സ്വലാത്ത്: നബിയുടെ ﷺ മേൽ സ്വലാത്ത് ചൊല്ലൽ

നബിയുടെ ﷺ മേൽ എങ്ങനെ സ്വലാത്ത് ചൊല്ലാം, അതിന്റെ പ്രതിഫലം.

1 ഒരു തവണ

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ

അർത്ഥവും ഉറവിടവും

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ -رَضِيَ اللَّهُ عَنْهُ- നിവേദനം: കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു സമ്മാനം നൽകട്ടെയോ?" നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഇപ്രകാരം പറയുക: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ» (സാരം) അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു."

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- യോട് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലേണ്ട രൂപം എങ്ങിനെയാണ് എന്ന് സ്വഹാബികൾ ചോദിച്ചു. നബി -ﷺ- യെ അഭിവാദ്യം ചെയ്യുമ്പോൾ സലാം ചൊല്ലേണ്ടത് എങ്ങനെയാണ് എന്ന് അവർക്ക് അറിയാമായിരുന്നു. "السلام عليك أيها النبي ورحمة الله وبركاته" (സാരം: അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹവും താങ്കളുടെ മേലുണ്ടാകട്ടെ; അല്ലാഹുവിൻ്റെ ദൂതരേ!) എന്നായിരുന്നു അവർ നബി -ﷺ- ക്ക് സലാമായി പറഞ്ഞിരുന്നത്. അപ്പോൾ നബി -ﷺ- അവർക്ക് സ്വലാത്ത് ചൊല്ലേണ്ടതിൻ്റെ രൂപവും പഠിപ്പിച്ചു കൊടുത്തു; അവിടുന്ന് പഠിപ്പിച്ച സ്വലാത്തിൻ്റെ അർത്ഥം ഇപ്രകാരമാണ്. "اللهم صلِّ على محمدٍ وعلى آل محمد"

"അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ!" (അല്ലാഹുവേ! നിൻ്റെ ഉന്നതരായ ദാസന്മാരുള്ള സദസ്സിൽ നീ നബി -ﷺ- യെ നന്മകൾ കൊണ്ട് സ്മരിക്കേണമേ! അവിടുത്തെ ദീൻ പിൻപറ്റിയവരെയും, അവിടുത്തോട് കുടുംബബന്ധമുള്ള വിശ്വാസികളെയും നീ ഇപ്രകാരം സ്മരിക്കേണമേ!) "كما صلَّيتَ على آل إبراهيم"

"ഇബ്രാഹീമിൻ്റെ -عَلَيْهِ السَّلَامُ- കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ" (ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ -ഇബ്രാഹീം നബിയും ഇസ്‌മാഈൽ നബിയും ഇസ്ഹാഖ് നബിയും അവരുടെ സന്താനങ്ങളും അവരെ പിൻപറ്റിയ വിശ്വാസികളുമായവരുടെ മേൽ- നീ അനുഗ്രഹങ്ങൾ ചൊരിഞ്ഞത് പോലെ, നിൻ്റെ അനുഗ്രഹങ്ങൾ മുഹമ്മദ് നബി -ﷺ- ക്ക് മേലും നീ ചൊരിയേണമേ!) "إنك حميد مجيد"

"തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു." (അതായത്, അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം അല്ലാഹു സ്തുത്യർഹനാണ്. അതിവിശാലമായ മഹത്വത്തിൻ്റെയും അധികാരത്തിൻ്റെയും ഔദാര്യത്തിൻ്റെയും ഉടയവനാണവൻ) "اللهم بارك على محمدٍ وعلى آل محمد كما باركتَ على آل إبراهيم" "അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ!" (അവിടുത്തേക്ക് ഏറ്റവും വലിയ നന്മകളും ആദരവുകളും നൽകുകയും അത് അധികരിപ്പിച്ചു നൽകുകയും എല്ലാ നന്മകളും അവിടുത്തേക്ക് നിലനിർത്തി കൊടുക്കുകയും ചെയ്യേണമേ!)

പ്രയോജനങ്ങൾ

  • മുൻഗാമികൾ മതവിഷയങ്ങളിലെ പാഠങ്ങളും നുറുങ്ങുകളും സമ്മാനങ്ങളായി കൈമാറാറുണ്ടായിരുന്നു.
  • നിസ്കാരത്തിൻ്റെ അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- ക്ക് മേൽ സ്വലാത്ത് ചൊല്ലുക എന്നത് നിർബന്ധമാണ്.
  • നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് അവിടുത്തെ മേൽ എങ്ങനെ സ്വലാത്ത് ചൊല്ലണമെന്നും സലാം പറയണമെന്നും പഠിപ്പിച്ചു കൊടുത്തിരിക്കുന്നു.
  • നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള ഏറ്റവും പൂർണ്ണമായ രൂപം ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ട രൂപമാണ്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

അർത്ഥവും ഉറവിടവും

ഹുസൈൻ ബ്നു അലി ബ്നി അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "എന്നെ കുറിച്ച് പറയപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത് ചൊല്ലാത്തവനാണ് യഥാർത്ഥ പിശുക്കൻ."

رواه الترمذي والنسائي في الكبرى وأحمد പദവി: صحيح

വിശദീകരണം

നബി -ﷺ- യുടെ പേരോ കുൻയതോ വിശേഷണമോ കേൾക്കുന്ന വേളയിൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലാതിരിക്കുന്നതിൽ നിന്ന് നബി -ﷺ- ശക്തമായി താക്കീത് ചെയ്യുന്നു. 'എൻ്റെ പേര് പരാമർശിക്കപ്പെട്ടതിന് ശേഷം എനിക്ക് മേൽ സ്വലാത്ത് ചെല്ലാതിരിക്കുന്നവനാണ് സമ്പൂർണ്ണാർത്ഥത്തിൽ പിശുക്കനായിരിക്കുന്നത്' എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തു. അതിൻ്റെ കാരണം:

ഒന്ന്: ചെറുതോ വലുതോ ആയ ഒരു നഷ്ടവും സംഭവിക്കാത്ത, പണമോ പ്രത്യേകിച്ചെന്തെങ്കിലുമൊരു പരിശ്രമമോ വേണ്ടതില്ലാത്ത ഒരു നന്മയിലാണ് അവൻ പിശുക്ക് കാണിച്ചിരിക്കുന്നത്.

രണ്ട്: അവൻ തനിക്ക് സ്വയം നന്മ ലഭിക്കുന്ന വിഷയത്തിലാണ് പിശുക്ക് പുലർത്തിയിരിക്കുന്നതും, നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിൻ്റെ പ്രതിഫലം തടഞ്ഞു വെച്ചിരിക്കുന്നതും. കാരണം നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിലൂടെ അവിടുത്തെ കൽപ്പന പാലിച്ചു കൊണ്ട് നിർബന്ധമായും ചെയ്യേണ്ട ഒരു ബാധ്യതയിൽ നിന്ന് അവൻ വിട്ടുനിൽക്കുകയും, അതിലൂടെ ലഭിക്കേണ്ട പ്രതിഫലം അവൻ ഉപേക്ഷിക്കുകയുമാണ് ചെയ്തത്.

മൂന്ന്: നബി -ﷺ- യോട് ഓരോ മുസ്‌ലിമിനുമുള്ള ബാധ്യതയിൽ നിന്ന് ചെറിയൊരു ഭാഗമെങ്കിലും നിറവേറ്റാനുള്ള അവസരമാണ് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലുക എന്നത്. കാരണം നബി -ﷺ- യാണ് നമുക്ക് ദീൻ പഠിപ്പിച്ചു തന്നതും നമുക്ക് നേർവഴി കാണിച്ചു തന്നതും. അല്ലാഹുവിലേക്ക് നമ്മെ ക്ഷണിച്ചതും, ഈ സന്ദേശവും അല്ലാഹുവിൻ്റെ വിധിവിലക്കുകളും നമ്മിലേക്ക് എത്തിച്ചു തന്നതും അവിടുന്നാണ്. അല്ലാഹു കഴിഞ്ഞാൽ, നബി -ﷺ- യാണ് നമ്മുടെ സന്മാർഗത്തിൻ്റെ കാരണം. അവിടുത്തെ മേൽ ഒരാൾ സ്വലാത്ത് ചൊല്ലാതിരിക്കുക എന്നത് അയാൾ സ്വന്തം കാര്യത്തിൽ കാണിക്കുന്ന കടുത്ത പിശുക്കാണെന്നതിനൊപ്പം, അവൻ തൻ്റെ റസൂൽ -ﷺ- യോട് നിർവ്വഹിക്കേണ്ട ഏറ്റവും ലളിതമായ ബാധ്യതയിലും പിശുക്ക് കാണിച്ചിരിക്കുന്നു.

പ്രയോജനങ്ങൾ

  • നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതിൽ വരുത്തുന്ന പിശുക്കാണ് യഥാർത്ഥ പിശുക്ക്.
  • നബി -ﷺ- യുടെ മേൽ എല്ലാ സന്ദർഭത്തിലും സ്വലാത്ത് ചൊല്ലുക എന്നത് ഏറ്റവും ശ്രേഷ്ഠമായ നന്മകളിലും സൽകർമ്മങ്ങളിലും പെട്ട കാര്യമാണ്. അവിടുത്തെ പേര് കേൾക്കുന്ന വേളയിൽ അതിൻ്റെ ഗൗരവം വീണ്ടും വർദ്ധിക്കുന്നു.
  • നവവി -رَحِمَهُ اللَّهُ- പറയുന്നു: "നബി -ﷺ- യുടെ മേൽ ഒരാൾ സ്വലാത്ത് ചൊല്ലുമ്പോൾ ഒപ്പം സലാം കൂടെ അവൻ പറയട്ടെ. അതായത് സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്നു പറയട്ടെ. അതിൽ ഏതെങ്കിലുമൊന്നിൽ ചുരുക്കരുത്. സ്വല്ലല്ലാഹു അലൈഹി എന്നു മാത്രമോ, അലൈഹിസ്സലാം എന്നു മാത്രമോ പറഞ്ഞു പരിമിതപ്പെടുത്തരുത്.
  • "തീർച്ചയായും അല്ലാഹുവും മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു" എന്ന ആയത്തിൻ്റെ വിശദീകരണമായി അബുൽ ആലിയ -رَحِمَهُ اللَّهُ- പറയുന്നു: അല്ലാഹു സ്വലാത്ത് നിർവഹിക്കുന്നു എന്നാൽ നബി -ﷺ- യെ പുകഴ്ത്തുന്നു എന്നും, മലക്കുകളും മനുഷ്യരും സ്വലാത്ത് ചൊല്ലുന്നു എന്നാൽ നബി -ﷺ- ക്ക് വേണ്ടി അവർ പ്രാർത്ഥിക്കുന്നു എന്നുമാണ് അർത്ഥം."
  • ഹലീമി -رَحِمَهُ اللَّهُ- പറയുന്നു: "അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- യുടെ മേൽ നീ സ്വലാത്ത് വർഷിക്കേണമേ" എന്നതിൻ്റെ അർത്ഥം ഇപ്രകാരമാണ്. അല്ലാഹുവേ! അവിടുത്തെ സൽകീർത്തി അധികരിപ്പിച്ചു കൊണ്ടും, അവിടുത്തെ ദീനിന് വിജയം നൽകിയും, അവിടുന്ന് പഠിപ്പിച്ച വിധിവിലക്കുകൾ നിലനിർത്തിയും നബി -ﷺ- ക്ക് ദുനിയാവിൽ ആദരവും മഹത്വവും അധികരിപ്പിക്കേണമേ! തൻ്റെ ഉമ്മത്തിന് വേണ്ടി ശുപാർശ നടത്താൻ അവിടുത്തെ അനുവദിച്ചു കൊണ്ടും, അവിടുത്തേക്കുള്ള പ്രതിഫലവും അനുഗ്രഹങ്ങളും അധികരിപ്പിച്ചു കൊണ്ടും, ആദ്യകാലക്കാർക്കും അവസാനകാലക്കാർക്കും മേൽ അവിടുത്തേക്കുള്ള ശ്രേഷ്ഠത ബോധ്യപ്പെടുത്തുന്ന വിധത്തിൽ സ്തുത്യർഹമായ സ്ഥാനം (മഖാമുൻ മഹ്മൂദ്) നൽകിക്കൊണ്ടും, നിൻ്റെ സമീപസ്ഥരും സാക്ഷികളുമായ സർവ്വരുടെ മേലും അവിടുത്തേക്ക് പദവി നൽകിക്കൊണ്ടും പരലോകത്തും അവിടുത്തെ ആദരിക്കേണമേ!

HadeethEnc.com ൽ വായിക്കുക

3 ഒരു തവണ

അർത്ഥവും ഉറവിടവും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!"

رواه الترمذي وأحمد പദവി: صحيح

വിശദീകരണം

'ഒരാളുടെ മൂക്ക് മണ്ണിൽ പുരളട്ടെ' എന്ന് പദാനുപദാർത്ഥം നൽകാവുന്ന വാക്കുകൾ കൊണ്ട് നബി -ﷺ- മൂന്ന് വിഭാഗത്തിനെതിരെ പ്രാർത്ഥിക്കുന്നു. അവർക്ക് നിന്ദ്യതയും നഷ്ടവും അപമാനവും ഉണ്ടാകട്ടെ എന്നാണ് ആ വാക്കിൻ്റെ ഉദ്ദേശ്യം. ഒന്നാമത്തെ വിഭാഗം: തങ്ങൾക്കരികിൽ നബി -ﷺ- യുടെ പേര് പരാമർശിക്കപ്പെട്ടതിനു ശേഷം -സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നോ സമാനമായതോ പറഞ്ഞു കൊണ്ട്- അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാത്തവരാണ്. രണ്ടാമത്തെ വിഭാഗം: റമദാൻ മാസം വന്നെത്തുകയും, ആ മാസത്തിൽ നന്മകൾ പ്രവർത്തിക്കുന്നതിൽ കുറവ് വരുത്തിയതിനാൽ തിന്മകൾ പൊറുക്കപ്പെടാത്ത വിധത്തിൽ ആ മാസം അവസാനിച്ചു പോവുകയും ചെയ്ത കൂട്ടരാണ്. മൂന്നാമത്തെ വിഭാഗം: വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവരോട് ധിക്കാരം പ്രവർത്തിച്ചതിനാലും അവരോടുള്ള ബാധ്യതകളിൽ കുറവ് വരുത്തിയതിനാലും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാതെ പോയവരാണ്.

പ്രയോജനങ്ങൾ

  • സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് വിഭാഗത്തിനും വലിയ നന്മകൾ നേടിപ്പിടിക്കാനുള്ള അവസരങ്ങൾ ലഭിച്ചു; പക്ഷേ അവരുടെ ഭാഗത്ത് നിന്നുള്ള കുറവുകൾ കാരണം ആ അവസരം അവർ നഷ്ടമാക്കി. അതിനാൽ അവർ നഷ്ടവും നാശവും ബാധിച്ചവരായി തീരുകയും ചെയ്തു."
  • നബി -ﷺ- യുടെ പേര് പരാമർശിക്കപ്പെടുമ്പോഴെല്ലാം അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാനുള്ള പ്രേരണയും പ്രോത്സാഹനവും.
  • റമദാൻ മാസത്തിൽ നന്മകൾ ചെയ്യാനുള്ള അതിയായ പരിശ്രമം നടത്തുകയും അതിനായി തുനിഞ്ഞിറങ്ങുകയും ചെയ്യാനുള്ള പ്രോത്സാഹനം.
  • മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതിലും അവരെ ആദരിക്കുന്നതിലും ശക്തമായ പരിശ്രമം നടത്താനുള്ള പ്രേരണയും പ്രോത്സാഹനവും. അവർ വൃദ്ധരാണെങ്കിൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

നബിയുടെ ﷺ മേൽ സ്വലാത്ത്: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.