രോഗിക്കുള്ള ദുആയും രോഗിയെ സന്ദർശിക്കുമ്പോഴുള്ള ദുആയും

രോഗിയായ ഒരാളെ സന്ദർശിക്കുമ്പോൾ ചൊല്ലേണ്ടത്.

1 7 തവണ

أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ

അർത്ഥവും ഉറവിടവും

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ആയുസ്സിൻ്റെ അവധിയെത്താത്ത ഒരു രോഗിയെ സന്ദർശിക്കുകയും, അവനരികിൽ വെച്ച് ഏഴു തവണ ഇപ്രകാരം പറയുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല.

أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ

(സാരം): "അതിമഹോന്നതനും, മഹത്തായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമായ അല്ലാഹുവിനോട് നിനക്ക് സൗഖ്യം നൽകാൻ ഞാൻ തേടുന്നു."

رواه أبو داود والترمذي وأحمد പദവി: صحيح

വിശദീകരണം

മരണസമയം ആസന്നമായിട്ടില്ലാത്ത മുസ്‌ലിമായ ഒരു രോഗിയെ അവൻ്റെ മുസ്‌ലിം സഹോദരങ്ങളിൽ ആരെങ്കിലും സന്ദർശിക്കുകയും, ശേഷം ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രാർത്ഥന അവന് വേണ്ടി നടത്തുകയും ഏഴു തവണ ആവർത്തിക്കുകയും ചെയ്താൽ അല്ലാഹു ആ രോഗത്തിൽ നിന്ന് അവന് സൗഖ്യം നൽകാതിരിക്കില്ല. പ്രാർത്ഥനയുടെ ആശയം ഇപ്രകാരമാണ്: "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും മഹത്വമുടയവനായ, മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമയായ അല്ലാഹുവിനോട് നിന്നെ സൗഖ്യപ്പെടുത്താൻ ഞാൻ തേടുന്നു."

പ്രയോജനങ്ങൾ

  • രോഗിയുടെ അരികിൽ ഈ പ്രാർത്ഥന ഏഴു തവണ ആവർത്തിച്ചു ചൊല്ലുന്നത് സുന്നത്താണ്.
  • ഈ പ്രാർത്ഥന ഒരു രോഗിയുടെ അരികിൽ വെച്ച് പറയപ്പെട്ടാൽ അവൻ്റെ അസുഖം -അല്ലാഹുവിൻ്റെ അനുമതിയോടെ- മാറുന്നതാണ്. പ്രാർത്ഥന സത്യസന്ധമായ മനസ്സോടെയും നന്മ നിറഞ്ഞ ഹൃദയത്തോടെയുമാണ് പറയേണ്ടത് എന്ന കാര്യം ഓർക്കുക.
  • രോഗിയുടെ അരികിൽ വെച്ച് പുറത്തേക്ക് കേൾക്കുന്ന വിധത്തിലോ ശബ്ദം താഴ്ത്തിയോ ഈ പ്രാർത്ഥന നടത്താവുന്നതാണ്. രോഗിക്ക് കേൾക്കുന്ന വിധത്തിൽ പ്രാർത്ഥിക്കുന്നതാണ് കൂടുതൽ നല്ലതും ശ്രേഷ്ഠകരവും. കാരണം അവന് സന്തോഷം പകരുക എന്ന നന്മ കൂടി അതിൽ നിന്ന് ലഭിക്കുന്നതാണ്.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

أَذْهِبِ الْبَاسَ، رَبَّ النَّاسِ، وَاشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا

അർത്ഥവും ഉറവിടവും

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "ഈ പ്രയാസം നീ നീക്കേണമേ! ജനങ്ങളുടെ രക്ഷിതാവായവനേ! നീ അസുഖം ശമനപ്പെടുത്തണമേ; നീയാകുന്നു സർവ്വതും സുഖപ്പെടുത്തുന്നവനായ അശ്ശാഫീ. നിൻ്റെ ശമനമല്ലാതെ മറ്റൊരു ശമനമില്ല. ഒരു പ്രയാസവും ബാക്കിവെക്കാത്ത വിധത്തിലുള്ള ശമനം (നീ നൽകേണമേ!)"

متفق عليه പദവി: صحيح

വിശദീകരണം

നബി -ﷺ- ഒരു രോഗിയെ സന്ദർശിച്ചാൽ അയാൾക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു: (പ്രാർത്ഥനയുടെ ആശയം) അല്ലാഹുവേ! നീ രോഗത്തിൻ്റെ പ്രയാസവും ബുദ്ധിമുട്ടും നീക്കിക്കൊടുക്കണേ! ജനങ്ങളുടെ രക്ഷിതാവും അവരുടെ സ്രഷ്ടാവും നിയന്താവുമായവനേ! ഈ രോഗിക്ക് നീ ശമനം നൽകേണമേ! നീയാകുന്നു റബ്ബേ സർവ്വ രോഗങ്ങൾക്കും ശമനം നൽകുന്നവനായ അശ്ശാഫീ. നിൻ്റെ ഈ നാമം കൊണ്ട് ഞാൻ നിന്നോട് തേടുന്നു. നിൻ്റെ പക്കൽ നിന്നുള്ള ശമനവും സൗഖ്യവുമല്ലാതെ ഒരു രോഗിക്ക് ശമനമില്ല തന്നെ. അതിനാൽ സമ്പൂർണ്ണവും, യാതൊരു നിലക്കുള്ള രോഗമോ പ്രയാസമോ ബാക്കിവെക്കാത്തതുമായ ശമനം നീ നൽകേണമേ!"

പ്രയോജനങ്ങൾ

  • അല്ലാഹുവാണ് എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുന്നവനായ 'അശ്ശാഫീ'. ഡോക്ടർമാരും മരുന്നുകളുമെല്ലാം കേവലം കാരണങ്ങൾ മാത്രമാണ്; അവയൊന്നും അല്ലാഹുവിൻ്റെ അനുമതി പ്രകാരമല്ലാതെ എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ചെയ്യില്ല.
  • രോഗിയെ സന്ദർശിക്കുക എന്നത് മുസ്‌ലിംകൾക്കിടയിൽ അവർ പാലിച്ചിരിക്കേണ്ട പരസ്പര ബാധ്യതകളിൽ പെട്ടതാണ്. കുടുംബക്കാരുടെ കാര്യത്തിൽ അത് കൂടുതൽ ശ്രദ്ധ നൽകേണ്ട ബാധ്യതയാണ്.
  • നബി -ﷺ- ഈ ഹദീഥിൽ പഠിപ്പിച്ച അനുഗ്രഹീതമായ പ്രാർത്ഥന രോഗികളെ സന്ദർശിക്കുന്നവർ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന ഓർമ്മപ്പെടുത്തലും പ്രേരണയും.
  • വിശുദ്ധ ഖുർആൻ ഓതിക്കൊണ്ടും, നല്ല പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും ദീനിയായ മന്ത്രം (റുഖ്യ ശർഇയ്യഃ) കൊണ്ട് ചികിത്സിക്കുക എന്നത് നബി -ﷺ- യുടെ മാതൃകയിൽ പെട്ടതായിരുന്നു. നബി -ﷺ- അവിടുത്തേക്ക് രോഗം ബാധിച്ചാൽ സ്വയം മന്ത്രിക്കാറുണ്ടായിരുന്നു എന്നത് പോലെ, തൻ്റെ കുടുംബത്തിൽ പെട്ടവർക്കോ മറ്റോ രോഗം ബാധിച്ചാൽ അവർക്കും മന്ത്രിച്ചു നൽകാറുണ്ടായിരുന്നു.
  • ഇബ്നു ഹജർ (رحمه الله) പറയുന്നു: "രോഗം കൊണ്ട് പാപങ്ങൾ പൊറുത്തു നൽകപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്ന കാര്യം അനേകം ഹദീഥുകളിൽ സ്ഥിരപ്പെട്ടിരിക്കെ രോഗശമനത്തിന് വേണ്ടി എന്തിന് പ്രാർത്ഥിക്കണം എന്ന് ചിലർ സംശയം പ്രകടിപ്പിച്ചതായി കാണാം? അതിനുള്ള ഉത്തരം: പ്രാർത്ഥന ആരാധനയിൽ പെട്ടതാണ്; അതൊരിക്കലും പ്രതിഫലത്തിനോ പ്രായശ്ചിത്തത്തിനോ തടസ്സമല്ല. കാരണം ആദ്യത്തിൽ രോഗം ബാധിക്കുകയും അതിൽ ക്ഷമിക്കുകയും ചെയ്തപ്പോൾ അവന് പ്രതിഫലം ലഭിച്ചിരിക്കുന്നു. അതിന് ശേഷം അവൻ പ്രാർത്ഥിക്കുക കൂടെ ചെയ്യുമ്പോൾ രണ്ടിലൊരു നന്മക്ക് അവന് വഴിയൊരുങ്ങുന്നു; ഒന്നുകിൽ അവൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുകയും അവൻ്റെ ലക്ഷ്യം സാധിക്കപ്പെടുകയും ചെയ്യുന്നു. അല്ലെങ്കിൽ ആ പ്രാർത്ഥന കൊണ്ട് അവന് മറ്റേതെങ്കിലും നന്മകൾ നൽകപ്പെടുകയോ, അവനെ ബാധിക്കേണ്ടിയിരുന്ന മറ്റേതെങ്കിലും തിന്മകൾ അകറ്റപ്പെടുകയോ ചെയ്യുന്നു. ഇതെല്ലാം അല്ലാഹുവിൻ്റെ ഔദാര്യത്തിൽ പെട്ടതു തന്നെ."

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

രോഗിക്കുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

കൗണ്ടർ എങ്ങനെ പ്രവർത്തിക്കുന്നു?

ഒരു ദിക്റിന് താഴെയുള്ള കൗണ്ടറിൽ ടാപ്പ് ചെയ്യുക, അത് പൂജ്യം വരെ എണ്ണിക്കുറയ്ക്കും. ഇത് ഈ പേജിൽ മാത്രമാണ്, ഒന്നും സേവ് ചെയ്യപ്പെടുന്നില്ല.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.