നമസ്കാര ശേഷമുള്ള ദിക്റുകൾ (എല്ലാ നമസ്കാരത്തിനും ശേഷം)

ഫർള് നമസ്കാരങ്ങളിൽ സലാം വീട്ടിയ ശേഷം ചൊല്ലുന്ന ദിക്റുകൾ.

1 ഒരു തവണ

أَسْتَغْفِرُ اللَّهَ (٣)، اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ

അർത്ഥവും ഉറവിടവും

ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."

رواه مسلم പദവി: صحيح

വിശദീകരണം

നബി -ﷺ- നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ 'അസ്തഗ്ഫിറുല്ലാഹ്' എന്ന് മൂന്ന് തവണ പറയുമായിരുന്നു. അല്ലാഹുവിനോട് ഞാൻ പാപമോചനം തേടുന്നു എന്നാണ് അതിൻ്റെ അർത്ഥം.

ശേഷം തൻ്റെ രക്ഷിതാവിനെ പ്രകീർത്തിച്ചു കൊണ്ട് അവിടുന്ന് പറയും: "اللَّهمَّ أنتَ السَّلامُ، ومنْكَ السَّلامُ، تباركْتَ ذا الجَلالِ والإكرامِ" - അല്ലാഹു തൻ്റെ വിശേഷണങ്ങളിലെല്ലാം സമ്പൂർണ്ണതയുള്ളവനും, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനുമാണ് എന്നാണ് അല്ലാഹുവിൻ്റെ 'അസ്സലാം' എന്ന പേരിൻ്റെ അർത്ഥം. ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവനോടാണ് നീ രക്ഷ തേടേണ്ടത്;മറ്റാരോടുമല്ല. ഇരുലോകങ്ങളിലും അവൻ്റെ നന്മകൾ അനേകമനേകമായിരിക്കുന്നു. അവൻ ആദരവിൻ്റെയും നന്മകളുടെയും ഉടമസ്ഥനുമാണ്. (ഇതെല്ലാമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം).

പ്രയോജനങ്ങൾ

  • നിസ്കാരത്തിന് ശേഷം പാപമോചനം തേടുന്നതിൻ്റെ ശ്രേഷ്ഠതയും, അത് സ്ഥിരമാക്കുന്നത് സുന്നത്താണെന്ന പാഠവും.
  • ആരാധനകളിൽ സംഭവിക്കുന്ന കുറവുകൾ നികത്താനും, ചെയ്ത സൽകർമ്മങ്ങളെ ശക്തിപ്പെടുത്താനും, അതിൽ വന്നു പോയ പിഴവുകൾ പരിഹരിക്കാനുമാണ് ഇസ്തിഗ്ഫാർ (പാപമോചന പ്രാർത്ഥന) അതിന് ശേഷം പഠിപ്പിച്ചിരിക്കുന്നത്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അർത്ഥവും ഉറവിടവും

മുഗീറഃ ബ്നു ശുഅ്ബഃയുടെ എഴുത്തുകാരനായിരുന്ന വർറാദ് നിവേദനം: മുആവിയഃ -رَضِيَ اللَّهُ عَنْهُ- ന് എഴുതാനായി ഒരു സന്ദേശം മുഗീറഃ ബ്നു ശുഅ്ബഃ എനിക്ക് പറഞ്ഞു തന്നു: നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതികളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല."

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- എല്ലാ നിർബന്ധ നിസ്കാരങ്ങളുടെയും അവസാനത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു: "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും സർവ്വ സ്തുതുകളും. അവൻ എല്ലാത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരുമില്ല. പദവിയുള്ളവന് നിൻ്റെയടുക്കൽ ആ പദവി പ്രയോജനം ചെയ്യുകയില്ല."

ഈ ദിക്റിൻ്റെ വിശദീകരണം ഇപ്രകാരമാണ്: അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഞാൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. സർവ്വ ആരാധനകളും ഞാൻ അല്ലാഹുവിന് മാത്രമേ സമർപ്പിക്കുകയുള്ളൂ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. യഥാർത്ഥ അധികാരവും, അതിൻ്റെ പൂർണ്ണതയും അല്ലാഹുവിന് മാത്രമേയുള്ളൂ എന്നും, ആകാശഭൂമികളിലെ സർവ്വ സ്തുതികളും അല്ലാഹുവിന് മാത്രമാണ് അർഹതപ്പെട്ടത് എന്നും ഞാൻ അതോടൊപ്പം അംഗീകരിക്കുന്നു. കാരണം അവനാണ് എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻ. അല്ലാഹു നൽകാൻ തീരുമാനിക്കുകയോ തടയാൻ തീരുമാനിക്കുകയോ ചെയ്ത ഒരു കാര്യത്തെ മാറ്റിമറിക്കാൻ ആരുമില്ല. ധനവും സമ്പത്തും ഉള്ളവർക്ക് അവരുടെ സമ്പത്ത് അല്ലാഹുവിങ്കൽ യാതൊരു പ്രയോജനവും ചെയ്യുന്നതല്ല. അവൻ്റെ പക്കൽ സൽകർമ്മങ്ങൾ മാത്രമാണ് പ്രയോജനം ചെയ്യുക.

പ്രയോജനങ്ങൾ

  • നിസ്കാരങ്ങൾക്ക് ശേഷം അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുകയും അവനെ സ്തുതിക്കുകയും ചെയ്യുന്ന ഈ വാചകങ്ങൾ പറയുക എന്നത് സുന്നത്താണ്.
  • നബി -ﷺ- യുടെ സുന്നത്തുകൾ ജീവിതത്തിൽ പാലിക്കാനും അവ പ്രചരിപ്പിക്കാനുമുള്ള പ്രേരണ (മുഗീറ ബ്നു ശുഅ്ബയുടെ പ്രവർത്തിയിൽ നിന്ന് മനസ്സിലാക്കാം).

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، لَا إِلَهَ إِلَّا اللهُ، ‌وَلَا ‌نَعْبُدُ ‌إِلَّا إِيَّاهُ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ، لَا إِلَهَ إِلَّا اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ

അർത്ഥവും ഉറവിടവും

അബു സ്സുബൈർ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇബ്‌നു സുബൈർ നമസ്കാരത്തിൻ്റെ അവസാനത്തിൽ, സലാം വീട്ടുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു: «لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ، لَا إِلَهَ إِلَّا اللهُ، ‌وَلَا ‌نَعْبُدُ ‌إِلَّا إِيَّاهُ، لَهُ النِّعْمَةُ وَلَهُ الْفَضْلُ وَلَهُ الثَّنَاءُ الْحَسَنُ، لَا إِلَهَ إِلَّا اللهُ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ» "(സാരം) അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാണ് അതിന് അർഹതയുള്ളവൻ. അവന് യാതൊരു പങ്കുകാരനുമില്ല. സർവ്വ അധികാരവും സർവ്വ സ്തുതിയും അവന് മാത്രമാകുന്നു. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. സർവ്വ അനുഗ്രഹങ്ങളും എല്ലാ മനോഹരമായ പ്രകീർത്തനങ്ങളും അവനാകുന്നു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം മുഴുവൻ അവന് മാത്രം നിഷ്കളങ്കമാക്കുന്നവരായി (നാം ജീവിക്കുന്നു); അല്ലാഹുവിനെ നിഷേധിച്ചവർക്ക് അത് അനിഷ്ടകരമായാലും." അദ്ദേഹം (ഇബ്‌നു സുബൈർ) പറയുമായിരുന്നു: "നബി -ﷺ- നമസ്കാരത്തിൻ്റെ അവസാനത്തിൽ ഇപ്രകാരം ദിക്ർ ചൊല്ലുമായിരുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിക്കുകയും, സലാം വീട്ടുകയും ചെയ്തതിന് ശേഷം മഹത്തരമായ ഹദീഥിൽ പറയപ്പെട്ട ഈ ദിക്ർ ചൊല്ലുമായിരുന്നു. അതിൻ്റെ ആശയം ഇപ്രകാരമാണ്:

"لا إله إلا الله" : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.

"وحده لا شريك له" ആരാധനക്കുള്ള അർഹതയിലോ, സൃഷ്ടികർതൃത്വത്തിലോ, നാമഗുണ വിശേഷണങ്ങളിലോ അല്ലാഹുവിന് യാതൊരു പങ്കാളിയുമില്ല.

"له الملك" അല്ലാഹുവിനാകുന്നു സമ്പൂർണ്ണവും അതിവിശാലവുമായ അധികാരമുള്ളത്. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും അധികാരം അവൻ്റേതാകുന്നു.

"وله الحمد" അവനാകുന്നു സമ്പൂർണ്ണതയുടെ വിശേഷണങ്ങളുള്ളവൻ. സ്നേഹത്തോടെയും ആദരവോടെയും, എല്ലാ സ്ഥിതിസന്ദർഭങ്ങളിലും പരിപൂർണ്ണതയാൽ സ്തുതിക്കപ്പെടുന്നവൻ. സന്തോഷത്തിലും സന്താപത്തിലും അവനത്രെ സർവ്വ സ്തുതികളും.

"وهو على كل شيء قدير" അല്ലാഹുവിൻ്റെ ശക്തി സമ്പൂർണ്ണവും എല്ലാ നിലക്കും അവസാനമില്ലാത്തതുമാണ്. യാതൊന്നും അവന് അസാധ്യമായില്ല. ഒരു കാര്യവും അവന് തടസ്സമുണ്ടാക്കുകയുമില്ല.

"لا حول ولا قوة إلا بالله" അല്ലാഹുവിനെ കൊണ്ടല്ലാതെ ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറാനോ, തിന്മകളിൽ നിന്ന് നന്മകളിലേക്ക് പരിവർത്തിക്കാനോ സാധ്യമല്ല. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയുമില്ല. അവനാകുന്നു യഥാർത്ഥ സഹായി. അവനിലാകുന്നു സർവ്വതും ഭരമേൽപ്പിച്ചിരിക്കുന്നത്.

"لا إله إلا الله ولا نعبد إلا إياه" അല്ലാഹുവിനാണ് സർവ്വ ആരാധനകൾക്കും അർഹതയുള്ളത് എന്നും, അവനിൽ പങ്കുചേർത്തു കൂടാ എന്നതും, അവനല്ലാതെ മറ്റൊരാൾക്കും ഇബാദത്തുകൾ നൽകിക്കൂടാ എന്നതും ഇവിടെ ഒന്നു കൂടി ഊന്നിപ്പറയുന്നു.

"له النعمة وله الفضل" അവനാകുന്നു എല്ലാ അനുഗ്രഹങ്ങളെയും സൃഷ്ടിച്ചവനും അവയെ ഉടമപ്പെടുത്തുന്നവനും. അവനുദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് അവ അവൻ ഔദാര്യമായി നൽകുന്നു.

"وله الثناء الحسن" അല്ലാഹുവിനാകുന്നു എല്ലാ സന്ദർഭത്തിലും മനോഹരമായ പ്രകീർത്തനങ്ങളും പുകഴ്ത്തലുകളുമുള്ളത്; അവൻ്റെ അസ്തിത്വവും വിശേഷണങ്ങളും പ്രവർത്തികളും അനുഗ്രഹങ്ങളുമെല്ലാം അവനെ പുകഴ്ത്താനുള്ള കാരണങ്ങളാണ്.

"لا إله إلا الله مخلصين له الدين" അല്ലാഹുവിനെ ഏകനാക്കുന്നവരായി ഞങ്ങൾ നിലകൊള്ളുന്നു. ആരാധനകളിൽ ലോകമാന്യമോ മറ്റുള്ളവരുടെ പ്രശംസകളോ പ്രതീക്ഷിക്കാതെ അവനെ ഞങ്ങൾ അനുസരിക്കുന്നു.

"ولو كره الكافرون" അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലും അവനെ ഏകനാക്കുക എന്നതിലും ഞങ്ങൾ സ്ഥൈര്യത്തോടെ നിലകൊള്ളും; അത് അവനെ നിഷേധിച്ചവർക്ക് അനിഷ്ടകരമായിരുന്നാലും.

പ്രയോജനങ്ങൾ

  • എല്ലാ നിർബന്ധനിസ്കാരങ്ങൾക്ക് ശേഷവും ഈ ദിക്ർ സ്ഥിരമായി ചൊല്ലുന്നത് സുന്നത്താണ്.
  • ഒരു മുസ്‌ലിം തൻ്റെ ദീനിൽ അഭിമാനിക്കുന്നവനും അതിൻ്റെ അടയാളങ്ങൾ പ്രകടിപ്പിക്കുന്നവനുമാണ്. അതിൽ നിഷേധികൾക്ക് അനിഷ്ടമുണ്ടാകുന്നത് അവൻ കാര്യമാക്കുന്നില്ല.
  • "നിസ്കാരാന്ത്യത്തിൽ" എന്നർത്ഥമുള്ള "دبر الصلاة" എന്ന പദം ഹദീഥുകളിൽ വന്നാൽ ശേഷം പറയുന്നത് ദിക്റുകളാണെങ്കിൽ അവ നിസ്കാരശേഷവും, പ്രാർത്ഥനകളാണെങ്കിൽ അവ സലാം വീട്ടുന്നതിന് മുൻപുമായിരിക്കും എന്നതാണ് പൊതുനിയമം.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

سُبْحَانَ اللَّهِ (٣٣)، الْحَمْدُ لِلَّهِ (٣٣)، اللَّهُ أَكْبَرُ (٣٣)، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിസ്കാരത്തിനും ശേഷം മുപ്പത്തിമൂന്ന് തവണ സുബ്ഹാനല്ലാഹ് (അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു), മുപ്പത്തിമൂന്ന് തവണ അൽഹംദുലില്ലാഹ് (അല്ലാഹുവിന് സർവ്വസ്തുതികളും), മുപ്പത്തിമൂന്ന് തവണ അല്ലാഹു അക്ബർ (അല്ലാഹുവാകുന്നു ഏറ്റവും വലിയവൻ) എന്നു പറയുകയും, അങ്ങനെ തൊണ്ണൂറ്റി ഒൻപത് എത്തുകയും, ശേഷം നൂറെണ്ണം പൂർത്തീകരിച്ചു കൊണ്ട് 'അല്ലാഹുവല്ലാതെ ഇബാദത്തിന് അർഹനായി മറ്റാരുമില്ല. അവനാണ് ഏക ആരാധ്യൻ. അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വ അധികാരവും, അവനാകുന്നു സർവ്വസ്തുതികളും, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു' എന്ന് (അർത്ഥമുള്ള ദിക്ർ) പറയുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്; സമുദ്രത്തിലെ നുരയോളം അതുണ്ടെങ്കിലും."

رواه مسلم പദവി: صحيح

വിശദീകരണം

നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ഇനി പഠിപ്പിക്കപ്പെട്ടത് പോലെ ആരെങ്കിലും പറയുന്നുവെങ്കിൽ അവനുള്ള പ്രതിഫലം എന്തായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു:

33 തവണ സുബ്ഹാനല്ലാഹ്; അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാകുന്നു എന്നാകുന്നു അതിൻ്റെ അർത്ഥം.

33 തവണ അൽഹംദുലില്ലാഹ്; അല്ലാഹുവിൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങളുടെ പേരിൽ വാഴ്ത്തുന്നു എന്നാണ് അതിൻ്റെ ഉദ്ദേശ്യം. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടുമാണ് ഈ സ്തുതി.

33 തവണ അല്ലാഹു അക്ബർ; അല്ലാഹുവാകുന്നു എന്തിനേക്കാളും ആരെക്കാളും

വലിയവനും മഹത്വമുടയവനും. എന്നാണ് അതിൻ്റെ അർത്ഥം.

നൂറു പൂർത്തിയാക്കാനായി ഇങ്ങനെ പറയുക:

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹുവല്ലാതെ ഇബാദത്തിനർഹനായി മറ്റാരുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനാണ് സമ്പൂർണ്ണ അധികാരമുള്ളത് എന്നും, സമ്പൂർണ്ണ സ്നേഹത്തോടെയും ആദരവോടെയും പുകഴ്ത്തപ്പെടാനും പ്രകീർത്തിക്കപ്പെടാനും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനും, ഒന്നും അസാധ്യമായി ഇല്ലാത്തവനാണ് എന്നുമാണ് ഈ ദിക്റിൻ്റെ സാരം.

ഇപ്രകാരം ആരെങ്കിലും പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെടുകയും, അവൻ്റെ പാപങ്ങൾ പൊറുത്തു നൽകപ്പെടുകയും ചെയ്യുന്നതാണ്. സമുദ്രത്തിലെ തിരമാലകൾ ഉയർന്നു പൊങ്ങുകയും ആർത്തലക്കുകയും ചെയ്യുന്ന വേളയിൽ അതിൻ്റെ മുകളിൽ കാണപ്പെടുന്ന വെളുത്ത നുരകളെ പോലെ അനേകമനേകം തിന്മകൾ അവൻ ചെയ്തിട്ടുണ്ടെങ്കിലും അവ പൊറുത്തു നൽകപ്പെടുന്നതാണ്.

പ്രയോജനങ്ങൾ

  • നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ഈ ഹദീഥിൽ പറയപ്പെട്ട ദിക്റുകൾ ചൊല്ലുക എന്നത് സുന്നത്താണ്.
  • തിന്മകൾ പൊറുത്തു നൽകപ്പെടാനുള്ള കാരണമാണ് ഈ ദിക്ർ.
  • അല്ലാഹുവിൻ്റെ മഹത്തരമായ ഔദാര്യവും കാരുണ്യവും അവൻ്റെ പാപമോചനത്തിൻ്റെ വിശാലതയും.
  • തിന്മകൾ പൊറുത്തു നൽകപ്പെടാനുള്ള കാരണമാണ് ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ ദിക്ർ. ഇവിടെ പൊറുത്തു നൽകപ്പെടും എന്ന് പറഞ്ഞത് ചെറുപാപങ്ങളുടെ കാര്യമാണ്; വൻപാപങ്ങൾ തൗബ ചെയ്താലല്ലാതെ പൊറുക്കപ്പെടുന്നതല്ല.

HadeethEnc.com ൽ വായിക്കുക

5 ഒരു തവണ

അർത്ഥവും ഉറവിടവും

കഅ്ബ് ബ്നു ഉജ്റഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം തുടരെത്തുടരെയുള്ള ചില വാക്കുകൾ; അവ പറയുന്നവർ -അല്ലെങ്കിൽ പ്രവർത്തിക്കുന്നവർ- ഒരിക്കലും നഷ്ടമുള്ളവരാകില്ല. മുപ്പത്തിമൂന്ന് തസ്ബീഹുകൾ, മുപ്പത്തിമൂന്ന് തഹ്മീദുകൾ, മുപ്പത്തിനാല് തക്ബീറുകൾ എന്നിവയാണവ."

رواه مسلم പദവി: صحيح

വിശദീകരണം

ചില ദിക്റുകൾ എടുത്തു പറഞ്ഞു കൊണ്ട്, അവ ചൊല്ലുന്നവർ നഷ്ടക്കാരാവുകയോ ഖേദിക്കേണ്ടി വരികയോ ഇല്ലെന്ന് നബി -ﷺ- അറിയിക്കുന്നു. മറിച്ച്, ഈ വാക്കുകൾക്ക് അവന് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവ ഒന്നിനു പുറകെ മറ്റൊന്നായി ചൊല്ലേണ്ടതും, നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷം ചൊല്ലേണ്ടതുമാണ് എന്നതിനാൽ (മുഅക്ഖിബാത്ത്) എന്നാണ് നബി -ﷺ- അവയെ വിശേഷിപ്പിച്ചത്.

"സുബ്ഹാനല്ലാഹ്': മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണ് എന്നറിയിക്കുന്ന വാചകമാണത്.

'അൽഹംദുലില്ലാഹ്' മുപ്പത്തിമൂന്ന് തവണ പറയുക. അല്ലാഹുവിനെ സ്നേഹിച്ചു കൊണ്ടും ആദരിച്ചു കൊണ്ടും അവൻ്റെ പരിപൂർണ്ണമായ വിശേഷണങ്ങൾ എടുത്തു പറയുക എന്നതാണ് ഹംദിൻ്റെ ഉദ്ദേശ്യം.

'അല്ലാഹു അക്ബർ' മുപ്പത്തിനാല് തവണ പറയുക. അല്ലാഹുവാണ് എല്ലാത്തിനേക്കാളും വലിയവനും മഹത്വമുള്ളവനും ഏറ്റവും പ്രതാപമുള്ളവനും എന്നറിയിക്കുന്ന വാക്കാണത്.

പ്രയോജനങ്ങൾ

  • തസ്ബീഹ്, തഹ്മീദ്, തക്ബീർ എന്നിവയുടെ ശ്രേഷ്ഠതകൾ; എന്നെന്നും നിലനിൽക്കുന്ന സൽകർമ്മങ്ങളാണവ.

HadeethEnc.com ൽ വായിക്കുക

6 ഒരു തവണ

اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

അർത്ഥവും ഉറവിടവും

അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും എല്ലാ നിർബന്ധ നിസ്കാരങ്ങൾക്കും ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്താൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല."

رواه النسائي في الكبرى പദവി: صحيح

വിശദീകരണം

ആരെങ്കിലും നിർബന്ധ നിസ്കാരം നിർവ്വഹിച്ചതിന് ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുന്നുവെങ്കിൽ സ്വർഗപ്രവേശനത്തിൽ നിന്ന് മരണമല്ലാതെ മറ്റൊന്നും അവനെ തടയുകയില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. സൂറത്തുൽ ബഖറയിലെ ഒരു ആയത്തിനെയാണ് ആയത്തുൽ കുർസിയ്യ് എന്ന് വിശേഷിപ്പിക്കുന്നത്. പ്രസ്തുത വചനം ഇപ്രകാരമാണ്: "അല്ലാഹു - അവനല്ലാതെ ഇബാദത്തിനർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവനറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവന്റെ കുർസിയ്യ് (പാദപീഠം) ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ." (ബഖറ: 255)

പ്രയോജനങ്ങൾ

  • ആയത്തുൽ കുർസിയ്യിൻ്റെ ശ്രേഷ്ഠത. ഈ വചനം ഉൾക്കൊണ്ടിരിക്കുന്ന അല്ലാഹുവിൻ്റെ മഹത്തരമായ നാമങ്ങൾ കാരണത്താലും, അവൻ്റെ ഉന്നതമായ വിശേഷണങ്ങൾ കാരണത്താലുമാണ് അതിന് ഈ ശ്രേഷ്ഠത നൽകപ്പെട്ടത്.
  • എല്ലാ നിർബന്ധ നിസ്കാരങ്ങൾക്ക് ശേഷവും ഈ ആയത്ത് പാരായണം ചെയ്യുന്നത് പുണ്യകരമായ കാര്യമാണ്.
  • സ്വർഗപ്രവേശനത്തിനുള്ള കാരണങ്ങളിൽ പെട്ടതാണ് സൽകർമങ്ങൾ പ്രവർത്തിക്കുക എന്നത്.

HadeethEnc.com ൽ വായിക്കുക

7 ഒരു തവണ

اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ

അർത്ഥവും ഉറവിടവും

മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ മുആദ്! അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു! ഹേ മുആദ്! ഞാൻ നിനക്കൊരു ഉപദേശം നൽകട്ടെ. എല്ലാ നിസ്കാരത്തിൻ്റെയും അവസാനം ഇപ്രകാരം പറയുന്നത് നീയൊരിക്കലും ഉപേക്ഷിക്കരുത്. അല്ലാഹുവേ! നിന്നെ സ്മരിക്കാനും, നിനക്ക് നന്ദി പ്രകടിപ്പിക്കാനും, നിനക്ക് നല്ല രൂപത്തിൽ ഇബാദത്ത് നിർവഹിക്കാനും നീയെന്നെ സഹായിക്കേണമേ!"

رواه أبو داود والنسائي وأحمد പദവി: صحيح

വിശദീകരണം

നബി -ﷺ- മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ കൈ പിടിച്ചു കൊണ്ട് അദ്ദേഹത്തോട് പറഞ്ഞു: 'അല്ലാഹു സത്യം! ഞാൻ താങ്കളെ സ്നേഹിക്കുന്നു. മുആദ്! എല്ലാ നിസ്കാരത്തിൻ്റെയും അവസാനത്തിൽ ഇനി പറയുന്ന വാക്കുകൾ ചൊല്ലുന്നത് താങ്കൾ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ഞാൻ താങ്കളോട് വസ്വിയ്യത്തായി ഉപദേശിക്കട്ടെ. اللَّهُمَّ أَعِنِّي عَلَى ذِكْرِكَ: അല്ലാഹുവേ! നിന്നിലേക്ക് എന്നെ അടുപ്പിക്കുന്ന എല്ലാ വാക്കുകളിലും പ്രവർത്തനങ്ങളിലും നിന്നെ സ്മരിക്കാൻ നീ എന്നെ സഹായിക്കണേ! وَشُكْرِكَ: നിൻ്റെ പക്കൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾക്കും എന്നിൽ നിന്ന് പ്രയാസങ്ങളെ നീ തടഞ്ഞു നിർത്തിയതിനും നിനക്ക് നന്ദി പ്രകടിപ്പിക്കാനും നീ എന്നെ സഹായിക്കണേ! وَحُسْنِ عِبَادَتِكَ: ഇഖ്‌ലാസോടെ നിന്നെ മാത്രം ഉദ്ദേശിച്ചു കൊണ്ടും, നബി -ﷺ- യെ മാതൃകയാക്കി കൊണ്ടും നിനക്ക് ഇബാദത്തുകൾ

നിർവ്വഹിക്കാനും നീ എന്നെ സഹായിക്കണേ!

പ്രയോജനങ്ങൾ

  • ഒരാളെ അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അയാളെ അറിയിക്കുക എന്നത് ഇസ്‌ലാമിക മര്യാദയാണ്.
  • ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന നിർബന്ധ നിസ്കാരത്തിൻ്റെയും സുന്നത്ത് നിസ്കാരത്തിൻ്റെയും അവസാനത്തിൽ സ്ഥിരമായി ചൊല്ലുന്നത് നല്ലതാണ്.
  • വളരെ ചെറിയ വാക്കുകൾ മാത്രമേ ഉള്ളൂവെങ്കിലും ഈ പ്രാർത്ഥനയിൽ ഐഹികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അടങ്ങിയിരിക്കുന്നു.
  • അല്ലാഹുവിൻ്റെ മാർഗത്തിൽ സ്നേഹിക്കുക എന്നതിൻ്റെ ഫലങ്ങൾ പലതുണ്ട്; പരസ്പരം സത്യവും ശരിയും ഉപദേശിക്കുക എന്നതും, ഗുണദോഷിക്കുക എന്നതും, നന്മകളിലും ധർമ്മനിഷ്ഠയിലും പരസ്പരം സഹായിക്കുക എന്നതും അതിൽ പെട്ടതാണ്.
  • ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവിനുള്ള ദിക്ർ ഹൃദയവിശാലതയുടെ ആരംഭമാണ്. അല്ലാഹുവിന് നന്ദി കാണിക്കുക എന്നത് അനുഗ്രഹങ്ങൾക്കുള്ള വഴിയും, നല്ല രൂപത്തിൽ അല്ലാഹുവിനെ ആരാധിക്കുക എന്നത് അല്ലാഹുവല്ലാത്ത എല്ലാത്തിൽ നിന്നുമുള്ള വിടുതലും നൽകുന്നു."

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

നമസ്കാര ശേഷമുള്ള ദിക്ർ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.