ദൈനംദിന ജീവിതത്തിൽ ഇസ്‌ലാം

പാഠം 3 / 4

ഒരു മുസ്‌ലിം എങ്ങനെ സംസാരിക്കണം, അയൽക്കാരോട് എങ്ങനെ പെരുമാറണം?

ഖുർആനിൽ നിന്ന്

يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴿١١﴾ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ ﴿١٢﴾

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍. സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?(3) എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

Al-Hujurat 49:11-12ഖുർആനിൽ വായിക്കുക

സുന്നത്തിൽ നിന്ന്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ നല്ലത് പറയട്ടെ, അല്ലെങ്കിൽ നിശബ്ദത പാലിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അയൽവാസിയെ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നു എങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിക്കട്ടെ."

متفق عليه صحيح HadeethEnc.com
വിശദീകരണം

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും, അല്ലാഹുവിലേക്ക് മടങ്ങിപ്പോകാനിരിക്കുന്നു എന്നും തൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടാനിരിക്കുന്നു എന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസം താഴെ പറയുന്ന പ്രവർത്തനങ്ങളിലേക്ക് അവരെ നയിക്കുന്നതാണ്:

ഒന്ന്: നല്ലത് സംസാരിക്കൽ. തസ്ബീഹും (സുബ്ഹാനല്ലാഹ്) തഹ്ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്), നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും, ജനങ്ങൾക്കിടയിൽ നന്മയുണ്ടാക്കലും അതിൽ പെട്ടതാണ്. ഇതിന് അവന് സാധിച്ചില്ലെങ്കിൽ അവൻ മിണ്ടാതിരിക്കുകയും, തന്നിൽ നിന്ന് ഒരു ഉപദ്രവവും സംഭവിക്കാതെ സ്വന്തത്തെ പിടിച്ചു വെക്കുകയും, തൻ്റെ നാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ.

രണ്ട്: അയൽവാസിയെ ആദരിക്കൽ. അയാൾക്ക് നന്മ ചെയ്തു കൊണ്ടും, അയാളെ ഉപദ്രവിക്കാതെയുമാണ് ഇക്കാര്യം ചെയ്യേണ്ടത്.

മൂന്ന്: നിന്നെ സന്ദർശിക്കുക എന്ന ഉദ്ദേശ്യത്തോടെ വന്നെത്തിയ അതിഥിയെ ആദരിക്കൽ. നല്ല വാക്കുകൾ പറഞ്ഞു കൊണ്ടും ഭക്ഷണം നൽകിക്കൊണ്ടും മറ്റുമെല്ലാമാണ് ഇത് ചെയ്യേണ്ടത്.

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ."

متفق عليه صحيح HadeethEnc.com
വിശദീകരണം

ഇസ്‌ലാമിൻ്റെ മേന്മകൾ പൂർത്തിയായ ഒരു മുസ്‌ലിം എന്നാൽ അവൻ്റെ നാവിൽ നിന്നും മറ്റു മുസ്‌ലിംകൾ സുരക്ഷിതനായവനാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ നാവ് കൊണ്ട് അവൻ അവരെ ചീത്തപറയുകയില്ല. അവരെ ശപിക്കുകയോ പരദൂഷണം പറയുകയോ ഇല്ല. തൻ്റെ നാവു കൊണ്ട് അവർക്കിടയിൽ എന്തെങ്കിലുമൊരു പ്രയാസം സൃഷ്ടിക്കാൻ അവൻ ഒരിക്കലും ശ്രമിക്കുകയില്ല. അവൻ്റെ കൈകളിൽ നിന്നും അവർ സുരക്ഷിതരായിരിക്കും. അവൻ അവർക്കെതിരെ അന്യായം പ്രവർത്തിക്കുകയോ അവരുടെ സമ്പത്ത് അന്യായമായി കവരുകയോ മറ്റോ ചെയ്യില്ല. യഥാർത്ഥ മുഹാജിർ -പാലായനം ചെയ്ത മനുഷ്യൻ- അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് എന്നും നബി -ﷺ- അറിയിക്കുന്നു.

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ- എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."

متفق عليه صحيح HadeethEnc.com
വിശദീകരണം

ജിബ്രീൽ -عَلَيْهِ السَّلَامُ- അയൽവാസികളുടെ കാര്യം നബി ﷺ യോട് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും, അയൽവാസികളെ ശ്രദ്ധിക്കാൻ പ്രത്യേകം കൽപ്പിക്കുകയും ചെയ്തു കൊണ്ടേയിരുന്നു എന്ന് നബി ﷺ അറിയിക്കുന്നു. നിൻ്റെ വീടിൻ്റെ അടുത്തുള്ളവരെല്ലാം -അവർ മുസ്‌ലിമാണെങ്കിലും അല്ലെങ്കിലും, നിൻ്റെ കുടുംബക്കാരിൽ പെട്ടവരാണെങ്കിലും അല്ലെങ്കിലും- അവർ നിൻ്റെ അയൽവാസികളാണ്. അവരുടെ അവകാശങ്ങൾ കാത്തുസൂക്ഷിക്കുകയും, അവരെ ഉപദ്രവിക്കാതിരിക്കുകയും, അവരോട് നന്മ ചെയ്യുകയും, അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നത് ഇസ്‌ലാമിൻ്റെ കൽപ്പനകളിൽ പെട്ടതാണ്. അയൽവാസിയോടുള്ള ബാധ്യതകൾ ഊന്നിയൂന്നി പറയുന്നതും ആവർത്തിക്കപ്പെടുന്നതും കേട്ടപ്പോൾ ഇനി ജിബ്രീൽ വന്നെത്തുമ്പോൾ അയൽവാസികൾ മരണശേഷം സമ്പത്തിൽ നിന്ന് വിഹിതം നിശ്ചയിക്കപ്പെടുമെന്ന സന്ദേശവുമായി അദ്ദേഹം വന്നെത്തുമെന്ന് വരെ നബി ﷺ ധരിച്ചു പോയി.

എല്ലാ പാഠങ്ങളും