ഹിദായത്തിനും ഉറച്ച ഹൃദയത്തിനുമുള്ള ദുആ

ഹിദായത്ത്, തഖ്വ, ഈമാനിൽ ഉറച്ചുനിൽക്കുന്ന ഹൃദയം എന്നിവയ്ക്കുള്ള ദുആകൾ.

1 ഒരു തവണ

اللَّهُمَّ اهْدِنِي وَسَدِّدْنِي

അർത്ഥവും ഉറവിടവും

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- എന്നോട് പറയുകയുണ്ടായി: "നീ പ്രാർത്ഥിക്കുക: അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കുകയും, എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണേ! സന്മാർഗം ചോദിക്കുമ്പോൾ (യാത്രാ)വഴികളിലേക്ക് നയിക്കപ്പെടുന്നതും, നേരെനിലനിർത്തുന്നത് ചോദിക്കുമ്പോൾ അമ്പ് ലക്ഷ്യത്തിൽ ശരിയായി തറക്കുന്നതും നീ ഓർക്കുക."

رواه مسلم പദവി: صحيح

വിശദീകരണം

അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കേണ്ട രണ്ട് കാര്യങ്ങളാണ് നബി -ﷺ- ഈ ഹദീഥിൽ അലി -رَضِيَ اللَّهُ عَنْهُ- വിനെ പഠിപ്പിക്കുന്നത്. "അല്ലാഹുവേ! എന്നെ നീ സന്മാർഗത്തിലേക്ക് നയിക്കേണമേ!" അതായത് എനിക്ക് നേർവഴി കാണിച്ചു തരികയും എന്നെ വഴിനയിക്കുകയും ചെയ്യേണമേ എന്നർത്ഥം. "എന്നെ നീ നേരെ നിലനിർത്തുകയും ചെയ്യണമേ!" എൻ്റെ എല്ലാ കാര്യങ്ങളിലും എനിക്ക് നീ തൗഫീഖ് നൽകുകയും, നേരായ മാർഗത്തിൽ തന്നെ നിലനിർത്തുകയും ചെയ്യേണമേ എന്നർത്ഥം.

ഹുദാ / ഹിദായത്ത്: എന്നത് കൊണ്ട് ഉദ്ദേശം സന്മാർഗമാണ്. ഏതാണ് ശരിയായ മാർഗം എന്നത് പൊതുവായും വിശദമായും അറിയാൻ സാധിക്കുകയും, അത് മനസ്സു കൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കാൻ അല്ലാഹു തൗഫീഖ് നൽകുകയും ചെയ്യലാണ് സന്മാർഗം നൽകപ്പെടുക എന്നതിൻ്റെ അർത്ഥം.

സദാദ് എന്നത് കൊണ്ട് ഉദ്ദേശ്യം: എല്ലാ കാര്യങ്ങളിലും നേരായ മാർഗത്തിൽ നിൽക്കാനും ശരി പ്രവർത്തിക്കാനുമുള്ള തൗഫീഖ് നൽകപ്പെടുകയും ചെയ്യുക എന്നതാണ്. വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും ശരിയുടെ വഴി സ്വീകരിക്കുക എന്നതാണ് അതിൻ്റെ ഉദ്ദേശ്യം.

അനുഭവവേദ്യമായ ഉദാഹരണങ്ങളിലൂടെ ആശയങ്ങൾ കൂടുതൽ തെളിമയോടെ മനസ്സിലാക്കാൻ സാധിക്കും. അതിനാൽ അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമ്പോൾ യാത്ര ചെയ്യുന്ന ഒരു വ്യക്തി അവന് വേണ്ട വഴിയുടെ വിശദാംശങ്ങൾ ചോദിച്ചറിയുന്നതിനെ കുറിച്ച് നീ ഓർക്കുക. തനിക്ക് വിവരിച്ചു നൽകപ്പെട്ട വഴിയിൽ നിന്ന് വലത്തോട്ടോ ഇടത്തോട്ടോ അവൻ ചെരിഞ്ഞു പോവുകയില്ല. വഴിതെറ്റിപ്പോകാതിരിക്കാനും, സുരക്ഷിതമായി യാത്ര പൂർത്തീകരിക്കാനും, തൻ്റെ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാനും വേണ്ടി അക്കാര്യം അവൻ ഏറെ ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല.

അല്ലാഹുവിനോട് നേർമാർഗത്തിൽ ഉറപ്പിച്ചു നിർത്താൻ ചോദിക്കുമ്പോൾ ലക്ഷ്യത്തിലേക്ക് വേഗത്തിൽ എത്തിച്ചേരുന്ന കൃത്യതയാർന്ന അമ്പിനെ കുറിച്ച് നീ സ്മരിക്കുക. അമ്പെയ്യുന്നവൻ തൻ്റെ ലക്ഷ്യത്തിലേക്ക് അമ്പെത്തുന്നതിനായി എത്ര കൃത്യത വരുത്താൻ ശ്രദ്ധിക്കുമോ, അതു പോലെ ജീവിതം ശരിപ്പെടുത്തി നൽകാനാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്. അതിലൂടെ സന്മാർഗമെന്ന ലക്ഷ്യവും, ഏറ്റവും ശരിയായ മാർഗത്തിൽ എത്തിക്കണമെന്നും ആണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത്.

അമ്പെയ്യുന്നവൻ തൻ്റെ ലക്ഷ്യം കൃത്യമായി നിർണയിക്കുന്നത് പോലെയുള്ള ശരിയും കൃത്യതയുമാണ് നീ അല്ലാഹുവിനോട് ചോദിക്കുന്നത് എന്ന കാര്യം നിൻ്റെ ഹൃദയത്തിൽ നീ ഓർക്കുക.

പ്രയോജനങ്ങൾ

  • നബി -ﷺ- യുടെ സുന്നത്ത് മുറുകെ പിടിച്ചു കൊണ്ടും, നിയ്യത്തിൽ ഇഖ്ലാസ് പാലിച്ചു കൊണ്ടും തൻ്റെ പ്രവർത്തനങ്ങളെ ശരിപ്പെടുത്താനും നേരെയാക്കാനും ഈ പ്രാർത്ഥന നിർവ്വഹിക്കുന്നവൻ ശ്രദ്ധിക്കണം.
  • സന്മാർഗത്തിലേക്കുള്ള തൗഫീഖും, അതിലുള്ള സ്ഥൈര്യവും ഉൾക്കൊള്ളുന്ന ഈ വാക്കുകൾ ദുആഇൽ ഉൾപ്പെടുത്തുന്നത് സുന്നത്താണ്.
  • തൻ്റെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് സഹായം തേടേണ്ടവരാണ് ഓരോ മനുഷ്യനും.
  • അദ്ധ്യാപനവേളയിൽ ഉദാഹരണങ്ങളിലൂടെ പഠിപ്പിക്കുക എന്നത് നബി -ﷺ- യുടെ രീതിയായിരുന്നു.
  • സന്മാർഗം ചോദിക്കുന്നതിനോടൊപ്പം അതിൽ തന്നെ തുടരാനും ആ മാർഗത്തിൽ നിന്ന് കണ്ണിമ വെട്ടുന്ന നേരത്തേക്ക് പോലും തെറ്റിപ്പോകുന്നതിൽ നിന്നും രക്ഷ ചോദിക്കാനും, പര്യവസാനം നന്നാകാനും ചോദിക്കേണ്ടതുണ്ട്. 'എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ!' എന്ന പ്രാർത്ഥന ഹിദായത്തിൽ ചരിക്കാൻ വേണ്ടിയുള്ള തേട്ടമാണെങ്കിൽ 'എന്നെ നേർമാർഗത്തിൽ നിലനിർത്തണേ!' എന്നത് ശരിയുടെ വഴിയിൽ ഉറച്ചു നിൽക്കാനും, അവൻ സഞ്ചരിച്ചു തുടങ്ങിയ സന്മാർഗത്തിൽ നിന്ന് തെറ്റിപ്പോകാതിരിക്കാനുമുള്ള തേട്ടമാണ്.
  • തൻ്റെ ദുആയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കേണ്ടവരും, അതിൻ്റെ ആശയാർത്ഥങ്ങൾ മനസ്സിൽ ചിന്തിക്കേണ്ടവരുമാണ് പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിയും. അത് പ്രാർത്ഥന സ്വീകരിക്കപ്പെടാൻ കൂടുതൽ സഹായകമാണ്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

اللهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضيَ اللهُ عنهُ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

നബി ﷺ യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമായിരുന്നു; സത്യം ഏതാണെന്ന് അറിയാനും അത് പ്രവർത്തിക്കാനും നേരായ മാർഗത്തിൽ പ്രവേശിക്കാനുമുള്ള സൗഭാഗ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ധർമ്മനിഷ്ഠയും (തഖ്‌വ) അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും വിലക്കുകൾ ഉപേക്ഷിക്കാനുമുള്ള സൗഭാഗ്യമാണ് അതിൻ്റെ ഉദ്ദേശ്യം. ജീവിതവിശുദ്ധിയും അവിടുന്ന് ചോദിക്കുമായിരുന്നു; അല്ലാഹു അനുവദിച്ചിട്ടില്ലാത്തതും മാന്യമല്ലാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാനുള്ള ഉതവിയാണ് അതിൻ്റെ ഉദ്ദേശ്യം. ധന്യതയും അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; സൃഷ്ടികളോട് ആവശ്യം തേടേണ്ട അവസ്ഥ വരാതെ, അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടേണ്ടതില്ലാത്ത സ്ഥിതിയാണ് അതിൻ്റെ ഉദ്ദേശ്യം.

പ്രയോജനങ്ങൾ

  • ഹദീഥിൽ വിവരിക്കപ്പെട്ട നാല് കാര്യങ്ങളുടെയും മഹത്വം; സന്മാർഗം, ധർമ്മനിഷ്ഠ, ജീവിതവിശുദ്ധി, ധന്യത എന്നിവയാണവ. ഈ സ്വഭാവങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനുള്ള പരിശ്രമം ഉണ്ടായിരിക്കണമെന്ന പ്രേരണയും ഈ ഹദീഥിൻ്റെ ഉള്ളടക്കത്തിലുണ്ട്.
  • നബി -ﷺ- തൻ്റെ സ്വന്തത്തിന് പോലും ഉപകാരോപദ്രവങ്ങൾ ഉടമപ്പെടുത്തിയിരുന്നില്ല. എല്ലാം ഉടമപ്പെടുത്തുന്നത് അല്ലാഹു മാത്രമാണ്.
  • ഉപകാരവും ഉപദ്രവവും സന്മാർഗവുമെല്ലാം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ്; അല്ലാഹുവിനോട് ഏറെ സാമീപ്യമുള്ള മലക്കിനോ അവൻ നിയോഗിച്ചയച്ച റസൂലിനോ മറ്റാർക്കെങ്കിലുമോ അതിലൊന്നും യാതൊരു പങ്കുമില്ല.

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ."

رواه مسلم പദവി: صحيح

വിശദീകരണം

എല്ലാ മാന്യമായ സ്വഭാവങ്ങളുടെയും അടിത്തറകൾ ഒരുമിപ്പിക്കുന്ന ഒരു പ്രാർത്ഥനയാണ് നബി -ﷺ- -ഈ ഹദീഥിൽ വന്ന പ്രാർത്ഥനയിലൂടെ- നിർവ്വഹിച്ചിരിക്കുന്നത്. ദീനും ദുനിയാവും പരലോകവും നന്നാക്കിത്തീർക്കാൻ വേണ്ടിയുള്ള ഈ പ്രാർത്ഥനയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ ഈ മൂന്ന് അടിത്തറകളെ അവിടുന്ന് ഒരുമിപ്പിച്ചിരിക്കുന്നു. ദീൻ നന്നാക്കാൻ വേണ്ടിയുള്ള തേട്ടമാണ് അവിടുന്ന് ആദ്യം ആരംഭിച്ചത്; കാരണം ദുനിയാവും പരലോകവും അതിലൂടെ മാത്രമാണ് നന്നാവുക. അവിടുന്ന് പ്രാർഥിച്ചു:

"അല്ലാഹുവേ, എന്റെ ദീനിനെ നീ നന്നാക്കി തീർക്കേണമേ." അതായത് ദീനിൻ്റെ മര്യാദകൾ അതിൻ്റെ പൂർണ്ണവും കൃത്യവുമായ രൂപത്തിൽ നിറവേറ്റാൻ നീ എനിക്ക് സൗഭാഗ്യം ഏകണേ!

"എന്റെ രക്ഷാകവചമായ (ദീനിനെ)" ദീൻ എൻ്റെ എല്ലാ കാര്യങ്ങൾക്കുമുള്ള സംരക്ഷണമാണ്. അത് മോശമായാൽ എൻ്റെ കാര്യങ്ങളെല്ലാം മോശമായി. അതോടെ ഞാൻ പരാജിതനാവുകയും നഷ്ടക്കാരിൽ പെടുകയും ചെയ്തു. ദീൻ പൂർണ്ണമായി ശരിയാകാൻ ദുനിയാവും ശരിയാകേണ്ടതുണ്ട് എന്നതിനാൽ അവിടുന്ന് അടുത്തതായി പ്രാർത്ഥിച്ചു:

"എന്റെ ഇഹലോകം നീ നന്നാക്കി തീർക്കേണമേ." എൻ്റെ ശരീരത്തിന് ആരോഗ്യവും, എനിക്ക് നിർഭയത്വവും ഉപജീവനവും സച്ചരിതയായ ഒരു ഇണയെയും നല്ല സന്താനങ്ങളെയും എനിക്ക് ആവശ്യമായതും നൽകിക്കൊണ്ട്... അവയെല്ലാം അനുവദനീയമായ രൂപത്തിലാക്കുകയും നിന്നെ അനുസരിക്കാൻ സഹായകമായതാക്കുകയും ചെയ്തു കൊണ്ട് (നീ എൻ്റെ ദുനിയാവിനെ നന്നാക്കേണമേ!). എന്തു കൊണ്ട് ദുനിയാവ് നന്നാക്കണമെന്നതിനുള്ള കാരണമാണ് പിന്നീട് അവിടുന്ന് ഉണർത്തിയത്:

"എന്റെ ഉപജീവനമായ ഇഹലോകം..." അതായത് ഞാൻ ജീവിക്കുന്ന സ്ഥലവും എൻ്റെ ആയുസ്സ് കഴിച്ചു കൂട്ടുന്ന ഇടവുമാണത്.

"എന്റെ മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ." എൻ്റെ പ്രവർത്തനങ്ങൾ നന്നാക്കി കൊണ്ടും, അല്ലാഹുവിനെ നിഷ്കളങ്കനായി ആരാധിക്കാനും, അന്ത്യം നന്നാവാനും എനിക്ക് സൗഭാഗ്യമേകിക്കൊണ്ടും (എൻ്റെ പരലോകം നന്നാക്കേണമേ!).

ഇഹലോകത്തിന് ശേഷമാണ് നബി -ﷺ- പരലോകം പറഞ്ഞത്; കാരണം ഇഹലോകം പരലോകം നന്നാക്കാനുള്ള വഴിയും മാർഗവുമാണ്. ആരെങ്കിലും ദുനിയാവിൽ നേർപാതയിലാവുകയും, അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റുകയും ചെയ്താൽ അവൻ്റെ പരലോകവും അവന് നേരെയാവുന്നതാണ്. അവിടെയും അവൻ സൗഭാഗ്യം കൈവരിക്കുന്നതാണ്.

"എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ." എൻ്റെ ആയുസ്സിൽ മുഴുവനും നന്മകൾ അധികരിപ്പിക്കാനുള്ള അവസരം നീ നൽകേണമേ! "എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ." എല്ലാ കുഴപ്പങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും, തിന്മകളിലും അശ്രദ്ധയിലും അകപ്പെട്ടു പോയേക്കാവുന്നതിൽ നിന്നും, ഇഹലോകത്തിൻ്റെ പ്രയാസങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നുമെല്ലാമുള്ള രക്ഷയും ആശ്വാസവുമായി മരണത്തെ എനിക്ക് നീ നിശ്ചയിക്കേണമേ എന്നർത്ഥം.

പ്രയോജനങ്ങൾ

  • അല്ലാഹുവിൻ്റെ ദീനാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം; കാരണം, നബി -ﷺ- തൻ്റെ പ്രാർത്ഥന ആരംഭിച്ചത് ദീൻ ശരിയാക്കണമെന്ന് തേടിക്കൊണ്ടാണ്.
  • ഇസ്‌ലാം ദീൻ ഒരു മനുഷ്യനെ എല്ലാ തിന്മകളിൽ നിന്നും തടുത്തു നിർത്തുന്ന സംരക്ഷണ കവചമാണ്.
  • ഇഹലോകത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ ലക്ഷ്യം ദീനും ആഖിറവും നന്നാവുക എന്നതായിരിക്കണം.
  • ദീനിൽ കുഴപ്പം ബാധിക്കുമെന്ന് ഭയപ്പെടുന്ന സന്ദർഭത്തിൽ മരണം ആഗ്രഹിക്കുന്നതിലോ, രക്തസാക്ഷിയായി മരിപ്പിക്കണമെന്ന് അല്ലാഹുവിനോട് തേടുന്നതിലോ തെറ്റില്ല.

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

അർത്ഥവും ഉറവിടവും

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ധാരാളമായി ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! എൻ്റെ ഹൃദയത്തെ നിൻ്റെ ദീനിൽ നീ ഉറപ്പിച്ചു നിർത്തണേ!" അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അങ്ങയിലും അങ്ങ് കൊണ്ടുവന്നതിലും വിശ്വസിച്ചിരിക്കുന്നു. ഇനിയും ഞങ്ങളുടെ കാര്യത്തിൽ അങ്ങ് ഭയക്കുന്നുണ്ടോ?" നബി -ﷺ- പറഞ്ഞു: "അതെ! തീർച്ചയായും ഹൃദയങ്ങൾ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണുള്ളത്. അവൻ ഉദ്ദേശിക്കുന്നതു പോലെ അവനവയെ മാറ്റിമറിക്കുന്നു."

رواه الترمذي وأحمد പദവി: صحيح

വിശദീകരണം

അല്ലാഹുവിൻ്റെ ദീനിലും സൽകർമ്മങ്ങളിലും ഉറപ്പിച്ചു നിർത്താനും, വഴികേടിൽ നിന്നും വ്യതിചലനത്തിൽ നിന്നും അകറ്റിനിർത്താനും വേണ്ടിയായിരുന്നു നബി -ﷺ- ഏറ്റവുമധികം പ്രാർത്ഥിച്ചിരുന്നത്. ഈ പ്രാർത്ഥന നബി -ﷺ- വളരെയധികം അധികരിപ്പിക്കുന്നത് കണ്ടപ്പോൾ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിന് ഏറെ ആശ്ചര്യമുണ്ടായി. അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ട് വിരലുകൾക്കിടയിലാണ് മനുഷ്യഹൃദയങ്ങളുള്ളത് എന്നും, അല്ലാഹു ഉദ്ദേശിക്കുന്നത് പോലെ അവൻ അതിനെ മാറ്റിമറിക്കുന്നതാണെന്നും നബി -ﷺ- അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു. ഹൃദയമാണ് ഈമാനിൻ്റെയും കുഫ്റിൻ്റെയും (വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും) കേന്ദ്രം. അറബിയിൽ ധാരാളമായി ചലിച്ചു കൊണ്ടിരിക്കുന്നത് എന്ന അർത്ഥം വരുന്ന 'തഖല്ലുബ്' എന്ന പദത്തിൽ നിന്നാണ് ഹൃദയം എന്ന അർത്ഥമുള്ള 'ഖൽബ്' എന്ന പദം തന്നെ നിഷ്പന്നമായിരിക്കുന്നത്. തിളച്ചുമറിയുന്ന ഒരു ചട്ടിയിലെ വെള്ളത്തേക്കാൾ ചലനവും ഇളക്കവും ഹൃദയത്തിനുണ്ട്. അല്ലാഹു ഒരാളുടെ ഹൃദയത്തെ നേരെനിർത്താൻ ഉദ്ദേശിച്ചാൽ അവൻ അതിനെ നേരെനിർത്തുകയും, അവൻ്റെ ദീനിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യും. അല്ലാഹു ഒരാളുടെ ഹൃദയത്തെ സന്മാർഗത്തിൽ നിന്ന് വഴികേടിലേക്ക് തിരിച്ചു വിടാൻ ഉദ്ദേശിച്ചാൽ അവൻ അപ്രകാരവും ചെയ്യുന്നതാണ്.

പ്രയോജനങ്ങൾ

  • നബി -ﷺ- തൻ്റെ റബ്ബിന് മുൻപിൽ കീഴൊതുങ്ങുകയും, അവനിലേക്ക് തേട്ടങ്ങൾ അർപ്പിക്കുകയും, അവിടുത്തെ ജനതയെ അതിലേക്ക് വഴികാട്ടുകയും ചെയ്യുന്നു.
  • അല്ലാഹുവിൻ്റെ ദീനിൽ നേരെനിലകൊള്ളുകയും ഉറച്ചുനിൽക്കുകയും ചെയ്യേണ്ടതിൻറെ പ്രാധാന്യം. നമ്മുടെ അന്ത്യവും അവസാനവും എപ്രകാരമായിരുന്നു എന്നതാണ് അല്ലാഹുവിങ്കൽ പരിഗണിക്കപ്പെടുക.
  • കണ്ണിമ വെട്ടുന്ന നേരം പോലും അല്ലാഹുവിൻറെ സഹായം കൊണ്ടല്ലാതെ ഇസ്‌ലാം ദീനിൽ ഉറച്ചു നിൽക്കാൻ ഒരാൾക്കും സാധ്യമല്ല.
  • നബി -ﷺ- യെ മാതൃകയാക്കി കൊണ്ട്, ഈ പ്രാർത്ഥന അധികരിപ്പിക്കാനും വർദ്ധിപ്പിക്കാനുമുള്ള പ്രോത്സാഹനം.
  • ഇസ്‌ലാമിൽ ഉറച്ചു നിൽക്കാൻ കഴിയുക എന്നതാണ് ഏറ്റവും മഹത്തരമായ അനുഗ്രഹം. അതിനാണ് ഓരോരുത്തരും പരിശ്രമിക്കേണ്ടത്. അത് സാധ്യമാക്കിയതിന് തൻ്റെ രക്ഷിതാവിനോട് അവൻ എപ്പോഴും നന്ദി പറഞ്ഞു കൊണ്ടിരിക്കണം.

HadeethEnc.com ൽ വായിക്കുക

5 ഒരു തവണ

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ആദം സന്തതികളുടെ മുഴുവൻ പേരുടെയും ഹൃദയങ്ങൾ (സർവ്വവിശാലമായ കാരുണ്യമുള്ള) റഹ്മാനായ അല്ലാഹുവിൻ്റെ വിരലുകളിലെ രണ്ടു വിരലുകൾക്ക് ഇടയിലാണ്; ഒരൊറ്റ ഹൃദയം പോലെയാണ് അവയുള്ളത്. അല്ലാഹു ഉദ്ദേശിക്കുന്ന വിധം അവനതിനെ മാറ്റിമറിക്കുന്നു." ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ! ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് നീ മാറ്റേണമേ!"

رواه مسلم പദവി: صحيح

വിശദീകരണം

ആദം സന്തതികളായ മനുഷ്യരുടെ എല്ലാവരുടെയും ഹൃദയങ്ങൾ റഹ്മാനായ അല്ലാഹുവിൻ്റെ രണ്ട് വിരലുകൾക്കിടയിൽ ഒരൊറ്റ ഹൃദയം പോലെ നിലകൊള്ളുന്നുവെന്ന് നബി -ﷺ- അറിയിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചതു പോലെ അവൻ അത് മാറ്റിമറിക്കുന്നതാണ്. അവൻ ഉദ്ദേശിക്കുന്നവരെ സത്യപാതയിൽ നേരെനിർത്തുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യത്തിൽ നിന്ന് അവൻ തെറ്റിച്ചു കളയുകയും ചെയ്യുന്നതാണ്. എല്ലാ ഹൃദയങ്ങളെയും ഇപ്രകാരം മാറ്റിമറിക്കുക എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരൊറ്റ ഹൃദയത്തെ മാറ്റിമറിക്കുന്നത് പോലെയാണ്. ഒരു കാര്യം മറ്റൊരു കാര്യത്തിൽ നിന്നുള്ള അവൻ്റെ ശ്രദ്ധയെ തെറ്റിക്കുന്നതല്ല.

ശേഷം നബി -ﷺ- പ്രാർത്ഥിച്ചു: "അല്ലാഹുവേ! ഹൃദയങ്ങളെ -നന്മയിലേക്കും തിന്മയിലേക്കും, നിന്നെ സ്മരിക്കുന്നതിലേക്കും, അശ്രദ്ധയിലേക്കുമെല്ലാം- മാറ്റിമറിക്കുന്നവനേ! ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിൽ നീ ഉറപ്പിച്ചു നിർത്തേണമേ!"

പ്രയോജനങ്ങൾ

  • അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തെ അംഗീകരിക്കണം. അല്ലാഹുവാണ് അവൻ രേഖപ്പെടുത്തിയ തൻ്റെ വിധിയനുസരിച്ച് അടിമകളുടെ ഹൃദയങ്ങളെ മാറ്റിമറിക്കുന്നവൻ.
  • സത്യമാർഗത്തിൽ ഉറപ്പിച്ചു നിർത്താനും നേർമാർഗത്തിലേക്ക് നയിക്കാനും അല്ലാഹുവിനോട് എപ്പോഴും ഒരു മുസ്‌ലിം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കണം.
  • അല്ലാഹുവിനെ കുറിച്ചുള്ള ഭയവും അല്ലാഹുവിൽ മാത്രം ഹൃദയം ബന്ധിപ്പിച്ചു കൊണ്ട് ഭരമേൽപ്പിക്കലും.
  • ഇമാം ആജുരി -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹു അവനെ കുറിച്ച് വിശേഷിപ്പിച്ചതു പോലെയും, അവൻ്റെ റസൂൽ -ﷺ- അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും, നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികൾ അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ വിവരിക്കുക എന്നതാണ് സത്യത്തിൻ്റെ മാർഗത്തിലുള്ളവരുടെ നിലപാട്. (ദീൻ) പിൻപറ്റുക എന്നത് മാർഗമായി സ്വീകരിക്കുകയും, പുതിയ മാർഗങ്ങൾ നിർമ്മിച്ചുണ്ടാക്കാതിരിക്കുകയും ചെയ്ത പണ്ഡിതന്മാരുടെ വഴി അതാണ്." അതിനാൽ അല്ലാഹു അവനുള്ളതായി സ്ഥിരീകരിച്ച അവൻ്റെ നാമങ്ങളും വിശേഷണങ്ങളും 'തഹ്‌രീഫ്', 'തഅ്ത്വീൽ', 'തക്‌യീഫ്', 'തംഥീൽ' എന്നിവയിൽ നിന്ന് മുക്തമായി സ്ഥിരീകരിക്കുകയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ ചെയ്തിട്ടുള്ളത്. അല്ലാഹു അവനെ കുറിച്ച് നിഷേധിച്ചു പറഞ്ഞവ അല്ലാഹുവിനില്ല എന്ന് നിഷേധിക്കുകയും, നിഷേധമോ സ്ഥിരീകരണമോ വന്നിട്ടില്ലാത്ത വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരുമാണ് അവർ. അല്ലാഹു പറയുന്നു: "അല്ലാഹുവിന് സമാനമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു."

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ഹിദായത്തിനുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.