ഉറങ്ങുന്നതിന് മുമ്പുള്ള ദുആയും ദിക്റുകളും

കിടക്കാൻ പോകുമ്പോൾ നബി ﷺ ചൊല്ലിയതും ഓതിയതും.

1 ഒരു തവണ

قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

അർത്ഥവും ഉറവിടവും

ആഇശാ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- എല്ലാ രാത്രിയിലും തൻ്റെ വിരിപ്പിലേക്ക് വന്നെത്തിയാൽ അവിടുത്തെ കൈപ്പത്തികൾ ചേർത്തുപിടിക്കുകയും, ശേഷം അതിലേക്ക് ഊതുകയും ചെയ്തു കൊണ്ട് അതിലേക്ക് സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുമായിരുന്നു. ശേഷം തൻ്റെ രണ്ട് കൈപ്പത്തികൾ കൊണ്ടും ശരീരത്തിൻ്റെ സാധ്യമായ ഭാഗങ്ങളിലെല്ലാം അവിടുന്ന് തടവുകയും ചെയ്യുമായിരുന്നു. തല തടവിക്കൊണ്ട് ആരംഭിക്കുകയും, മുഖവും ശരീരത്തിൻ്റെ മുൻഭാഗങ്ങളും തടവുകയും ചെയ്യുമായിരുന്നു അവിടുന്ന്. ഇങ്ങനെ മൂന്ന് തവണ അവിടുന്ന് ചെയ്യാറുണ്ടായിരുന്നു.

رواه البخاري പദവി: صحيح

വിശദീകരണം

നബി -ﷺ- വിരിപ്പിലേക്ക് ഉറങ്ങാൻ വന്നെത്തിയാൽ പാലിച്ചിരുന്ന മര്യാദയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുള്ളത്. അവിടുന്ന് തൻ്റെ രണ്ട് കൈപ്പത്തികളും -പ്രാർത്ഥിക്കുന്ന ഒരാൾ ചെയ്യുന്നത് പോലെ- കൂട്ടിപ്പിടിക്കുകയും, അതിലേക്ക് ചെറുതായി ഉമിനീർ തെറിക്കുന്ന രൂപത്തിൽ ഊതുകയും, ഖുർആനിലെ (അവസാനത്തെ) മൂന്ന് അദ്ധ്യായങ്ങൾ ഓതുകയും ചെയ്യുമായിരുന്നു. സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നിവയാണ് ഈ അദ്ധ്യായങ്ങൾ. ശേഷം രണ്ട് കൈപ്പത്തികൾ കൊണ്ടും അവിടുന്ന് തൻ്റെ ശരീരത്തിൽ സാധ്യമായ ഭാഗങ്ങളെല്ലാം തടവും. തലയിൽ നിന്ന് ആരംഭിക്കുകയും, ശരീരത്തിലെ മുൻഭാഗങ്ങളെല്ലാം ഉൾക്കൊള്ളുകയും ചെയ്യുന്ന രൂപത്തിലായിരുന്നു അവിടുന്ന് തടവിയിരുന്നത്. ഇക്കാര്യം നബി -ﷺ- മൂന്നു തവണ ആവർത്തിക്കുകയും ചെയ്യുമായിരുന്നു.

പ്രയോജനങ്ങൾ

  • സൂറത്തുൽ ഇഖ്ലാസും, മുഅവ്വിദതൈനിയും (സൂറത്തുൽ ഫലഖും സൂറത്തുന്നാസും) ഉറങ്ങുന്നതിന് മുൻപ് പാരായണം ചെയ്യുകയും, അത് കൊണ്ട് കൈകളിലേക്ക് ഊതിമന്ത്രിക്കുകയും, ശരീരത്തിൽ സാധ്യമായ ഭാഗങ്ങളിലെല്ലാം തടവുകയും ചെയ്യുക എന്നത് സുന്നത്താണ്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾

അർത്ഥവും ഉറവിടവും

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."

متفق عليه പദവി: صحيح

വിശദീകരണം

ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അന്നേ രാത്രിയിൽ തിന്മകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അവനെ സംരക്ഷിക്കാൻ അവ മതിയായതാണ് എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. 'അവ മതിയായതാണ്' എന്ന നബി -ﷺ- യുടെ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രി നിസ്കാരത്തിന് പകരം അവ മതിയായതാണ് എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. മറ്റു ദിക്റുകൾക്ക് പകരം ഇവ മതിയായതാണ് എന്നും ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. രാത്രി നിസ്കാരത്തിലെ ഖുർആൻ പാരായണത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും പാരായണം ചെയ്താൽ മതിയാകും എന്ന് വിശദീകരിച്ചവരുമുണ്ട്. ഈ പറയപ്പെട്ട വിശദീകരണങ്ങളെല്ലാം ഹദീഥിൻ്റെ പദത്തിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

പ്രയോജനങ്ങൾ

  • സൂറത്തുൽ ബഖറയുടെ അവസാനത്തിലെ ആയത്തുകൾക്കുള്ള ശ്രേഷ്ഠത. ആമനർറസൂലു (آمن الرسول ...) എന്ന് തുടങ്ങുന്ന ആയത്തുകളാണ് അവ.
  • സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള വചനങ്ങൾ രാത്രിയിൽ പാരായണം ചെയ്യുന്നത് ഉപദ്രവങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാചിനെയും തടുക്കുന്നതാണ്.
  • സൂര്യൻ അസ്തമിക്കുന്നതോടെ രാത്രി ആരംഭിക്കുന്നു. പുലരി ഉദിക്കുന്നതോടെ രാത്രി അവസാനിക്കുകയും ചെയ്യുന്നു.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

اللهم فاطِرَ السماوات والأرض عالم الغيبِ والشهادة، ربَّ كُلِّ شَيءٍ ومَلِيكَه، أَشْهد أن لا إله إلا أنت، أعوذ بك من شرِّ نفسي وشرِّ الشيطان وشِرْكِهِ وأن أقترف على نفسي سوءًا أو أجرُّه إلى مسلم

അർത്ഥവും ഉറവിടവും

അബൂ ഹുറയ്റ (റ)വിൽ നിന്നും, അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എനിക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാവുന്ന വചനങ്ങൾ എനിക്ക് പറഞ്ഞു തന്നാലും,അവിടുന്ന് പറഞ്ഞു: <<ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക>>, അദ്ദേഹം പറഞ്ഞു: <<നിന്റെ പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ വിരിപ്പിലേക്ക് ചെല്ലുമ്പോഴും നീ അത് പറയുക>>.

തുർമുദി ഉദ്ധരിച്ചത് - നസാഈ ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത് പദവി: സ്വഹീഹ്

4 3 തവണ

اللَّهُمَّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ

അർത്ഥവും ഉറവിടവും

ഹുദൈഫത്തു ബ്നുൽ യമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഉറങ്ങാൻ ഉദ്ദേശിച്ചാൽ തന്റെ കൈ തലക്കടിയിൽ വെക്കുകയും എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു: "അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ."

رواه الترمذي പദവി: صحيح

വിശദീകരണം

നബി -ﷺ- ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ വലത് കൈ തലയിണയാക്കി, വലത് കവിൾ അതിന്മേൽ വെച്ച് കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ!" - എന്റെ രക്ഷിതാവേ! നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കേണമേ! നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന (അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന) ദിവസം - അഥവാ വിചാരണയുടെ ദിവസമായ ഖിയാമത്ത് നാളിൽ.

പ്രയോജനങ്ങൾ

  • നന്മകളാൽ നിറഞ്ഞ ഈ പ്രാർത്ഥനയുടെ ശ്രേഷ്ഠത; നബി -ﷺ- യെ പിന്തുടരാൻ ഉദ്ദേശിക്കുന്ന ഒരാൾ അത് നിലനിർത്തട്ടെ.
  • വലത് ഭാഗം ചെരിഞ്ഞ് കിടക്കുന്നത് സുന്നത്താണ്.
  • സിൻദി -رَحِمَهُ اللَّهُ- പറഞ്ഞു: "ഉറങ്ങുന്നതിന് മുൻപ് നബി -ﷺ- "അല്ലാഹുവേ, നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കേണമേ" എന്ന് പ്രാർത്ഥിച്ചതിൽ നിന്ന് ബുദ്ധിമാന്മാർക്ക് മനസ്സിലാക്കാവുന്ന ഒരു പാഠമുണ്ട്; ഉറക്കത്തിൻ്റെ വേള മരണത്തെയും അതിന് ശേഷം വരാനിരിക്കുന്ന പുനരുത്ഥാനത്തെയും ഓർമിപ്പിക്കുന്നു എന്ന കാര്യമാണത്."
  • അന്ത്യനാളിൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ഒരാൾക്ക് രക്ഷ ലഭിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലും കാരുണ്യത്താലുമാണ്. തൻ്റെ അടിമയെ സൽകർമങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചു കൊണ്ടും, അവന്റെ പക്കൽ നിന്ന് സംഭവിച്ചു പോയ പാപങ്ങൾ പൊറുത്തു നൽകിക്കൊണ്ടും അല്ലാഹുവാണ് തൻ്റെ ഔദാര്യത്താൽ അവരെ രക്ഷപ്പെടുത്തുന്നത്.
  • നബി -ﷺ- ക്ക് തന്റെ രക്ഷിതാവും ഉടമസ്ഥനുമായ അല്ലാഹുവിനോടുള്ള അതീവ താഴ്മയും വിനയവും.
  • മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന മഹ്ശറിൻ്റെ മൈതാനം യാഥാർത്ഥ്യമാണെന്നും, ജനങ്ങൾ തങ്ങളുടെ റബ്ബിന്റെ അടുത്തേക്ക് തങ്ങളുടെ കർമ്മങ്ങളുടെ വിചാരണക്കായി മടങ്ങിച്ചെല്ലുമെന്നും ഈ ഹദീഥ് സ്ഥിരപ്പെടുത്തുന്നു. അതിനാൽ, ആരെങ്കിലും തൻ്റെ ജീവിതത്തിൽ ഒരു നന്മ കണ്ടാൽ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതിൽ താഴെയുള്ളത് കണ്ടാൽ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. പരലോകത്ത് അടിമകളുടെ കർമ്മങ്ങൾ മാത്രമാണുള്ളത്; അല്ലാഹു അവ കൃത്യമായി തിട്ടപ്പെടുത്തുന്നതാണ്.
  • നബി -ﷺ- യുടെ ഉറക്കത്തിൻ്റെ വേളയിലുള്ള മര്യാദകൾ പോലും സൂക്ഷ്മമായി വ്യക്തമാക്കുന്നതിൽ സ്വഹാബികൾ ശ്രദ്ധ പുലർത്തിയിരുന്നു.
  • "തന്റെ വലത് കൈ കവിളിന് താഴെ വെച്ചു" എന്ന് ഹദീഥിൽ വായിച്ചല്ലോ? നബി -ﷺ- യുടെ ഒരു ശീലമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും വലത് ഭാഗം ഉപയോഗിക്കുന്നത് അവിടുത്തെ പതിവായിരുന്നു; ഇടതു കൈ ഉപയോഗിക്കണമെന്ന് പ്രത്യേകം തെളിവുകൾ സ്ഥിരപ്പെട്ട കാര്യങ്ങളിലൊഴികെ ഈ മര്യാദ പാലിക്കുന്നത് സുന്നത്താണ്.
  • വലത് ഭാഗം ചെരിഞ്ഞുള്ള ഉറക്കം പെട്ടെന്ന് ഉണർച്ച ലഭിക്കാൻ സഹായിക്കുന്നു; കാരണം ഈ രൂപത്തിൽ കിടക്കുമ്പോൾ ഹൃദയത്തിന് സ്ഥിരതയോടെ നിൽക്കാൻ സാധ്യമല്ല. അതോടൊപ്പം, ഹൃദയത്തിന് കൂടുതൽ ആശ്വാസം നൽകുന്ന കിടത്തത്തിൻ്റെ രൂപവുമാണിത്; കാരണം ഹൃദയം ഇടതുഭാഗത്താണ്. ഒരാൾ ഇടതുഭാഗം ചെരിഞ്ഞ് ഉറങ്ങുമ്പോൾ, ശരീരത്തിലെ അവയവങ്ങൾ ഹൃദയത്തിനു മേൽ ചാഞ്ഞുനിൽക്കുന്നത് അതിന് ദോഷകരമാണ്.

HadeethEnc.com ൽ വായിക്കുക

5 ഒരു തവണ

سُبْحَانَ اللَّهِ (٣٣)، الْحَمْدُ لِلَّهِ (٣٣)، اللَّهُ أَكْبَرُ (٣٤)

അർത്ഥവും ഉറവിടവും

അലി -رَضِيَ اللَّهُ عَنْهُ- നിവേേദനം: ആട്ടുകല്ല് ഉപയോഗിക്കുന്നത് മൂലം തൻ്റെ കയ്യിനുണ്ടാകുന്ന പ്രയാസം ബോധിപ്പിച്ചു കൊണ്ട് ഫാത്വിമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ നബി -ﷺ- യുടെ അരികിൽ വന്നു. നബി -ﷺ- യുടെ അടുക്കൽ കുറച്ച് അടിമകൾ വന്നെത്തിയിട്ടുണ്ട് എന്ന് അറിഞ്ഞപ്പോഴാണ് അവർ നബി -ﷺ- യുടെ അടുത്ത് വന്നത് എങ്കിലും അവിടുന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് ഫാത്വിമ -رَضِيَ اللَّهُ عَنْهَا- കാര്യം അറിയിച്ചു.

അലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: അങ്ങനെ നബി -ﷺ- ഞങ്ങളുടെ അടുക്കൽ വന്നു; അവിടുന്ന് എത്തുമ്പോൾ ഞങ്ങൾ വിരിപ്പിൽ കിടന്നു കഴിഞ്ഞിരുന്നു. (നബി -ﷺ- യെ കണ്ടപ്പോൾ) എഴുന്നേൽക്കാൻ വേണ്ടി ഞങ്ങൾ തുനിഞ്ഞെങ്കിലും അവിടുന്ന് പറഞ്ഞു: "അവിടെത്തന്നെ ഇരിക്കൂ."

അവിടുന്ന് വന്ന് എനിക്കും ഫാത്വിമക്കും ഇടയിൽ ഇരുന്നു. അവിടുത്തെ കാൽപാദങ്ങളുടെ തണുപ്പ് എൻ്റെ വയറ്റിൽ ഞാൻ അനുഭവിക്കുന്നത്ര (അവിടുന്ന് ഞങ്ങളുടെ അടുത്തിരുന്നു).

ശേഷം അവിടുന്ന് പറഞ്ഞു: "നിങ്ങൾ രണ്ടു പേരും ചോദിച്ചതിനേക്കാൾ നല്ല ഒരു കാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! നിങ്ങൾ വിരിപ്പിലേക്ക് എത്തിയാൽ -അല്ലെങ്കിൽ കിടക്കയിലേക്ക് അണഞ്ഞാൽ- മുപ്പത്തിമൂന്ന് തവണ (സുബ്ഹാനല്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും, മുപ്പത്തിമൂന്ന് തവണ (അൽഹംദുലില്ലാഹ് എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ സ്തുതിക്കുകയും, മുപ്പത്തിനാല് തവണ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും ചെയ്യുക. ഒരു വേലക്കാരനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് അതാണ്."

متفق عليه പദവി: صحيح

വിശദീകരണം

ഭക്ഷണത്തിനുള്ള മാവ് കുഴക്കുന്ന ആട്ടുകല്ല് ഉപയോഗിച്ചത് കൊണ്ട് നബി -ﷺ- യുടെ മകളായ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- യുടെ കൈകളിൽ പാടുകളുണ്ടാകാറുണ്ടായിരുന്നു. നബി -ﷺ- യുടെ അടുക്കൽ ചില അടിമകളെ കൊണ്ടുവന്നിട്ടുണ്ട് എന്ന വാർത്ത അറിഞ്ഞപ്പോൾ അതിൽ നിന്ന് ഒരാളെ തനിക്ക് ജോലിക്കായി നിർത്തിത്തരണം എന്ന ആവശ്യവുമായി അവർ നബി -ﷺ- യുടെ അരികിൽ ചെന്നു. എന്നാൽ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നപ്പോൾ നബി -ﷺ- വീട്ടിലുണ്ടായിരുന്നില്ല. അവിടുത്തെ പത്‌നിയായ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് അവർ കാര്യമറിയിച്ചു. നബി -ﷺ- വന്നപ്പോൾ ഫാത്വിമ -رَضِيَ اللَّهُ عَنْهَا- വന്നതിനെ കുറിച്ചും, ഒരു വേലക്കാരനെ ആവശ്യപ്പെട്ടതിനെ കുറിച്ചും ആഇശാ -رَضِيَ اللَّهُ عَنْهَا- അവിടുത്തെ അറിയിച്ചു. ഫാത്വിമയും അവരുടെ ഭർത്താവായ അലി -رَضِيَ اللَّهُ عَنْهُ- വും ഉറങ്ങാൻ വേണ്ടി തയ്യാറെടുക്കുന്ന സന്ദർഭത്തിലാണ് നബി -ﷺ- അവരുടെ വീട്ടിലേക്ക് ചെന്നത്. അവർക്ക് രണ്ടു പേർക്കുമിടയിൽ അവിടുന്ന് ഇരുന്നു; നബി -ﷺ- യുടെ കാലിൻ്റെ തണുപ്പ് തൻ്റെ വയറ്റിന് മേൽ അനുഭവപ്പെട്ടു എന്നാണ് അലി -رَضِيَ اللَّهُ عَنْهُ- അതിനെ കുറിച്ച് പറഞ്ഞത്. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നോട് ഒരു വേലക്കാരനെ ചോദിച്ചുവല്ലോ; എന്നാൽ അതിനേക്കാൾ നല്ല ഒന്ന് ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരട്ടെയോ?! അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു കൊടുത്തു: നിങ്ങൾ ഉറങ്ങാനായി നിങ്ങളുടെ വിരിപ്പിലേക്ക് ചെന്നാൽ 'അല്ലാഹു അക്ബർ' എന്നു മുപ്പത്തി നാല് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തുക. സുബ്ഹാനല്ലാഹ് എന്ന് മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അവൻ്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക. അൽഹംദുലില്ലാഹ് എന്നു മുപ്പത്തിമൂന്ന് തവണ പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. ഒരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമം ഈ ദിക്ർ ചൊല്ലുന്നതാണ്.

പ്രയോജനങ്ങൾ

  • ഈ ദിക്ർ സ്ഥിരമാക്കുന്നത് അതിശ്രേഷ്ഠകരമായ കാര്യമാണ്; അലി -رَضِيَ اللَّهُ عَنْهُ- നബി -ﷺ- നൽകിയ ഈ ഉപദേശം ഒരു ദിവസം പോലും പിന്നീട് ഉപേക്ഷിക്കുകയുണ്ടായിട്ടില്ലെന്നും, (അദ്ദേഹത്തിൻ്റെ ജീവിതത്തിലെ പ്രയാസകരമായ ദിനങ്ങളിലൊന്നായിരുന്ന) സ്വിഫ്ഫീൻ യുദ്ധത്തിൻ്റെ രാത്രിയിൽ പോലും അദ്ദേഹം അത് ഉപേക്ഷിച്ചിട്ടില്ലെന്നും അലി -رَضِيَ اللَّهُ عَنْهُ- പിന്നീട് പറയുകയുണ്ടായി.
  • രാത്രിയിലുള്ള ഉറക്കത്തിന് മുൻപ് മാത്രമേ ഈ ദിക്ർ ചൊല്ലേണ്ടതുള്ളൂ; ഇമാം മുസ്‌ലിമിൻ്റെ നിവേദനത്തിൽ 'നിങ്ങൾ രാത്രിയിൽ ഉറങ്ങാൻ വിരിപ്പിലേക്ക് എത്തിയാൽ' എന്ന് പ്രത്യേകമായി തന്നെ വന്നിട്ടുണ്ട്.
  • രാത്രിയുടെ തുടക്കത്തിൽ ഈ ദിക്ർ ചൊല്ലാൻ ഒരാൾ മറന്നു പോവുകയും, പിന്നീട് രാത്രിയുടെ അവസാനത്തിൽ അത് ചൊല്ലുകയും ചെയ്താൽ തെറ്റില്ല. ഈ ഹദീഥ് നിവേദനം ചെയ്ത അലി -رَضِيَ اللَّهُ عَنْهُ- സ്വിഫ്ഫീൻ യുദ്ധദിവസം രാത്രിയുടെ ആദ്യഭാഗത്ത് ഇത് ചൊല്ലാൻ മറന്നു പോയിട്ടുണ്ട് എന്നും, പിന്നീട് സുബ്ഹ് നിസ്കാരത്തിന് മുൻപാണ് അദ്ദേഹം അത് ചൊല്ലിയത് എന്നും സ്ഥിരപ്പെട്ടിട്ടുണ്ട്.
  • മുഹല്ലബ് പറയുന്നു: "താൻ ജീവിതത്തിൽ പാലിക്കുന്ന ഭൗതിക വിരക്തി സാധ്യമാണെങ്കിൽ തൻ്റെ കുടുംബത്തെയും ശീലിപ്പിക്കണം എന്ന പാഠം ഈ ഹദീഥിലുണ്ട്."
  • ഇബ്നു ഹജർ അസ്ഖലാനി (റഹി) പറയുന്നു: "ഈ ദിക്ർ സ്ഥിരമായി ചൊല്ലുന്ന ഒരാൾക്ക് ജോലിഭാരം പ്രയാസമുണ്ടാക്കില്ലെന്നും, -ചില ക്ഷീണമെല്ലാം ബാധിച്ചാൽ പോലും- അവനെ അത് ദോഷകരമായി ബാധിക്കില്ലെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം."
  • ബദ്റുദ്ദീനുൽ അയ്നി (റഹി) പറയുന്നു: "ഇഹലോകത്ത് ഒരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ ഉത്തമമാണ് പരലോകത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലം എന്നായിരിക്കാം നബി -ﷺ- ഉദ്ദേശിച്ചത്. കാരണം പരലോകം ഇഹലോകത്തേക്കാൾ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമാണല്ലോ? അതല്ലെങ്കിൽ, ഈ ദിക്ർ കൊണ്ട് ഒരു വേലക്കാരന് സാധിക്കുന്നതിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ സാധിക്കുന്നതാണ് എന്നുമായിരിക്കാം അവിടുത്തെ ഉദ്ദേശ്യം."

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ഉറങ്ങുന്നതിന് മുമ്പുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

കൗണ്ടർ എങ്ങനെ പ്രവർത്തിക്കുന്നു?

ഒരു ദിക്റിന് താഴെയുള്ള കൗണ്ടറിൽ ടാപ്പ് ചെയ്യുക, അത് പൂജ്യം വരെ എണ്ണിക്കുറയ്ക്കും. ഇത് ഈ പേജിൽ മാത്രമാണ്, ഒന്നും സേവ് ചെയ്യപ്പെടുന്നില്ല.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.