നമസ്കാരത്തിലെ ദുആകൾ: പ്രാരംഭം, റുകൂഅ്, സുജൂദ്, തശഹ്ഹുദ്

പ്രാരംഭ തക്ബീർ മുതൽ സലാം വരെ നമസ്കാരത്തിൽ നബി ﷺ ചൊല്ലിയ ദുആകൾ.

1 ഒരു തവണ

اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَايَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ، اللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ، اللهُمَّ اغْسِلْنِي مِنْ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- നിസ്കാരത്തിൽ തക്ബീർ ചൊല്ലിയതിന് ശേഷം ഖുർആൻ പാരായണം ചെയ്തു തുടങ്ങുന്നതിന് മുൻപ് കുറച്ചു നേരം നിശബ്ദത പാലിക്കുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ പിതാവും മാതാവും അങ്ങേക്ക് പകരമാകട്ടെ! തക്ബീർ ചൊല്ലുന്നതിനും ഖുർആൻ പാരായണം ആരംഭിക്കുന്നതിനും ഇടയിൽ അങ്ങ് നിശബ്ദനായി നിൽക്കുന്നുണ്ടല്ലോ? ആ സന്ദർഭത്തിൽ എന്താണ് അങ്ങ് പറയുന്നത്? നബി -ﷺ- പറഞ്ഞു: "ഞാൻ ഇപ്രകാരമാണ് പറയാറുള്ളത്: "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ചയുണ്ടാക്കിയത് പോലെ എനിക്കും എൻ്റെ തിന്മകൾക്കുമിടയിൽ നീ അകൽച്ചയുണ്ടാക്കണമേ! അല്ലാഹുവേ! വെളുത്ത വസ്ത്രം മാലിന്യത്തിൽ നിന്ന് ശുദ്ധീകരിക്കുന്നത് പോലെ എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കണമേ! അല്ലാഹുവേ! വെള്ളം കൊണ്ടും മഞ്ഞു കൊണ്ടും ആലിപ്പഴം കൊണ്ടും എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!"

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- നിസ്കാരത്തിന് വേണ്ടി തക്ബീർ കെട്ടിയാൽ -ഫാതിഹഃ ഓതുന്നതിന് മുൻപ്- കുറച്ചു നേരം നിശബ്ദമായി നിൽക്കുമായിരുന്നു. പ്രാരംഭമായി ചില പ്രാർത്ഥനകൾ കൊണ്ട് നിസ്കാരം ആരംഭിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഈ സന്ദർഭത്തിൽ അവിടുന്ന് ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനകളിലൊന്നാണ് ഈ ഹദീഥിലുള്ളത്. "അല്ലാഹുവേ! കിഴക്കിനും പടിഞ്ഞാറിനും ഇടയിൽ നീ അകൽച്ച വരുത്തിയതു പോലെ, എനിക്കും എൻ്റെ തെറ്റുകൾക്കും ഇടയിൽ നീ അകൽച്ചയുണ്ടാക്കേണമേ! അല്ലാഹുവേ! വെള്ള വസ്ത്രം കറകളിൽ നിന്ന് ശുദ്ധീകരിക്കപ്പെടുന്നത് പോലെ, എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ ശുദ്ധീകരിക്കേണമേ! അല്ലാഹുവേ! മഞ്ഞും വെള്ളവും ആലിപ്പഴവും കൊണ്ട് എൻ്റെ തിന്മകളിൽ നിന്ന് നീ എന്നെ കഴുകേണമേ!" തനിക്കും തിന്മകൾക്കും ഇടയിൽ അവ ഒരിക്കലും സംഭവിക്കാത്ത വിധത്തിലുള്ള അകൽച്ച നിശ്ചയിക്കാനാണ് നബി -ﷺ- തേടുന്നത്. കിഴക്കും പടിഞ്ഞാറും ഒരിക്കലും കണ്ടുമുട്ടുന്നില്ല എന്നത് പോലെ, ഈ തെറ്റുകളും താനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടരുത് എന്നാണ് അവിടുന്ന് പ്രാർത്ഥിക്കുന്നത്. ഇനി അവ സംഭവിച്ചു പോയാൽ ഇതു പോലെ, തെറ്റുകളിൽ നിന്ന് തന്നെ ശുദ്ധീകരിക്കാനും വെള്ള വസ്ത്രത്തിൽ നിന്ന് അഴുക്ക് നീക്കുന്നത് പോലെ അവ തന്നിൽ നിന്ന് നീക്കം ചെയ്യാനും നബി -ﷺ- തേടുന്നു. തിന്മ തന്നിൽ നിന്ന് കഴുകിക്കളയാനും, അവയുടെ ചൂടും ഉഷ്ണവും നീക്കി -വെള്ളവും മഞ്ഞും ആലിപ്പഴവും കൊണ്ട്- തണുപ്പേകാനും അവിടുന്ന് പ്രാർത്ഥിക്കുന്നു.

പ്രയോജനങ്ങൾ

  • ഉറക്കെ ഓതുന്ന നിസ്കാരങ്ങളിലാണെങ്കിലും പ്രാരംഭ പ്രാർത്ഥനകൾ പതുക്കെയാണ് ചൊല്ലേണ്ടത്.
  • നബി -ﷺ- യുടെ ചലനങ്ങളും നിശ്ചലതകളും പഠിച്ചെടുക്കാൻ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും താൽപ്പര്യവും.
  • പ്രാരംഭ പ്രാർത്ഥനകളുടെ വ്യത്യസ്തമായ വേറെയും രൂപങ്ങൾ ഹദീഥുകളിൽ വന്നിട്ടുണ്ട്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട ഇത്തരം പ്രാർത്ഥനകൾ പഠിച്ചെടുക്കുകയും, ഓരോ നിസ്കാരങ്ങളിലും വ്യത്യസ്തമായ പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്യുന്നതാണ് കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളത്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

سَمِعَ اللهُ لِمَنْ حَمِدَهُ، اللَّهُمَّ رَبَّنَا لَكَ الْحَمْدُ، مِلْءَ السَّمَاوَاتِ وَمِلْءَ الْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ

അർത്ഥവും ഉറവിടവും

ഇബ്നു അബീ ഔഫാ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."

رواه مسلم പദവി: صحيح

വിശദീകരണം

നബി -ﷺ- നമസ്കാരത്തിൽ റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: (سمع الله لِمَن حمده) "തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അതായത് അല്ലാഹുവിനെ ആരെങ്കിലും സ്തുതിക്കുന്നുവെങ്കിൽ അവന് അല്ലാഹു ഉത്തരം നൽകുകയും അവൻ്റെ സ്തുതി അല്ലാഹു സ്വീകരിക്കുകയും അതിന് പ്രതിഫലം നൽകുകയും ചെയ്യുമെന്നർത്ഥം. ഇതിന് ശേഷം നബി -ﷺ- അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഇപ്രകാരം പറയും: اللَّهُمَّ رَبَّنَا لَكَ الْحَمْدُ، مِلْءَ السَّمَاوَاتِ وَمِلْءَ الْأَرْضِ وَمِلْءَ مَا شِئْتَ مِنْ شَيْءٍ بَعْدُ " "അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."

പ്രയോജനങ്ങൾ

  • നിസ്കരിക്കുന്ന വ്യക്തി റുകൂഇൽ നിന്ന് ശിരസ്സ് ഉയർത്തിയാൽ പറയേണ്ട സുന്നത്തായ പ്രാർത്ഥന ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
  • റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം നേരെ നിൽക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യണം. കാരണം ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന മുഴുവനായി ചൊല്ലാൻ സാധിക്കണമെങ്കിൽ അത്രയും നേരം അടക്കത്തോടെ നിൽക്കേണ്ടതുണ്ട്.
  • എല്ലാ നിസ്കാരങ്ങളിലും -ഫർദ്വിലും സുന്നത്തിലും- ഈ പഠിപ്പിക്കപ്പെട്ട ദിക്റുകൾ ചൊല്ലുക എന്നത് സുന്നത്താണ്.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

اللَّهمَّ اغْفِرْ لي، وارْحَمْنِي، وعافِني، واهْدِني، وارزقْنِي

അർത്ഥവും ഉറവിടവും

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകുകയും, എന്നോട് കരുണ കാണിക്കുകയും, എനിക്ക് സൗഖ്യം നൽകുകയും, എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ!"

رواه أبو داود والترمذي وابن ماجه وأحمد പദവി: حسن بشواهده

വിശദീകരണം

നബി -ﷺ- തൻ്റെ നിസ്കാരങ്ങളിൽ സുജൂദുകൾക്കിടയിൽ പ്രാർത്ഥിക്കുകയും തേടുകയും ചെയ്തിരുന്ന അഞ്ച് കാര്യങ്ങളാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്. ഇവ അഞ്ചും ഓരോ മുസ്‌ലിമിനും അങ്ങേയറ്റം ആവശ്യമുള്ള അഞ്ച് കാര്യങ്ങളാണ്. ഇഹലോകത്തെയും പരലോകത്തെയും നന്മകൾ ഒരുമിക്കുന്ന പ്രാർത്ഥനകളിലൊന്നാണിത്. അല്ലാഹുവിനോട് പാപങ്ങൾ പൊറുത്തു നൽകാനും, അവ മറച്ചു വെക്കാനും, വിട്ടുപൊറുത്തു നൽകാനും അവൻ ആദ്യം അല്ലാഹുവിനോട് തേടുന്നു. രണ്ടാമതായി തൻ്റെ മേൽ അല്ലാഹുവിൻ്റെ കാരുണ്യം വർഷിക്കണമെന്ന് അവൻ തേടുന്നു. ശേഷം മതത്തിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നതിൽ നിന്നും ദേഹേഛകളിൽ നിന്നും രോഗങ്ങളിൽ നിന്നും വേദനകളിൽ നിന്നും സൗഖ്യം തേടുന്നു. പിന്നീട് സത്യത്തിലേക്ക് തനിക്ക് മാർഗദർശനം നൽകണമെന്നും, അതിൽ തന്നെ ഉറപ്പിച്ചു നിർത്തണമെന്നും പ്രാർത്ഥിക്കുന്നു. അവസാനമായി വിശ്വാസവും വിജ്ഞാനവും സൽകർമ്മങ്ങളും, അതോടൊപ്പം അനുവദനീയവും ശുദ്ധവുമായ സമ്പാദ്യവും വർദ്ധിപ്പിച്ചു നൽകണമെന്നും തേടുന്നു.

പ്രയോജനങ്ങൾ

  • രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ ഈ പ്രാർത്ഥന ചൊല്ലുന്നത് പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
  • ഈ പ്രാർത്ഥനകളുടെ ശ്രേഷ്ഠത; ഇഹലോകത്തെയും പരലോകത്തെയും നന്മകൾ അവ ഉൾക്കൊണ്ടിരിക്കുന്നു.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

اللهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ، وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَتَهُ وَسِرَّهُ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എന്റെ പാപങ്ങൾ മുഴുവൻ നീ പൊറുത്തുതരേണമേ! അതിലെ ചെറുതും വലുതും, ആദ്യത്തേതും അവസാനത്തേതും, രഹസ്യമായതും, പരസ്യമായതും (പൊറുത്തുതരേണമേ)."

رواه مسلم പദവി: صحيح

വിശദീകരണം

നബി (ﷺ) തൻ്റെ സുജൂദിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: അല്ലാഹുവേ! എൻ്റെ തിന്മകൾ നീ എനിക്ക് പൊറുത്തു തരേണമേ! അവ നീ മറച്ചു വെക്കുകയും, അവയുടെ ദുഷ്ഫലങ്ങളിൽ നിന്ന് നീയെന്നെ സംരക്ഷിക്കുകയും, അവ നീ മായ്ച്ചു കളയുകയും വിട്ടുതരികയും മാപ്പാക്കുകയും ചെയ്യേണമേ!

എൻ്റെ തിന്മകളെല്ലാം; അതിൽ ചെറുതും കുറച്ചുമായ തിന്മകളും, വലുതും ധാരാളമുള്ളതുമായ തിന്മകളും, തിന്മകളുടെ ആരംഭവും മദ്ധ്യവും അവസാനത്തേതും, പരസ്യമായതും രഹസ്യമായതും, നിനക്ക് മാത്രം അറിയാവുന്നതായ തിന്മകളുമെല്ലാം എനിക്ക് പൊറുത്തു നൽകേണമേ!

പ്രയോജനങ്ങൾ

  • ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നു: "ചെറുതും വലുതുമായ തിന്മകളിൽ നിന്നും, അതിസൂക്ഷ്മമായതും പ്രകടമായതുമായ തിന്മകളിൽ നിന്നും, അവയുടെ ആരംഭത്തിൽ നിന്നും അവസാനത്തിൽ നിന്നും, പരസ്യമായ പാപങ്ങളിൽ നിന്നും രഹസ്യമായ പാപങ്ങളിൽ നിന്നുമെല്ലാം പാപമോചനം തേടുന്ന ഈ പ്രാർത്ഥനയിലെ രീതി എല്ലാ തിന്മകളെയും വിശാലമായി ഉൾക്കൊള്ളുന്ന വിധത്തിൽ അല്ലാഹുവിനോട് പാപമോചനം തേടുക എന്ന ഉദ്ദേശ്യത്തിലാണ്. അവന് അറിയുന്നതും അറിയാത്തതുമായ എല്ലാ തിന്മകളും അല്ലാഹു പൊറുത്തു നൽകണമെന്നാണ് അതിലൂടെ അവൻ തേടുന്നത്."
  • ചില പണ്ഡിതന്മാർ പറഞ്ഞു: സൂക്ഷ്മമായ തിന്മകൾ പറഞ്ഞ ശേഷം പ്രകടമായ തിന്മകൾ പറഞ്ഞത് ചെറിയ തിന്മകളിൽ നിന്നുള്ള പശ്ചാത്താപത്തിന് ശേഷം വലിയ തിന്മകളിലേക്ക് കയറിപ്പോവുക എന്ന ഉദ്ദേശ്യത്തോടെയാണ്. കാരണം, ചെറുപാപങ്ങളിൽ തുടർന്നു പോകുന്നതിൽ നിന്നും അവ തീരെ ഗൗരവമായി കാണാത്തിടത്ത് നിന്നുമെല്ലാമാണ് വൻപാപങ്ങൾ ഉടലെടുക്കുന്നത്. വൻപാപങ്ങളിലേക്കുള്ള മാർഗമാണ് -ഒരു നിലക്ക് പറഞ്ഞാൽ- ചെറുപാപങ്ങൾ. അല്ലാഹുവിലേക്ക് സാമീപ്യം തേടുമ്പോൾ ആദ്യമാദ്യമുള്ളത് തീർത്ത്, നിലമുറപ്പിച്ച ശേഷം ഉയരുക എന്നതാണ് വേണ്ടത്."
  • അല്ലാഹുവിലേക്ക് വിനയാന്വിതരായി മടങ്ങിക്കൊണ്ട്, അവനോട് എല്ലാ പാപങ്ങളിൽ നിന്നും -ചെറുപാപങ്ങളിൽ നിന്നും വൻപാപങ്ങളിൽ നിന്നും- പൊറുക്കലിനെ തേടുകയും ചെയ്യേണ്ട ആവശ്യകത.
  • നവവി (رحمه الله) പറയുന്നു: "പ്രാർത്ഥന ഊന്നിപ്പറയുകയും, പൊതുവായ പദപ്രയോഗത്തിലൂടെ തേടുന്നതെല്ലാം ഉൾക്കൊള്ളിച്ചെങ്കിൽ കൂടി കൂടുതൽ പദങ്ങളിലൂടെ അക്കാര്യം വീണ്ടും തെളിച്ചു പറയുക എന്ന രീതി ഈ ഹദീഥിലുണ്ട്."

HadeethEnc.com ൽ വായിക്കുക

5 ഒരു തവണ

اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ

അർത്ഥവും ഉറവിടവും

ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഒരു രാത്രിയിൽ നബി -ﷺ-യുടെ

സാന്നിധ്യം എൻ്റെ അരികിൽ ഇല്ലായെന്ന് മനസ്സിലാക്കി

ഞാൻ അവിടുത്തെ പരതി നോക്കി.

അതിനിടയിൽ

എൻ്റെ കൈ നബി -ﷺ- യുടെ കാൽ

പാദങ്ങളിൽ

സ്പർശിച്ചു. അവിടുന്ന് മസ്ജിദിൽ സുജൂദിലായി കൊണ്ട്

കാലുകൾ നാട്ടിവെച്ചിരുന്നു. നബി -ﷺ- പറയുന്നുണ്ടായിരുന്നു: "അല്ലാഹുവേ! നിൻ്റെ തൃപ്തി കൊണ്ട് നിൻ്റെ കോപത്തിൽ നിന്നും, നിൻ്റെ മാപ്പ് കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. നിന്നിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.

നീ അർഹിക്കുന്ന വിധം നിന്നെ

സ്തുതിക്കാനും

പുകഴ്ത്താനും എനിക്ക് കഴിവില്ല.

നീ എങ്ങനെയാണോ നിന്നെ പുകഴ്ത്തിയിരിക്കുന്നത്; അതു പോലെയാണ് നീ."

رواه مسلم പദവി: صحيح

വിശദീകരണം

ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പം കിടന്നുറങ്ങുകയായിരുന്നു. രാത്രിയിൽ ഉറക്കമുണർന്നപ്പോൾ അവിടുന്ന് എൻ്റെ അടുക്കലില്ല എന്ന് എനിക്ക് മനസ്സിലായി. അവിടുന്ന് മുറിയിൽ നിസ്കരിക്കാറുണ്ടായിരുന്ന സ്ഥലത്ത് ഞാൻ എൻ്റെ കൈകൾ കൊണ്ട് പരതിനോക്കി. അപ്പോഴുണ്ട് നബി -ﷺ- സുജൂദിലായിക്കൊണ്ട് നിസ്കരിക്കുന്നു; അവിടുത്തെ കാൽപ്പാദങ്ങൾ കുത്തിനിർത്തിയ നിലയിലായിരുന്നു അവിടുന്ന്. അവിടുന്ന് പറയുന്നുണ്ടായിരുന്നു:

اللهُمَّ أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَبِمُعَافَاتِكَ مِنْ عُقُوبَتِكَ

അല്ലാഹുവേ! നീ എന്നോടോ എൻ്റെ ഉമ്മത്തിനോടോ കോപിക്കുന്നതിൽ നിന്ന് നിൻ്റെ തൃപ്തി മുഖേന ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നിൻ്റെ വിട്ടുവീഴ്ച്ച കൊണ്ടും അതിരില്ലാത്ത പാപമോചനം കൊണ്ടും നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ രക്ഷ ചോദിക്കുന്നു. وَأَعُوذُ بِكَ مِنْكَ : നിന്നിൽ നിന്ന് നിന്നെ കൊണ്ടും ഞാൻ രക്ഷ തേടുന്നു; നിൻ്റെ ഭംഗിയുടെ വിശേഷണങ്ങൾ കൊണ്ട് നിൻ്റെ ഗാംഭീര്യത്തിൻ്റെ വിശേഷണങ്ങളിൽ നിന്ന് ഞാൻ രക്ഷ തേടുന്നു. കാരണം നിന്നിൽ നിന്ന് രക്ഷ നൽകാൻ നീയല്ലാതെ മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് രക്ഷതേടാനോ അഭയം കണ്ടെത്താനോ അല്ലാഹുവല്ലാതെ മറ്റാരുമില്ല. لَا أُحْصِي ثَنَاءً عَلَيْكَ : നിൻ്റെ അനുഗ്രഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനോ നിൻ്റെ നന്മകൾ പൂർണ്ണമായി എണ്ണിപ്പറയാനോ എനിക്ക് സാധിക്കുകയില്ല. ഞാൻ എത്ര ശ്രമിച്ചാലും നീ അർഹിക്കുന്ന വിധത്തിൽ നിന്നെ പ്രകീർത്തിക്കാൻ എനിക്ക് സാധ്യമല്ല. أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ : നിനക്ക് അനുയോജ്യമായ സ്തുതികീർത്തനങ്ങൾ നിന്നെ കുറിച്ച് നീ തന്നെ അറിയിച്ചു തന്നിരിക്കുന്നു. നിനക്ക് അർഹമായ വിധത്തിൽ നിന്നെ പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യാൻ ആർക്കാണ് സാധിക്കുക.

പ്രയോജനങ്ങൾ

  • ഹദീഥിൽ വന്ന ഈ പ്രാർത്ഥന സുജൂദിൽ പ്രാർത്ഥിക്കുന്നത് പുണ്യകരമാണ്.
  • മീറക് -رَحِمَهُ اللَّهُ- പറയുന്നു: ഇമാം നസാഇയുടെ നിവേദനത്തിൽ 'നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും, തൻ്റെ വിരിപ്പ് ശരിപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നത്' എന്ന് വന്നിട്ടുണ്ട്.
  • അല്ലാഹുവിൻ്റെ വിശേഷണങ്ങൾ എടുത്തു പറഞ്ഞു കൊണ്ട് അവനെ സ്തുതിക്കുന്നതും, ഖുർആനിലും സുന്നത്തിലും സ്ഥിരപ്പെട്ട അല്ലാഹുവിൻ്റെ നാമങ്ങൾ മുൻനിർത്തി കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുന്നതും നല്ല കാര്യമാണ്.
  • റുകൂഇലും സുജൂദിലും സ്രഷ്ടാവായ അല്ലാഹുവിനെ മഹത്വം വാഴ്ത്തണം.
  • അല്ലാഹുവിനെ കൊണ്ട് അവനോട് രക്ഷ ചോദിക്കുന്നത് അനുവദനീയമാണ് എന്നതു പോലെ അവൻ്റെ വിശേഷണങ്ങൾ മുൻനിർത്തി കൊണ്ട് രക്ഷ ചോദിക്കുന്നതും അനുവദനീയമാണ്.
  • ഖത്താബീ -رَحِمَهُ اللَّهُ- പറയുന്നു: "നബി -ﷺ- യുടെ ഈ പ്രാർത്ഥനയിൽ മനോഹരമായ ഒരു ആശയമുണ്ട്. അല്ലാഹുവിൻ്റെ തൃപ്തി കൊണ്ട് അവൻ്റെ കോപത്തിൽ നിന്നും, അല്ലാഹുവിൻ്റെ വിട്ടുവീഴ്ച്ച കൊണ്ട് അവൻ്റെ ശിക്ഷയിൽ നിന്നുമാണ് അവിടുന്ന് രക്ഷ തേടിയത്. തൃപ്തിയും കോപവും വിപരീതമായ വിശേഷണങ്ങളാണ്. മാപ്പുനൽകലും ശിക്ഷ നൽകലും അതു പോലെത്തന്നെ. എന്നാൽ എതിരു പറയപ്പെടാൻ ആരുമില്ലാത്തവനായ അല്ലാഹുവിനെ കുറിച്ച് പറഞ്ഞപ്പോൾ 'നിന്നിൽ നിന്ന് നിന്നോട് തന്നെ രക്ഷ തേടുന്നു' എന്നാണ് നബി -ﷺ- പറഞ്ഞത്. അല്ലാഹുവിനുള്ള ആരാധനയിൽ അവന് അർഹതപ്പെട്ട നിർബന്ധ ബാധ്യതയിൽ കുറവ് വരുത്തുന്നതിൽ നിന്നാണ് അവനോട് പാപമോചനം തേടുന്നത്. ഇത് സൂചിപ്പിച്ചു കൊണ്ടാണ്: നിനക്കുള്ള പ്രകീർത്തനങ്ങൾ തിട്ടപ്പെടുത്താൻ എനിക്ക് സാധ്യമല്ല എന്ന് പ്രാർത്ഥനയിൽ പറഞ്ഞിരിക്കുന്നത്."

HadeethEnc.com ൽ വായിക്കുക

6 ഒരു തവണ

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

അർത്ഥവും ഉറവിടവും

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ -رَضِيَ اللَّهُ عَنْهُ- നിവേദനം: കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു സമ്മാനം നൽകട്ടെയോ?" നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഇപ്രകാരം പറയുക: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ» (സാരം) അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു."

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- യോട് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലേണ്ട രൂപം എങ്ങിനെയാണ് എന്ന് സ്വഹാബികൾ ചോദിച്ചു. നബി -ﷺ- യെ അഭിവാദ്യം ചെയ്യുമ്പോൾ സലാം ചൊല്ലേണ്ടത് എങ്ങനെയാണ് എന്ന് അവർക്ക് അറിയാമായിരുന്നു. "السلام عليك أيها النبي ورحمة الله وبركاته" (സാരം: അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹവും താങ്കളുടെ മേലുണ്ടാകട്ടെ; അല്ലാഹുവിൻ്റെ ദൂതരേ!) എന്നായിരുന്നു അവർ നബി -ﷺ- ക്ക് സലാമായി പറഞ്ഞിരുന്നത്. അപ്പോൾ നബി -ﷺ- അവർക്ക് സ്വലാത്ത് ചൊല്ലേണ്ടതിൻ്റെ രൂപവും പഠിപ്പിച്ചു കൊടുത്തു; അവിടുന്ന് പഠിപ്പിച്ച സ്വലാത്തിൻ്റെ അർത്ഥം ഇപ്രകാരമാണ്. "اللهم صلِّ على محمدٍ وعلى آل محمد"

"അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ!" (അല്ലാഹുവേ! നിൻ്റെ ഉന്നതരായ ദാസന്മാരുള്ള സദസ്സിൽ നീ നബി -ﷺ- യെ നന്മകൾ കൊണ്ട് സ്മരിക്കേണമേ! അവിടുത്തെ ദീൻ പിൻപറ്റിയവരെയും, അവിടുത്തോട് കുടുംബബന്ധമുള്ള വിശ്വാസികളെയും നീ ഇപ്രകാരം സ്മരിക്കേണമേ!) "كما صلَّيتَ على آل إبراهيم"

"ഇബ്രാഹീമിൻ്റെ -عَلَيْهِ السَّلَامُ- കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ" (ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ -ഇബ്രാഹീം നബിയും ഇസ്‌മാഈൽ നബിയും ഇസ്ഹാഖ് നബിയും അവരുടെ സന്താനങ്ങളും അവരെ പിൻപറ്റിയ വിശ്വാസികളുമായവരുടെ മേൽ- നീ അനുഗ്രഹങ്ങൾ ചൊരിഞ്ഞത് പോലെ, നിൻ്റെ അനുഗ്രഹങ്ങൾ മുഹമ്മദ് നബി -ﷺ- ക്ക് മേലും നീ ചൊരിയേണമേ!) "إنك حميد مجيد"

"തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു." (അതായത്, അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം അല്ലാഹു സ്തുത്യർഹനാണ്. അതിവിശാലമായ മഹത്വത്തിൻ്റെയും അധികാരത്തിൻ്റെയും ഔദാര്യത്തിൻ്റെയും ഉടയവനാണവൻ) "اللهم بارك على محمدٍ وعلى آل محمد كما باركتَ على آل إبراهيم" "അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ!" (അവിടുത്തേക്ക് ഏറ്റവും വലിയ നന്മകളും ആദരവുകളും നൽകുകയും അത് അധികരിപ്പിച്ചു നൽകുകയും എല്ലാ നന്മകളും അവിടുത്തേക്ക് നിലനിർത്തി കൊടുക്കുകയും ചെയ്യേണമേ!)

പ്രയോജനങ്ങൾ

  • മുൻഗാമികൾ മതവിഷയങ്ങളിലെ പാഠങ്ങളും നുറുങ്ങുകളും സമ്മാനങ്ങളായി കൈമാറാറുണ്ടായിരുന്നു.
  • നിസ്കാരത്തിൻ്റെ അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- ക്ക് മേൽ സ്വലാത്ത് ചൊല്ലുക എന്നത് നിർബന്ധമാണ്.
  • നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് അവിടുത്തെ മേൽ എങ്ങനെ സ്വലാത്ത് ചൊല്ലണമെന്നും സലാം പറയണമെന്നും പഠിപ്പിച്ചു കൊടുത്തിരിക്കുന്നു.
  • നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള ഏറ്റവും പൂർണ്ണമായ രൂപം ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ട രൂപമാണ്.

HadeethEnc.com ൽ വായിക്കുക

7 ഒരു തവണ

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَمِنْ عَذَابِ النَّارِ، وَمِنْ فِتْنَةِ المَحْيَا وَالمَمَاتِ، وَمِنْ فِتْنَةِ المَسِيحِ الدَّجَّالِ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പ്രാർത്ഥിക്കുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ! ഖബ്ർ ശിക്ഷയിൽ നിന്നും, നരകശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു." ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "നിങ്ങൾ തശഹ്ഹുദിൽ നിന്ന് വിരമിച്ചാൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. നരകശിക്ഷയിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും, ജീവിതത്തിൻ്റെയും മരണത്തിൻ്റെയും പരീക്ഷണങ്ങളിൽ നിന്നും, മസീഹുദ്ദജ്ജാലിൻ്റെ ഉപദ്രവത്തിൽ നിന്നും."

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- നിസ്കാരത്തിൽ നാല് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുമായിരുന്നു. നിസ്കാരത്തിലെ തശഹ്ഹുദിന് ശേഷം, സലാം വീട്ടുന്നതിന് മുൻപായിരുന്നു അവിടുന്ന് ഈ പ്രാർത്ഥന നടത്തിയിരുന്നത്. ഈ നാല് കാര്യങ്ങളിൽ നിന്ന് രക്ഷ തേടാൻ നമ്മോടും നബി -ﷺ- കൽപ്പിച്ചിരിക്കുന്നു.

അവിടുന്ന് രക്ഷ തേടിയിരുന്ന ഒന്നാമത്തെ കാര്യം: ഖബ്ർ ശിക്ഷയായിരുന്നു.

രണ്ടാമത്തെ കാര്യം: നരകശിക്ഷയായിരുന്നു. അത് ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന കാര്യമാണ്.

മൂന്നാമത്തെ കാര്യം: ജീവിതത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും മരണത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നുമുള്ള രക്ഷതേടലാണ്. ഐഹികമായ ദേഹേഛകളും നിഷിദ്ധമായ കാര്യങ്ങളും വഴികേടിൽ വീഴ്ത്തിക്കളയുന്ന ആശയക്കുഴപ്പങ്ങളും ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ പെട്ടതാണ്. മരണത്തിൻ്റെ പരീക്ഷണം അന്ത്യനിമിഷം അടുക്കുന്ന വേളയിലാണ്. ഇസ്‌ലാമിൽ നിന്നും സുന്നത്തിൻ്റെ മാർഗത്തിൽ നിന്നും വഴിതെറ്റിപ്പോയേക്കാവുന്ന സന്നിഗ്ദ ഘട്ടമാണത്. ഖബ്റിൽ വെച്ച് രണ്ട് മലക്കുകൾ ചോദിക്കുന്ന ചോദ്യങ്ങളുമാകാം ഇവിടെ ഉദ്ദേശ്യം.

നാലാമത്തെ കാര്യം: മസീഹുദ്ദജ്ജാലിൻ്റെ പരീക്ഷണമാണ്. അവസാനകാലഘട്ടത്തിലാണ് അവൻ പുറപ്പെടുക. അല്ലാഹു ദജ്ജാലിനെ കൊണ്ട് മനുഷ്യരെ പരീക്ഷിക്കുന്നതാണ്. അവനെ കൊണ്ടുള്ള ഉപദ്രവവും പരീക്ഷണവും വഴികേടും അത്ര കഠിനമായിരിക്കും എന്നതിനാലാണ് ഇക്കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്.

പ്രയോജനങ്ങൾ

  • പ്രാർത്ഥനകളിൽ ഏറെ പ്രധാനപ്പെട്ടതും ആശയസമ്പുഷ്ടമായതുമാണ് ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന. കാരണം ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നുള്ള രക്ഷാതേട്ടം ഈ പ്രാർത്ഥനയിൽ ഒരുമിച്ചിരിക്കുന്നു.
  • ഖബ്ർ ശിക്ഷ യാഥാർത്ഥ്യമാണെന്നതും, അത് സത്യമായും സംഭവിക്കുന്നതാണെന്നുമുള്ള ഓർമ്മപ്പെടുത്തൽ.
  • പരീക്ഷണങ്ങളുടെയും ഫിത്‌നകളുടെയും ഗൗരവം. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അല്ലാഹുവിനോട് സഹായം തേടുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
  • മസീഹുദ്ദജ്ജാൽ പുറപ്പെടുന്നതാണ് എന്ന കാര്യം സ്ഥിരപ്പെട്ടിരിക്കുന്നു. അവൻ്റെ ഫിത്ന വളരെ ഗുരുതരമായിരിക്കും.
  • അവസാനത്തെ തശഹ്ഹുദിൻ്റെ ശേഷം ഹദീഥിൽ വന്ന പ്രാർത്ഥന ചൊല്ലൽ സുന്നത്താണ്.
  • സൽകർമ്മങ്ങളുടെ അവസാനത്തിൽ പ്രാർത്ഥന നടത്തുന്നത് നല്ല കാര്യമാണ്.

HadeethEnc.com ൽ വായിക്കുക

8 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരടിമ തൻ്റെ റബ്ബിനോട് ഏറ്റവും അടുക്കുന്നത് അവൻ സുജൂദിലായിരിക്കുന്ന വേളയിലാണ്. അതിനാൽ നിങ്ങൾ (സുജൂദിലായിരിക്കുമ്പോൾ) പ്രാർത്ഥന അധികരിപ്പിക്കുക."

رواه مسلم പദവി: صحيح

വിശദീകരണം

ഒരടിമ അല്ലാഹുവിനോട് ഏറ്റവും അടുത്താകുന്ന സന്ദർഭം അവൻ സുജൂദ് (സാഷ്ടാംഗം) ചെയ്യുന്ന വേളയിലായിരിക്കുമെന്ന് നബി ﷺ അറിയിക്കുന്നു. കാരണം നമസ്കരിക്കുന്ന വ്യക്തി സുജൂദ് ചെയ്യുന്ന സന്ദർഭത്തിൽ അവൻ്റെ ശരീരത്തിലെ ഏറ്റവും ഉന്നതയും ശ്രേഷ്ഠവുമായ ഭാഗമാണ് അല്ലാഹുവിന് മുൻപിൽ താഴ്മയോടെയും വിനയത്തോടെയും കീഴൊതുക്കത്തോടെയും ഭൂമിയിൽ വെക്കുന്നത്.

സുജൂദിൻ്റെ സന്ദർഭത്തിൽ പ്രാർത്ഥന അധികരിപ്പിക്കാൻ നബി ﷺ നമ്മോട് കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ മുൻപിൽ വാക്കിലും പ്രവർത്തിയിലുമുള്ള താഴ്മ ഇതിലൂടെ ഒരുമിക്കുന്നതാണ്.

പ്രയോജനങ്ങൾ

  • നന്മകൾ അല്ലാഹുവിനോടുള്ള അവൻ്റെ അടിമകളുടെ അടുപ്പം അധികരിപ്പിക്കുന്നതാണ്.
  • സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുന്നതിലുള്ള പുണ്യം. കാരണം പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുന്ന വേളയാണത്.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

നമസ്കാരത്തിലെ ദുആകൾ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.