ബാങ്കിന് ശേഷമുള്ള ദുആ

ബാങ്ക് വിളിക്കുമ്പോൾ ചൊല്ലേണ്ടതും ബാങ്ക് കഴിഞ്ഞാലുള്ള ദുആയും.

1 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ബാങ്ക്‌വിളി കേട്ടാൽ, മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) പറയുന്നത് പോലെ നിങ്ങളും പറയുക."

متفق عليه പദവി: صحيح

വിശദീകരണം

മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേട്ടാൽ അദ്ദേഹത്തിന് ഉത്തരം നൽകാൻ നബി -ﷺ- പ്രോത്സാഹിപ്പിക്കുന്നു. ബാങ്കിലെ ഓരോ വാചകങ്ങളും അതു പോലെ ആവർത്തിക്കുകയാണ് വേണ്ടത്. മുഅദ്ദിൻ തക്ബീർ വിളിച്ചാൽ കേൾക്കുന്നയാളും തക്ബീർ പറയുക. രണ്ട് സാക്ഷ്യവചനങ്ങൾ അദ്ദേഹം പറഞ്ഞാൽ അദ്ദേഹത്തിൻ്റെ വാക്കിന് ശേഷം അതും ആവർത്തിക്കുക. 'ഹയ്യ അലസ്സ്വലാഹ്', 'ഹയ്യ അലൽഫലാഹ്' എന്നീ വാക്കുകൾ പറയുന്നത് കേട്ടാൽ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം എന്നത് മാത്രമാണ് ഈ പറഞ്ഞതിൽ വ്യത്യാസമായുള്ളത്.

പ്രയോജനങ്ങൾ

  • ഒരാൾ ബാങ്ക് വിളിച്ചതിന് മറുപടി നൽകിയതിന് ശേഷം രണ്ടാമതൊരാൾ ബാങ്ക് വിളിക്കുന്നത് കേട്ടാലും അതിന് ഉത്തരം നൽകാം എന്നാണ് ഹദീഥിലെ പൊതുപ്രയോഗത്തിൽ നിന്ന് മനസ്സിലാകുന്നത്.
  • എല്ലാ സന്ദർഭത്തിലും മുഅദ്ദിൻ ബാങ്ക് കൊടുക്കുന്നത് കേട്ടാൽ അതിന് ഉത്തരം നൽകാം. എന്നാൽ വിസർജ്ജനസ്ഥലത്തോ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് ഇടയിലോ ബാങ്കിന് ഉത്തരം നൽകരുത്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

അർത്ഥവും ഉറവിടവും

ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്ക് വിളിക്കുന്ന വ്യക്തി 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു; ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞപ്പോൾ അയാളും 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞപ്പോൾ അയാളും 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'ഹയ്യ അലസ്സ്വലാഹ്' എന്ന് പറഞ്ഞപ്പോൾ അയാൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'ഹയ്യ അലൽഫലാഹ്' എന്ന് പറഞ്ഞപ്പോൾ അയാൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു; ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞപ്പോൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു. ഇപ്രകാരം അവൻ മനസ്സറിഞ്ഞു കൊണ്ട് പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."

رواه مسلم പദവി: صحيح

വിശദീകരണം

ബാങ്ക് വിളിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കലാണ്. ബാങ്കിൽ പറയുന്ന വാക്കുകളാകട്ടെ, ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അടിത്തറകളെ ഉൾക്കൊള്ളുന്ന വാക്കുകളാണ്.

ബാങ്ക് കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. ബാങ്ക് വിളിക്കുന്ന വ്യക്തി പറയുന്ന പോലെ കേൾക്കുന്ന വ്യക്തിയും പറയണം. എന്നാൽ ബാങ്ക് വിളിക്കുന്ന വ്യക്തി 'ഹയ്യാ അല സ്വലാഹ്' എന്നും, 'ഹയ്യാ അലൽ ഫലാഹ്' എന്നും പറയുമ്പോൾ അതിന് മറുപടിയായി കേൾക്കുന്ന വ്യക്തി 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നാണ് പറയേണ്ടത്.

ഇപ്രകാരം ഒരാൾ ബാങ്ക് കേൾക്കുമ്പോൾ -നിഷ്കളങ്കമായ ഹൃദയത്തോടെ- അതിന് മറുപടി നൽകുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു.

ബാങ്കിൻ്റെ വാക്കുകളുടെ അർത്ഥവും വിശദീകരണവും ഇപ്രകാരമാണ്: "അല്ലാഹു അക്ബർ": അല്ലാഹുവാകുന്നു ഏറ്റവും മഹത്വമുള്ളവനും പ്രതാപിയും, എല്ലാത്തിനേക്കാളും വലിയവനും.

'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്': അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.

അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്': മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ നാവുകൊണ്ട് ഹൃദയം കൊണ്ടും അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവാണ് നിയോഗിച്ചയച്ചത്. നബി-ﷺ- യെ അനുസരിക്കുക നിർബന്ധമാണ്.

'ഹയ്യാ അലസ്സ്വലാഹ്' : നിസ്കാരത്തിലേക്ക് വരൂ എന്നാണർത്ഥം. അതിനുള്ള ഉത്തരമായി കേൾക്കുന്നവൻ പറയുന്നത് : 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നായിരിക്കണം. നന്മകൾ ചെയ്യുന്നതിനുള്ള തടസ്സങ്ങളിൽ നിന്ന് രക്ഷപ്പെടാനും, നന്മകൾ പ്രവർത്തിക്കാനുള്ള ശക്തി ലഭിക്കാനും, എന്തെങ്കിലുമൊരു കാര്യം പ്രവർത്തിക്കാൻ സാധിക്കണമെങ്കിലും അല്ലാഹുവിൻ്റെ സഹായവും അവൻ്റെ ഉതവിയുമില്ലാതെ സാധിക്കില്ല എന്നാണ് അതിൻ്റെ ഉദ്ദേശ്യം.

'ഹയ്യ അലൽ ഫലാഹ് ' : വിജയത്തിനുള്ള കാരണമായ നിസ്കാരത്തിലേക്ക് വന്നെത്തൂ എന്നർത്ഥം. സ്വർഗം നേടിയെടുക്കാൻ സാധിക്കുകയും, നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയും ചെയ്യുമെന്നതാണ് വിജയം കൊണ്ട് അർത്ഥമാക്കുന്നത്.

പ്രയോജനങ്ങൾ

  • ബാങ്ക് വിളിക്കുന്ന വ്യക്തിക്ക് അയാൾ പറയുന്നത് പോലെ തന്നെ ആവർത്തിച്ചു കൊണ്ട് മറുപടി നൽകുന്നതിനുള്ള ശ്രേഷ്ഠത. എന്നാൽ 'ഹയ്യ അലാ' എന്ന് തുടങ്ങുന്ന രണ്ട് സന്ദർഭങ്ങളിലും 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നാണ് പറയേണ്ടത്.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا

അർത്ഥവും ഉറവിടവും

സഅ്ദ് ബ്നു അബീവഖാസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നത്) കേൾക്കുമ്പോൾ ഒരാൾ ഇപ്രകാരം പറഞ്ഞാൽ അവൻ്റെ തെറ്റുകൾ പൊറുക്കപ്പെടുന്നതാണ്. أَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللهِ رَبًّا وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا، غُفِرَ لَهُ ذَنْبُهُ സാരം: "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും, മുഹമ്മദ് ﷺ അല്ലാഹുവിൻ്റെ അടിമയും റസൂലുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിനെ റബ്ബായും, മുഹമ്മദ് നബിﷺയെ റസൂലായും, ഇസ്‌ലാമിനെ ദീനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

ആരെങ്കിലും മുഅദ്ദിൻ ബാങ്ക് വിളിക്കുന്നത് കേൾക്കുമ്പോൾ "أشهد أن لا إله إلا الله وحده لا شريك له" "അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും അവൻ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു": യഥാർത്ഥത്തിൽ ആരാധനക്ക് അർഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, അവന് പുറമെയുള്ള ആരാധ്യന്മാരെല്ലാം നിരർത്ഥകമാണെന്നും ഞാൻ അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. "وأن محمدًا عبده ورسوله" "മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (ഞാൻ സാക്ഷ്യം വഹിക്കുന്നു)": മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയായതിനാൽ അവിടുന്ന് ആരാധിക്കപ്പെടുക പാടില്ല. അവിടുന്ന് അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിനാൽ കളവാക്കപ്പെടാനും പാടില്ല. "رضيت بالله ربًّا" "അല്ലാഹുവിനെ റബ്ബായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അല്ലാഹുവാണ് സർവ്വതിനെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനെന്നും, അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും, അവന് അത്യുത്തമമായ നാമങ്ങളും വിശേഷണങ്ങളുമുണ്ടെന്നും ഞാൻ അംഗീകരിക്കുന്നു. "وبمحمد رسولًا" "മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവിൻ്റെ ദൂതനായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു": അവിടുന്ന് നിയോഗിക്കപ്പെട്ട എല്ലാ കാര്യവും, നമുക്ക് എത്തിച്ചു തന്ന എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിച്ചിരിക്കുന്നു. "وبالإسلام" "ഇസ്‌ലാമിനെ" അതായത് ഇസ്‌ലാമിലെ കൽപ്പനകളും നിരോധനങ്ങളും അടങ്ങിയ എല്ലാ വിധിവിലക്കുകളും... "دينًا" "മതമായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു"; വിശ്വസിക്കുകയും അതിന് ഞാൻ കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. ഇപ്രകാരം പറഞ്ഞാൽ അവൻ്റെ മുൻകഴിഞ്ഞ തിന്മകൾ പൊറുക്കപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു; ചെറുപാപങ്ങളാണ് ഇപ്രകാരം പൊറുക്കപ്പെടുക.

പ്രയോജനങ്ങൾ

  • ബാങ്ക് വിളി കേൾക്കുമ്പോഴെല്ലാം ഈ പ്രാർത്ഥന പറയുക എന്നത് തിന്മകൾക്ക് പ്രായശ്ചിത്തമായി തീരുന്നതാണ്.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ

അർത്ഥവും ഉറവിടവും

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ബാങ്ക് വിളി കേട്ടാൽ (اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ) "അല്ലാഹുവേ! ഈ സമ്പൂർണ്ണമായ ക്ഷണത്തിൻ്റെയും, മുന്നിലെത്തിയിരിക്കുന്ന നിസ്കാരത്തിൻ്റെയും രക്ഷിതാവേ! മുഹമ്മദ് നബി -ﷺ- ക്ക് 'വസീലഃ'യും 'ഫദ്വീലയും' നീ നൽകേണമേ! അവിടുത്തെ നീ വാഗ്ദാനം നൽകിയ സ്തുത്യർഹമായ പദവിയിൽ നീ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ!" എന്ന് പറഞ്ഞാൽ അന്ത്യനാളിൽ എൻ്റെ ശഫാഅത്ത് (ശുപാർശ) അവന് ലഭ്യമായിരിക്കുന്നു."

رواه البخاري പദവി: صحيح

വിശദീകരണം

ബാങ്ക് വിളിക്കുന്നത് കേട്ടു കഴിഞ്ഞ ശേഷം ഹദീഥിൽ പഠിപ്പിക്കപ്പെട്ടതു പ്രകാരം പറയുന്നവർക്കുള്ള പ്രതിഫലമാണ് നബി -ﷺ- ഈ ഹദീഥിൽ വ്യക്തമാക്കുന്നത്.

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ: "അല്ലാഹുവേ! ഈ പരിപൂർണ്ണമായ ക്ഷണത്തിൻ്റെ രക്ഷിതാവായവനേ!" നിസ്കാരത്തിലേക്കും അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന ബാങ്ക്‌വിളിയാണ് ക്ഷണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹുവിൻ്റെ ഏകത്വത്തിലേക്കും നബി -ﷺ- യുടെ പ്രവാചകത്വത്തിലേക്കും ക്ഷണിക്കുന്ന വാക്കുകളാണ് അതിലുള്ളത് എന്നതിനാൽ പരിപൂർണ്ണമായ ക്ഷണമാണത്.

وَالصَّلاَةِ القَائِمَةِ : നിർവ്വഹിക്കപ്പെടാൻ പോകുന്ന ഈ നിസ്കാരത്തിൻ്റെയും രക്ഷിതാവേ!

آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ : മുഹമ്മദ് നബി -ﷺ- ക്ക് നീ വസീലത്തും ഫദ്വീലത്തും നൽകേണമേ! വസീലത്ത് എന്നാൽ സ്വർഗത്തിലുള്ള ഉന്നതമായ ഒരു പദവിയാണ്. അതിന് നബി -ﷺ- മാത്രമാണ് യോഗ്യനായിട്ടുള്ളത്. ഫദ്വീലത്ത് എന്നാൽ എല്ലാ സൃഷ്ടികളുടെയും പദവികൾക്ക് മുകളിൽ അധികമായി നൽകപ്പെടുന്ന ശ്രേഷ്ഠസ്ഥാനമാണ്.

وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ : എല്ലാവരാലും സ്തുതിക്കപ്പെടുന്ന ഒരു സ്ഥാനം നബി -ﷺ- ക്ക് നീ നൽകേണമേ! സൃഷ്ടികൾക്കെല്ലാം വേണ്ടി അവിടുന്ന് നടത്തുന്ന ഏറ്റവും വലിയ ശുപാർശയാണ് ഇത് കൊണ്ട് ഉദ്ദേശ്യം. ഈ സ്ഥാനം നബി -ﷺ- ക്ക് നൽകാമെന്ന് അല്ലാഹു ഖുർആനിൽ വാഗ്ദാനം ചെയ്തിരിക്കുന്നു. "താങ്കളുടെ റബ്ബ് മഖാമുൻ മഹ്മൂദിൽ താങ്കളെ നിശ്ചയിക്കുന്നതാണ്."

ഈ പ്രാർത്ഥന ഒരാൾ ചൊല്ലിയാൽ അന്ത്യനാളിൽ നബി -ﷺ- യുടെ ശുപാർശ അയാൾക്ക് ലഭിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.

പ്രയോജനങ്ങൾ

  • ഹദീഥിൽ പഠിപ്പിക്കപ്പെട്ട ദുആ ബാങ്ക് വിളി കേൾക്കുമ്പോൾ അതിന് മറുപടി നൽകിയ ശേഷമാണ് പറയേണ്ടത്. ബാങ്ക് കേൾക്കാത്തവർ ഈ ദുആ ചൊല്ലേണ്ടതില്ല.
  • നബി -ﷺ- യുടെ ശ്രേഷ്ഠതയും മഹത്വവും സ്ഥാനവും. 'വസീലഃ', 'ഫദ്വീലഃ', 'മഖാമുൻ മഹ്മൂദ്', 'ശഫാഅഃതുൽ ഉദ്മാ' (ഏറ്റവും വലിയ ശുപാർശ) എന്നീ സ്ഥാനങ്ങൾ നബി -ﷺ- ക്ക് നൽകപ്പെട്ടിരിക്കുന്നു. പരലോക ഭൂമിയിൽ പ്രയാസപ്പെട്ട് കാത്തുനിൽക്കുന്ന ജനങ്ങളെ മുഴുവൻ വിചാരണക്കെടുക്കാൻ വേണ്ടി അല്ലാഹുവിനോട് നബി നടത്തുന്ന ശുപാർശയാണ് ശഫാഅഃതുൽ ഉദ്മാ.
  • നബി -ﷺ- യുടെ ശുപാർശ അന്ത്യനാളിൽ ഉണ്ടായിരിക്കുന്നതാണെന്നതിനുള്ള തെളിവ്. 'എൻ്റെ ശുപാർശ അവന് ലഭിക്കുന്നതാണ്" എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.
  • തൻ്റെ ഉമ്മത്തിൽ നിന്ന് വൻപാപങ്ങൾ പ്രവർത്തിച്ചവർ നരകത്തിൽ പ്രവേശിക്കാതിരിക്കുന്നതിനും, അവരുടെ കൂട്ടത്തിൽ നിന്ന് പ്രവേശിച്ചവരെ പുറത്തു കൊണ്ടുവരുന്നതിനും, വിചാരണയില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുന്നതിനും, സ്വർഗത്തിൽ പ്രവേശിച്ചവരുടെ പദവികൾ ഉയർത്തുന്നതിനും വേണ്ടി നബി -ﷺ- ശുപാർശ പറയുന്നതാണ്.
  • ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ബാങ്കിൻ്റെ തുടക്കം മുതൽ മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ സാക്ഷ്യം പറയുന്നത് വരെയുള്ള ബാങ്കിൻ്റെ ഭാഗം പരിപൂർണ്ണമായ ക്ഷണം (الدعوة التامة) എന്നതിൽ ഉൾപ്പെടുന്നതാണ്. നിസ്കാരത്തിലേക്കുള്ള ക്ഷണമാകുന്ന രണ്ട് 'ഹൈയ്യഅല'കൾ 'സ്വലാതിൽ ഖാഇമഃ' എന്നതിലും ഉൾപ്പെടുന്നതാണ്. സ്വലാത്ത് എന്നത് കൊണ്ട് പ്രാർത്ഥനയും, ഖാഇമഃ എന്നത് കൊണ്ട് എന്നെന്നും നിലനിൽക്കുന്നത് എന്നും അർത്ഥമാക്കപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ 'സ്വലാതുൻ ഖാഇമഃ' എന്നത് 'ദഅ്വതുൻ താമ്മഃ' എന്നതിൻ്റെ വിശദീകരണമായി മനസ്സിലാക്കേണ്ടി വരും. ഓരോ ബാങ്കിൻ്റെയും വേളയിലുള്ള പരിചിതമായ നിസ്കാരമാണ് 'സ്വലാത്തുൻ ഖാഇമഃ' എന്ന വിശദീകരണത്തിനും ഇവിടെ സാധ്യതയുണ്ട്. ഒരർത്ഥത്തിൽ അതാണ് കൂടുതൽ പ്രബലവും പ്രകടവുമായുള്ളത്."
  • മുഹല്ലബ് -رَحِمَهُ اللَّهُ- പറയുന്നു: "നിസ്കാരത്തിൻ്റെ സമയങ്ങളിൽ ദുആ നിർവ്വഹിക്കാനുള്ള പ്രേരണ ഈ ഹദീഥിലുണ്ട്. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുള്ള സന്ദർഭമാണത്."

HadeethEnc.com ൽ വായിക്കുക

5 ഒരു തവണ

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "മുഅദ്ദിൻ്റെ (ബാങ്ക് വിളിക്കുന്നയാൾ) ശബ്ദം കേട്ടാൽ അയാൾ പറയുന്നത് പോലെ നിങ്ങൾ പറയുക. ശേഷം എൻ്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. എൻ്റെ മേൽ ഒരു സ്വലാത്ത് ചൊല്ലിയവൻ്റെ മേൽ അല്ലാഹു അത് മുഖേന പത്ത് തവണ സ്വലാത്ത് നൽകുന്നതാണ്. ശേഷം എനിക്ക് വേണ്ടി നിങ്ങൾ 'വസീലഃ' (എന്ന സ്ഥാനം) ചോദിക്കുക. സ്വർഗത്തിലുള്ള ഒരു പദവിയാണത്; അല്ലാഹുവിൻ്റെ ദാസന്മാരിൽ ഒരാൾക്ക് മാത്രമേ അത് യോജിക്കുകയുള്ളൂ. അത് ഞാനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആരെങ്കിലും എനിക്ക് വേണ്ടി 'വസീലഃ' ചോദിച്ചാൽ അവന് എൻ്റെ ശുപാർശ സാധ്യമായിരിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

നിസ്കാരത്തിലേക്ക് ക്ഷണിച്ചു കൊണ്ട് ബാങ്ക് വിളിക്കുന്ന മുഅദ്ദിൻ്റെ ശബ്ദം കേട്ടാൽ അദ്ദേഹം പറയുന്നത് പോലെ ആവർത്തിക്കാൻ നബി -ﷺ- ഉണർത്തുന്നു. രണ്ട് 'ഹയ്അലതുകളിൽ' (ഹയ്യാ എന്ന് തുടങ്ങുന്ന വാക്കുകൾ) മാത്രം 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറയണം. ബാങ്ക് അവസാനിച്ചാൽ നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുകയും വേണം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ മേൽ ഒരു സ്വലാത്ത് ചൊല്ലിയാൽ അത് കാരണത്താൽ അല്ലാഹു അവൻ്റെ മേൽ പത്ത് സ്വലാത്ത് വർഷിക്കുന്നതാണ്. അല്ലാഹു അവൻ്റെ അടിമയുടെ മേൽ സ്വലാത്ത് വർഷിക്കും എന്നാൽ അതിൻ്റെ ഉദ്ദേശ്യം അവൻ്റെ ഉന്നതരായ മലക്കുകളുടെ സദസ്സിൽ അവനെ പ്രശംസിക്കും എന്നതാണ്.

ശേഷം നബി -ﷺ- ക്ക് വേണ്ടി വസീലത്ത് എന്ന സ്ഥാനം ചോദിക്കാനും അവിടുന്ന് കൽപ്പിക്കുന്നു. സ്വർഗത്തിലുള്ള ഏറ്റവും ഉയർന്ന ഒരു പദവിയാണത്. അല്ലാഹുവിൻ്റെ എല്ലാ ദാസന്മാരിൽ നിന്നും ഒരാൾക്ക് മാത്രമേ അത് ലഭിക്കുകയും യോജിക്കുകയുമുള്ളൂ. അത് താനായിരിക്കണം എന്ന് അവിടുന്ന് ആഗ്രഹിക്കുന്നു വിനയം കൊണ്ടാണ് ആഗ്രഹിക്കുന്നു എന്ന് പറഞ്ഞത്. കാരണം ഉന്നതമായ ഈ പദവി ഒരാൾക്ക് മാത്രമേ ഉണ്ടാകൂ; ആ ഒരേയൊരാൾ നബി -ﷺ- തന്നെയാണ്. കാരണം സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരാണ് അവിടുന്ന്.

നബി -ﷺ- ക്ക് വേണ്ടി വസീലത്തിനായി തേടുന്നവർ അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ശുപാർശക്ക് അർഹരായിരിക്കുന്നു എന്നും അവിടുന്ന് അറിയിച്ചു.

പ്രയോജനങ്ങൾ

  • ബാങ്ക് വിളിക്കുമ്പോൾ അതിന് ഉത്തരം നൽകാനുള്ള പ്രേരണ.
  • ബാങ്ക് വിളിക്ക് ഉത്തരം നൽകിയതിന് ശേഷം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിനുള്ള ശ്രേഷ്ഠത.
  • നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലിയതിന് ശേഷം അവിടുത്തേക്ക് വേണ്ടി 'വസീലഃ' ചോദിക്കാനുള്ള പ്രേരണ.
  • 'വസീലഃ' എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ഈ ഹദീഥിലൂടെ വിവരിച്ചിരിക്കുന്നു. ഈ സ്ഥാനത്തിൻ്റെ ഔന്നത്യവും, അത് ഒരേയൊരാൾക്ക് മാത്രമേ ലഭിക്കൂ എന്ന കാര്യവും അവിടുന്ന് അറിയിക്കുന്നു.
  • നബി -ﷺ- ക്ക് മാത്രമാണ് ആ സ്ഥാനം നൽകപ്പെടുക എന്നതിൽ നിന്ന് അവിടുത്തേക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുന്നു.
  • ആരെങ്കിലും നബി -ﷺ- ക്ക് വേണ്ടി വസീലഃ എന്ന സ്ഥാനം അല്ലാഹുവിനോട് തേടിയാൽ അവന് നബി -ﷺ- യുടെ ശഫാഅത്ത് അർഹമാകുന്നതാണ്.
  • നബി -ﷺ- യുടെ വിനയം നോക്കൂ; അവിടുന്ന് തൻ്റെ ഉമ്മത്തിൽ പെട്ടവരോട് തനിക്ക് വേണ്ടി ആ സ്ഥാനത്തിനായി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ ആ സ്ഥാനം അവിടുത്തേക്ക് തന്നെയാണ് ലഭിക്കുക എന്നതിൽ യാതൊരു സംശയവുമില്ല.
  • അല്ലാഹുവിൽ നിന്നുള്ള ഔദാര്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും വിശാലത. ഒരു നന്മക്ക് അതിന് സമാനമായ പത്ത് പുണ്യങ്ങൾ അവൻ പ്രതിഫലമായി നൽകുന്നു.

HadeethEnc.com ൽ വായിക്കുക

6 ഒരു തവണ

അർത്ഥവും ഉറവിടവും

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്കിനും ഇഖാമതിനും ഇടയിലുള്ള പ്രാർത്ഥന തള്ളപ്പെടുകയില്ല."

رواه أبو داود والترمذي والنسائي പദവി: صحيح

വിശദീകരണം

ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള പ്രാർത്ഥനയുടെ ശ്രേഷ്ഠതയാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. പ്രസ്തുത പ്രാർത്ഥന തള്ളപ്പെടുകയില്ല എന്നും, അതിന് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുണ്ട് എന്നും, അതിനാൽ ആ സമയം നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുവിൻ എന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

പ്രയോജനങ്ങൾ

  • ബാങ്കിനും ഇഖാമത്തിനും ഇടയിലുള്ള ഈ സമയത്ത് പ്രാർത്ഥിക്കുന്നതിനുള്ള ശ്രേഷ്ഠത.
  • ഒരാൾ പ്രാർത്ഥനയുടെ മര്യാദകൾ പാലിക്കുകയും, പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലവും സമയവും തിരഞ്ഞെടുക്കുകയും, അല്ലാഹുവിനെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും, അവ്യക്തവും സംശയകരവുമായ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കുകയും, അല്ലാഹുവിനെ കുറിച്ചുള്ള അവൻ്റെ വിചാരം നന്നാക്കുകയും ചെയ്താൽ അവൻ്റെ പ്രാർത്ഥനക്ക് -അല്ലാഹുവിൻ്റെ അനുമതിയുണ്ടെങ്കിൽ- ഉത്തരം നൽകപ്പെടാൻ ഏറെ സാധ്യതയുണ്ട്.
  • പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്നതിനെ കുറിച്ച് മുനാവീ -رَحِمَهُ اللَّهُ- പറയുന്നു: "പ്രാർത്ഥനയുടെ നിബന്ധനകളും സ്തംഭങ്ങളും മര്യാദകളും പാലിക്കപ്പെട്ട പ്രാർത്ഥനയാണ് സ്വീകരിക്കപ്പെടുക. അതിൽ ഏതെങ്കിലുമൊന്ന് നഷ്ടമായിട്ടുണ്ടെങ്കിൽ ആ പ്രാർത്ഥന സ്വീകരിക്കപ്പെട്ടില്ല എന്നതിൽ അവൻ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല."
  • പ്രാർത്ഥനക്കുള്ള ഉത്തരം നൽകപ്പെടുന്നത് മൂന്നാലൊരു തരത്തിലാണ്. ഒന്നുകിൽ അവൻ തേടിയ കാര്യം അവന് ഉടനടി നൽകപ്പെടും. അല്ലെങ്കിൽ ആ പ്രാർത്ഥിക്കപ്പെട്ട കാര്യത്തിന് തുല്യമായ തോതിലുള്ള ഒരു ഉപദ്രവം അവനിൽ നിന്ന് തടുക്കപ്പെടും. അതുമല്ലെങ്കിൽ ആ പ്രാർത്ഥനക്കുള്ള പ്രതിഫലം പരലോകത്ത് അവനായി മാറ്റിവെക്കപ്പെടും. അല്ലാഹുവിൻ്റെ യുക്തിക്കും കാരുണ്യത്തിനും അനുസരിച്ചായിരിക്കും ഇവ ഉണ്ടാവുക.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ബാങ്കിന് ശേഷമുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.