പാഠം 10 / 11
അല്ലാഹു എന്തുകൊണ്ട് പ്രയാസങ്ങളും കഷ്ടപ്പാടുകളും അനുവദിക്കുന്നു?
ചുരുക്കത്തിൽ ഉത്തരം
ഈ ജീവിതം ഒരു പരീക്ഷണമാണ്. ആരാണ് ക്ഷമിക്കുന്നതെന്നും ആരാണ് നന്മ ചെയ്യുന്നതെന്നും വെളിവാക്കാൻ അല്ലാഹു പ്രയാസങ്ങൾ കൊണ്ടും സുഖങ്ങൾ കൊണ്ടും മനുഷ്യരെ പരീക്ഷിക്കുന്നു. ഒരു വിശ്വാസിക്ക് ഒരു വേദനയും പാഴാകുന്നില്ല: ഒരു മുള്ള് കുത്തുന്നതുപോലും അവന്റെ ചില പാപങ്ങൾ മായ്ച്ചുകളയുന്നു. ക്ഷമിക്കുകയും അവനിലേക്ക് മടങ്ങുകയും ചെയ്യുന്നവർക്ക് വലിയ പ്രതിഫലവും കാരുണ്യവും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടെന്നും ഖുർആൻ വാഗ്ദാനം ചെയ്യുന്നു, പരലോകത്ത് പൂർണമായ നീതി കാത്തിരിക്കുന്നു.
ഖബസ് എഴുതിയത്. അൽ-മുഖ്തസർ ഫീ തഫ്സീരിൽ ഖുർആനിൽ കരീം, തഫ്സീർ ഇബ്നു കസീർ, HadeethEnc.com-ലെ വിശദീകരണങ്ങൾ എന്നിവയുമായി ഒത്തുനോക്കിയിട്ടുണ്ട്.
ഖുർആനിൽ നിന്ന്
وَلَنَبۡلُوَنَّكُم بِشَيۡءٖ مِّنَ ٱلۡخَوۡفِ وَٱلۡجُوعِ وَنَقۡصٖ مِّنَ ٱلۡأَمۡوَٰلِ وَٱلۡأَنفُسِ وَٱلثَّمَرَٰتِۗ وَبَشِّرِ ٱلصَّٰبِرِينَ ﴿١٥٥﴾ ٱلَّذِينَ إِذَآ أَصَٰبَتۡهُم مُّصِيبَةٞ قَالُوٓاْ إِنَّا لِلَّهِ وَإِنَّآ إِلَيۡهِ رَٰجِعُونَ ﴿١٥٦﴾ أُوْلَٰٓئِكَ عَلَيۡهِمۡ صَلَوَٰتٞ مِّن رَّبِّهِمۡ وَرَحۡمَةٞۖ وَأُوْلَٰٓئِكَ هُمُ ٱلۡمُهۡتَدُونَ ﴿١٥٧﴾
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; "ഞങ്ങള്‍ അല്ലാഹുവിൻ്റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്" എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാര്ഗം പ്രാപിച്ചവര്‍.
ആയത്തുകളുടെ വിശദീകരണം
വിവിധതരം പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ശത്രുക്കളെക്കുറിച്ചുള്ള ഭയം, ഭക്ഷണക്കുറവുകൊണ്ടുള്ള പട്ടിണി, സമ്പത്ത് നശിക്കുക അല്ലെങ്കിൽ അത് നേടാനുള്ള പ്രയാസം, ജനങ്ങളെ നശിപ്പിക്കുന്ന വിപത്തുകൾ കൊണ്ടോ അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള രക്ത സാക്ഷിത്വം കൊണ്ടോ ഉള്ള ജീവനഷ്ടം, ഭൂമി ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങളിലുള്ള കുറവ് തുടങ്ങി വിവിധ പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. നബിയേ, അത്തരം പ്രയാസങ്ങളിൽ ക്ഷമിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും അവരെ സന്തോഷിപ്പിക്കുന്നത് ഉണ്ടാകും എന്ന സന്തോഷവാർത്ത അറിയിക്കുക.
അവർക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) തൃപ്തിയോടെയും കീഴൊതുങ്ങിയും പറയുന്നത്; ഞങ്ങൾ അല്ലാഹുവിൻറെ അധീനത്തിലാണ്, അവനുദ്ദേശിക്കുന്നത് ഞങ്ങളിൽ അവൻ പ്രവർത്തിക്കും. ഖിയാമത്ത് നാളിൽ അവങ്കലേക്ക് മടങ്ങേണ്ടവരാണ് ഞങ്ങൾ, അവനാണ് ഞങ്ങളെ പടച്ചതും ധാരാളം അനുഗ്രഹങ്ങൾ നൽകിയതും, അവനിലേക്കാണ് ഞങ്ങളുടെ മടക്കവും പര്യവസാനവും എന്നായിരിക്കും.
ഈ വിശേഷണങ്ങൾക്കർഹരായവർക്ക് ഉന്നതമായ മലക്കുകളുടെ ലോകത്ത് അല്ലാഹുവിൻറെ പുകഴ്ത്തലുകളുണ്ടാവും. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമിറങ്ങും. അവരത്രെ സത്യമാർഗ്ഗത്തിലേക്ക് സന്മാർഗം പ്രാപിച്ചവർ.
أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ ﴿٢﴾ وَلَقَدۡ فَتَنَّا ٱلَّذِينَ مِن قَبۡلِهِمۡۖ فَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُواْ وَلَيَعۡلَمَنَّ ٱلۡكَٰذِبِينَ ﴿٣﴾
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?(1) അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുക തന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും.
ആയത്തുകളുടെ വിശദീകരണം
ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറഞ്ഞതിനാൽ മാത്രം അവരാ പറഞ്ഞതിൻ്റെ സത്യസന്ധത -അവർ യഥാർഥ വിശ്വാസികൾ തന്നെയാണോ എന്ന്- പരീക്ഷിക്കപ്പെടാതെ വിട്ടേക്കപ്പെടുമെന്ന് ജനങ്ങൾ ധരിച്ചിരിക്കുകയാണോ?! എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം.
അവർക്ക് മുൻപുള്ളവരെ നാം പരീക്ഷിച്ചിട്ടുണ്ട്. എല്ലാവർക്കും പ്രകടമായി അറിയാവുന്ന രൂപത്തിലും, തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധർ ആരായിരുന്നുവെന്നും, കള്ളന്മാർ ആരായിരുന്നെന്നും നിങ്ങൾക്ക് വ്യക്തമാവുകയും ചെയ്യുന്ന നിലക്ക് അല്ലാഹു (അവരുടെ സത്യസന്ധത) അറിയുന്നതാണ്.
فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا ﴿٥﴾ إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا ﴿٦﴾
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(2)
ആയത്തുകളുടെ വിശദീകരണം
പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും.
പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും. ഇത് നിനക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിൻ്റെ സമൂഹത്തിൻ്റെ ഉപദ്രവം നിന്നെ അലട്ടുകയില്ല. അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുന്നതിൽ നിന്ന് അതൊന്നും നിന്നെ തടസ്സപ്പെടുത്തുകയുമില്ല.
സുന്നത്തിൽ നിന്ന്
അബൂ സഈദ് അൽഖുദ്രി -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു: "ഒരു മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണമോ, രോഗമോ, (കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ ആയ കാര്യങ്ങളിലുള്ള) വിഷമമോ സങ്കടമോ, ഉപദ്രവമോ, ഹൃദയത്തിൻ്റെ ഇടുക്കമോ ആകട്ടെ; അവൻ്റെ മേൽ തറക്കുന്ന ഒരു മുള്ള് പോലുമാകട്ടെ; അതു കൊണ്ടെല്ലാം അല്ലാഹു അവൻ്റെ തിന്മകൾ പൊറുത്തു കൊടുക്കാതിരിക്കുകയില്ല."
വിശദീകരണം
ഒരു മുസ്ലിമിനെ ബാധിക്കുന്ന രോഗങ്ങളും ദുഃഖങ്ങളും വ്യാകുലതകളും വിപത്തുകളും പ്രയാസങ്ങളും കഠിനതകളും ഭയവും വിശപ്പും -എന്തിനധികം; ഒരു മുള്ള് കുത്തുകയും അതവനെ വേദനിപ്പിക്കുകയും ചെയ്താലും- അവയെല്ലാം അവൻ്റെ തിന്മകൾക്കുള്ള പ്രായശ്ചിത്തവും അവൻ്റെ പാപങ്ങൾ കൊഴിഞ്ഞുപോകാനുള്ള കാരണവുമായിത്തീരും.