ദൈനംദിന ജീവിതത്തിൽ ഇസ്‌ലാം

പാഠം 2 / 4

മാതാപിതാക്കളെക്കുറിച്ച് ഇസ്‌ലാം എന്ത് പറയുന്നു?

ഖുർആനിൽ നിന്ന്

۞ وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا ﴿٢٣﴾ وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا ﴿٢٤﴾

തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക.(12) എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.

Al-Isra 17:23-24ഖുർആനിൽ വായിക്കുക

وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حَمَلَتۡهُ أُمُّهُۥ وَهۡنًا عَلَىٰ وَهۡنٖ وَفِصَٰلُهُۥ فِي عَامَيۡنِ أَنِ ٱشۡكُرۡ لِي وَلِوَٰلِدَيۡكَ إِلَيَّ ٱلۡمَصِيرُ ﴿١٤﴾

മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു - ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്‌. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. ‌- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്‍റെ അടുത്തേക്കാണ് (നിന്‍റെ) മടക്കം.

Luqman 31:14ഖുർആനിൽ വായിക്കുക

സുന്നത്തിൽ നിന്ന്

മുആവിയഃ ബ്നു ഹൈദഃ (رضي الله عنه) നിവേദനം: ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരോടാണ് ഞാൻ ഏറ്റവും പുണ്യം ചെയ്യേണ്ടത്?" നബിﷺ പറഞ്ഞു: "നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. വീണ്ടും നിൻ്റെ ഉമ്മയോട്. ശേഷം നിൻ്റെ പിതാവിനോടും, ശേഷം ഏറ്റവും അടുത്ത (കുടുംബ) ബന്ധമുള്ളവരോടും അതിനടത്തുള്ളവരോടും."

رواه أبو داود والترمذي وأحمد حسن HadeethEnc.com
വിശദീകരണം

ഒരാൾ ഏറ്റവുമധികം പുണ്യം ചെയ്യേണ്ടതും നന്മയിൽ വർത്തിക്കേണ്ടതും നന്നായി പെരുമാറേണ്ടതും മനോഹരമായ ബന്ധം നിലനിർത്തേണ്ടതും സഹകരിക്കേണ്ടതും ബന്ധം ചേർക്കേണ്ടതുമെല്ലാം ആരോടാണെന്ന് നബി ﷺ ഈ ഹദീഥിൽ വിവരിക്കുന്നു; തൻ്റെ ഉമ്മയോടായിരിക്കണം അത്. ഉമ്മയുടെ കാര്യം മൂന്ന് തവണ ആവർത്തിച്ചു പറഞ്ഞു കൊണ്ട് നബി ﷺ അവരുടെ അവകാശം ഊന്നിയൂന്നി പറയുകയും ചെയ്തു. ജനങ്ങളിൽ മറ്റെല്ലാവരേക്കാളും അവർക്കുള്ള ശ്രേഷ്ഠത വിവരിക്കുന്നതിനാണത്. മാതാവിന് ശേഷം ഏറ്റവുമധികം നന്മകൾക്ക് അർഹതയുള്ളത് പിതാവിനാണെന്നും, ശേഷം ഏറ്റവും അടുത്ത കുടുംബബന്ധമുള്ളവരോടും അതിന് ശേഷം ഏറ്റവും ബന്ധമുള്ളവരോട് എന്ന നിലക്കാണെന്നും നബി ﷺ വിവരിക്കുന്നു. ഒരാളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതിന് അനുസരിച്ച് അവർ കൂടുതൽ നന്മക്ക് അർഹതയുള്ളവരായിരിക്കും.

എല്ലാ പാഠങ്ങളും