പാപമോചനത്തിനുള്ള ദുആ (ഇസ്തിഗ്ഫാർ)

സയ്യിദുൽ ഇസ്തിഗ്ഫാറും സുന്നത്തിലെ മറ്റ് പാപമോചന വാക്കുകളും.

1 ഒരു തവണ

اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ

അർത്ഥവും ഉറവിടവും

ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ അർത്ഥം: "അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻ്റെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."

رواه البخاري പദവി: صحيح

വിശദീകരണം

അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ട് പ്രാർത്ഥിക്കാൻ ധാരാളം പ്രാർത്ഥനകളുടെ രൂപങ്ങളുണ്ട്. എന്നാൽ അവയിൽ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായിട്ടുള്ളത് ഇപ്രകാരം പറയലാണ്: "اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عَهْدِكَ وَوَعْدِكَ ما اسْتَطَعْتُ أعوذ بك من شر ما صنعتُ أَبُوءُ لك بنعمتك عليَّ وأَبُوءُ لك بذنبي فَاغْفرْ لي فإنه لا يغفر الذنوب إلا أنت" "അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാർ (നിറവേറ്റാമെന്നുള്ള ഉറപ്പിലും) നിൻ്റെ വാഗ്ദാനത്തിൽ (പ്രതീക്ഷയർപ്പിച്ചു കൊണ്ടുമാണുള്ളത്). ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല." ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ആദ്യം അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുന്നു. അല്ലാഹുവാണ് തൻ്റെ സ്രഷ്ടാവ് എന്നും, അവൻ മാത്രമാണ് തൻ്റെ ആരാധ്യൻ എന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും അവൻ അംഗീകരിക്കുന്നു. തനിക്ക് സാധ്യമായ വിധത്തിൽ അല്ലാഹു തന്നോട് കൽപ്പിച്ചിട്ടുള്ള വിശ്വാസം സ്വീകരിക്കാമെന്നും അവനെ അനുസരിക്കാമെന്നും അല്ലാഹുവിനോട് അവൻ കരാർ ചെയ്യുന്നു. കാരണം മനുഷ്യൻ എത്രയെല്ലാം ആരാധനകൾ നിർവ്വഹിച്ചാലും അല്ലാഹു കൽപ്പിച്ചതെല്ലാം മുഴുവൻ പ്രവർത്തിക്കാനും, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ അവനോട് നന്ദി കാണിക്കാനും അവന് സാധിക്കുകയില്ല. അതിനാൽ താൻ അല്ലാഹുവിലേക്ക് അഭയം തേടുന്നുവെന്നും, അവനെ മുറുകെ പിടിക്കുന്നുവെന്നും, താൻ സ്വന്തത്തോട് ചെയ്തുവെച്ച തിന്മകളിൽ നിന്നും അവയുടെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നുവെന്നും ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ഏറ്റുപറയുന്നു. അല്ലാഹു തനിക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ ഈ പ്രാർത്ഥനയിലൂടെ അവൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. അതോടൊപ്പം തൻ്റെ പക്കൽ നിന്ന് തെറ്റുകളും തിന്മകളും സംഭവിക്കുന്നതും അവൻ അല്ലാഹുവിനോട് ഏറ്റുപറയുന്നു. ഈ രൂപത്തിൽ അല്ലാഹുവിലേക്ക് സാമീപ്യം തേടിയതിന് ശേഷം അല്ലാഹുവിൻ്റെ വിട്ടുവീഴ്ചയും കാരുണ്യവും മഹത്വവും കൊണ്ട് തൻ്റെ പാപങ്ങൾ പൊറുത്തു തരാനും, അവ മറച്ചു പിടിക്കാനും, അവയുടെ ഉപദ്രവങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാനും തൻ്റെ രക്ഷിതാവിനോട് അവൻ പ്രാർത്ഥിക്കുന്നു. കാരണം തിന്മകൾ പൊറുക്കുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല തന്നെ. ശേഷം 'ഈ പ്രാർത്ഥന രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണെന്നും നബി -ﷺ- അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന ദൃഢബോധ്യത്തോടെയും ഹൃദയസാന്നിദ്ധ്യത്തോടെയും അർത്ഥം അറിഞ്ഞു കൊണ്ടും വിശ്വാസത്തോടെയും പകലിൽ -സൂര്യൻ ഉദിച്ചതിനും അത് മദ്ധ്യാഹ്നത്തിൽ നിന്ന് നീങ്ങുന്നതിനും ഇടയിൽ- ചൊല്ലുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി -ﷺ- അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന രാത്രിയിൽ -സൂര്യൻ അസ്തമിച്ചത് മുതൽ പുലരി ഉദിക്കുന്നതിന് ഇടയിൽ- ചൊല്ലുകയും, നേരം പുലരുന്നതിന് മുൻപ് മരിക്കുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി -ﷺ- അറിയിച്ചു.

പ്രയോജനങ്ങൾ

  • പാപമോചനപ്രാർത്ഥനകളുടെ വാക്കുകൾ വ്യത്യസ്ത രൂപത്തിലുണ്ട്. അവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ശ്രേഷ്ഠമാണ്.
  • നബി -ﷺ- പഠിപ്പിച്ച ഈ പ്രാർത്ഥന ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, പാപമോചന പ്രാർത്ഥനകളുടെ നേതാവാണിത്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي، وَإِسْرَافِي فِي أَمْرِي كُلِّهِ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي، اللَّهُمَّ اغْفِرْ لِي خَطَايَايَ، وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي، اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ وَمَا أَعْلَنْتُ، أَنْتَ المُقَدِّمُ وَأَنْتَ المُؤَخِّرُ، وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ

അർത്ഥവും ഉറവിടവും

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു."

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- യുടെ പ്രാർത്ഥനകളിൽ ഏറെ ആശയസമ്പുഷ്ടമായ പ്രാർത്ഥനകളിലൊന്നാണ് ഇത്. അവിടുന്ന് പറയാറുണ്ടായിരുന്നു:

എൻ്റെ റബ്ബേ! എനിക്ക് സംഭവിച്ച അബദ്ധങ്ങളും തിന്മകളും എൻ്റെ പക്കൽ നിന്ന് അറിവില്ലാതെ സംഭവിച്ച തെറ്റുകളും നീ എനിക്ക് പൊറുത്തു തരണേ!

എൻ്റെ എല്ലാ കാര്യങ്ങളിലും സംഭവിച്ചു പോയ കുറവുകളും അതിരുകവിച്ചിലുകളും പരിധി ലംഘനങ്ങളും എനിക്ക് പൊറുത്തു തരണേ!

എൻ്റെ പക്കലുള്ള തിന്മകളിൽ നിന്ന് ഞാൻ മറന്നു പോയ -എന്നാൽ നീ അറിഞ്ഞിട്ടുള്ള- തിന്മകളും നീ പൊറുത്തു തരേണമേ!

ഞാൻ ബോധപൂർവ്വം പ്രവർത്തിച്ചതും തിന്മയാണെന്നറിഞ്ഞിട്ടും ചെയ്ത തെറ്റുകളും നീ പൊറുക്കണേ!

തമാശയായി സംഭവിച്ചതും ഗൗരവത്തിൽ ചെയ്തതുമായ തിന്മകളും പൊറുത്തു തരണേ!

ഇത്രയും ഞാൻ പറഞ്ഞതെല്ലാം -ഈ വിധത്തിലുള്ള തിന്മകളെല്ലാം- ഞാൻ ചെയ്തു പോയിരിക്കുന്നു. അവയെല്ലാം എൻ്റെ പക്കലുണ്ട്.

എൻ്റെ കഴിഞ്ഞു പോയതും സംഭവിച്ചു കഴിഞ്ഞതുമായ തിന്മകളും, വരാനിരിക്കുന്ന തിന്മകളും എനിക്ക് നീ പൊറുത്തു തരണമേ!

ഞാൻ രഹസ്യമാക്കിയതും ഒളിപ്പിച്ചു വെച്ചതും, ഞാൻ പരസ്യമാക്കിയതും പ്രകടമാക്കിയതുമായ തിന്മകൾ പൊറുത്തു തരണേ!

നീയാകുന്നു മുഖദ്ദിമും മുഅഖ്ഖിറും ആയവൻ: നിൻ്റെ സൃഷ്ടികളിൽ നീ ഉദ്ദേശിക്കുന്നവരെ -നിൻ്റെ കാരുണ്യത്താൽ- നിനക്ക് തൃപ്തികരമായതിലേക്ക് നീ വഴികാട്ടുന്നു. നീ ഉദ്ദേശിച്ചവരെ നീ അതിലേക്ക് എത്താൻ കഴിയാത്ത വിധം പരാജിതരാക്കുകയും ചെയ്യുന്നു. നീ പിന്നോട്ട് വെച്ചതിനെ മുന്നിലേക്ക് വെക്കാനോ, നീ മുന്നിലേക്ക് വെച്ചതിനെ പിന്നോട്ടാക്കാനോ ഒരാളുമില്ല.

നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഉദ്ദേശിച്ചതെല്ലാം നടപ്പിലാക്കാനും, പ്രവർത്തിക്കാനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു നീ.

പ്രയോജനങ്ങൾ

  • ഈ പ്രാർത്ഥനയുടെ ശ്രേഷ്ഠത. നബി -ﷺ-യെ മാതൃകയാക്കിക്കൊണ്ട് ഈ പ്രാർത്ഥന ചൊല്ലാൻ പരിശ്രമിക്കുക.
  • അതിരുകവിയുന്നത് വിലക്കപ്പെട്ട കാര്യമാണ്; അതിരുകവിയുന്നവർ ശിക്ഷ ലഭിക്കാൻ അർഹരുമാണ്.
  • ഒരു മനുഷ്യന് സ്വന്തത്തെ കുറിച്ച് അറിയുന്നതിനേക്കാൾ അല്ലാഹുവിന് അവനെ കുറിച്ച് അറിയാം. അതിനാൽ തൻ്റെ കാര്യം അവൻ അല്ലാഹുവിനെ ഏൽപ്പിക്കട്ടെ; കാരണം, അവൻ പോലുമറിയാതെ അവന് അബദ്ധം സംഭവിച്ചു പോയേക്കാം.
  • ഒരാളുടെ ബോധപൂർവ്വമുള്ള കാര്യങ്ങൾക്ക് ശിക്ഷ ലഭിക്കുന്നത് പോലെ അയാളുടെ തമാശകൾക്കും ശിക്ഷ ലഭിച്ചേക്കാം. അതിനാൽ ശ്രദ്ധാപൂർവ്വം മാത്രമേ തമാശകൾ പറയാവൂ .
  • ഇബ്നു ഹജർ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: "ഈ ഹദീഥിൻ്റെ വ്യത്യസ്ത നിവേദനങ്ങളിലേതിലും ഈ പ്രാർത്ഥന ചൊല്ലേണ്ട സമയമോ സന്ദർഭമോ വിവരിക്കപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. ഈ പ്രാർത്ഥനയുടെ അവസാനത്തിൻ്റെ പ്രധാനഭാഗങ്ങളെല്ലാം ... നബി -ﷺ- തൻ്റെ രാത്രി നിസ്കാരത്തിൽ ചൊല്ലാറുണ്ടായിരുന്നതായി ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. നിസ്കാരത്തിൻ്റെ അവസാനത്തിലായിരുന്നു അവിടുന്ന് അത് ചൊല്ലിയിരുന്നത് എന്നും ഹദീഥുകളിലുണ്ട്. സലാം വീട്ടുന്നതിന് മുൻപായിരുന്നു അവിടുന്ന് ഇപ്രകാരം ചൊല്ലിയിരുന്നത് എന്നും, ശേഷമാണ് ചൊല്ലിയിരുന്നത് എന്നും ഹദീഥിൻ്റെ നിവേദനങ്ങളിൽ വന്നിട്ടുണ്ട്."
  • നബി -ﷺ- പാപമോചനം ചെയ്തിരുന്നത് അവിടുന്ന് തെറ്റുകൾ പ്രവർത്തിച്ചത് കാരണമായിരുന്നോ എന്ന് ചിലർ ചോദിച്ചേക്കാം. നബി -ﷺ- യുടെ വിനയത്തിൻ്റെയും തൻ്റെ സ്വന്തത്തിനെ താഴ്മയോടെ സമീപിക്കുന്നതിൻ്റെയും അടയാളമായിരുന്നു അവിടുത്തെ പാപമോചനതേട്ടങ്ങൾ എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (രണ്ട് നന്മകളിൽ) ഏറ്റവും പൂർണ്ണമായത് പ്രവർത്തിക്കാൻ സാധിക്കാതെ പോകുന്നതും, രണ്ട് കാര്യങ്ങളിൽ ഏറ്റവും അനുയോജ്യമായത് സ്വീകരിക്കാൻ കഴിയാതെ പോകുന്നതും അവിടുന്ന് തിന്മയായി കണക്കാക്കുകയും അതിൽ നിന്ന് പാപമോചനം തേടുകയുമാണ് ചെയ്തിരുന്നത് എന്നും ചിലർക്ക് വീക്ഷണമുണ്ട്. മറന്നു കൊണ്ട് ചെയ്തു പോയേക്കാവുന്നതോ, നുബുവ്വത്തിന് മുൻപ് സംഭവിച്ചു പോയതോ ആയ കാര്യങ്ങളിൽ നിന്നായിരുന്നു അവിടുന്ന് പശ്ചാത്താപം തേടിയത് എന്നും ചിലർക്ക് അഭിപ്രായമുണ്ട്. മറ്റു ചിലർ പറഞ്ഞു: അല്ലാഹുവിനോട് പാപമോചനം തേടുക എന്നതും പശ്ചാത്താപം ചോദിക്കുക എന്നതും ഇബാദത്തിൻ്റെ ഭാഗമായി നിർവ്വഹിക്കേണ്ട കാര്യമാണ്. അവിടുത്തേക്ക് പൊറുക്കപ്പെടേണ്ട പാപങ്ങളില്ലായിരുന്നെങ്കിലും അവ ഇബാദത്തിൻ്റെ ഭാഗമായി അവിടുന്ന് ചെയ്യേണ്ട പ്രവൃത്തിയായിരുന്നു. മറ്റു ചിലർ പറഞ്ഞു: തൻ്റെ ഉമ്മത്തിന് പശ്ചാത്താപത്തിൻ്റെയും പാപമോചനത്തിൻ്റെയും പ്രാധാന്യം പഠിപ്പിക്കാനും ഓർമ്മപ്പെടുത്താനും, അവർ ഇസ്തിഗ്ഫാർ ഉപേക്ഷിക്കാതിരിക്കാനുമുള്ള മാതൃകയാണ് നബി -ﷺ- കാണിച്ചു നൽകിയത്.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ തൻ്റെ രക്ഷിതാവ് പറഞ്ഞതായി അറിയിക്കുന്നു: "ഒരടിമ ഒരു തിന്മ ചെയ്തു. ശേഷം അയാൾ പറഞ്ഞു: "അല്ലാഹുവേ! നീ എൻ്റെ തിന്മ എനിക്ക് പൊറുത്തു തരേണമേ!" അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ ചെയ്തു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിയുകയും ചെയ്തിരിക്കുന്നു." വീണ്ടും അയാൾ ഒരു തിന്മ ചെയ്യുകയും, 'എൻ്റെ രക്ഷിതാവേ! എൻ്റെ തിന്മ എനിക്ക് നീ പൊറുത്തു തരേണമേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പറഞ്ഞു: "എൻ്റെ ദാസൻ ഒരു തിന്മ പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ) തിന്മ പൊറുക്കുകയും തിന്മക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന ഒരു രക്ഷിതാവ് തനിക്കുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കുന്നു. നീ ഉദ്ദേശിക്കുന്നത് നീ ചെയ്തു കൊള്ളുക; ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു."

متفق عليه പദവി: صحيح

വിശദീകരണം

ഒരടിമ എന്തെങ്കിലും തെറ്റ് ചെയ്യുകയും, ശേഷം 'അല്ലാഹുവേ! എൻ്റെ തെറ്റ് എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയുന്നതാണ്: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ അവന് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു." വീണ്ടും ഈ അടിമ അക്കാര്യം ആവർത്തിക്കുകയും തിന്മ ചെയ്യുകയും, ശേഷം 'എൻ്റെ രക്ഷിതാവേ! എനിക്ക് പൊറുത്തു തരണേ!' എന്ന് പ്രാർത്ഥിക്കുകയും ചെയ്താൽ അല്ലാഹു പറയും: "എൻ്റെ അടിമ ഒരു തെറ്റ് ചെയ്തിരിക്കുന്നു. തിന്മകൾ പൊറുത്തു നൽകുകയും അവ മറച്ചു പിടിക്കുകയും മാപ്പാക്കുകയും ചെയ്യുന്ന, അല്ലെങ്കിൽ തിന്മക്ക് ശിക്ഷ നൽകുന്ന ഒരു റബ്ബ് തനിക്കുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ ഞാൻ എൻ്റെ അടിമക്ക് പൊറുത്തു കൊടുത്തിരിക്കുന്നു. അവൻ തിന്മ ചെയ്യുകയും, ശേഷം അത് ഉപേക്ഷിക്കുകയും, അതിൽ ആത്‌മാർത്ഥമായി ഖേദിക്കുകയും, ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങിപ്പോവുകയില്ലെന്ന് ഉറച്ച തീരുമാനെടുക്കുകയും, എന്നാൽ ദേഹേഛകളുടെ ഫലമായി വീണ്ടും തിന്മയിൽ അകപ്പെട്ടു പോവുകയും ചെയ്യുന്നു. ഇപ്രകാരം തെറ്റുകൾ ചെയ്യുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നേടത്തോളം ഞാൻ അവന് പൊറുത്ത് കൊടുക്കും. അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കട്ടെ! കാരണം തൗബ (പശ്ചാത്താപം) അതിന് മുൻപുള്ള പാപങ്ങളെ നശിപ്പിച്ചു കളയുന്നതാണ്.

പ്രയോജനങ്ങൾ

  • തൻ്റെ ദാസന്മാരോട് അല്ലാഹുവിനുള്ള വിശാലമായ കാരുണ്യം നോക്കൂ! മനുഷ്യൻ എത്രയെല്ലാം തെറ്റുകൾ ചെയ്താലും എന്തെല്ലാം പ്രവർത്തിച്ചാലും അവൻ അല്ലാഹുവിലേക്ക് ആത്‌മാർത്ഥമായി പശ്ചാത്തപിച്ചു മടങ്ങുകയും അവനിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്.
  • അല്ലാഹുവിൽ വിശ്വസിച്ച ഒരാൾ അല്ലാഹുവിൽ നിന്നുള്ള പാപമോചനം ആഗ്രഹിക്കുകയും അവൻ്റെ ശിക്ഷ ഭയക്കുകയും ചെയ്യുന്നവനാണ്. അവനൊരിക്കലും അല്ലാഹുവിലേക്ക് ഉടനടി പശ്ചാത്തപിച്ചു മടങ്ങാതെ തിന്മകളിൽ തുടർന്നു പോവുകയില്ല.
  • ശരിയായ തൗബയുടെ നിബന്ധനകൾ: സംഭവിച്ചു പോയ തെറ്റിൽനിന്ന് വിട്ടുനിൽക്കുകയും, അതിൽ ഖേദിക്കുകയും ചെയ്യുക. ഇനിയൊരിക്കലും ആ തിന്മയിലേക്ക് മടങ്ങുകയില്ല എന്ന ഉറച്ച തീരുമാനമെടുക്കുക. ഏതെങ്കിലും മനുഷ്യരോട് ചെയ്ത അതിക്രമമാണെങ്കിൽ - അവരുടെ സമ്പത്തോ അഭിമാനമോ ശരീരമോ പ്രയാസത്തിലാക്കിയെങ്കിൽ - നാലാമത് ഒരു നിബന്ധന കൂടിയുണ്ട്. അവരോട് ഈ തെറ്റ് പൊറുത്തു തരാൻ ആവശ്യപ്പെടുകയോ, അവരുടെ അവകാശം തിരിച്ചേൽപ്പിക്കുകയോ ചെയ്യുക.
  • അല്ലാഹുവിനെ കുറിച്ചുള്ള അറിവിൻ്റെ പ്രാധാന്യം. തൻ്റെ മതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് മനുഷ്യൻ ബോധവാനായിരിക്കാനും, ഓരോ തിന്മകൾ സംഭവിക്കുമ്പോഴും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും അത് വഴിയൊരുക്കും. അവനൊരിക്കലും നിരാശനാവുകയോ തിന്മകളിൽ തുടർന്നു പോവുകയോ ഇല്ല.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

അർത്ഥവും ഉറവിടവും

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു -تَبَارَكَ وَتَعَالَى- പറഞ്ഞിരിക്കുന്നു: "ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല. ഹേ ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ആകാശത്തിൻ്റെ വിഹായസ്സിനോളം എത്തുകയും ശേഷം നീ എന്നോട് പാപമോചനം തേടുകയും ചെയ്താൽ ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; (നിൻ്റെ പക്കലുള്ള തിന്മയുടെ ആധിക്യം) ഞാൻ കാര്യമാക്കുകയില്ല. ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപവുമായി നീ എന്നിലേക്ക് വരികയും, യാതൊന്നിനെയും എന്നിൽ പങ്കുചേർക്കാത്ത നിലയിൽ നീ എന്നെ കണ്ടുമുട്ടുകയും ചെയ്താൽ ഭൂമി നിറയെ പാപമോചനവുമായി ഞാൻ നിന്നിലേക്ക് വരുന്നതാണ്."

رواه الترمذي പദവി: حسن

വിശദീകരണം

അല്ലാഹു പറഞ്ഞതായി നബി -ﷺ- അറിയിക്കുന്നു: "ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും എൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, എന്നിൽ നിരാശപ്പെടാതിരിക്കുകയും ചെയ്യുന്നിടത്തോളം നിൻ്റെ തിന്മകൾ ഞാൻ മറച്ചു വെക്കുകയും, അവ ഞാൻ മായ്ച്ചു കളയുകയും ചെയ്യുന്നതാണ്. അത് ഞാൻ കാര്യമാക്കുകയില്ല. നിൻ്റെ തിന്മകൾ വൻപാപങ്ങളിൽ പെട്ടതാണെങ്കിൽ പോലും. ആദമിൻ്റെ മകനേ! നിൻ്റെ തിന്മകൾ ധാരാളമായി അധികരിക്കുകയും, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം നിറക്കുന്നത്ര വർദ്ധിക്കുകയും ചെയ്താലും, നീ എന്നോട് പാപമോചനം തേടിയാൽ ഞാൻ നിൻ്റെ തിന്മകൾ പൊറുത്തു നൽകുകയും അവയുടെ ആധിക്യം കാര്യമാക്കാതെ ഞാൻ നിനക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്.

ആദമിൻ്റെ മകനേ! ഭൂമി നിറയെ പാപങ്ങളും തിന്മകളുമായാണ് മരണശേഷം നീ എന്നെ കണ്ടുമുട്ടുന്നത് എങ്കിൽ -എന്നിൽ യാതൊന്നും പങ്കുചേർക്കാത്ത നിലയിൽ തൗഹീദോടെയാണ് നീ മരിച്ചിട്ടുള്ളത് എങ്കിൽ- ഈ തിന്മകൾക്കും പാപങ്ങൾക്കും പകരം ഭൂമി നിറയെ പാപമോചനവുമായാണ് നീ എന്നെ കണ്ടെത്തുക. കാരണം ഞാൻ വിശാലമായി പൊറുക്കുന്നവനാണ്; ബഹുദൈവാരാധന എന്ന തിന്മയൊഴികെ എല്ലാ തിന്മകളും ഞാൻ പൊറുക്കുന്നതാണ്.

പ്രയോജനങ്ങൾ

  • അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും പാപമോചനത്തിൻ്റെയും ഔദാര്യത്തിൻ്റെയും വിശാലത.
  • തൗഹീദിൻ്റെ ശ്രേഷ്ഠത; അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന മുവഹ്ഹിദുകൾക്ക് അവരുടെ തിന്മകളും പാപങ്ങളും അല്ലാഹു പൊറുത്തു നൽകുന്നതാണ്.
  • ബഹുദൈവാരാധന (ശിർക്ക്) എന്ന പാപത്തിൻ്റെ ഗൗരവം; അല്ലാഹു ശിർക്ക് ചെയ്തവർക്ക് പൊറുത്തു നൽകുന്നതല്ല.
  • ഇബ്നു റജബ് (റഹി) പറയുന്നു: "തിന്മകൾ അല്ലാഹു പൊറുത്തു നൽകാനുള്ള കാരണങ്ങൾ മൂന്നാണ്. അവ മൂന്നും ഈ ഹദീഥിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. ഒന്ന്: അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെച്ചു കൊണ്ട് അവനോട് പ്രാർത്ഥിക്കലാണ്. രണ്ട്: അല്ലാഹുവിനോട് പാപമോചനം തേടലും തൗബ ആവശ്യപ്പെടലുമാണ്. മൂന്ന്: തൗഹീദിലായി കൊണ്ട് മരണപ്പെടുക എന്നതാണ്.
  • അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' എന്നാണ് ഇത്തരം ഹദീഥുകളെ വിശേഷിപ്പിക്കാറുള്ളത്. അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള വാക്കും ആശയവുമാണ് ഇത്തരം ഹദീഥുകളിൽ ഉണ്ടാവുക. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
  • തിന്മകൾ മൂന്ന് വിധത്തിലുണ്ട്. ഒന്ന്: അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർക്ക്; ഇത് അല്ലാഹു പൊറുത്തു നൽകുന്നതല്ല. അല്ലാഹു പറയുന്നു: "തീർച്ചയായും ഒരാൾ അല്ലാഹുവിൽ പങ്കുചേർത്താൽ അവന് അല്ലാഹു സ്വർഗം നിഷിദ്ധമാക്കുന്നതാണ്." രണ്ട്: മനുഷ്യൻ അവനോട് തന്നെ ചെയ്യുന്ന, അവനും അവൻ്റെ രക്ഷിതാവിനും ഇടയിലുള്ള തിന്മകൾ. ഇത് അല്ലാഹു അവൻ ഉദ്ദേശിച്ചാൽ പൊറുത്തു കൊടുക്കുന്നതാണ്. മൂന്ന്: അല്ലാഹു ഒരിക്കലും വിട്ടുകൊടുക്കാത്ത തെറ്റുകൾ. മനുഷ്യർ പരസ്പരം ചെയ്യുന്ന തിന്മകൾ ഈ പറഞ്ഞതിലാണ് ഉൾപ്പെടുക. ഇവയിൽ നിർബന്ധമായും പ്രതിക്രിയ ഉണ്ടായിരിക്കുന്നതാണ്.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

പാപമോചനത്തിനുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.