ഭക്ഷണത്തിന് മുമ്പുള്ള ദുആ (ബിസ്മില്ലാഹ്)

ഭക്ഷണത്തിന് മുമ്പ് എന്ത് ചൊല്ലണം, ഭക്ഷണത്തിൽ അല്ലാഹുവിന്റെ നാമം എന്തുകൊണ്ട് ഉച്ചരിക്കുന്നു.

1 ഒരു തവണ

بِسْمِ اللَّهِ

അർത്ഥവും ഉറവിടവും

ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സംരക്ഷണയിൽ വളർന്ന കുട്ടിയായിരുന്നു ഞാൻ. (ഭക്ഷണം കഴിക്കുമ്പോൾ) എൻ്റെ കൈകൾ ഭക്ഷണത്തളികയിൽ പരന്നു നടക്കാറുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- എന്നോട് പറയുകയുണ്ടായി: "മോനേ! 'ബിസ്മി' ചൊല്ലുക. നിൻ്റെ വലതു കൈ കൊണ്ട് ഭക്ഷിക്കുക. നിൻ്റെ അടുത്തുള്ളതിൽ നിന്ന് ഭക്ഷിക്കുക." പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി.

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- യുടെ പത്നിയായ ഉമ്മുസലമഃയുടെ മകനായിരുന്നു ഉമർ ബ്നു അബീ സലമഃ. നബി -ﷺ- യുടെ പരിചരണത്തിലും മേൽനോട്ടത്തിലുമായിരുന്നു അദ്ദേഹം ചെറുപ്പത്തിൽ വളർന്നത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ തൻ്റെ കൈ തളികയുടെ വശങ്ങളിലെല്ലാം ചെന്നെത്തുമായിരുന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തിന് ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മൂന്ന് മര്യാദകൾ പഠിപ്പിച്ചു കൊടുത്തു.

ഒന്ന്: ഭക്ഷണം കഴിക്കുന്നതിൻ്റെ ആരംഭത്തിൽ 'ബിസ്മില്ലാഹ്' എന്നു പറയണം.

രണ്ട്: വലതു കൈ കൊണ്ട് ഭക്ഷിക്കണം.

മൂന്ന്: തന്നോട് അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കണം.

പ്രയോജനങ്ങൾ

  • ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോഴുള്ള മര്യാദകളിൽ പെട്ടതാണ് തുടക്കത്തിൽ ബിസ്മി ചൊല്ലുക എന്നത്.
  • കുട്ടികൾക്ക് അദബുകൾ പഠിപ്പിച്ചു കൊടുക്കണം. പ്രത്യേകിച്ചും തൻ്റെ കീഴിൽ വളരുന്ന കുട്ടികൾക്ക്.
  • നബി -ﷺ- യുടെ സൗമ്യതയും, വിശാലമനസ്സും നോക്കൂ; ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിലും അവർക്ക് മര്യാദകൾ പകർന്നു നൽകുന്നതിലും അവിടുന്ന് സ്വീകരിച്ച രീതിയിൽ നിന്ന് അത് വ്യക്തമാണ്.
  • ഭക്ഷണമര്യാദകളിൽ പെട്ടതാണ് ഒരാൾ തൻ്റെ അടുത്തുള്ള ഭാഗത്ത് നിന്ന് ഭക്ഷണം കഴിക്കുക എന്നത്. എന്നാൽ പാത്രത്തിൽ വ്യത്യസ്ത തരത്തിലുള്ള ഭക്ഷണങ്ങൾ ഉണ്ടെങ്കിൽ അവന് ഉദ്ദേശിക്കുന്നത് എടുക്കാവുന്നതാണ്.
  • നബി -ﷺ- പഠിപ്പിച്ചു നൽകിയ മര്യാദകൾ പിൻപറ്റുന്നതിൽ സ്വഹാബികളുടെ ശ്രദ്ധ നോക്കുക. ഉമർ ബ്നു അബീ സലമഃ -رَضِيَ اللَّهُ عَنْهُ- വിൻ്റെ വാക്ക് നോക്കൂ: "പിന്നീടങ്ങോട്ട് അതായിരുന്നു എൻ്റെ ഭക്ഷണരീതി."

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

അർത്ഥവും ഉറവിടവും

വഹ്ശിയ്യ് ബ്നു ഹർബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികളിൽ ചിലർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല. നബി -ﷺ- ചോദിച്ചു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."

رواه أبو داود وابن ماجه وأحمد പദവി: حسن

വിശദീകരണം

സ്വഹാബികളിൽ ചിലർ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ വിശപ്പ് അടങ്ങുന്നതായി അനുഭവപ്പെടുന്നില്ല."

അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "നിങ്ങൾ ഭക്ഷണത്തിൻ്റെ വേളയിൽ വേറിട്ടിരിക്കുന്നുണ്ടായിരിക്കാം; ഓരോരുത്തരും ഒറ്റക്കൊറ്റക്കായിരിക്കും ഭക്ഷിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, വെവ്വേറെ ഇരുന്നു കൊണ്ട് ഭക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ബിസ്മില്ലാഹ് എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിൽ അനുഗ്രഹം നൽകപ്പെടുന്നതും നിങ്ങളുടെ വിശപ്പ് കെടുന്നതുമാണ്."

പ്രയോജനങ്ങൾ

  • ഭക്ഷണത്തിന് വേണ്ടി ഒരുമിച്ചിരിക്കുകയും ഭക്ഷണത്തിന് മുൻപ് ബിസ്മി ചൊല്ലുകയും ചെയ്യുന്നത് ഭക്ഷണത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കാനുള്ള കാരണവും, വിശപ്പ് ശമിക്കാനുള്ള വഴിയുമാണ്.
  • ഭിന്നിച്ചിരിക്കുന്നതും അകന്നിരിക്കുന്നതും എല്ലാ നിലക്കും ഉപദ്രവം തന്നെ; ഒരുമിച്ചിരിക്കുന്നതിലും ഐക്യപ്പെടുന്നതിലുമാണ് എല്ലാ നന്മയുമുള്ളത്.
  • ഭക്ഷണവേളയിൽ ഒരുമിച്ചിരിക്കാനും ബിസ്മി ചൊല്ലാനുമുള്ള പ്രോത്സാഹനം.
  • സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഒരുമിച്ചിരിക്കുന്നതിലൂടെ ഭക്ഷണത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ബിസ്മി ചൊല്ലുന്നതിലൂടെ പിശാച് ഭക്ഷണത്തിലേക്ക് കയ്യെത്തിക്കുന്നത് തടയാനും സാധിക്കുന്നതാണ്."

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

അർത്ഥവും ഉറവിടവും

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പം ഒരു ഭക്ഷണത്തിന് കൂടിയിരുന്നാൽ നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തിൽ വെക്കുന്നത് വരെ ഞങ്ങളുടെ കൈ ഭക്ഷണത്തിലേക്ക് പ്രവേശിപ്പിക്കാറില്ലായിരുന്നു. ഒരിക്കൽ അവിടുത്തോടൊപ്പം ഞങ്ങൾ ഒരു ഭക്ഷണത്തിന് കൂടിയിരുന്നു. അപ്പോൾ ഒരു പെൺകുട്ടി വന്നു കൊണ്ട് ഭക്ഷണത്തിലേക്ക് കൈയിടാൻ ശ്രമിച്ചു. ആരോ തള്ളുന്നത് പോലെയായിരുന്നു അവളുടെ വരവ്. നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. പിന്നീട് ഒരു അഅ്റാബി (ഗ്രാമീണ അറബി) വന്നു കൊണ്ട് ഭക്ഷണത്തിലേക്ക് കൈയിടാൻ ശ്രമിച്ചു. ആരോ തള്ളുന്നത് പോലെയായിരുന്നു വരവ്. അയാളുടെ കയ്യും നബി -ﷺ- പിടിച്ചു വെച്ചു. ശേഷം അവിടുന്ന് പറഞ്ഞു: "തീർച്ചയായും പിശാച് അല്ലാഹുവിൻ്റെ നാമം ഉച്ചരിക്കപ്പെടാതെ ഭക്ഷിക്കുന്നത് സ്വന്തമാക്കുന്നതാണ്. ഈ പെൺകുട്ടിയിലൂടെ അവൻ ഭക്ഷണം കൈക്കലാക്കാൻ ശ്രമിച്ചപ്പോഴാണ് ഞാൻ അവളുടെ കൈ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയെ കൊണ്ട് ഭക്ഷണം കൈക്കലാക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചു. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം എൻ്റെ കൈക്കുള്ളിൽ അവൻ്റെ കയ്യുമുണ്ട്."

رواه مسلم പദവി: صحيح

വിശദീകരണം

നബി -ﷺ- യോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നാൽ സ്വഹാബികളിൽ ആരും ഭക്ഷണത്തിലേക്ക് കൈനീട്ടുമായിരുന്നില്ല; നബി -ﷺ- തൻ്റെ കൈകൾ ഭക്ഷണത്തളികയിൽ വെക്കുന്നത് വരെ. ഒരിക്കൽ അവിടുത്തോടൊപ്പം ഭക്ഷണത്തിന് കൂടിയിരുന്നപ്പോൾ ഒരു പെൺകുട്ടി നബി -ﷺ- യുടെ അടുത്തേക്ക് ആരോ തള്ളി വിട്ടതു പോലെ ഓടിവരുകയും, തൻ്റെ കൈകൾ ഭക്ഷണത്തളികയിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ നബി -ﷺ- ആ കുട്ടിയുടെ കൈ പിടിച്ചു വെച്ചു. ഗ്രാമീണ അറബികളിൽ പെട്ട ഒരു അഅ്റാബിയും അതിന് ശേഷം ഇതു പോലെ പാത്രത്തളികയിലേക്ക് കൈ നീട്ടി; അയാളുടെ കയ്യും നബി -ﷺ- ഭക്ഷണം സ്പർശിക്കുന്നതിന് മുൻപ് പിടിച്ചു വെച്ചു. ശേഷം നബി -ﷺ- പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ ഒരാൾ ഭക്ഷണം കഴിക്കാൻ ആരംഭിച്ചാൽ പിശാചിന് ആ ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ്; ഈ പെൺകുട്ടിയെ പിശാച് പറഞ്ഞയച്ചത് ഈ ഭക്ഷണത്തിൽ നിന്ന് അവന് കഴിക്കുന്നതിന് വേണ്ടിയാണ്; അതു കൊണ്ടാണ് അവളുടെ കൈ ഞാൻ പിടിച്ചു വെച്ചത്. പിന്നീട് ഈ അഅ്റാബിയിലൂടെ ഭക്ഷണം കൈക്കലാക്കാൻ അവൻ ശ്രമിച്ചു; അതുകൊണ്ടാണ് അയാളുടെ കയ്യും ഞാൻ പിടിച്ചു വെച്ചത്. അല്ലാഹു തന്നെ സത്യം! അവളുടെ കയ്യിനോടൊപ്പം പിശാചിൻ്റെ കൈ എൻ്റെ കയ്യിനുള്ളിലുണ്ട്. ശേഷം നബി -ﷺ- അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി.

പ്രയോജനങ്ങൾ

  • സ്വഹാബികൾ നബി -ﷺ- ക്ക് കൽപ്പിച്ചിരുന്ന ആദരവും, അവിടുത്തോട് അവർ പുലർത്തിയിരുന്ന അദബും മര്യാദയും.
  • ഭക്ഷണത്തിൻ്റെ മര്യാദകളിൽ പെട്ടതാണ്, പ്രായത്തിൽ മൂത്തവരും ആദരവുള്ളവരും ഭക്ഷണം കഴിച്ചു തുടങ്ങുന്നത് വരെ കാത്തിരിക്കുക എന്നത്.
  • അശ്രദ്ധയിൽ ജീവിക്കുന്നവരെ തൻ്റെ താൽപര്യത്തിന് അനുസരിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് പിശാച് തള്ളിവിടുന്നതാണ്. അതിലൂടെ അവൻ്റെ ലക്ഷ്യം നേടിയെടുക്കാനാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് ഈ ഹദീഥിൽ സംഭവിച്ച കാര്യം.
  • നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുന്നത് ചിലപ്പോൾ ഉറക്കെയാക്കുന്നത് നല്ലതാണ്; മറ്റുള്ളവർ ബിസ്മി ചൊല്ലുന്നത് കേൾക്കാനും അക്കാര്യം ശ്രദ്ധിക്കാനും അത് സഹായകമാണ്."
  • ഒരാൾ ഭക്ഷണം കഴിക്കാൻ വന്നെത്തുകയും, അയാൾ ബിസ്മി ചൊല്ലിയിട്ടില്ല എന്ന് നിനക്ക് ബോധ്യപ്പെടുകയും ചെയ്താൽ അവൻ ബിസ്മി ചൊല്ലാൻ വേണ്ടി അവൻ്റെ കൈ പിടിച്ചു വെക്കാം.
  • ഒരു കാര്യം തിന്മയാണെന്ന് അറിയുന്നവർ അത് തിരുത്തുക എന്നത് നിർബന്ധമാണ്. കൈ കൊണ്ട് തിന്മ തിരുത്താൻ സാധിക്കുന്നവർ കൈ കൊണ്ട് തന്നെ തിന്മ തടഞ്ഞു വെക്കണം.
  • നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളിൽ പെട്ടതാണ് ഈ ഹദീഥ്; ഈ സംഭവത്തിൻ്റെ പിറകിൽ നടന്നിരുന്ന കാര്യങ്ങൾ അല്ലാഹു അവിടുത്തേക്ക് അറിയിച്ചു നൽകി.
  • ഈമാനുള്ളവരുടെ ഭക്ഷണത്തിൽ പിശാചിന് പങ്കുചേരാൻ സാധിക്കുകയില്ല; അവർ ബിസ്മി ചൊല്ലിയിട്ടില്ലെങ്കിൽ ഒഴികെ.
  • ഭക്ഷണപാനീയങ്ങൾ കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ ജനങ്ങൾക്ക് പഠിപ്പിച്ചു നൽകുക എന്നത് പുണ്യകരമാണ്.
  • കേൾവിക്കാർക്ക് കാര്യങ്ങൾ കൂടുതൽ ശക്തമായി മനസ്സിൽ ഉറക്കാൻ വേണ്ടി സത്യം ചെയ്തു പറയുക എന്നത് പുണ്യകരമാണ്.
  • നവവി-رَحِمَهُ اللَّهُ- പറഞ്ഞു: വെള്ളവും പാലും തേനും കറിയും മരുന്നും മറ്റേതു പാനീയവും കുടിക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നത് ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുക എന്നത് പോലെത്തന്നെ പുണ്യകരമാണ്.
  • നവവി -رَحِمَهُ اللَّهُ- പറഞ്ഞു: ഒരാൾ ഭക്ഷണത്തിൻ്റെ ആരംഭത്തിൽ മറന്നു കൊണ്ടോ ബോധപൂർവ്വമോ അറിവില്ലാത്തതിനാലോ ഉപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടതിനാലോ മറ്റെന്തെങ്കിലും കാരണത്താൽ സാധിക്കാതെ വന്നതിനാലോ ബിസ്മി ഉപേക്ഷിക്കുകയും, പിന്നീട് അവനത് ഓർമ്മ വരുകയും ചെയ്താൽ അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ഇപ്രകാരം പറയുന്നത് പുണ്യകരമാണ്: ബിസ്മില്ലാഹി, അവ്വലഹൂ വ ആഖിറഹൂ (അല്ലാഹുവിൻ്റെ നാമത്തിൽ, തുടക്കത്തിലും ഒടുക്കത്തിലും). കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു: "നിങ്ങളിലാരെങ്കിലും ഭക്ഷണം കഴിക്കാനിരിക്കുകയാണെങ്കിൽ അവൻ 'ബിസ്മില്ലാഹ്' (അല്ലാഹുവിന്റെ നാമത്തിൽ) എന്ന് പറയട്ടെ. തുടക്കത്തിൽ പറയാൻ മറന്നുപോയാൽ 'ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു' എന്ന് പറയുകയും ചെയ്യട്ടെ." (അബൂദാവൂദ്, തിർമിദി)

HadeethEnc.com ൽ വായിക്കുക

4 ഒരു തവണ

അർത്ഥവും ഉറവിടവും

ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി അദ്ദേഹം കേട്ടു: "ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുകയും, വീട്ടിൽ കയറുമ്പോഴും ഭക്ഷണം കഴിക്കുന്ന വേളയിലും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താൽ പിശാച് പറയും: നിങ്ങൾക്ക് (ഇവിടെ) രാപ്പാർക്കാനോ അത്താഴം കഴിക്കാനോ സാധ്യമല്ല. അവൻ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടിൽ കയറുന്ന വേളയിൽ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ സ്ഥലം ലഭിച്ചിരിക്കുന്നു. ഭക്ഷണത്തിൻ്റെ വേളയിൽ അവൻ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് പറയും: നിങ്ങൾക്ക് രാപ്പാർക്കാൻ ഇടവും, അത്താഴത്തിന് ഭക്ഷണവും ലഭിച്ചിരിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കണമെന്ന് നബി -ﷺ- കൽപ്പിക്കുന്നു. ഒരാൾ ഇപ്രകാരം 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ പ്രവേശിക്കുന്ന വേളയിലും ഭക്ഷണം കഴിക്കാൻ തുടങ്ങുന്ന വേളയിലും അല്ലാഹുവിനെ സ്മരിച്ചാൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഇവിടെ രാപ്പാർക്കാനുള്ള അവസരമോ അത്താഴം ഭക്ഷിക്കാനുള്ള വഴിയോ ഇല്ല. കാരണം ഈ വീടിൻ്റെ ഉടമസ്ഥൻ അല്ലാഹുവിനെ സ്മരിച്ചു കൊണ്ട് നിങ്ങളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടിയിരിക്കുന്നു. എന്നാൽ ഒരാൾ തൻ്റെ ഭവനത്തിൽ പ്രവേശിക്കുമ്പോഴോ ഭക്ഷണം കഴിക്കുമ്പോഴോ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കിൽ പിശാച് തൻ്റെ കൂട്ടാളികളോട് പറയും: നിങ്ങൾക്ക് ഈ വീട്ടിൽ രാപ്പാർക്കാനുള്ള സ്ഥലവും, അത്താഴത്തിനുള്ള ഭക്ഷണവും ലഭിച്ചിരിക്കുന്നു.

പ്രയോജനങ്ങൾ

  • വീട്ടിൽ പ്രവേശിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും അല്ലാഹുവിനെ സ്മരിക്കുക എന്നത് സുന്നത്താണ്. വീട്ടിലുള്ളവർ അല്ലാഹുവിനെ സ്മരിക്കുന്നില്ലെങ്കിൽ പിശാച് അവിടെ രാപ്പാർക്കുകയും, അവരുടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്യുന്നതാണ്.
  • മനുഷ്യൻ്റെ പ്രവർത്തനങ്ങളും നീക്കങ്ങളും എല്ലാ ചലനങ്ങളും പിശാച് സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്; അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് മനുഷ്യൻ അശ്രദ്ധനായാൽ തൻ്റെ ഉദ്ദേശ്യം അവനിൽ നിന്ന് പിശാച് നേടിയെടുക്കും.
  • അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ (ദിക്ർ) പിശാചിനെ അകറ്റുന്നതാണ്.
  • തങ്ങളുടെ നേതാവിൻ്റെ വാക്കുകളിൽ സന്തോഷിക്കുകയും, അവൻ്റെ കൽപ്പനകൾ പിൻപറ്റുകയും ചെയ്യുന്ന അനുയായികളും സഹായികളും എല്ലാ പിശാചുക്കൾക്കും ഉണ്ടായിരിക്കും.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

ഭക്ഷണത്തിന് മുമ്പുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.