സുന്നത്തിലെ റുഖ്യ: വേദനയ്ക്കും ശമനത്തിനുമുള്ള ദുആകൾ

നബി ﷺ ഉപയോഗിക്കുകയും പഠിപ്പിക്കുകയും ചെയ്ത ശമനത്തിന്റെ വാക്കുകൾ.

1 ഒരു തവണ

بِاسْمِ اللهِ (٣)
أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ (٧)

അർത്ഥവും ഉറവിടവും

ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഇസ്‌ലാം സ്വീകരിച്ചതു മുതൽ അദ്ദേഹം അനുഭവിക്കുന്ന ഒരു ശാരീരിക വേദനയുടെ പ്രയാസം നബി -ﷺ- യോട് അദ്ദേഹം പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ശരീരത്തിൽ വേദനയുള്ള ഭാഗത്ത് കൈ വെച്ച ശേഷം മൂന്നു തവണ 'ബിസ്മില്ലാഹ്' (അല്ലാഹുവിൻ്റെ നാമത്തിൽ) എന്ന് പറയുക. ശേഷം ഏഴു തവണ ഈ ദുആ

പറയുക: (സാരം) അല്ലാഹുവിൻ്റെ പ്രതാപവും അവൻ്റെ ശക്തിയും മുൻനിർത്തി കൊണ്ട് ഞാൻ അനുഭവിക്കുകയും ഭയക്കുകയും ചെയ്യുന്ന ഈ ഉപദ്രവത്തിൽ നിന്ന് ഞാൻ അവനോട് രക്ഷ ചോദിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

ഉഥ്മാൻ ബ്നു അബിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- വിനെ മരണത്തിലേക്ക് എത്തിച്ചേക്കാവുന്ന വിധത്തിൽ ശക്തമായ ഒരു വേദന പിടികൂടി. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ സന്ദർശിക്കാൻ വന്നെത്തുകയും, അദ്ദേഹത്തെ ബാധിച്ചിരിക്കുന്ന രോഗം അല്ലാഹു നീക്കിക്കൊടുക്കാൻ വേണ്ടി ഒരു ദുആ അദ്ദേഹത്തിന് പഠിപ്പിക്കുകയും ചെയ്തു. തൻ്റെ കൈ വേദനയുള്ള ഭാഗത്ത് വെച്ചു കൊണ്ട് മൂന്ന് തവണ ബിസ്മില്ലാഹ് എന്ന് പറയുവാനും, ശേഷം ഈ ആശയം വരുന്ന ദുആ ചൊല്ലുവാനും നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിനെ കൊണ്ടും അവൻ്റെ ശക്തിയെ കൊണ്ടും എന്നെ നിലവിൽ ബാധിച്ചിരിക്കുന്ന ഈ വേദനയിൽ നിന്നും, അതു കാരണമായി ഭാവിയിൽ എന്നെ ബാധിച്ചേക്കാവുന്ന ഭയത്തിൽ നിന്നും ദുഃഖത്തിൽ നിന്നും, ഈ രോഗം തുടർന്നു പോയേക്കാവുന്നതിൽ നിന്നും അതിൻ്റെ വേദന ശരീരത്തിൽ വ്യാപിച്ചേക്കാവുന്നതിൽ നിന്നും ഞാൻ അഭയം തേടുകയും രക്ഷ ചോദിക്കുകയും ചെയ്യുന്നു.

പ്രയോജനങ്ങൾ

  • ഹദീഥിൽ വന്ന ദുആ ചൊല്ലിക്കൊണ്ട് ഒരാൾ സ്വയം മന്ത്രിക്കുന്നത് സുന്നത്താണ്.
  • അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ അനിഷ്ടം പ്രകടിപ്പിച്ചും എതിരു പറഞ്ഞും കൊണ്ടുമല്ലാതെയാണെങ്കിൽ, ഒരാൾ തൻ്റെ പ്രയാസം മറ്റൊരാളോട് പറയുന്നത് അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുന്നതിനോ ക്ഷമക്കോ എതിരല്ല.
  • ഹദീഥിൽ പഠിപ്പിച്ച ദുആ അതിൽ പറയപ്പെട്ട ഫലം ലഭിക്കാൻ സഹായിക്കുന്ന കാരണമാണ്. അതിനാൽ ഹദീഥിൽ പറഞ്ഞ വാക്കുകളും അതേ എണ്ണവും തന്നെ പാലിക്കേണ്ടതുണ്ട്.
  • ശാരീരികമായ എല്ലാ വേദനകൾക്കും നബി -ﷺ- പഠിപ്പിച്ച ഈ ദിക്ർ ചൊല്ലാവുന്നതാണ്.
  • ഈ പ്രാർത്ഥന ചൊല്ലിക്കൊണ്ട് മന്ത്രിക്കുമ്പോൾ വേദനയുള്ള ഭാഗത്ത് കൈ വെക്കണം.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

بِاسْمِ اللهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللهُ يَشْفِيكَ بِاسْمِ اللهِ أَرْقِيكَ

അർത്ഥവും ഉറവിടവും

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബിയുടെ -ﷺ- അടുത്ത് വന്ന് ചോദിച്ചു: "മുഹമ്മദ്, താങ്കൾക്ക് അസുഖമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- പറഞ്ഞു: "അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു; താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും, എല്ലാ നഫ്സിന്റെയും ഉപദ്രവത്തിൽ നിന്നും, അസൂയക്കാരൻ്റെ കണ്ണേറിൽ നിന്നും. അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! അല്ലാഹുവിൻ്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു."

رواه مسلم പദവി: صحيح

വിശദീകരണം

മലക്ക് ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്ത് വന്ന് അവിടുത്തോട് ചോദിച്ചു: "ഹേ മുഹമ്മദ്! അങ്ങേക്ക് അസുഖം വല്ലതുമുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ." അപ്പോൾ ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യെ ഇപ്രകാരം മന്ത്രിച്ചു: "بِسْمِ الَّلِه (അല്ലാഹുവിന്റെ നാമത്തിൽ)" - അവനോട് സഹായം തേടിക്കൊണ്ട്. "أَرْقِيكَ (ഞാൻ താങ്കളെ മന്ത്രിക്കുന്നു)" - ഞാൻ താങ്കൾക്ക് വേണ്ടി അഭയം ചോദിക്കുകയും സംരക്ഷണം തേടുകയും ചെയ്യുന്നു. "مِنْ كُلِّ شَيْءٍ يُؤْذِيكَ (താങ്കളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യത്തിൽ നിന്നും)" - ചെറുതായാലും വലുതായാലും. "مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ (എല്ലാ ദുഷിച്ച ആത്മാവിൽ നിന്നും)" - അല്ലെങ്കിൽ അസൂയക്കാരന്റെ കണ്ണേറ് താങ്കളെ ബാധിക്കുന്നതിൽ നിന്നും. اللَّهُ يَشْفِيكَ അല്ലാഹു താങ്കൾക്ക് ശമനം നൽകട്ടെ! بِسْمِ اللَّهِ أَرْقِيكَ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ താങ്കളെ മന്ത്രിക്കുന്നു. - അവസാനത്തിലുള്ള ഈ വാചകം ആവർത്തിച്ചത് കാര്യത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയാനാണ്. അല്ലാഹുവിൻ്റെ നാമം കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തതിൽ അല്ലാഹുവല്ലാതെ ഉപകാരം ചെയ്യാൻ മറ്റാരുമില്ല എന്ന സൂചന കൂടിയുണ്ട്.

പ്രയോജനങ്ങൾ

  • സ്വന്തം അവസ്ഥയും സാഹചര്യവും വ്യക്തമാക്കുക എന്ന നിലയിൽ മറ്റുള്ളവരോട് രോഗവിവരം പറയുന്നത് അനുവദനീയമാണ്. അസ്വസ്ഥതയും നീരസവും പ്രകടിപ്പിക്കുന്നതിന് വേണ്ടി മറ്റുള്ളവരോട് രോഗത്തെ സംബന്ധിച്ച് പറയുന്നതാണ് അനുവദനീയമല്ലാത്തത്.
  • താഴെ പറയുന്ന നിബന്ധനകളോടെ മന്ത്രിക്കൽ അനുവദനീയമാണ്: 1- ഖുർആൻ കൊണ്ടോ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടോ ശരീഅത്ത് അനുശാസിക്കുന്ന പ്രാർത്ഥനകൾ കൊണ്ടോ ആയിരിക്കണം. 2- അറബി ഭാഷയിലോ അർത്ഥം അറിയാവുന്ന മറ്റ് ഭാഷകളിലോ ആയിരിക്കണം. 3- മന്ത്രം സ്വന്തമായ നിലയിൽ ഫലം ചെയ്യില്ലെന്നും, അത് അല്ലാഹുവിന്റെ അനുമതിയോടെ മാത്രം ഫലം ചെയ്യുന്ന ഒരു കാരണമാണെന്നും വിശ്വസിക്കണം. 4- ശിർക്ക് (ബഹുദൈവാരാധന), നിഷിദ്ധമായ കാര്യങ്ങൾ, ബിദ്അത്ത് (പുത്തനാചാരം) എന്നിവയിൽ നിന്നും അവയിലേക്ക് നയിക്കുന്ന കാര്യങ്ങളിൽ നിന്നും മുക്തമായിരിക്കണം.
  • കണ്ണേറിന്റെ ദോഷം യാഥാർത്ഥ്യമാണെന്നും, അതിൽ നിന്ന് മന്ത്രിക്കുകയാണ് വേണ്ടത് എന്നും ഈ ഹദീഥ് സ്ഥിരീകരിക്കുന്നു.
  • ഹദീഥിൽ വന്ന പ്രാർത്ഥന കൊണ്ട് മന്ത്രിക്കുന്നത് സുന്നത്താണ്.
  • നബി -ﷺ- മനുഷ്യരിൽ പെട്ടവരായിരുന്നു. മനുഷ്യർക്ക് സാധാരണയായി ഉണ്ടാകുന്നതുപോലെ അവിടുത്തേക്കും രോഗം ബാധിച്ചിരുന്നു.
  • അല്ലാഹു തന്റെ നബിയെ -ﷺ- പരിരക്ഷിക്കുകയും അവിടുത്തേക്ക് സംരക്ഷണം ഒരുക്കുകയും ചെയ്ത രൂപവും, അതിനായി തന്റെ മലക്കുകളെ ചുമതലപ്പെടുത്തിയതും ഹദീഥിൽ നിന്ന് മനസ്സിലാക്കാം.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

സുന്നത്തിലെ റുഖ്യ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.