിടവും

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്കിനും ഇഖാമതിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല."

رواه أبو داود والترمذي والنسائي പദവി: صحيح

വിശദീകരണം

ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള പ്രാർത്ഥനയുടെ ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. പ്രസ്തുത പ്രാർത്ഥന തള്ളപ്പെടുകയില്ല എന്നും, അതിന് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുണ്ട് എന്നും, അതിനാൽ ആ സമയം നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുവിൻ എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

പ്രയോജനങ്ങൾ

  • ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഈ സമയത്ത് പ്രാർത്ഥിക്കുന്നതിനുള്ള ശ്രേഷ്ഠത.
  • ഒരാൾ പ്രാർത്ഥനയുടെ മര്യാദകൾ പാലിക്കുകയും, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും, അവ്യക്തവും സംശയകരവുമായ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കുകയും, അല്ലാഹുവിനെ കുറിച്ചുള്ള അവൻ്റെ വിചാരം നന്നാക്കുകയും ചെയ്താൽ അവൻ്റെ പ്രാർത്ഥനക്ക് -അല്ലാഹുവിൻ്റെ അനുമതിയുണ്ടെങ്കിൽ- ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുണ്ട്.
  • പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതിനെ കുറിച്ച് മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "പ്രാർത്ഥനയുടെ നിബന്ധനകളും സ്തംഭങ്ങളും മര്യാദകളും പാലിക്കപ്പെട്ട പ്രാർത്ഥനയാണ് സ്വീകരിക്കപ്പെടുക. അതിൽ ഏതെങ്കിലുമൊന്ന് നഷ്ടമായിട്ടുണ്ടെങ്കിൽ ആ പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ല എന്നതിൽ അവൻ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല."
  • പ്രാർത്ഥനക്കുള്ള ഉത്തരം നൽകപ്പെടുന്നത് മൂന്നാലൊരു തരത്തിലാണ്. ഒന്നുകിൽ അവൻ തേടിയ കാര്യം അവന് ഉടനടി നൽകപ്പെടും. അല്ലെങ്കിൽ ആ പ്രാർത്ഥിക്കപ്പെട്ട കാര്യത്തിന് തുല്യമായ തോതിലുള്ള ഒരു ഉപദ്രവം അവനിൽ നിന്ന് തടുക്കപ്പെടും. അതുമല്ലെങ്കിൽ ആ പ്രാർത്ഥനക്കുള്ള പ്രതിഫലം പരലോകത്ത് അവനായി മാറ്റിവെക്കപ്പെടും. അല്ലാഹുവിൻ്റെ യുക്തിക്കും കാരുണ്യത്തിനും അനുസരിച്ചായിരിക്കും ഇവ ഉണ്ടാവുക.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

അർത്ഥവും ഉറവിടവും

ഉമ്മുദ്ദർദാഅ് -അല്ലെങ്കിൽ അബുദ്ദർദാഅ്-(رضي الله عنهما) നിവേദനം: നബി (ﷺ) ഇപ്രകാരം പറയാറുണ്ടായിരുന്നു: "മുസ്‌ലിമായ ഒരു വ്യക്തി തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥന ഉത്തരം നൽകപ്പെടുന്നതാണ്. അവൻ തൻ്റെ സഹോദരന് വേണ്ടി നന്മക്കായി പ്രാർത്ഥിക്കുമ്പോഴെല്ലാം അവൻ്റെ ശിരസ്സിനരികിൽ ഒരു മലക്കുണ്ടായിരിക്കും; അവൻ്റെ കാര്യം ഏൽപ്പിക്കപ്പെട്ട ആ മലക്ക് പറയും: "ആമീൻ (ഈ പ്രാർത്ഥന സ്വീകരിക്കേണമേ). നിനക്കും തുല്യമായത് നൽകപ്പെടട്ടെ."

رواه مسلم പദവി: صحيح

വിശദീകരണം

ഒരു മുസ്‌ലിമായ വ്യക്തി തൻ്റെ സഹോദരനായ മറ്റൊരു മുസ്‌ലിമിന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കുന്ന പ്രാർത്ഥനകൾ ഉത്തരം നൽകപ്പെടുന്ന പ്രാർത്ഥനകളിൽ പെട്ടതാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഈ പ്രാർത്ഥനകൾ കൂടുതൽ ഇഖ്ലാസുള്ളതായിരിക്കും. ഈ പ്രാർത്ഥിക്കുന്ന വ്യക്തിയുടെ തലക്കരികിൽ ഒരു മലക്ക് അവൻ തൻ്റെ സഹോദരന് വേണ്ടി പ്രാർത്ഥിക്കുമ്പോഴെല്ലാം ''ആ പ്രാർത്ഥന സ്വീകരിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അവൻ പ്രാർത്ഥിച്ചതിന് തുല്യമായ നന്മ അവന് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്' എന്നും നബി -ﷺ- അറിയിക്കുന്നു.

പ്രയോജനങ്ങൾ

  • മുഅ്മിനീങ്ങളും മുസ്‌ലിമീങ്ങളും പരസ്പരം സഹായം ചെയ്യേണ്ടവരാണ്; ഒരുപക്ഷേ ഭൗതികമായി അതിന് സാധിക്കുന്നില്ലെങ്കിൽ പ്രാർത്ഥന കൊണ്ടെങ്കിലും.
  • തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ നിർവ്വഹിക്കപ്പെടുന്ന പ്രാർത്ഥനകൾ ഒരാളുടെ വിശ്വാസവും അതിൻ്റെ പേരിലുള്ള സാഹോദര്യവും സത്യസന്ധമാണെന്ന് അറിയിക്കുന്ന വ്യക്തമായ തെളിവാണ്.
  • മറ്റൊരാൾക്ക് വേണ്ടി അവൻ്റെ 'അസാന്നിദ്ധ്യത്തിൽ' നടത്തുന്ന പ്രാർത്ഥന എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കുക; കാരണം അസാന്നിദ്ധ്യത്തിലുള്ള പ്രാർത്ഥനയാണ് കൂടുതൽ ഇഖ്ലാസുള്ളതും, ഹൃദയസാന്നിദ്ധ്യത്തോടെയുള്ളതുമായിരിക്കുക.
  • പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാനുള്ള കാരണങ്ങളിൽ പെട്ടതാണ് തൻ്റെ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കുക എന്നത്.
  • നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഒരാൾ തൻ്റെ മുസ്‌ലിമായ സഹോദരന് വേണ്ടി അവൻ്റെ അസാന്നിദ്ധ്യത്തിൽ പ്രാർത്ഥിക്കുന്നതിനുള്ള ശ്രേഷ്ഠത ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു. മുസ്‌ലിംകളിൽ പെട്ട ഒരു സംഘമാളുകൾക്ക് വേണ്ടി അവൻ ദുആ ചെയ്താലും ഈ ശ്രേഷ്ഠത അവന് ലഭിക്കുന്നതാണ്. എല്ലാ മുസ്‌ലിംകൾക്ക് വേണ്ടിയും ഒരാൾ പ്രാർത്ഥിക്കുകയാണെങ്കിൽ അവനും ഈ ശ്രേഷ്ഠതയും പുണ്യവും നേടാൻ സാധിക്കുമെന്ന് തന്നെയാണ് ഹദീഥിൻ്റെ പ്രത്യക്ഷാർത്ഥത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സലഫുകളിൽ ചിലർ സ്വന്തത്തിന് ഒരു നന്മ ആഗ്രഹിച്ചാൽ തൻ്റെ സഹോദരന് അത് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുമായിരുന്നു; കാരണം ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതാണ്. അതോടൊപ്പം, അവനും അതിന് തുല്യമായത് ലഭിക്കുന്നതാണ്."
  • മലക്കുകളുടെ പ്രവർത്തനങ്ങളിൽ പെട്ട ചിലത് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു. ഹദീഥിൽ പറയപ്പെട്ട പ്രവൃത്തി നിർവ്വഹിക്കുന്ന മലക്കുകൾ അവരിലുണ്ട്.

HadeethEnc.com ൽ വായിക്കുക

5 ഒരു തവണ

അർത്ഥവും ഉറവിടവും

നുഅ്മാൻ ബ്‌നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നത് ഞാൻ കേട്ടു: "പ്രാർത്ഥന; അത് തന്നെയാകുന്നു ആരാധന." ശേഷം അവിടുന്ന് (സൂറ. ഗാഫിറിലെ 60 ആം വചനം) പാരായണം ചെയ്തു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്."

رواه أبو داود والترمذي وابن ماجه وأحمد പദവി: صحيح

വിശദീകരണം

ദുആ (പ്രാർത്ഥന) തന്നെയാകുന്നു ഇബാദത്ത് (ആരാധന) എന്ന് നബി ﷺ ഈ ഹദീഥിലൂടെ പഠിപ്പിക്കുന്നു. അതിനാൽ പ്രാർത്ഥനകൾ നിർബന്ധമായും അല്ലാഹുവിനോട് മാത്രമേ ആകാൻ പാടുള്ളൂ. അല്ലാഹുവിനോടുള്ള തേട്ടവും ചോദ്യങ്ങളും പ്രാർത്ഥനയാകുന്നത് പോലെ, അല്ലാഹുവിനുള്ള എല്ലാ ആരാധനാകർമ്മങ്ങളും പ്രാർത്ഥന അടങ്ങുന്നതാണ്. ഒന്നാമത്തേത് (തേട്ടമാകുന്ന പ്രാർത്ഥന) അല്ലാഹുവിനോട് നന്മക്ക് വേണ്ടി ചോദിക്കലും, ഇഹപരലോകങ്ങളിലെ ഉപദ്രവങ്ങളിൽ നിന്ന് തടുക്കാൻ തേടലുമാണെങ്കിൽ രണ്ടാമത്തേത് (ആരാധനയിലുള്ള പ്രാർത്ഥന) അല്ലാഹുവിന് തൃപ്തികരവും ഇഷ്ടമുള്ളതുമായ ആന്തരികവും ബാഹ്യവുമായ എല്ലാ വാക്കുകളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഹൃദയം കൊണ്ടും, ശരീരം കൊണ്ടും, സമ്പത്ത് കൊണ്ടുമെല്ലാം ചെയ്യുന്ന ആരാധനകൾ ഈ പറഞ്ഞതിൽ ഉൾപ്പെടും.

പ്രാർത്ഥന ആരാധനയാണെന്നതിന് നബി ﷺ ഖുർആനിൽ നിന്നുള്ള തെളിവ് അവരെ കേൾപ്പിക്കുകയും ചെയ്തു. അല്ലാഹു പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നോട് പ്രാർത്ഥിക്കൂ; ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കുന്നതാണ്." (ഗാഫിർ: 60)

പ്രയോജനങ്ങൾ

  • പ്രാർത്ഥന ആരാധനകളുടെ അടിത്തറയാണ്; അവ അല്ലാഹുവിന് പുറമെയുള്ളവർക്ക് നൽകുക എന്നത് അനുവദനീയമല്ല.
  • ആരാധനകളുടെ അന്തസത്ത പ്രാർത്ഥനയിലുണ്ട്. അല്ലാഹുവിൻ്റെ ധന്യതയെ അംഗീകരിച്ചു കൊണ്ടും, അവൻ്റെ കഴിവിനെ സത്യപ്പെടുത്തി കൊണ്ടും, മനുഷ്യൻ യാതൊരു കഴിവുമില്ലാത്ത, അല്ലാഹുവിലേക്ക് യാചന നടത്തുന്നവനാണ് എന്ന് ഏറ്റുപറഞ്ഞു കൊണ്ടുമാണല്ലോ ഒരാൾ പ്രാർത്ഥിക്കുന്നത്?
  • അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുന്നതിനും, അവനോട് പ്രാർത്ഥിക്കുന്നത് ഉപേക്ഷിക്കുന്നതിനും കഠിനമായ ശിക്ഷയാണ് താക്കീത് ചെയ്യപ്പെട്ടിട്ടുള്ളത്. അവർ നിന്ദ്യരും അപമാനിതരുമായി നരകാഗ്നിയിൽ കടന്നെരിയുന്നതാണെന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു.

HadeethEnc.com ൽ വായിക്കുക

6 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പ്രാർത്ഥനയേക്കാൾ അല്ലാഹുവിങ്കൽ ആദരണീയമായ മറ്റൊരു കാര്യവുമില്ല."

رواه الترمذي وابن ماجه وأحمد പദവി: حسن

വിശദീകരണം

ആരാധനകളുടെ (ഇബാദത്തുകൾ) കൂട്ടത്തിൽ പ്രാർത്ഥനയോളം (ദുആ) അല്ലാഹുവിങ്കൽ ശ്രേഷ്ഠകരമായ ഒരു കാര്യവുമില്ലെന്ന് നബി ﷺ അറിയിക്കുന്നു. കാരണം അല്ലാഹുവിൻ്റെ ധന്യത അംഗീകരിക്കുകയും, അടിമയുടെ കഴിവുകേടും അല്ലാഹുവിലേക്കുള്ള പരിപൂർണ്ണമായ തേട്ടവും യാചനയും അറിയിക്കുകയും ചെയ്യുന്ന ആരാധനയാണത്.

പ്രയോജനങ്ങൾ

  • പ്രാർത്ഥനയുടെ ശ്രേഷ്ഠത നോക്കൂ! ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ തൻ്റെ റബ്ബിനെ അവൻ ആദരിക്കുന്നു, അല്ലാഹു സമ്പൂർണ്ണ ധന്യതയുള്ളവനാണെന്ന് അംഗീകരിക്കുന്നു; കാരണം കൈകളിലൊന്നുമില്ലാത്തവനോട് ഒരാൾ പ്രാർത്ഥിക്കുകയില്ലല്ലോ?! അല്ലാഹു പ്രാർത്ഥനകൾ കേൾക്കുന്നവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം കേൾക്കാത്ത ബധിരരോട് ഒരാൾ ചോദിക്കുകയില്ലല്ലോ?! അല്ലാഹു അങ്ങേയറ്റം ഉദാരത ചൊരിയുന്നവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം പിശുക്കനോട് ആരും തേടുകയില്ലല്ലോ?! അല്ലാഹു അതീവ കാരുണ്യമുള്ളവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം പരുഷതയുള്ളവരോട് ആരും ആവശ്യങ്ങൾ പറയുകയില്ലല്ലോ?! അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം അശക്തരോട് ആരും ചോദിക്കുകയില്ല. അല്ലാഹു സമീപസ്ഥനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം വിദൂരത്തുള്ളവൻ യാതൊന്നും കേൾക്കുകയില്ലല്ലോ? ഇങ്ങനെ അല്ലാഹുവിൻ്റെ മഹത്വവും ഭംഗിയും അറിയിക്കുന്ന അനേകം വിശേഷണങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ഒരാൾ അവനോട് പ്രാർത്ഥിക്കുന്നത്.

HadeethEnc.com ൽ വായിക്കുക

7 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവ പരിശുദ്ധൻ (ത്വയ്യിബ്) ആകുന്നു. പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തൻ്റെ ദൂതന്മാരോട് കൽപ്പിച്ച അതേ കാര്യം അല്ലാഹു എല്ലാ മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു. അല്ലാഹു (അവൻ്റെ ദൂതന്മാരോടായി) പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (അൽ ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് പറയുന്നുണ്ട്. എന്നാൽ അവൻ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധമുണ്ട് വളർന്നവനാണ്. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"

رواه مسلم പദവി: صحيح

വിശദീകരണം

അല്ലാഹു പരമപരിശുദ്ധനും എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും മുക്തനും എല്ലാ പൂർണ്ണതകളും ഉള്ളവനുമാണെന്നും നബി -ﷺ- അറിയിക്കുന്നു. അതിനാൽ അല്ലാഹു പരിശുദ്ധമായ പ്രവർത്തനങ്ങളും വിശ്വാസങ്ങളും വാക്കുകളുമല്ലാതെ സ്വീകരിക്കുന്നതല്ല. അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി പ്രവർത്തിക്കുകയും, നബി -ﷺ- യുടെ മാതൃകയോട് യോജിക്കുന്നതുമായ പ്രവൃത്തിയാണ് ഏറ്റവും ശുദ്ധമായ പ്രവൃത്തി. അതിനാൽ ഒരാൾ അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും ഈ രൂപത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് മാത്രമായിരിക്കണം. ഒരു മുഅ്മിനിന് തൻ്റെ പ്രവർത്തനങ്ങൾ പരിശുദ്ധമാക്കാൻ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അവൻ്റെ ഭക്ഷണം പരിശുദ്ധമാക്കുക എന്നതും, ഹലാലായ (അനുവദനീയമായ) മാർഗത്തിൽ നിന്നാവുക എന്നതുമാണ്. ഇതു കൊണ്ട് തന്നെ, അല്ലാഹു തൻ്റെ മുർസലുകളോട് കൽപ്പിച്ച അതേ കാര്യം മുഅ്മിനുകളായ എല്ലാ അടിമകളോടും കൽപ്പിച്ചതായി കാണാം. അല്ലാഹു (അവൻ്റെ റസൂലുകളോട്) പറഞ്ഞിരിക്കുന്നു: "വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു (മുഅ്മിനീങ്ങളോടായി) പറഞ്ഞു: "നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക." (ബഖറ: 172)

നബി ﷺ ഇത്രയും പറഞ്ഞതിന് ശേഷം പ്രവർത്തനങ്ങളെ നശിപ്പിക്കുകയും അവ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടാൻ വേണ്ടി എത്ര ശ്രമിച്ചാലും അതിനെയെല്ലാം നിഷ്ഫലമാക്കുകയും ചെയ്യുന്ന തിന്മയിൽ നിന്ന് -ഹറാം ഭക്ഷിക്കുന്നതിൽ നിന്ന്- താക്കീത് നൽകുന്നു. (അവിടുന്ന് ഇത് ബോധ്യപ്പെടുത്താനായി പറഞ്ഞ ആ വ്യക്തിയുടെ ഉദാഹരണത്തിൽ നന്മ സ്വീകരിക്കാൻ കാരണമാകുന്ന ധാരാളം കാര്യങ്ങളുണ്ട്;) അവയിൽ പെട്ടതാണ്:

ഒന്ന്: ഹജ്ജ്, ജിഹാദ്, കുടുംബബന്ധം ചേർക്കൽ എന്നിങ്ങനെയുള്ള ഉദ്ദേശ്യവുമായി വിദൂര യാത്രയിലായിരിക്കുക എന്നത്.

രണ്ട്: അയാളുടെ മുടി ചീകാൻ കഴിയാത്തതിനാൽ ജട പിടിക്കുകയും, മണ്ണും പൊടിയുമേറ്റ് അയാളുടെ വസ്ത്രവും ശരീരവും നിറംമാറുകയും ചെയ്തിരിക്കുന്നു എന്നതിനാൽ അയാൾ അതീവ പ്രയാസത്തിൽ അകപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലാക്കാം. (ഇതും നന്മ സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാരണമാണ്.)

മൂന്ന്: തൻ്റെ പ്രാർത്ഥന സ്വീകരിക്കാനായി അയാൾ കൈകൾ ആകാശത്തേക്ക് ഉയർത്തിയിരിക്കുന്നു.

നാല്: 'എൻ്റെ റബ്ബേ! എൻ്റെ റബ്ബേ!' എന്നു വിളിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തിയാണ് അയാൾ പ്രാർത്ഥിക്കുന്നത്. ഇത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന കാര്യമാണ്.

എന്നാൽ പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന ഈ കാര്യങ്ങളെല്ലാം ഉണ്ടായിട്ടും അയാളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടില്ല. അതിൻ്റെ കാരണമായി നബി -ﷺ- പറഞ്ഞത്, അയാളുടെ ഭക്ഷണവും പാനീയവും വസ്ത്രവുമെല്ലാം ഹറാമായിരുന്നു എന്നതാണ്. ഹറാമിൽ മുങ്ങിക്കുളിച്ച നിലയിലുള്ള ഈ മനുഷ്യൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത അതിവിദൂരമാണ് എന്നതിനാൽ, എങ്ങനെ അവൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടും? എന്ന് നബി -ﷺ- ആശ്ചര്യത്തോടെ ചോദിക്കുന്നു.

പ്രയോജനങ്ങൾ

  • അല്ലാഹു എല്ലാ നിലക്കും പരിപൂർണ്ണതയുള്ളവനാണ്. അവൻ്റെ അസ്തിത്വവും വിശേഷണങ്ങളും പ്രവർത്തികളും (പ്രാപഞ്ചികവും മതപരവുമായ) വിധിനിർണ്ണയങ്ങളും സമ്പൂർണ്ണമാണ്.
  • സൽപ്രവർത്തികളും നന്മകളും അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായും, നബി -ﷺ- യെ മാതൃകയാക്കി കൊണ്ട് നിർവ്വഹിച്ചതുമായിരിക്കണം.
  • നന്മകൾ ചെയ്യാൻ പ്രേരണ നൽകുന്ന പ്രയോഗങ്ങൾ സംസാരത്തിൽ സ്വീകരിക്കണം. 'അല്ലാഹു അവൻ്റെ ദൂതന്മാരോട് കൽപ്പിച്ച കാര്യം മുഅ്മിനീങ്ങളോടും കൽപ്പിച്ചിരിക്കുന്നു' എന്ന നബി -ﷺ- യുടെ വാക്ക് ഉദാഹരണം. തന്നോട് കൽപ്പിക്കപ്പെട്ട അതേ കാര്യം റസൂലുകളോടും പറഞ്ഞിട്ടുണ്ട് എന്ന് അറിയുന്നത് പ്രവർത്തനത്തിൽ കൂടുതൽ മുന്നേറാൻ സഹായിക്കും.
  • പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ഹറാം ഭക്ഷിക്കുക എന്നത്.
  • പ്രാർത്ഥന സ്വീകരിക്കപ്പെടാൻ കാരണമാകുന്ന അഞ്ച് കാര്യങ്ങൾ ഈ ഹദീഥിലുണ്ട്. 1- ദീർഘദൂര യാത്രകളിലായിരിക്കുക എന്നത്; സാഹചര്യങ്ങൾ പ്രയാസകരമാകുമ്പോൾ അല്ലാഹുവിൻ്റെ മുൻപിൽ അങ്ങേയറ്റം വിനയാന്വിതനാകാൻ പ്രേരിപ്പിക്കുന്നു എന്നത് ഈ സാഹചര്യത്തിലെ പ്രാർത്ഥന സ്വീകരിക്കപ്പെടാനുള്ള സാധ്യത അധികരിപ്പിക്കുന്നു. 2- പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അകപ്പെട്ട സാഹചര്യമുണ്ടാവുക എന്നത്. 3- പ്രാർത്ഥിക്കുമ്പോൾ ആകാശത്തേക്ക് കൈകൾ ഉയർത്തുക എന്നത്. 4- അല്ലാഹുവാണ് സർവ്വതിൻ്റെയും രക്ഷിതാവ് എന്ന് ഓർമ്മപ്പെടുത്തുന്ന 'റബ്ബ്' എന്ന അവൻ്റെ നാമം ആവർത്തിച്ചു കൊണ്ട് അവനോട് പ്രാർത്ഥിക്കുക എന്നത്. പ്രാർത്ഥന സ്വീകരിക്കപ്പെടാൻ സഹായിക്കുന്ന ഏറ്റവും ശക്തമായ കാരണങ്ങളിലൊന്നാണത്. 5- ഭക്ഷണവും പാനീയവും ശുദ്ധമായ മാർഗങ്ങളിൽ നിന്നായിരിക്കുക.
  • ശുദ്ധവും ഹലാലായതുമായ (അനുവദനീയം) ഭക്ഷണം കഴിക്കുക എന്നത് സൽകർമ്മങ്ങൾ പ്രവർത്തിക്കാൻ സഹായമേകുന്ന കാര്യമാണ്.
  • ഖാദീ ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ (അല്ലാഹുവിൻ്റെ നാമമായി) 'ത്വയ്യിബ്' എന്നാണ് പറയപ്പെട്ടത്. മ്ലേഛമായത് എന്ന അർത്ഥമുള്ള 'ഖബീഥ്' എന്ന പദത്തിൻ്റെ വിപരീതമാണത്. അല്ലാഹു എല്ലാ വിധത്തിലുള്ള കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ് എന്നാണ് ഈ നാമത്തിൻ്റെ ഉദ്ദേശ്യം. എന്നാൽ ഈ നാമം മനുഷ്യരുടെ കാര്യത്തിൽ പറയപ്പെട്ടാൽ (ഒരാൾ ത്വയ്യിബാണ് എന്നു പറഞ്ഞാൽ) അതിൻ്റെ ഉദ്ദേശ്യം: അയാൾ മോശമായ സ്വഭാവങ്ങളിൽ നിന്നും മ്ലേഛമായ പ്രവർത്തനങ്ങളിൽ നിന്നും അകന്നു നിൽക്കുന്നവനും, അതിന് വിപരീതമായ നന്മകൾ ജീവിതത്തിൽ അലങ്കാരമായി സ്വീകരിച്ചവനുമാണ് എന്നാണ്. സമ്പത്ത് ത്വയ്യിബാണ് എന്നു പറയപ്പെട്ടാലാകട്ടെ, അത് പരിശുദ്ധമായ സമ്പാദ്യവും ഹലാലായതുമാണ് എന്നുമാണ് ഉദ്ദേശ്യം.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ദുആ സ്വീകരിക്കപ്പെടുന്ന സമയങ്ങൾ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.