അല്ലാഹുവിനോട് കാവൽ തേടുന്ന ദുആകൾ

നബി ﷺ അല്ലാഹുവിനോട് കാവൽ തേടിയ കാര്യങ്ങൾ.

1 ഒരു തവണ

اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും, നിന്റെ പെട്ടെന്നുള്ള ശിക്ഷാനടപടിയിൽ നിന്നും, നിന്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

നാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിൽ രക്ഷ തേടുന്നു.

ഒന്ന്: അല്ലാഹുവേ! നിൻ്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മതപരവും ഭൗതികവുമായ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നുള്ള രക്ഷാതേട്ടമാണിത്. ഇസ്‌ലാമിൽ തന്നെ അടിയുറച്ചു നിൽക്കാനും, അനുഗ്രഹങ്ങളെ ഇല്ലാതാക്കി കളയാൻ കാരണമാകുന്ന തിന്മകളിലേക്ക് വീണു പോകാതിരിക്കാനുമുള്ള തേട്ടം അതിൻ്റെ ഉള്ളടക്കത്തിലുണ്ട്.

രണ്ട്: നിൻ്റെ പക്കൽ നിന്നുള്ള സൗഖ്യം നീങ്ങിപ്പോകുകയും, ദുരിതങ്ങളായി അത് മാറിമറിയുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എൻ്റെ സൗഖ്യം എന്നെന്നും നിലനിൽക്കാനും, വേദനകളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ നൽകാനും ഞാൻ നിന്നോട് തേടുന്നു.

മൂന്ന്: നിൻ്റെ ശിക്ഷകളായി കുഴപ്പങ്ങളും വിപത്തുകളും പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവിൽ നിന്നുള്ള ശിക്ഷ പൊടുന്നനെ ഒരാൾക്ക് മേൽ വന്നിറങ്ങിയാൽ അയാൾക്ക് തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനോ തൻ്റെ പ്രവൃത്തികൾ നന്നാക്കാനോ ഉള്ള ഒരു സാവകാശം പോലും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ അത്തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഗുരുതരവും തീവ്രവുമായിരിക്കും എന്നതിൽ സംശയമില്ല.

നാല്: നിൻ്റെ എല്ലാ കോപത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ ആരോടെങ്കിലും കോപിച്ചാൽ അവൻ തുലഞ്ഞു പോവുകയും നാശമടയുകയും ചെയ്തിരിക്കുന്നു.

അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും വിശ്വാസങ്ങളും ഒരാളിൽ നിന്ന് അകറ്റപ്പെടുന്നതിന് വേണ്ടിയാണ് 'സർവ്വ കോപവും' എന്ന അർത്ഥം വരുന്ന പദം നബി -ﷺ- പ്രയോഗിച്ചത്.

പ്രയോജനങ്ങൾ

  • നബി -ﷺ- അല്ലാഹുവിലേക്ക് ഏറ്റവും ആവശ്യക്കാരനായിരുന്നു.
  • അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനുള്ള സൗഭാഗ്യവും, തിന്മകളിൽ വീണു പോകുന്നതിൽ നിന്നുള്ള സംരക്ഷണവും ചോദിക്കുക ഈ പ്രാർത്ഥനയുടെ പ്രകടമായ വാക്കുകളിൽ ഇല്ലെങ്കിലും അതിൻ്റെ ഉള്ളടക്കത്തിലുണ്ട്; കാരണം തിന്മകൾ അനുഗ്രഹങ്ങളെ ഇല്ലാതാക്കുന്നതാണ്.
  • അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന സ്ഥാനങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും അകന്നു നിൽക്കാനുള്ള ശ്രദ്ധ അനിവാര്യമാണ്.
  • അല്ലാഹുവിൻ്റെ ശിക്ഷ പൊടുന്നനെ തന്നെ ബാധിക്കുന്നതിൽ നിന്ന് നബി -ﷺ- രക്ഷ തേടുന്നു. കാരണം അല്ലാഹുവിൻ്റെ ശിക്ഷ ഒരാൾക്ക് മേൽ വന്നുപതിച്ചാൽ അവനൊരിക്കലും എടുത്തു നീക്കാൻ സാധിക്കാത്ത തരത്തിലുള്ള വിപത്തായിരിക്കും അവനെ ബാധിക്കുക. സർവ്വ സൃഷ്ടികളുടെയും സഹായം ലഭിച്ചാലും അവരെല്ലാം ഒത്തുചേർന്നു പരിശ്രമിച്ചാലും അത് തടുക്കാൻ അവർക്ക് സാധിക്കുകയില്ല.
  • അല്ലാഹുവിൽ നിന്നുള്ള സൗഖ്യം മാറിമറിയുന്നതിൽ നിന്ന് നബി -ﷺ- രക്ഷ ചോദിക്കുന്നു. കാരണം അല്ലാഹു ഒരാൾക്ക് അവൻ്റെ പക്കൽ നിന്നുള്ള സൗഖ്യം നൽകിയിട്ടുണ്ടെങ്കിൽ അതിൻ്റെയർത്ഥം അവൻ ഇരുലോകങ്ങളിലെയും നന്മകൾ സ്വായത്തമാക്കിയിരിക്കുന്നു എന്നാണ്. അത് നീങ്ങിപ്പോയാലാകട്ടെ, അവനെ ഇരുലോകങ്ങളിലെയും തിന്മകൾ ബാധിക്കുകയും ചെയ്തിരിക്കുന്നു. കാരണം, ഇഹവും പരവും നന്നാകുന്നത് അല്ലാഹുവിൽ നിന്നുള്ള സൗഖ്യം കൊണ്ട് മാത്രമാണ്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

اللهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ، اللهُمَّ آتِ نَفْسِي تَقْوَاهَا، وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا، أَنْتَ وَلِيُّهَا وَمَوْلَاهَا، اللهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا

അർത്ഥവും ഉറവിടവും

സൈദ് ഇബ്നു അർഖം -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- പറഞ്ഞിരുന്നത് പോലെയല്ലാതെ ഞാൻ നിങ്ങളോട് യാതൊന്നും പറയുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "അല്ലാഹുവേ, കഴിവില്ലായ്മയിൽ നിന്നും, അലസതയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, വാർദ്ധക്യത്തിൽ നിന്നും, ഖബ്ർ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകുകയും, അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ. നീയാണ് അതിന്റെ സംരക്ഷകനും രക്ഷാധികാരിയും. അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്നും, ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിയടയാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ടതായിരുന്നു ഇത്: "അല്ലാഹുവേ, ഞാൻ നിന്നോട് അഭയം തേടുന്നു" - നിന്നിലേക്ക് അഭയം തേടുന്നു. "കഴിവില്ലായ്മയിൽ നിന്ന്" - പ്രയോജനകരമായ ഒരു വഴിയും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ നിന്ന്. "അലസതയിൽ നിന്ന്" - പ്രവർത്തിക്കാനുള്ള ഇച്ഛയില്ലാത്ത അവസ്ഥയിൽ നിന്ന്. കഴിവില്ലാത്തവന് വഴി കണ്ടെത്താൻ കഴിയില്ല, അലസന് അതിന് ആഗ്രഹവുമില്ല.

"ഭീരുത്വത്തിൽ നിന്ന്" - അതായത്, ചെയ്യേണ്ട കാര്യങ്ങളിൽ നിന്ന് പിറകോട്ടു പോകുന്നതിൽ നിന്ന്. "പിശുക്കിൽ നിന്ന്" - നിർബന്ധമായും ചെലവഴിക്കേണ്ടത് നൽകാതെ പിടിച്ചു വെക്കുന്നതിൽ നിന്ന്. "വാർദ്ധക്യത്തിൽ നിന്ന്" - ശരീരത്തെ ദുർബലപ്പെടുത്തുന്ന പ്രായാധിക്യത്തിൽ നിന്ന്. "ഖബ്ർ ശിക്ഷയിൽ നിന്ന്" - അതായത്, അതിലേക്ക് നയിക്കുന്ന കാരണങ്ങളിൽ അകപ്പെടുന്നതിൽ നിന്ന്. "അല്ലാഹുവേ, എന്റെ മനസ്സിന് നീ തഖ്‌വ നൽകേണമേ," - അഥവാ സൽകർമങ്ങൾ പ്രവർത്തിക്കുന്നതിലേക്കും തിന്മകൾ ഉപേക്ഷിക്കുന്നതിലേക്കും നീ അതിനെ നയിക്കേണമേ. "അതിനെ നീ ശുദ്ധീകരിക്കേണമേ!" - അതായത്, മോശം സ്വഭാവങ്ങളിൽ നിന്നും നീചമായ കാര്യങ്ങളിൽ നിന്നും അതിനെ നീ ശുദ്ധമാക്കേണമേ. "നീയാണ് മനസ്സുകളെ ഏറ്റവും നന്നായി ശുദ്ധീകരിക്കുന്നവൻ." - നീയല്ലാതെ മറ്റാരും അതിനെ പരിശുദ്ധമാക്കുന്നില്ല. "നീയാണ് അതിന്റെ സംരക്ഷകൻ" - അതിനെ സഹായിക്കുന്നവനും അതിനെ പരിപാലിക്കുന്നവനും. "അതിന്റെ രക്ഷാധികാരിയും" - അതായത് മനസ്സിൻ്റെ കാര്യങ്ങൾ നോക്കുന്നവനും, അതിന്റെ രക്ഷിതാവും ഉടമസ്ഥനും അതിന് മേൽ അനുഗ്രഹം ചെയ്യുന്നവനും. "അല്ലാഹുവേ, ഉപകാരമില്ലാത്ത അറിവിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു" - ജ്യോതിഷം, ജോത്സ്യം, സിഹ്ർ (മാരണം) പോലുള്ള അറിവുകൾ ഉദാഹരണം. അല്ലെങ്കിൽ പരലോകത്ത് യാതൊരു പ്രയോജനവുമില്ലാത്ത അറിവുകളും, സൽകർമ്മങ്ങളിലേക്ക് നയിക്കാത്ത അറിവുകളും. "ഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്ന് ഞാൻ അഭയം തേടുന്നു" - അതായത്, നിനക്ക് (അല്ലാഹുവിന്) വഴങ്ങാത്ത, വിനയമില്ലാത്ത, ശാന്തതയില്ലാത്ത, നിന്നെ സ്മരിക്കുന്നതിലൂടെ സമാധാനം കണ്ടെത്താത്ത ഹൃദയത്തിൽ നിന്ന്. "തൃപ്തി വരാത്ത മനസ്സിൽ നിന്ന്" - അല്ലാഹു നൽകിയ ഹലാലായ നല്ല വിഭവങ്ങൾ കൊണ്ട് തൃപ്തിയടയാത്ത മനസ്സിൽ നിന്ന്. "ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്ന്" - അതായത്, നിരസിക്കപ്പെടുന്ന പ്രാർത്ഥനയിൽ നിന്ന്.

പ്രയോജനങ്ങൾ

  • ഹദീസിൽ പരാമർശിച്ച ഈ കാര്യങ്ങളിൽ നിന്നെല്ലാം അഭയം തേടുന്നത് സുന്നത്താണ്.
  • തഖ്‌വ പാലിക്കുന്നതിനും അറിവ് പ്രചരിപ്പിക്കുന്നതിനും അതനുസരിച്ച് പ്രവർത്തിക്കുന്നതിനുമുള്ള പ്രോത്സാഹനം ഉൾക്കൊള്ളുന്ന ഹദീഥാണിത്.
  • ഉപകാരപ്രദമായ അറിവ് എന്ന് പറയുന്നത് മനസ്സിനെ ശുദ്ധീകരിക്കുകയും റബ്ബിനെക്കുറിച്ചുള്ള ഭയം അതിൽ ജനിപ്പിക്കുകയും ചെയ്യുന്ന അറിവാണ്. അങ്ങനെ ഈ അറിവ് ശരീരത്തിൻ്റെ മറ്റു അവയവങ്ങളിലേക്ക് വ്യാപിക്കുന്നു.
  • ഭക്തിയുള്ള ഹൃദയം എന്നത് അല്ലാഹുവിനെ ഓർക്കുമ്പോൾ ഭയപ്പെടുകയും വിറയ്ക്കുകയും പിന്നീട് ശാന്തമാവുകയും സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ഹൃദയമാണ്.
  • ദുൻയാവിനോടുള്ള അത്യാഗ്രഹത്തെയും അതിന്റെ ആഗ്രഹങ്ങളും ആസ്വാദനങ്ങളും എത്രയെല്ലാം നേടിയാലും തൃപ്തിപ്പെടാത്ത അവസ്ഥ ബാധിക്കുന്നതിനെയും ഈ ഹദീഥിലൂടെ നബി -ﷺ- ആക്ഷേപിക്കുന്നു. ദുൻയാവിലെ വിഭവങ്ങളോട് അത്യാഗ്രഹമുള്ള മനസ്സ് ഒരു വ്യക്തിയുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്നാണ്. അതുകൊണ്ടാണ് നബി -ﷺ- അതിൽ നിന്ന് അഭയം തേടിയത്.
  • പ്രാർത്ഥന നിരാകരിക്കപ്പെടുന്നതിനുള്ള കാരണങ്ങളിൽ നിന്ന് അല്ലാഹുവിൻ്റെ ദാസന്മാർ അകലം പാലിക്കണം.
  • നവവി (رحمه الله) പറഞ്ഞു: "പ്രാർത്ഥനയിൽ പ്രാസമൊപ്പിച്ചുള്ള പദങ്ങൾ ഉപയോഗിക്കുന്നത് വെറുക്കപ്പെട്ടതാണ് എന്നതിൻ്റെ ഉദ്ദേശ്യം കൃത്രിമത്വം ഉൾക്കൊള്ളുന്ന മോശമായ പ്രാസമൊപ്പിക്കലാണെന്ന് പണ്ഡിതന്മാർ പറഞ്ഞതിന് തെളിവാണ് ഈ ഹദീഥ്. കാരണം, പ്രാർത്ഥനകൾ അപ്രകാരം പ്രാസമൊപ്പിക്കുക എന്നത് അതിലുള്ള വിനയവും താഴ്മയും ആത്മാർത്ഥതയും ഇല്ലാതാക്കുന്നു. കൂടാതെ അല്ലാഹുവിനോട് വിനയത്തോടെയും യാചനയോടെയും ശൂന്യമായ ഹൃദയത്തോടെയും പ്രാർത്ഥിക്കുന്നതിനും ഈ രീതി തടസ്സം സൃഷ്ടിക്കും. എന്നാൽ, കൃത്രിമത്വമോ ദീർഘമായ ചിന്തയോ കൂടാതെ ഒരാൾക്ക് തൻ്റെ ഭാഷാനൈപുണ്യത്താൽ സ്വാഭാവികമായി പ്രാർത്ഥനകൾ പ്രാസമൊപ്പിച്ച വിധത്തിൽ പറയാൻ കഴിയുന്നുവെങ്കിൽ, -അല്ലെങ്കിൽ മനഃപാഠമാക്കിയ പ്രാർത്ഥന അവൻ പറയുന്നതാണെങ്കിൽ- അതിൽ തെറ്റില്ല. മറിച്ച്, അത് നല്ല കാര്യമാണ്."

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلاَقِ وَالأَعْمَالِ وَالأَهْوَاءِ

അർത്ഥവും ഉറവിടവും

ഖുത്ബതു ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്നും, പ്രവർത്തികളിൽ നിന്നും, ദേഹേഛകളിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു."

رواه الترمذي പദവി: صحيح

വിശദീകരണം

നബി -ﷺ- യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആ ഇപ്രകാരമായിരുന്നു: (അല്ലാഹുവേ, ഞാൻ നിന്നോട് രക്ഷ തേടുന്നു) നിന്നോടല്ലാതെ മറ്റാരോടും ഞാൻ അഭയം തേടുകയും സഹായം ചോദിക്കുകയും ചെയ്യുന്നില്ല. (വെറുക്കപ്പെട്ട സ്വഭാവങ്ങളിൽ നിന്ന്) അല്ലാഹുവും അവന്റെ റസൂലും വിലക്കിയ പക, അസൂയ, അഹങ്കാരം എന്നിവ പോലുള്ള സ്വഭാവങ്ങളിൽ നിന്ന്. (വെറുക്കപ്പെട്ട പ്രവൃത്തികളിൽ നിന്നും) ശപിക്കലും, ചീത്ത വിളിക്കലും പോലുള്ള മോശം പ്രവൃത്തികൾ ഉദാഹരണം. (എല്ലാ ദുഷിച്ച ദേഹേച്ഛകളിൽ നിന്നും) അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് വിരുദ്ധമായി മനസ്സ് ആഗ്രഹിക്കുന്ന എല്ലാ ദേഹേച്ഛകളും അതിൽ ഉൾപ്പെടും.

പ്രയോജനങ്ങൾ

  • ഹദീഥിൽ സ്ഥിരപ്പെട്ട പ്രാർത്ഥനയുടെ ശ്രേഷ്ഠതയും പ്രാധാന്യവും.
  • ഒരു മുഅ്മിൻ മോശം സ്വഭാവങ്ങളെയും നിഷിദ്ധമായ പ്രവർത്തികളെയും ഒഴിവാക്കാൻ ശ്രമിക്കുകയും ദേഹേച്ഛകളെ പിന്തുടരുന്നതും തെറ്റായ ആഗ്രഹങ്ങളിൽ അകപ്പെടുന്നതും സൂക്ഷിക്കുകയും ചെയ്യണം.
  • സ്വഭാവങ്ങളും പ്രവർത്തികളും ദേഹേച്ഛകളും രണ്ട് രൂപത്തിൽ -നല്ലതും മോശവും, തൃപ്തികരമായതും വെറുക്കപ്പെട്ടതും എന്നിങ്ങനെ- വേർതിരിഞ്ഞിരിക്കുന്നു.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

കാവൽ തേടുന്ന ദുആകൾ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.