വൈകുന്നേരത്തെ ദിക്ർ (അദ്കാറുൽ മസാഅ്) അർത്ഥ സഹിതം

സ്വഹീഹായ ഹദീസുകളിൽ വന്നതുപോലെ, വൈകുന്നേരം അസ്ർ നമസ്കാരത്തിന് ശേഷവും രാത്രിയിലേക്കും ചൊല്ലുന്ന ദിക്റുകൾ.

1 3 തവണ

قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്നു ഖുബൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ ഞങ്ങൾ നബി -ﷺ- യെ അന്വേഷിച്ചു കൊണ്ട് പുറത്തിറങ്ങി. അവിടുന്ന് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവിടുത്തെ ഞങ്ങൾ കണ്ടെത്തി. അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ പറയുക!" പക്ഷേ ഞാൻ യാതൊന്നും പറഞ്ഞില്ല. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" അപ്പോഴും ഞാൻ ഒന്നും പറഞ്ഞു. അവിടുന്ന് വീണ്ടും പറഞ്ഞു: "നീ പറയുക!" ഞാൻ പറഞ്ഞു: "എന്താണ് ഞാൻ പറയേണ്ടത്?" നബി -ﷺ- പറഞ്ഞു: "നീ വൈകുന്നേരമായാലും നേരം പുലർന്നാലും മൂന്നു തവണ 'ഖുൽഹുവല്ലാഹു അഹദ്' (സൂറത്തുൽ ഇഖ്ലാസ്), മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖും, സൂറത്തുന്നാസും) എന്നിവ പാരായണം ചെയ്യുക. എല്ലാത്തിൽ നിന്നും നിനക്ക് അത് മതിയാകുന്നതാണ്."

رواه أبو داود والترمذي والنسائي പദവി: صحيح

വിശദീകരണം

അബ്ദുല്ലാഹി ബ്നു ഖുബൈബ് എന്ന മഹാനായ സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. സ്വഹാബികളിൽ ചിലർ ധാരാളം മഴയും കടുത്ത ഇരുട്ടുമുള്ള ഒരു രാത്രിയിൽ, തങ്ങൾക്ക് ഇമാമായി നിസ്കരിക്കുന്നതിന് വേണ്ടി നബി -ﷺ- യെ അന്വേഷിച്ചു കൊണ്ടിറങ്ങി. അങ്ങനെ അവർ നബി -ﷺ- യെ കണ്ടെത്തുകയും ചെയ്തു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് 'നീ പറയുക / പാരായണം ചെയ്യുക' എന്ന് പറഞ്ഞു. പക്ഷേ, അദ്ദേഹം യാതൊന്നും പറയുകയോ പാരായണം ചെയ്യുകയോ ചെയ്തില്ല. അപ്പോൾ നബി -ﷺ- തൻ്റെ കൽപ്പന വീണ്ടും ആവർത്തിച്ചു. അപ്പോൾ അബ്ദുല്ല ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ എന്താണ് പാരായണം ചെയ്യേണ്ടത്!" അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് സൂറത്തുൽ ഇഖ്ലാസും, സൂറത്തുൽ ഫലഖും, സൂറത്തുന്നാസും പാരായണം ചെയ്യാൻ പറഞ്ഞു. വൈകുന്നേരവും രാവിലെയും മൂന്നു തവണ വീതം ഈ സൂറത്തുകൾ പാരായണം ചെയ്താൽ അത് എല്ലാ ഉപദ്രവങ്ങളിൽ നിന്നും നിന്നെ സംരക്ഷിക്കുകയും പ്രയാസങ്ങളിൽ നിന്നും നിന്നെ തടുക്കുകയും ചെയ്യുന്നതാണ്.

പ്രയോജനങ്ങൾ

  • സൂറത്തുൽ ഇഖ്ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ് എന്നീ അദ്ധ്യായങ്ങൾ രാവിലെയും വൈകുന്നേരവും പാരായണം ചെയ്യൽ സുന്നത്താണ്. അവ എല്ലാ ഉപദ്രവത്തിൽ നിന്നും സുരക്ഷ നൽകും.
  • സൂറത്തുൽ ഇഖ്ലാസ്, മുഅവ്വിദതയ്നി (സൂറത്തുൽ ഫലഖ് & സൂറത്തുന്നാസ്) എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

أَمْسَيْنَا وَأَمْسَى الْمُلْكُ لِلَّهِ وَالْحَمْدُ لِلَّهِ، لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، رَبِّ أَسْأَلُكَ خَيْرَ مَا فِي هَذِهِ اللَّيْلَةِ وَخَيْرَ مَا بَعْدَهَا، وَأَعُوذُ بِكَ مِنْ شَرِّ مَا فِي هَذِهِ اللَّيْلَةِ وَشَرِّ مَا بَعْدَهَا، رَبِّ أَعُوذُ بِكَ مِنَ الْكَسَلِ وَسُوءِ الْكِبَرِ، رَبِّ أَعُوذُ بِكَ مِنْ عَذَابٍ فِي النَّارِ وَعَذَابٍ فِي الْقَبْرِ

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പ്രദോഷമായാൽ ഇപ്രകാരം പറയുമായിരുന്നു: <<ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രദോഷത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല അവൻ ഏകനും പങ്ക്കാരില്ലാത്തവനുമാകുന്നു>> നിവേദകൻ പറയുന്നു, അതിൽ ഇപ്രകാരവും പറഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു: <<രാജാധികാരവും സർവ സ്തുതിയും അവനാകുന്നു, അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്. നാഥാ, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും നന്മകൾ ഞാൻ നിന്നോട് ചോദിക്കുന്നു, ഈ സന്ധ്യയിലേയും അതിനു ശേഷമുള്ളതിലേയും തിന്മകളിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു, നാഥാ, അലസതയിൽ നിന്നും വാർദ്ധക്യത്തിന്റെ വിഷമത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു, നാഥാ, നരകത്തിലേയും ഖബ്റിലേയും ശിക്ഷകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു>> അപ്രകാരം തന്നെ പ്രഭാതമായാലും അവിടുന്ന് പറയുമായിരുന്നു <<ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു, പ്രഭാതത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു>>

മുസ്ലിം ഉദ്ധരിച്ചത് പദവി: സ്വഹീഹ്

3 ഒരു തവണ

اللَّهُمَّ بِكَ أَمْسَيْنَا، وَبِكَ أَصْبَحْنَا، وَبِكَ نَحْيَا، وَبِكَ نَمُوتُ، وَإِلَيْكَ الْمَصِيرُ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ-പ്രഭാതമായാൽ ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രദോഷത്തിലുമായിട്ടുള്ളത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." വൈകുന്നേരമായാൽ അവിടുന്ന് പറയും: "അല്ലാഹുവേ! നിന്നെക്കൊണ്ടാണ് ഞങ്ങൾക്ക് വൈകുന്നേരമായിരിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ പ്രഭാതത്തിലായതും. നിന്നെക്കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. നിന്നെക്കൊണ്ടാണ് ഞങ്ങൾ മരിക്കുന്നതും. നിന്നിലേക്കാണ് പുനരുത്ഥാനവും." ചിലപ്പോൾ (അവസാനത്തിൽ അവിടുന്ന് പറയും): "നിന്നിലേക്കാണ് സർവ്വരുടെയും മടക്കവും."

رواه أبو داود والترمذي والنسائي في الكبرى وابن ماجه പദവി: حسن

വിശദീകരണം

നബി -ﷺ- ദിവസത്തിൻ്റെ ആദ്യഘട്ടമായ പ്രഭാതത്തിലേക്ക് പ്രവേശിച്ചാൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

"അല്ലാഹുവേ! നിന്നെ കൊണ്ട് ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു" : അതായത് നിൻ്റെ സംരക്ഷണം ലഭിക്കുന്നവരും, നിൻ്റെ അനുഗ്രഹങ്ങളുടെ വിശാലതയാൽ വലയം ചെയ്യപ്പെട്ടവരും, നിന്നെ സ്മരിക്കുന്നതിൽ വ്യാപൃതരായും, നിൻ്റെ നാമം കൊണ്ട് നിന്നോട് സഹായം തേടുന്നവരും, നിൻ്റെ തൗഫീഖിനാൽ ധന്യരായവരും, നിൻ്റെ പക്കൽ നിന്നുള്ള ശക്തിയും സഹായവും കൊണ്ട് ചലിക്കുന്നവരുമായി കൊണ്ട് ഞങ്ങൾ നേരം പുലർന്നിരിക്കുന്നു.

"നിന്നെ കൊണ്ട് ഞങ്ങൾ പ്രദോഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തിരിക്കുന്നു" : പ്രഭാതത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോഴുള്ള അതേ ഉദ്ദേശ്യം തന്നെയാണ് ഇവിടെയുമുള്ളത്. എന്നാൽ പ്രദോഷത്തിൽ ഈ ദിക്ർ ചൊല്ലുമ്പോൾ 'ബിക അംസയ്നാ' എന്ന ഭാഗം ആദ്യം പറയേണ്ടതുണ്ട്.

"നിന്നെ കൊണ്ട് ഞങ്ങൾ ജീവിക്കുകയും, നിന്നെ കൊണ്ട് ഞങ്ങൾ മരിക്കുകയും ചെയ്യുന്നു" : കാരണം അല്ലാഹുവാണ് ജീവൻ നൽകുന്നവൻ; അവനെ കൊണ്ടാണ് നാം ജീവിക്കുന്നത്. അവൻ തന്നെയാണ് മരിപ്പിക്കുന്നവനും; അവനെ കൊണ്ടാണ് നാം മരിക്കുന്നതും.

"നിന്നിലേക്ക് തന്നെയാണ് പുനരുത്ഥാനവും" : മരണത്തിന് ശേഷം ജീവിക്കപ്പെടുന്നതും, മനുഷ്യരെല്ലാം ചിതറിത്തെറിച്ചതിന് ശേഷം ഒരുമിച്ചു കൂട്ടപ്പെടുന്നതും നിന്നിലേക്കാണ്. എല്ലാ സമയങ്ങളിലും എല്ലാ അവസ്ഥാന്തരങ്ങളിലും ഞങ്ങളുടെ സ്ഥിതി ഇതേ അവസ്ഥയിലാണ് തുടരുന്നത്. അതിൽ നിന്ന് എനിക്കൊരു വേർപ്പെടലില്ല; ഞാൻ അതിൽ നിന്ന് അകന്നു പോകുന്നതുമല്ല.

അസ്വർ നിസ്കാരത്തിന് ശേഷം പ്രദോഷത്തിലേക്ക് പ്രവേശിച്ചാൽ ഈ ദിക്ർ 'അല്ലാഹുമ്മ ബിക അംസയ്നാ' എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങേണ്ടത്. അവസാനത്തിൽ 'വ ഇലയ്കൽ മസ്വീർ' എന്നുമാണ് പറയേണ്ടത്. അതായത്, ഇഹലോകത്ത് നിന്ന് ഞങ്ങൾ മടങ്ങാനിരിക്കുന്നതും, അവസാനമായി ചെന്നണയുന്നതും അല്ലാഹുവിലേക്കാണ്. (അല്ലാഹുവേ!) നീയെന്നെ ജീവിപ്പിക്കുകയും നീ തന്നെ എന്നെ മരിപ്പിക്കുകയും ചെയ്യുന്നു.

പ്രയോജനങ്ങൾ

  • ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന നബി -ﷺ- യെ മാതൃകയാക്കി രാവിലെയും വൈകുന്നേരവും ചൊല്ലുന്നത് പ്രതിഫലാർഹമാണ്.
  • മനുഷ്യൻ അവൻ്റെ ഏതൊരു അവസ്ഥയിലും അവൻ്റെ റബ്ബിലേക്ക് ഏറ്റവും ആവശ്യക്കാരനാണ്.
  • രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ ദിക്റുകൾ അസ്വറിനു ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. രാവിലത്തേത് ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- ചൊല്ലിയാലും, വൈകുന്നേരത്തേത് മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.
  • "നിന്നിലേക്കാണ് പുനരുത്ഥാനം'' എന്ന വാക്ക് രാവിലെ ചൊല്ലുന്നത് ഏറെ അനുയോജ്യമാണ്; മരിച്ചതിന് ശേഷം മനുഷ്യർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്നതും, അന്ത്യനാളിൽ അവരെ പുനരുജ്ജീവിപ്പിക്കുമെന്നും അവനെ ഓരോ പകലുകളും ഓർമ്മപ്പെടുത്തുന്നുണ്ട്. ഉറക്കത്തിന് ശേഷം ആത്മാവ് മടക്കപ്പെടുകയും, പുതിയൊരു ദിവസം ആരംഭിക്കുകയും, ജനങ്ങൾ തങ്ങളുടെ കാര്യങ്ങളിൽ വ്യാപൃതരാവുകയും ചെയ്യുന്ന... അല്ലാഹു സൃഷ്ടിച്ച പുതിയ പ്രഭാതം അവർ ആസ്വദിക്കുന്ന പുതുപുലരി മനുഷ്യൻ്റെ മേൽ അല്ലാഹു നിശ്ചയിച്ച സാക്ഷിയാകുന്നു. അവൻ്റെ പ്രവർത്തനങ്ങൾ ശേഖരിക്കാനുള്ള ഖജനാവുകളാണ് അതിലെ ഓരോ സമയവും സന്ദർഭവും.
  • "നിന്നിലേക്കാകുന്നു മടക്കം" എന്ന വാക്ക് വൈകുന്നേരം പറയുന്നതും ഏറെ സന്ദർഭോചിതമാണ്. ജനങ്ങൾ തങ്ങളുടെ ജോലികളിൽ നിന്ന് മടങ്ങി വരികയും, അവരുടെ ജോലിത്തിരക്കുകളിൽ നിന്ന് വിശ്രമത്തിലേക്ക് വന്നെത്തുകയും, വീടുകളിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന... ചിതറിത്തെറിച്ചു പോയവരെല്ലാം തുടങ്ങിയിടത്തേക്ക് വന്നണയുന്ന ഘട്ടമാണത്. അല്ലാഹുവിലേക്കുള്ള മടക്കവും പ്രയാണവും ഈ സന്ദർഭം മനുഷ്യനെ ഓർമ്മപ്പെടുത്തുന്നുണ്ട്.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

اللَّهُمَّ أَنْتَ رَبِّي لَا إِلَهَ إِلَّا أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي فَإِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ

അർത്ഥവും ഉറവിടവും

ശദ്ദാദ് ബ്നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപമോചനപ്രാർത്ഥനകളുടെ നേതാവ് (എന്നറിയപ്പെടുന്ന പ്രാർത്ഥന) എന്നാൽ നീ ഇങ്ങനെ പറയലാണ്: اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلَّا أَنْتَ، خَلَقْتَنِي وَأَنَا عَبْدُكَ، وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ، أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ، أَبُوءُ لَكَ بِنِعْمَتِكَ عَلَيَّ، وَأَبُوءُ لَكَ بِذَنْبِي فَاغْفِرْ لِي، فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلَّا أَنْتَ അർത്ഥം: "അല്ലാഹുവേ, നീയാണ് എന്റെ റബ്ബ്, നീയല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യൻ) ഇല്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻ്റെ അടിമയാണ്. എനിക്ക് സാധിക്കുവോളം ഞാൻ നിന്നോടുള്ള വാഗ്ദാനത്തിലും കരാറിലുമാണ്. ഞാൻ പ്രവർത്തിച്ചത്തിൻ്റെ ദൂഷ്യങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു. നിൻ്റെ അനുഗ്രഹങ്ങൾ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ പാപങ്ങളും ഞാനിതാ സമ്മതിക്കുന്നു. നീ എനിക്ക് പൊറുത്തുതരേണമേ. പാപങ്ങൾ പൊറുക്കാൻ നീയല്ലാതെ മറ്റാരുമില്ല." ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് പകലിൽ പറയുകയും വൈകുന്നേരത്തിനു മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്. ആരെങ്കിലും ഉറച്ച വിശ്വാസത്തോടെ ഇത് വൈകുന്നേരം പറയുകയും പ്രഭാതമാകുന്നതിന് മുൻപ് മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗക്കാരുടെ കൂട്ടത്തിലാകുന്നതാണ്."

رواه البخاري പദവി: صحيح

വിശദീകരണം

അല്ലാഹുവിനോട് പാപമോചനം തേടിക്കൊണ്ട് പ്രാർത്ഥിക്കാൻ ധാരാളം പ്രാർത്ഥനകളുടെ രൂപങ്ങളുണ്ട്. എന്നാൽ അവയിൽ ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായിട്ടുള്ളത് ഇപ്രകാരം പറയലാണ്: "اللهم أنت ربي لا إله إلا أنت خلقتني وأنا عبدك وأنا على عَهْدِكَ وَوَعْدِكَ ما اسْتَطَعْتُ أعوذ بك من شر ما صنعتُ أَبُوءُ لك بنعمتك عليَّ وأَبُوءُ لك بذنبي فَاغْفرْ لي فإنه لا يغفر الذنوب إلا أنت" "അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാർ (നിറവേറ്റാമെന്നുള്ള ഉറപ്പിലും) നിൻ്റെ വാഗ്ദാനത്തിൽ (പ്രതീക്ഷയർപ്പിച്ചു കൊണ്ടുമാണുള്ളത്). ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല." ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ആദ്യം അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുന്നു. അല്ലാഹുവാണ് തൻ്റെ സ്രഷ്ടാവ് എന്നും, അവൻ മാത്രമാണ് തൻ്റെ ആരാധ്യൻ എന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും അവൻ അംഗീകരിക്കുന്നു. തനിക്ക് സാധ്യമായ വിധത്തിൽ അല്ലാഹു തന്നോട് കൽപ്പിച്ചിട്ടുള്ള വിശ്വാസം സ്വീകരിക്കാമെന്നും അവനെ അനുസരിക്കാമെന്നും അല്ലാഹുവിനോട് അവൻ കരാർ ചെയ്യുന്നു. കാരണം മനുഷ്യൻ എത്രയെല്ലാം ആരാധനകൾ നിർവ്വഹിച്ചാലും അല്ലാഹു കൽപ്പിച്ചതെല്ലാം മുഴുവൻ പ്രവർത്തിക്കാനും, അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ അവനോട് നന്ദി കാണിക്കാനും അവന് സാധിക്കുകയില്ല. അതിനാൽ താൻ അല്ലാഹുവിലേക്ക് അഭയം തേടുന്നുവെന്നും, അവനെ മുറുകെ പിടിക്കുന്നുവെന്നും, താൻ സ്വന്തത്തോട് ചെയ്തുവെച്ച തിന്മകളിൽ നിന്നും അവയുടെ ഉപദ്രവങ്ങളിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടുന്നുവെന്നും ഈ പ്രാർത്ഥന ചൊല്ലുന്ന വ്യക്തി ഏറ്റുപറയുന്നു. അല്ലാഹു തനിക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ ഈ പ്രാർത്ഥനയിലൂടെ അവൻ അംഗീകരിക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. അതോടൊപ്പം തൻ്റെ പക്കൽ നിന്ന് തെറ്റുകളും തിന്മകളും സംഭവിക്കുന്നതും അവൻ അല്ലാഹുവിനോട് ഏറ്റുപറയുന്നു. ഈ രൂപത്തിൽ അല്ലാഹുവിലേക്ക് സാമീപ്യം തേടിയതിന് ശേഷം അല്ലാഹുവിൻ്റെ വിട്ടുവീഴ്ചയും കാരുണ്യവും മഹത്വവും കൊണ്ട് തൻ്റെ പാപങ്ങൾ പൊറുത്തു തരാനും, അവ മറച്ചു പിടിക്കാനും, അവയുടെ ഉപദ്രവങ്ങളിൽ നിന്ന് തന്നെ രക്ഷിക്കാനും തൻ്റെ രക്ഷിതാവിനോട് അവൻ പ്രാർത്ഥിക്കുന്നു. കാരണം തിന്മകൾ പൊറുക്കുന്നവനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല തന്നെ. ശേഷം 'ഈ പ്രാർത്ഥന രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളിൽ പെട്ടതാണെന്നും നബി -ﷺ- അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന ദൃഢബോധ്യത്തോടെയും ഹൃദയസാന്നിദ്ധ്യത്തോടെയും അർത്ഥം അറിഞ്ഞു കൊണ്ടും വിശ്വാസത്തോടെയും പകലിൽ -സൂര്യൻ ഉദിച്ചതിനും അത് മദ്ധ്യാഹ്നത്തിൽ നിന്ന് നീങ്ങുന്നതിനും ഇടയിൽ- ചൊല്ലുകയും അങ്ങനെ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി -ﷺ- അറിയിച്ചു. ആരെങ്കിലും ഈ പ്രാർത്ഥന രാത്രിയിൽ -സൂര്യൻ അസ്തമിച്ചത് മുതൽ പുലരി ഉദിക്കുന്നതിന് ഇടയിൽ- ചൊല്ലുകയും, നേരം പുലരുന്നതിന് മുൻപ് മരിക്കുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും നബി -ﷺ- അറിയിച്ചു.

പ്രയോജനങ്ങൾ

  • പാപമോചനപ്രാർത്ഥനകളുടെ വാക്കുകൾ വ്യത്യസ്ത രൂപത്തിലുണ്ട്. അവയിൽ ചിലത് മറ്റു ചിലതിനേക്കാൾ ശ്രേഷ്ഠമാണ്.
  • നബി -ﷺ- പഠിപ്പിച്ച ഈ പ്രാർത്ഥന ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, പാപമോചന പ്രാർത്ഥനകളുടെ നേതാവാണിത്.

HadeethEnc.com ൽ വായിക്കുക

5 3 തവണ

بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ

അർത്ഥവും ഉറവിടവും

അബാൻ ബ്നു ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- പറയുന്നതായി ഞാൻ കേട്ടു: നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ (ദിക്ർ) ആരെങ്കിലും പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല.

അങ്ങനെയിരിക്കെ അബാൻ ബ്നു ഉഥ്മാനിന് -رَحِمَهُ اللَّهُ- ഒരിക്കൽ കോട്ടുവാതം ബാധിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഈ ഹദീഥ് കേട്ട വ്യക്തി അദ്ദേഹത്തെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- പറഞ്ഞു: "എന്തിനാണ് നീ എന്നെ നോക്കുന്നത്?! അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാനിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചതോ, ഉഥ്മാൻ നബി -ﷺ- യുടെ മേൽ കള്ളം കെട്ടിച്ചമച്ചതോ അല്ല. മറിച്ച് ഇന്ന് ചില കാര്യങ്ങൾ സംഭവിക്കുകയും ഞാൻ ദേഷ്യത്തിലായി പോവുകയും ഈ പ്രാർത്ഥന ചൊല്ലാൻ മറന്നു പോവുകയും ചെയ്തിരുന്നു."

رواه أبو داود والترمذي والنسائي في الكبرى وابن ماجه وأحمد പദവി: صحيح

വിശദീകരണം

എല്ലാ ദിവസവും പ്രഭാതത്തിലും, എല്ലാ രാത്രിയിലും പ്രദോഷത്തിലും (സൂര്യൻ അസ്തമിക്കുന്നതിന് മുൻപ്) നബി -ﷺ- ചൊല്ലാൻ നബി -ﷺ- ഈ ഹദീഥിൽ ഒരു ദിക്ർ പഠിപ്പിച്ചു തന്നിരിക്കുന്നു. പ്രസ്തുത ദിക്റിൻ്റെ ആശയം ഇപ്രകാരമാണ്: "അല്ലാഹുവിൻ്റെ നാമത്തിൽ അവനോട് ഞാൻ സഹായം തേടുകയും, എല്ലാ ഉപദ്രവകരമായ കാര്യത്തിൽ നിന്നും അഭയം തേടുകയും ചെയ്യുന്നു. അവൻ്റെ നാമം ഉച്ചരിച്ചെങ്കിൽ ശേഷം ഒരു വസ്തുവും -അതെത്ര വലുതോ ഗുരുതരമോ ആകട്ടെ, ഭൂമിയിലോ അതിൽ നിന്ന് പുറപ്പെടുന്നതോ ആകാശത്തിലുള്ളതോ അവിടെ നിന്ന് പതിക്കുന്നതോ ആകട്ടെ-; അവയൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ നമ്മുടെ എല്ലാ വാക്കുകളും കേൾക്കുന്നവനും, നമ്മുടെ എല്ലാ അവസ്ഥകളും അറിയുന്നവനുമാകുന്നു.

ഈ ദിക്ർ ആരെങ്കിലും വൈകുന്നേരം പറയുന്നുവെങ്കിൽ പ്രഭാതമാകുന്നത് വരെ പെട്ടെന്ന് ഭവിക്കുന്ന ഒരു വിപത്തും അവനെ ബാധിക്കുകയില്ല. ആരെങ്കിലും ഈ ദിക്ർ രാവിലെ പറയുകയാണെങ്കിൽ വൈകുന്നേരമാകുന്നത് വരെ ഒരു ഉപദ്രവവും പൊടുന്നനെ അവനെ ബാധിക്കുന്നതല്ല.

ഈ ഹദീഥ് ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം ചെയ്ത വ്യക്തിയാണ് അബാൻ ബ്നു ഉഥ്മാൻ. അദ്ദേഹത്തിന് ശരീരത്തിൻ്റെ ഒരു ഭാഗത്ത് വാതം ബാധിക്കുകയുണ്ടായി. അബാൻ -رَحِمَهُ اللَّهُ- ഈ ഹദീഥ് പറയുന്നത് കേട്ടവരിൽ ഒരാൾ അദ്ദേഹത്തിൻ്റെ നേരെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- അയാളോട് പറഞ്ഞു: നീ എന്തിനാണ് എന്നെ നോക്കുന്നത്? അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ മേൽ കളവ് കെട്ടിച്ചമച്ചിട്ടില്ല. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മേൽ കളവ് പറഞ്ഞതുമല്ല. മറിച്ച് അല്ലാഹു എനിക്ക് ചില കാര്യങ്ങൾ നിശ്ചയിക്കുകയും എന്നെ കോപം പിടികൂടുകയും, ഞാൻ ഈ ദിക്ർ പറയാൻ മറന്നു പോവുകയും ചെയ്തു. പ്രസ്തുത ദിവസം ഈ ദിക്ർ പറയാൻ അല്ലാഹു എനിക്ക് വിധിച്ചിട്ടില്ലായിരുന്നു.

പ്രയോജനങ്ങൾ

  • രാവിലെയും വൈകുന്നേരവും ഈ ദിക്ർ ചൊല്ലുന്നത് പുണ്യകരമാണ്. അല്ലാഹുവിൻ്റെ അനുമതിയോടെ, എന്തെങ്കിലുമൊരു പ്രയാസം അവനെ പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും, എന്തെങ്കിലും വിപത്ത് അവനുണ്ടാകുന്നതിൽ നിന്നും അതിലൂടെ അവന് സംരക്ഷണം നൽകപ്പെടും.
  • ആദ്യകാലക്കാരായ സച്ചരിതരായ മുൻഗാമികൾക്ക് അല്ലാഹുവിലുണ്ടായിരുന്ന ദൃഢമായ വിശ്വാസവും, നബി -ﷺ- പറഞ്ഞു നൽകുന്ന കാര്യങ്ങളിൽ അവർക്കുണ്ടായിരുന്ന ഉറച്ച ബോധ്യവും.
  • രാവിലെയും വൈകുന്നേരവും ദിക്റുകൾ ചൊല്ലാൻ പ്രത്യേകമായി സമയം നിശ്ചയിച്ചത് (അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന്) അശ്രദ്ധയിലാകുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ അടിമയാണ് താൻ എന്ന ബോധ്യം നഷ്ടപ്പെടുന്നതിൽ നിന്നും ഓരോ മുസ്‌ലിമിനെയും സംരക്ഷിക്കുന്നതാണ്.
  • അല്ലാഹുവിനെ സ്മരിക്കുകയും ദിക്റുകൾ ചൊല്ലുകയും ചെയ്യുന്ന വ്യക്തിയുടെ വിശ്വാസത്തിൻ്റെയും ഭയഭക്തിയുടെയും ഹൃദയസാന്നിദ്ധ്യത്തിൻ്റെയും, അതിനോടൊപ്പമുള്ള ഇഖ്ലാസിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും തോതനുസരിച്ചായിരിക്കും ഇത്തരം ദിക്റുകൾക്കുള്ള ഫലം ലഭിക്കുക.

HadeethEnc.com ൽ വായിക്കുക

6 ഒരു തവണ

اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي وَدُنْيَايَ وَأَهْلِي وَمَالِي، اللَّهُمَّ اسْتُرْ عَوْرَاتِي، وَآمِنْ رَوْعَاتِي، اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ، وَمِنْ خَلْفِي، وَعَنْ يَمِينِي، وَعَنْ شِمَالِي، وَمِنْ فَوْقِي، وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِي

അർത്ഥവും ഉറവിടവും

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രാവിലെയും വൈകുന്നേരവും ആകുമ്പോൾ ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. "അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ! എന്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എന്റെ മുൻഭാഗത്തു നിന്നും എന്റെ പിന്നിൽ നിന്നും, എന്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എന്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ പൊടുന്നനെ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വം മുഖേന നിന്നോട് ഞാൻ രക്ഷ തേടുന്നു."

رواه أبو داود والنسائي وابن ماجه وأحمد പദവി: صحيح

വിശദീകരണം

പകലിലും രാത്രിയിലും നബി -ﷺ- -ഒരിക്കലും ഉപേക്ഷിക്കാതെ ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനയാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്.

"അല്ലാഹുവേ! ഞാൻ നിന്നോട് സൗഖ്യം ചോദിക്കുന്നു." സൗഖ്യം എന്നാൽ അസുഖങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ഐഹികജീവിതത്തിലെ കഠിനതകളിൽ നിന്നും, മതപരമായ വിഷയങ്ങളിൽ വഴിപിഴക്കുകയോ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുകയോ ചെയ്യുന്നതിൽ നിന്നെല്ലാമുള്ള സൗഖ്യമാണ്. ഇരുലോകത്തും സൗഖ്യം നബി -ﷺ- ഇവിടെ ചോദിച്ചിരിക്കുന്നു.

"അല്ലാഹുവേ! ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു." അതായത് എൻ്റെ തിന്മകൾ മായ്ച്ചു കളയാനും, അവ എനിക്ക് വിട്ടുപൊറുത്തു തരാനും ഞാൻ നിന്നോട് തേടുന്നു. അതു പോലെ, കുറവുകളിൽ നിന്ന് എന്നെ സുരക്ഷിതാനാക്കാനും, എൻ്റെ ദീനിൻ്റെ കാര്യത്തിൽ ശിർക്കിലോ ബിദ്അത്തിലോ തിന്മകളിലോ അകപ്പെട്ടു പോകുന്നതിൽ നിന്നും, എൻ്റെ ഭൗതിക ജീവിതത്തിൽ പ്രയാസങ്ങളോ ഉപദ്രവങ്ങളോ ദുരിതങ്ങളോ ബാധിക്കുന്നതിൽ നിന്നും, എൻ്റെ കുടുംബത്തിന് -എൻ്റെ ഇണകൾക്കും മക്കൾക്കും കുടുംബത്തിനും- പ്രയാസങ്ങൾ സംഭവിക്കുന്നതിൽ നിന്നും, എൻ്റെ സമ്പത്തിനും ജോലിക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു.

അല്ലാഹുവേ! എൻ്റെ ന്യൂനതകളും എന്നിലുള്ള കുറവുകളും അബദ്ധങ്ങളും നീ മറച്ചു പിടിക്കുകയും, എൻ്റെ തിന്മകൾ നീ മായ്ച്ചു കളയുകയും, എൻ്റെ ഭയവും പേടിയും നീക്കി നീയെനിക്ക് നിർഭയത്വം നൽകുകയും ചെയ്യേണമേ!

അല്ലാഹുവേ! എന്നെ നീ സംരക്ഷിക്കുകയും, എല്ലാ ഉപദ്രവങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ! എൻ്റെ മുൻപിൽ നിന്നും പിറകിൽ നിന്നും വലതു നിന്നും ഇടതു നിന്നും എൻ്റെ മുകളിൽ നിന്നും നീ എനിക്ക് സംരക്ഷണം നൽകുകയും ചെയ്യേണമേ! എല്ലാ ദിശകളിൽ നിന്നും തനിക്ക് വേണ്ടി അല്ലാഹു സംരക്ഷണം ഒരുക്കാൻ തേടുകയാണ് ഈ പ്രാർത്ഥനയിലൂടെ; കാരണം അവനെ ബാധിക്കുന്ന ഏതൊരു പ്രയാസവും ഈ ദിശകളിൽ ഏതെങ്കിലും ഒരു വഴിയിലൂടെയായിരിക്കും അവനെ ബാധിക്കുന്നത്.

അശ്രദ്ധയിലായിരിക്കെ എൻ്റെ താഴ്ഭാഗത്ത് നിന്ന് ശിക്ഷ വന്നെത്തുകയും, ഞാൻ പൊടുന്നനെ പിടിക്കപ്പെടുകയും, അങ്ങനെ ഞാൻ ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ടു കൊണ്ട് നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.

പ്രയോജനങ്ങൾ

  • നബി -ﷺ- യെ മാതൃകയാക്കി കൊണ്ട് ഈ പ്രാർത്ഥനകൾ സ്ഥിരമായി ചൊല്ലുക.
  • ദീനിൽ സൗഖ്യം ചോദിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത് പോലെ ദുനിയാവിൻ്റെ കാര്യത്തിലും സൗഖ്യം ചോദിക്കാനുള്ള കൽപ്പനയുണ്ട്.
  • ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: ഈ ഹദീഥിൽ എല്ലാ ദിശകളും ഉൾക്കൊണ്ടിരിക്കുന്നു. കാരണം മനുഷ്യനെ പ്രയാസം ബാധിക്കുന്നത് ഇതിൽ ഏതെങ്കിലുമൊരു ദിശയിൽ നിന്നായിരിക്കും. താഴ്ഭാഗത്ത് നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷ തേടുന്നതിൽ കൂടുതൽ ശക്തമായ പദപ്രയോഗം നടത്തിയത് അത്തരം ശിക്ഷകളുടെ ഗൗരവവും അപകടവും പരിഗണിച്ചു കൊണ്ടാണ്.
  • രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ പ്രാർത്ഥനകൾ അസ്വറിന് ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- പ്രാർത്ഥന ചൊല്ലിയാലും, മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.
  • ഏതെങ്കിലും നിശ്ചിത ദിക്റുകൾ രാത്രിയിൽ ചൊല്ലണമെന്ന് പ്രത്യേകമായി എടുത്തു പറയപ്പെട്ടിട്ടുണ്ടെങ്കിൽ -ഉദാഹരണത്തിന് സൂറ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ ഓതണമെന്നത് പോലുള്ള കൽപ്പനകൾ- സൂര്യൻ അസ്തമിച്ചതിന് ശേഷം രാത്രിയിൽ തന്നെയായിരിക്കണം ചൊല്ലേണ്ടത്.

HadeethEnc.com ൽ വായിക്കുക

7 ഒരു തവണ

اللهم فاطِرَ السماوات والأرض عالم الغيبِ والشهادة، ربَّ كُلِّ شَيءٍ ومَلِيكَه، أَشْهد أن لا إله إلا أنت، أعوذ بك من شرِّ نفسي وشرِّ الشيطان وشِرْكِهِ وأن أقترف على نفسي سوءًا أو أجرُّه إلى مسلم

അർത്ഥവും ഉറവിടവും

അബൂ ഹുറയ്റ (റ)വിൽ നിന്നും, അബൂബക്കർ സിദ്ധീഖ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ എനിക്ക് പ്രഭാതത്തിലും പ്രദോഷത്തിലും ചൊല്ലാവുന്ന വചനങ്ങൾ എനിക്ക് പറഞ്ഞു തന്നാലും,അവിടുന്ന് പറഞ്ഞു: <<ആകാശ ഭൂമികൾ സൃഷ്ടിച്ചുണ്ടാക്കിയ ദൃശ്യവും അദൃശ്യവും അറിയുന്ന, എല്ലാത്തിന്റെയും രക്ഷകർത്താവും ഉടമസ്ഥനുമായ അല്ലാഹുവേ, നീ അല്ലാതെ അർധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു, എന്റെ മനസിന്റെ തിന്മയിൽ നിന്നും പിശാചിന്റെ തിന്മയിൽ നിന്നും അവന്റെ ശിർക്കിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു എന്ന് നീ പറയുക>>, അദ്ദേഹം പറഞ്ഞു: <<നിന്റെ പ്രഭാതത്തിലും പ്രദോഷത്തിലും നീ നിന്റെ വിരിപ്പിലേക്ക് ചെല്ലുമ്പോഴും നീ അത് പറയുക>>.

തുർമുദി ഉദ്ധരിച്ചത് - നസാഈ ഉദ്ധരിച്ചത് - അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത് പദവി: സ്വഹീഹ്

8 ഒരു തവണ

آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ﴿٢٨٥﴾ لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ ﴿٢٨٦﴾

അർത്ഥവും ഉറവിടവും

അബൂ മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവ അവന് മതിയാകുന്നതാണ്."

متفق عليه പദവി: صحيح

വിശദീകരണം

ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അന്നേ രാത്രിയിൽ തിന്മകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും അവനെ സംരക്ഷിക്കാൻ അവ മതിയായതാണ് എന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു. 'അവ മതിയായതാണ്' എന്ന നബി -ﷺ- യുടെ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് രാത്രി നിസ്കാരത്തിന് പകരം അവ മതിയായതാണ് എന്ന് ചില പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. മറ്റു ദിക്റുകൾക്ക് പകരം ഇവ മതിയായതാണ് എന്നും ചിലർ വ്യാഖ്യാനിച്ചിട്ടുണ്ട്. രാത്രി നിസ്കാരത്തിലെ ഖുർആൻ പാരായണത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും പാരായണം ചെയ്താൽ മതിയാകും എന്ന് വിശദീകരിച്ചവരുമുണ്ട്. ഈ പറയപ്പെട്ട വിശദീകരണങ്ങളെല്ലാം ഹദീഥിൻ്റെ പദത്തിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ട്.

പ്രയോജനങ്ങൾ

  • സൂറത്തുൽ ബഖറയുടെ അവസാനത്തിലെ ആയത്തുകൾക്കുള്ള ശ്രേഷ്ഠത. ആമനർറസൂലു (آمن الرسول ...) എന്ന് തുടങ്ങുന്ന ആയത്തുകളാണ് അവ.
  • സൂറത്തുൽ ബഖറയുടെ അവസാനത്തിലുള്ള വചനങ്ങൾ രാത്രിയിൽ പാരായണം ചെയ്യുന്നത് ഉപദ്രവങ്ങളെയും ബുദ്ധിമുട്ടുകളെയും പിശാചിനെയും തടുക്കുന്നതാണ്.
  • സൂര്യൻ അസ്തമിക്കുന്നതോടെ രാത്രി ആരംഭിക്കുന്നു. പുലരി ഉദിക്കുന്നതോടെ രാത്രി അവസാനിക്കുകയും ചെയ്യുന്നു.

HadeethEnc.com ൽ വായിക്കുക

9 10 തവണ

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അർത്ഥവും ഉറവിടവും

അബൂ അയ്യൂബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, അവൻ ഏകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്, അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാകുന്നു.) എന്ന് പത്ത് തവണ ചൊല്ലിയാൽ, അത് ഇസ്‌മാഈൽ സന്തതികളിലെ നാല് പേരെ മോചിപ്പിച്ചതു പോലെയാകുന്നു."

متفق عليه പദവി: صحيح

വിശദീകരണം

ആരെങ്കിലും لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ എന്ന് ചൊല്ലിയാൽ അതിനുള്ള പ്രതിഫലമാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റൊന്നുമില്ലെന്നും, അവൻ ഏകനാണെന്നും, അവന് യാതൊരു പങ്കുകാരനുമില്ലെന്നും, അവനാണ് സമ്പൂർണ്ണ അധികാരമുള്ളത് എന്നും, സമ്പൂർണ്ണ സ്നേഹത്തോടെയും ആദരവോടെയും പുകഴ്ത്തപ്പെടാനും പ്രകീർത്തിക്കപ്പെടാനും അർഹതയുള്ളവൻ അല്ലാഹു മാത്രമാണെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനും, ഒന്നും അസാധ്യമായുള്ളവനല്ലെന്നുമാണ് ഈ ദിക്റിൻ്റെ സാരം. മഹത്തരമായ ഈ ദിക്ർ ആരെങ്കിലും ഒരു ദിവസം പത്തു തവണ ചൊല്ലിയാൽ അവനുള്ള പ്രതിഫലം ഇബ്രാഹീം നബി -عَلَيْهِ السّلَامُ- ൻ്റെ മകനായ ഇസ്‌മാഈലിൻ്റെ സന്തതിപരമ്പരയിൽ പെട്ട നാല് പേരെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള പ്രതിഫലത്തിന് തുല്യമാണ്. ഇസ്‌മാഈൽ നബി -عَلَيْهِ السّلَامُ- ൻ്റെ സന്തതിപരമ്പരയിലുള്ളവർ മറ്റുള്ളവരേക്കാൾ ഉന്നതമായ കുലത്തിൽ ജനിച്ചവരാണ് എന്നതിനാലാണ് അവരെ ഇവിടെ പ്രത്യേകം എടുത്തു പറഞ്ഞത്.

പ്രയോജനങ്ങൾ

  • ആരാധനകൾ നൽകപ്പെടാൻ അർഹതയുള്ളവനും, സർവ്വാധികാരമുള്ളവനും, സ്തുതികൾക്കും പ്രകീർത്തനങ്ങൾക്കും അർഹനും, പരിപൂർണ്ണ ശക്തിയുള്ളവനും അല്ലാഹു മാത്രമാണെന്ന് ഈ ദിക്ർ അറിയിക്കുന്നു.
  • ഹദീഥിൽ പറയപ്പെട്ട ശ്രേഷ്ഠത ലഭിക്കാൻ തുടർച്ചയായോ വ്യത്യസ്ത സന്ദർഭങ്ങളിലായോ ഈ ദിക്ർ ചൊല്ലാവുന്നതാണ്.

HadeethEnc.com ൽ വായിക്കുക

10 100 തവണ

سُبْحَانَ اللَّهِ وَبِحَمْدِهِ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ഒരു ദിവസം നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' എന്ന് പറഞ്ഞാൽ അവൻ്റെ പാപങ്ങൾ മായ്ക്കപ്പെടുന്നതാണ്; അവ സമുദ്രത്തിലെ നുരയോളമുണ്ടെങ്കിലും."

متفق عليه പദവി: صحيح

വിശദീകരണം

ദിവസത്തിൽ നൂറു തവണ 'സുബ്ഹാനല്ലാഹി വ ബിഹംദിഹി' (അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ഞാൻ അവനെ പരിശുദ്ധപ്പെടുത്തുന്നു) എന്ന് പറഞ്ഞാൽ അവൻ്റെ തിന്മകൾ മായ്ക്കപ്പെടുകയും പൊറുത്തു നൽകപ്പെടുകയും ചെയ്യുമെന്ന് നബി -ﷺ- അറിയിക്കുന്നു. സമുദ്രത്തിൻ്റെ മുകൾപരപ്പിൽ തിരമാലകൾ ഉയരുമ്പോൾ കാണപ്പെടുന്ന വെളുത്ത നുരയെ പോലെ, അവൻ്റെ തിന്മകൾ അനേകം ഉണ്ടെങ്കിൽ പോലും.

പ്രയോജനങ്ങൾ

  • ഒരു ദിവസത്തിൽ നൂറു തവണ ചൊല്ലുക എന്നത് തുടർച്ചയായോ പല സന്ദർഭങ്ങളിലായോ ചൊല്ലിയാലും ഈ പ്രതിഫലം ലഭിക്കുന്നതാണ്.
  • തസ്ബീഹ് (സുബ്ഹാനല്ലാഹ്): അല്ലാഹു എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനാണെന്ന് അറിയിക്കുന്നു. ഹംദ് (അൽഹംദുലില്ലാഹ്): അല്ലാഹുവിന്റെ പരിപൂർണത സ്നേഹത്തോടെയും ആദരവോടെയും പ്രകീർത്തിക്കുന്നു.
  • ഹദീഥിൽ പാപങ്ങൾ പൊറുക്കപ്പെടും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ചെറുപാപങ്ങളാണ്. എന്നാൽ വൻപാപങ്ങൾ പ്രത്യേകം തൗബ ചെയ്തു പശ്ചാത്തപിച്ചു മടങ്ങേണ്ടതാണ്.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

വൈകുന്നേരത്തെ ദിക്ർ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

കൗണ്ടർ എങ്ങനെ പ്രവർത്തിക്കുന്നു?

ഒരു ദിക്റിന് താഴെയുള്ള കൗണ്ടറിൽ ടാപ്പ് ചെയ്യുക, അത് പൂജ്യം വരെ എണ്ണിക്കുറയ്ക്കും. ഇത് ഈ പേജിൽ മാത്രമാണ്, ഒന്നും സേവ് ചെയ്യപ്പെടുന്നില്ല.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.