പള്ളിയിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴുമുള്ള ദുആ

പള്ളിയുടെ വാതിൽക്കൽ, അകത്ത് കയറുമ്പോഴും പുറത്തിറങ്ങുമ്പോഴും ചൊല്ലുന്ന വാക്കുകൾ.

1 ഒരു തവണ

أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്‌നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: «أعوذ بالله العظيم، وبوجهه الكريم، وسلطانه القديم، من الشيطان الرَّجِيم» "അങ്ങേയറ്റം മഹത്വമുള്ളവനായ അല്ലാഹുവിനെ കൊണ്ടും, അവൻ്റെ അതീവ മഹത്വമുള്ള തിരുവദനം കൊണ്ടും, അനാദിയായ അവൻ്റെ ആധിപത്യം മുഖേനയും ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ ചോദിക്കുന്നു." (അബ്ദുല്ലാഹിബ്നു അംറിൽ നിന്ന് ഈ ഹദീഥ് കേട്ടയാൾ അദ്ദേഹത്തോട് ചോദിച്ചു): ഇത്ര മതിയോ?! അദ്ദേഹം പറഞ്ഞു: "അതെ!" നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ ഇപ്രകാരം പറഞ്ഞാൽ പിശാച് പറയും: "ഇന്നേ ദിവസം മുഴുവൻ അവന് എന്നിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടിരിക്കുന്നു."

رواه أبو داود പദവി: حسن

വിശദീകരണം

നബി -ﷺ- മസ്ജിദിലേക്ക് പ്രവേശിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: أَعُوذُ بِاللَّهِ العَظِيمِ: അല്ലാഹുവിനോട് അവൻ്റെ വിശേഷണങ്ങൾ മുൻനിർത്തി ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു. وَبِوَجْهِهِ الكَرِيمِ: ഉദാരവാനും അങ്ങേയറ്റം ദാനം നൽകുന്നവനുമായ അല്ലാഹുവിൻ്റെ തിരുമുഖം മുൻനിർത്തി. وَسُلْطَانِهِ: അല്ലാഹുവിൻ്റെ അധീശത്വവും ശക്തിയും അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് മേലുള്ള അവൻ്റെ അധികാരവും മുൻനിർത്തി കൊണ്ട് ഞാൻ രക്ഷ ചോദിക്കുന്നു. القَدِيمِ: തുടക്കമില്ലാത്തതും എന്നും നിലനിൽക്കുന്നതുമായ (അധികാരം കൊണ്ട്). مِنَ الشَّيْطَانِ الرَّجِيمِ: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന്. അതായത്; പിശാചിൻ്റെ ദുർമന്ത്രണങ്ങളിൽ നിന്നും അവൻ എന്നെ വഴിതെറ്റിക്കുന്നതിൽ നിന്നും, അവൻ്റെ കാൽവെപ്പുകളിൽ നിന്നും അവൻ്റെ പക്കൽ നിന്നുള്ള ദുഷിച്ച തോന്നലുകളിൽ നിന്നും വഴിപിഴപ്പിക്കലിൽ നിന്നും തിന്മകളെ അവൻ എനിക്ക് ഭംഗിയാക്കി തോന്നിപ്പിക്കുന്നതിൽ നിന്നുമെല്ലാം നീ എന്നെ രക്ഷിക്കേണമേ! അവനാകുന്നു വഴികേടിലേക്കും വിവരക്കേടിലേക്കും പ്രേരണ നൽകുന്നവനും, പിഴച്ച മാർഗത്തിലേക്ക് എത്തിപ്പെടുന്നതിൻ്റെ കാരണവും. ഈ ഹദീഥ് നിവേദനം ചെയ്ത അബ്ദുല്ലാഹി ബ്നു അംറിനോട് കേട്ടുനിന്നവരിൽ ഒരാൾ ചോദിച്ചു: "നബി -ﷺ- ഇത്ര മാത്രമായിരുന്നോ പറഞ്ഞത്?" അദ്ദേഹം പറഞ്ഞു: "അതെ."

ഒരാൾ മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലിയാൽ പിശാച് പറയുന്നതാണ്: ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് മസ്ജിദിലേക്ക് പ്രവേശിച്ച ഈ മനുഷ്യൻ എന്നിൽ നിന്ന് -പകലിലും രാത്രിയിലും- സംരക്ഷണം നേടിയിരിക്കുന്നു.

പ്രയോജനങ്ങൾ

  • മസ്ജിദിലേക്ക് പ്രവേശിക്കുമ്പോൾ ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ചൊല്ലുന്നതിൻ്റെ ശ്രേഷ്ഠത. അവൻ്റെ ബാക്കിയുള്ള ദിവസം മുഴുവൻ പിശാചിൽ നിന്ന് അവന് അതിലൂടെ രക്ഷ ലഭിക്കുന്നു.
  • പിശാചിൽ നിന്നുള്ള താക്കീത്; അവൻ എപ്പോഴും മുസ്‌ലിമിനെ വഴിപിഴപ്പിക്കാൻ തക്കം പാർത്തിരിക്കുന്നു.
  • ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന ഒരാൾ എത്രമാത്രം ഹൃദയസാന്നിദ്ധ്യത്തോടെയും ഈ പ്രാർഥനക്കുള്ള ഫലത്തിൽ വിശ്വസിച്ചു കൊണ്ടുമാണോ ചെല്ലുന്നത്; അതിനനുസരിച്ചായിരിക്കും അവന് പിശാചിൻ്റെ വഴിപിഴപ്പിക്കലിൽ നിന്ന് ദുർമന്ത്രണത്തിൽ നിന്നും രക്ഷ നൽകപ്പെടുക.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ
اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ

അർത്ഥവും ഉറവിടവും

അബൂ ഹുമൈദ് -അല്ലെങ്കിൽ അബൂ ഉസൈദ്- -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആരെങ്കിലും മസ്ജിദിൽ പ്രവേശിക്കുന്നുവെങ്കിൽ അവൻ പറയട്ടെ; اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ "അല്ലാഹുവേ! എനിക്ക് നിൻ്റെ കാരുണ്യത്തിൻ്റെ വാതിലുകൾ നീ തുറന്നു നൽകേണമേ!" (മസ്ജിദിൽ നിന്ന്) പുറത്തിറങ്ങിയാൽ അവൻ പറയട്ടെ: اللَّهُمَّ إِنِّي أَسْأَلُكَ مِنْ فَضْلِكَ "അല്ലാഹുവേ! നിൻ്റെ ഔദാര്യം ഞാൻ നിന്നോട് ചോദിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

മസ്ജിദിൽ പ്രവേശിക്കുമ്പോഴും മസ്ജിദിൽ നിന്ന് പുറത്തിറങ്ങുമ്പോഴും ചൊല്ലേണ്ട പ്രാർത്ഥന നബി -ﷺ- ഈ ഹദീഥിലൂടെ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു അവനായി കാരുണ്യത്തിൻ്റെ വാതിലുകൾ തുറന്നു നൽകാൻ മസ്ജിദിൽ പ്രവേശിക്കുമ്പോൾ അവൻ തേടണം. മസ്ജിദിൽ നിന്ന് പുറത്തിറങ്ങാൻ ഉദ്ദേശിച്ചാൽ അല്ലാഹുവിൽ നിന്നുള്ള ഔദാര്യവും, ഹലാലായ (അനുവദനീയമായ) ഉപജീവനവും അവൻ അല്ലാഹുവിനോട് തേടണം.

പ്രയോജനങ്ങൾ

  • മസ്ജിദിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ഈ പ്രാർത്ഥനകൾ ചൊല്ലൽ സുന്നത്താണ്.
  • മസ്ജിദിൽ പ്രവേശിക്കുമ്പോൽ അല്ലാഹുവിൻ്റെ കാരുണ്യവും, പുറത്തിറങ്ങുമ്പോൾ അവൻ്റെ ഔദാര്യവും ചോദിച്ചതിൽ മനോഹരമായ ചേർച്ചയുണ്ട്. കാരണം മസ്ജിദിൽ പ്രവേശിക്കുന്ന വ്യക്തി അല്ലാഹുവിലേക്ക് തന്നെ അടുപ്പിക്കുന്നതും, സ്വർഗപ്രവേശനത്തിന് വഴിയൊരുക്കുന്നതുമായ കാര്യമാണ് ചെയ്യാൻ പോകുന്നത്; അതിനാൽ കാരുണ്യമാണ് അവിടെ ചോദിക്കപ്പെടാൻ അനുയോജ്യമായുള്ളത്. എന്നാൽ മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാൽ തൻ്റെ ജോലികളിലും, അല്ലാഹുവിൻ്റെ ഔദാര്യമായ ഉപജീവനം തേടുന്നതിലുമാണ് അവൻ വ്യാപൃതനാവുക. ഈ സന്ദർഭത്തിന് അനുയോജ്യം ഔദാര്യം തേടലാണ്.
  • മസ്ജിദിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വേളയിലും പുറത്തിറങ്ങാൻ ഉദ്ദേശിക്കുന്ന വേളയിലുമാണ് ഈ ദിക്റുകൾ ചൊല്ലേണ്ടത്.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.