ഇഹലോകത്തിനും പരലോകത്തിനുമുള്ള സമഗ്രമായ ദുആകൾ

ഇഹലോകത്തും പരലോകത്തുമുള്ള എല്ലാ നന്മയും ചോദിക്കുന്ന ചെറിയ ദുആകൾ.

1 ഒരു തവണ

اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ

അർത്ഥവും ഉറവിടവും

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- യുടെ ഏറ്റവുമധികം പ്രാർത്ഥിക്കാറുണ്ടായിരുന്ന പ്രാർത്ഥന ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഞങ്ങൾക്ക് ദുനിയാവിൽ നല്ലത് നൽകേണമേ! പരലോകത്തിലും ഞങ്ങൾക്ക് നല്ലത് നൽകേണമേ! നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ!"

متفق عليه പദവി: صحيح

വിശദീകരണം

ആശയസമ്പുഷ്ടമായ വാക്കുകൾ ഉൾക്കൊള്ളുന്ന പ്രാർത്ഥനകൾ നബി -ﷺ- അധികരിപ്പിക്കാറുണ്ടായിരുന്നു. അതിൽ പെട്ടതാണ് ഈ പ്രാർത്ഥന: "അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരക ശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ." ഈ പ്രാർത്ഥന ഒരേ സമയം ദുനിയാവിലെ നന്മകളും പരലോകത്തിലെ നന്മകളും ഉൾക്കൊള്ളുന്നു; ഇഹലോകത്തിലെ നന്മകളിൽ വിശാലവും ഹലായതുമായ ഉപജീവനം, സച്ചരിതയായ ഭാര്യ, കൺകുളിർമ്മ നൽകുന്ന മക്കൾ, ആശ്വാസം, ഉപകാരപ്രദമായ വിജ്ഞാനം, സൽകർമ്മങ്ങൾ എന്നിങ്ങനെ മനുഷ്യർ ആഗ്രഹിക്കുന്നതും അനുവദനീയമായതുമായ എല്ലാ നന്മകളും ഉൾപ്പെടും. പരലോകത്തിലെ നന്മകളിൽ ഖബ്ർശിക്ഷയിൽ നിന്നുള്ള രക്ഷ, വിചാരണയിലെ ഭയത്തിൽ നിന്നും നരകത്തിൽ നിന്നുമുള്ള മോചനം, അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കുക, ശാശ്വതമായ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കുക, കരുണാവാരിധിയായ അല്ലാഹുവിനോടുള്ള സാമീപ്യം എന്നിങ്ങനെയുള്ള കാര്യങ്ങളും ഉൾപ്പെടും.

പ്രയോജനങ്ങൾ

  • നബി -ﷺ- യുടെ മാതൃക പിൻപറ്റി ആശയസമ്പുഷ്ടമായ ദുആകൾ കൊണ്ട് പ്രാർത്ഥിക്കുക എന്നത് സുന്നത്താണ്.
  • ഇഹപര നന്മകൾ ഒരുമിച്ച് തൻ്റെ പ്രാർത്ഥനയിൽ ചോദിക്കുന്നതാണ് ഏറ്റവും പൂർണ്ണമായ രൂപം.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

اللَّهُمَّ إِنِّي أَسْأَلُكَ مِنْ الْخَيْرِ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، وَأَعُوذُ بِكَ مِنْ الشَّرِّ كُلِّهِ، عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ، اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ، اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنْ النَّارِ، وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

അർത്ഥവും ഉറവിടവും

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- അവർക്ക് ഇപ്രകാരം ഒരു പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു: "അല്ലാഹുവേ, ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ നന്മകളും നിന്നോട് ഞാൻ ചോദിക്കുന്നു. ഇഹത്തിലേയും പരത്തിലേയും എനിക്കറിയുന്നതും അറിയാത്തതുമായ മുഴുവൻ തിന്മകളിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. അല്ലാഹുവേ, നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) നിന്നോട് ചോദിച്ചിട്ടുള്ള നന്മകളെല്ലാം ഞാനും ചോദിക്കുന്നു. നിന്റെ പ്രവാചകനും ദാസനുമായ മുഹമ്മദ് നബി(ﷺ) അഭയം തേടിയിട്ടുള്ള തിന്മകളിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എനിക്ക് നീ സ്വർഗവും അതിലേക്കടുപ്പിക്കുന്ന വാക്കും പ്രവർത്തിയും നൽകേണമേ. നരകത്തിൽ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കിൽ നിന്നും പ്രവർത്തിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും എനിക്ക് നന്മയാക്കേണമേ!"

رواه ابن ماجه وأحمد പദവി: صحيح

വിശദീകരണം

ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് നബി -ﷺ- പഠിപ്പിച്ചു നൽകിയ ഏറെ ആശയസമ്പുഷ്ടമായ ഒരു പ്രാർത്ഥനയാണ് ഈ ഹദീഥിലുള്ളത്. നാല് പ്രാർത്ഥനകളാണ് അതിലുള്ളത്.:

ഒന്നാമത്തെ പ്രാർത്ഥന: എല്ലാ നന്മകൾക്കും വേണ്ടിയുള്ള പൊതുവായ തേട്ടമാണ്. അല്ലാഹുവേ! എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് ചോദിക്കുന്നു. സമീപസ്ഥമായി ലഭിക്കേണ്ട നന്മകളും വിദൂരമായി കാലങ്ങൾക്ക് ശേഷം ലഭിക്കാനുള്ള നന്മകളും ഞാൻ ചോദിക്കുന്നു. നീ എനിക്ക് പഠിപ്പിച്ചു നൽകിയ എനിക്ക് അറിവുള്ള നന്മകളും, നിനക്ക് മാത്രം അറിവുള്ള -എനിക്കറിയാത്ത- നന്മകളും ഞാൻ നിന്നോട് തേടുന്നു. എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞനും ഗോപ്യമായത് അറിയുന്നവനുമായ അല്ലാഹുവിലേക്ക് കാര്യങ്ങളെല്ലാം ഏൽപ്പിക്കുകയും ചെയ്യുന്ന ഒരാളുടെ തേട്ടമാണിത്; അല്ലാഹു അവൻ്റെ മുസ്‌ലിമായ ദാസന് ഏറ്റവും ശ്രേഷ്ഠവും ഏറ്റവും നല്ലതുമായ കാര്യമാണ് തിരഞ്ഞെടുക്കുക.

അതിന് ശേഷം എല്ലാ തിന്മകളിൽ നിന്നും -അടുത്തുള്ളതും വിദൂരത്തുള്ളതുമായ തിന്മകളിൽ നിന്നും, എനിക്ക് അറിയാവുന്നതും അറിയാത്തതുമായ തിന്മകളിൽ നിന്നും- ഞാൻ അല്ലാഹുവിനോട് രക്ഷ തേടുകയും അവനിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു എന്നും അവൻ തേടുന്നു.

രണ്ടാമത്തെ പ്രാർത്ഥന: അല്ലാഹുവേ! നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- നിന്നോട് തേടിയ എല്ലാ നന്മകളിൽ നിന്നും ഞാൻ നിന്നോട് തേടുന്നു. നിൻ്റെ അടിമയും നബിയുമായ മുഹമ്മദ് നബി -ﷺ- രക്ഷ തേടിയ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുകയും നിന്നിൽ അഭയം തേടുകയും ചെയ്യുന്നു. നബി -ﷺ- അല്ലാഹുവിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്ന എല്ലാ കാര്യങ്ങളും പ്രത്യേകമായി എടുത്തു പറയാതെ, അവിടുത്തെ പ്രാർത്ഥനകളെല്ലാം ഈ ദുആയിൽ ഉൾക്കൊണ്ടിരിക്കുന്നു. പ്രാർത്ഥനയിൽ അതിരു കവിയാതെ മുസ്‌ലിമിനെ സംരക്ഷിക്കുന്ന ദുആ കൂടിയാണിത്.

മൂന്നാമത്തെ പ്രാർത്ഥന: സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനുമുള്ള തേട്ടമാണ്. ഓരോ മുസ്‌ലിമിൻ്റെയും ലക്ഷ്യവും അവൻ്റെ പ്രവൃത്തിയുടെ പിന്നിലുള്ള ഉദ്ദേശ്യവും അതാണ്. 'അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗം ലഭിക്കാനുള്ള സൗഭാഗ്യം തേടുന്നു. അതിലേക്ക് നയിക്കുന്ന -നിനക്ക് തൃപ്തികരമായ- നല്ല വാക്കുകളും പ്രവൃത്തികളും ചെയ്യാനുള്ള തൗഫീഖും നിന്നോട് തേടുന്നു. നരകത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന -നിൻ്റെ കോപം വരുത്തി വെക്കുന്ന- തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മ്ലേഛമായ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും നിൻ്റെ ഔദാര്യം കൊണ്ടല്ലാതെ ഒരാൾക്കും രക്ഷയില്ല.

നാലാമത്തെ പ്രാർത്ഥന: അല്ലാഹുവിൻ്റെ വിധിയിലുള്ള തൃപ്തിക്ക് വേണ്ടിയുള്ള തേട്ടമാണ്. നീ എനിക്ക് വിധിക്കുന്ന എല്ലാ വിധികളും നന്മയാക്കേണമേ എന്നാണ് അതിലൂടെ അവൻ അല്ലാഹുവിനോട് ചോദിക്കുന്നത്.

പ്രയോജനങ്ങൾ

  • ഐഹികവും പാരത്രികവുമായ നന്മകൾ ലഭിക്കുന്ന കാര്യങ്ങൾ തൻ്റെ വീട്ടുകാർക്ക് പഠിപ്പിച്ചു നൽകണം. നബി -ﷺ- ആഇശ -رَضِيَ اللَّهُ عَنْهَا- ക്ക് പഠിപ്പിച്ചു നൽകിയതിൽ ഈ മാതൃകയുണ്ട്.
  • നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള പ്രാർത്ഥനകൾ മനഃപാഠമാക്കുക എന്നതാണ് ഒരു മുസ്‌ലിമിന് ഏറ്റവും ശ്രേഷ്ഠകരമായിട്ടുള്ളത്. കാരണം ഏറ്റവും ആശയ സമ്പന്നമായ പ്രാർത്ഥനകളായിരുന്നു അവിടുത്തെ പ്രാർത്ഥനകൾ.
  • നന്മ ചോദിക്കുകയും, തിന്മയിൽ നിന്ന് രക്ഷ തേടുകയും ചെയ്യുന്ന ഏറ്റവും ആശയസമ്പുഷ്ടമായ പ്രാർഥനയാണ് ഇതെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. നബി -ﷺ- ക്ക് നൽകപ്പെട്ട 'ജവാമിഉൽ കലിം' (ചെറിയ വാക്കുകളിൽ ആശയപ്രപഞ്ചങ്ങളെ ഒളിപ്പിക്കാൻ സാധിക്കുക എന്നത്) ബോധ്യപ്പെടുത്തുന്ന പ്രാർത്ഥനകളാണ് അവ.
  • അല്ലാഹുവിൻ്റെ കാരുണ്യം കഴിഞ്ഞാൽ, സ്വർഗത്തിൽ പ്രവേശിക്കാൻ സഹായിക്കുന്ന കാരണങ്ങളിൽ പെട്ടതാണ് നന്മ നിറഞ്ഞ നല്ല വാക്കുകളും പ്രവൃത്തികളും.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَتِي -أَو: عَوْرَاتِي- وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي

അർത്ഥവും ഉറവിടവും

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രാവിലെയും വൈകുന്നേരവും ആകുമ്പോൾ ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. "അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ! എന്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എന്റെ മുൻഭാഗത്തു നിന്നും എന്റെ പിന്നിൽ നിന്നും, എന്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എന്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ പൊടുന്നനെ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വം മുഖേന നിന്നോട് ഞാൻ രക്ഷ തേടുന്നു."

رواه أبو داود والنسائي وابن ماجه وأحمد പദവി: صحيح

വിശദീകരണം

പകലിലും രാത്രിയിലും നബി -ﷺ- -ഒരിക്കലും ഉപേക്ഷിക്കാതെ ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനയാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്.

"അല്ലാഹുവേ! ഞാൻ നിന്നോട് സൗഖ്യം ചോദിക്കുന്നു." സൗഖ്യം എന്നാൽ അസുഖങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ഐഹികജീവിതത്തിലെ കഠിനതകളിൽ നിന്നും, മതപരമായ വിഷയങ്ങളിൽ വഴിപിഴക്കുകയോ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുകയോ ചെയ്യുന്നതിൽ നിന്നെല്ലാമുള്ള സൗഖ്യമാണ്. ഇരുലോകത്തും സൗഖ്യം നബി -ﷺ- ഇവിടെ ചോദിച്ചിരിക്കുന്നു.

"അല്ലാഹുവേ! ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു." അതായത് എൻ്റെ തിന്മകൾ മായ്ച്ചു കളയാനും, അവ എനിക്ക് വിട്ടുപൊറുത്തു തരാനും ഞാൻ നിന്നോട് തേടുന്നു. അതു പോലെ, കുറവുകളിൽ നിന്ന് എന്നെ സുരക്ഷിതാനാക്കാനും, എൻ്റെ ദീനിൻ്റെ കാര്യത്തിൽ ശിർക്കിലോ ബിദ്അത്തിലോ തിന്മകളിലോ അകപ്പെട്ടു പോകുന്നതിൽ നിന്നും, എൻ്റെ ഭൗതിക ജീവിതത്തിൽ പ്രയാസങ്ങളോ ഉപദ്രവങ്ങളോ ദുരിതങ്ങളോ ബാധിക്കുന്നതിൽ നിന്നും, എൻ്റെ കുടുംബത്തിന് -എൻ്റെ ഇണകൾക്കും മക്കൾക്കും കുടുംബത്തിനും- പ്രയാസങ്ങൾ സംഭവിക്കുന്നതിൽ നിന്നും, എൻ്റെ സമ്പത്തിനും ജോലിക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.

അല്ലാഹുവേ! എൻ്റെ ന്യൂനതകളും എന്നിലുള്ള കുറവുകളും അബദ്ധങ്ങളും നീ മറച്ചു പിടിക്കുകയും, എൻ്റെ തിന്മകൾ നീ മായ്ച്ചു കളയുകയും, എൻ്റെ ഭയവും പേടിയും നീക്കി നീയെനിക്ക് നിർഭയത്വം നൽകുകയും ചെയ്യേണമേ!

അല്ലാഹുവേ! എന്നെ നീ സംരക്ഷിക്കുകയും, എല്ലാ ഉപദ്രവങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ! എൻ്റെ മുൻപിൽ നിന്നും പിറകിൽ നിന്നും വലതു നിന്നും ഇടതു നിന്നും എൻ്റെ മുകളിൽ നിന്നും നീ എനിക്ക് സംരക്ഷണം നൽകുകയും ചെയ്യേണമേ! എല്ലാ ദിശകളിൽ നിന്നും തനിക്ക് വേണ്ടി അല്ലാഹു സംരക്ഷണം ഒരുക്കാൻ തേടുകയാണ് ഈ പ്രാർത്ഥനയിലൂടെ; കാരണം അവനെ ബാധിക്കുന്ന ഏതൊരു പ്രയാസവും ഈ ദിശകളിൽ ഏതെങ്കിലും ഒരു വഴിയിലൂടെയായിരിക്കും അവനെ ബാധിക്കുന്നത്.

അശ്രദ്ധയിലായിരിക്കെ എൻ്റെ താഴ്ഭാഗത്ത് നിന്ന് ശിക്ഷ വന്നെത്തുകയും, ഞാൻ പൊടുന്നനെ പിടിക്കപ്പെടുകയും, അങ്ങനെ ഞാൻ ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ടു കൊണ്ട് നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.

പ്രയോജനങ്ങൾ

  • നബി -ﷺ- യെ മാതൃകയാക്കി കൊണ്ട് ഈ പ്രാർത്ഥനകൾ സ്ഥിരമായി ചൊല്ലുക.
  • ദീനിൽ സൗഖ്യം ചോദിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത് പോലെ ദുനിയാവിൻ്റെ കാര്യത്തിലും സൗഖ്യം ചോദിക്കാനുള്ള കൽപ്പനയുണ്ട്.
  • ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: ഈ ഹദീഥിൽ എല്ലാ ദിശകളും ഉൾക്കൊണ്ടിരിക്കുന്നു. കാരണം മനുഷ്യനെ പ്രയാസം ബാധിക്കുന്നത് ഇതിൽ ഏതെങ്കിലുമൊരു ദിശയിൽ നിന്നായിരിക്കും. താഴ്ഭാഗത്ത് നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷ തേടുന്നതിൽ കൂടുതൽ ശക്തമായ പദപ്രയോഗം നടത്തിയത് അത്തരം ശിക്ഷകളുടെ ഗൗരവവും അപകടവും പരിഗണിച്ചു കൊണ്ടാണ്.
  • രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ പ്രാർത്ഥനകൾ അസ്വറിന് ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- പ്രാർത്ഥന ചൊല്ലിയാലും, മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.
  • ഏതെങ്കിലും നിശ്ചിത ദിക്റുകൾ രാത്രിയിൽ ചൊല്ലണമെന്ന് പ്രത്യേകമായി എടുത്തു പറയപ്പെട്ടിട്ടുണ്ടെങ്കിൽ -ഉദാഹരണത്തിന് സൂറ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ ഓതണമെന്നത് പോലുള്ള കൽപ്പനകൾ- സൂര്യൻ അസ്തമിച്ചതിന് ശേഷം രാത്രിയിൽ തന്നെയായിരിക്കണം ചൊല്ലേണ്ടത്.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

അർത്ഥവും ഉറവിടവും

അബ്ബാസ് ബ്നു അബ്ദിൽ മുത്ത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോട് താങ്കൾ ആഫിയത്ത് (സൗഖ്യം) ചോദിക്കുക." അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ നബി -ﷺ- യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ചോദിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക."

رواه الترمذي وأحمد പദവി: صحيح لغيره

വിശദീകരണം

നബി -ﷺ- യുടെ പിതൃസഹോദരനായ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി ഒരു ദുആ പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. 'ദീനിൻ്റെ കാര്യത്തിലും ഇഹപരലോകങ്ങളിലും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സൗഖ്യമേകാനും സംരക്ഷണം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ്' നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്.

അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."

പ്രയോജനങ്ങൾ

  • അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോട് ഒരേ ഉത്തരം തന്നെ നബി -ﷺ- രണ്ടാമത്തെ തവണയും ആവർത്തിച്ചതിൽ നിന്ന് ഒരാൾക്ക് അല്ലാഹുവിനോട് ചോദിക്കാവുന്ന ഏറ്റവും നല്ല കാര്യം ആഫിയത്താണെന്ന് മനസ്സിലാക്കാം.
  • ആഫിയത്തിൻ്റെ ശ്രേഷ്ഠത. ഇഹലോകത്തെയും പരലോകത്തെയും എല്ലാ നന്മകളും ഒരുമിപ്പിക്കുന്ന കാര്യമാണത്.
  • തങ്ങളുടെ വിജ്ഞാനവും നന്മകളും വർദ്ധിപ്പിക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

സമഗ്രമായ ദുആകൾ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.