കടം വീട്ടാനുള്ള ദുആ

കടത്തിൽ നിന്നുള്ള മോചനത്തിനും ഹലാലായ ഉപജീവനത്തിനുമുള്ള ദുആകൾ.

1 ഒരു തവണ

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكَ

അർത്ഥവും ഉറവിടവും

അലി (رضي الله عنه) നിവേദനം: (അടിമത്തത്തിൽ നിന്ന് സ്വതന്ത്രനാകാൻ കരാർ എഴുതിയ) മുകാതബായ ഒരാൾ അദ്ദേഹത്തിൻ്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: "എൻ്റെ സാമ്പത്തിക ബാധ്യത കൊടുത്തു വീട്ടാൻ എനിക്ക് സാധിക്കാതെയായിരിക്കുന്നു. അതിനാൽ എന്നെ സഹായിക്കുക!"

അലി (رضي الله عنه) പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരട്ടെയോ? സ്വീർ പർവ്വതത്തോളം കടബാധ്യത നിനക്കുണ്ടെങ്കിലും അല്ലാഹു അത് നിനക്ക് വീട്ടിത്തരുന്നതാണ്." "അല്ലാഹുവേ! നീ നിഷിദ്ധമാക്കിയ ഹറാമിലേക്ക് പോകേണ്ടാത്ത വിധം, നീ അനുവദിച്ച ഹലാലിൽ എൻ്റെ ആവശ്യം മതിയാക്കണമേ! നീയല്ലാത്തവരിലേക്ക് പോകേണ്ടാത്ത വിധം നിന്റെ ഔദാര്യത്താൽ എനിക്കു നീ ധന്യത നൽകേണമേ!"

رواه الترمذي പദവി: حسن

വിശദീകരണം

അമീറുൽ മുഅ്മിനീൻ അലിയ്യു ബ്നു അബീ ത്വാലിബിൻ്റെ (رضي الله عنه) അടുക്കൽ ഒരാൾ വന്നു; ഒരു വ്യക്തിയുടെ കീഴിൽ അടിമയായിരുന്ന അദ്ദേഹം നിശ്ചിത തുക നൽകിക്കൊണ്ട് തൻ്റെ സ്വാതന്ത്ര്യം വാങ്ങാൻ കരാറെഴുതിയിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ പക്കലാകട്ടെ, ഈ പറഞ്ഞ തുക ഉണ്ടായിരുന്നുമില്ല. അദ്ദേഹം അലി (رضي الله عنه) വിനോട് പറഞ്ഞു: എൻ്റെ മേലുള്ള സാമ്പത്തികബാധ്യത കൊടുത്തു വീട്ടുന്നത് എനിക്ക് അസാധ്യമായിരിക്കുന്നു. അതിനാൽ ഈ കടം കൊടുത്തു വീട്ടാനുള്ള പണം തന്നു കൊണ്ടോ എന്തെങ്കിലുമൊരു മാർഗം കാണിച്ചു തന്നു കൊണ്ടോ എന്നെ സഹായിച്ചാലും.

അലി (رضي الله عنه) അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) എനിക്ക് പഠിപ്പിച്ചു തന്ന ചില വാക്കുകൾ ഞാൻ നിനക്ക് പഠിപ്പിച്ചു തരാം; നിൻ്റെ മേൽ ത്വീഅ് ഗോത്രക്കാരുടെ നാട്ടിലുള്ള സ്വീർ പർവതത്തോളം കടബാധ്യതയുണ്ടെങ്കിലും അല്ലാഹു നിനക്ക് വേണ്ടി നിൻ്റെ കടം വീട്ടിത്തരുകയും, നിന്നെ ബാധിച്ച ഈ പ്രയാസത്തിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തുകയും ചെയ്യും. (അദ്ദേഹം പഠിപ്പിച്ച പ്രാർത്ഥനയുടെ ആശയസാരം ഇപ്രകാരമാണ്) : അല്ലാഹുവേ; നിൻ്റെ ഹലാലായ സമ്പാദ്യത്തിൽ നിന്ന് എനിക്ക് മതിയാകുന്നത് നൽകിക്കൊണ്ട്, നീ നിഷിദ്ധമാക്കിയ സമ്പാദ്യത്തിൽ നിന്ന് എന്നെ അകറ്റുകയും തിരിച്ചു കളയുകയും ചെയ്യേണമേ! നിൻ്റെ ഔദാര്യവും ഉദാരതയും കൊണ്ട് നീയല്ലാത്ത സൃഷ്ടികളിലേക്ക് തേടിച്ചെല്ലുന്നതിൽ നിന്ന് നീ എനിക്ക് ധന്യത നൽകുകയും ചെയ്യേണമേ!

പ്രയോജനങ്ങൾ

  • അറിവുള്ളവരോടും ദീനീ നിഷ്ഠയുള്ളവരോടും കാര്യങ്ങൾ കൂടിയാലോചിക്കുകയും അഭിപ്രായം തേടുകയും വേണം.
  • അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകരും പണ്ഡിതന്മാരും തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് നേർവഴി കാണിച്ചു നൽകുകയും അവർ നേരിടുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും അവർക്ക് എളുപ്പം ഉണ്ടാക്കുന്ന മാർഗങ്ങൾ പഠിപ്പിച്ചു നൽകുകയും വേണം.
  • തൻ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി കരാർ എഴുതിയ മുകാതബുകളെ സഹായിക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.
  • ഹദീഥിൽ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന പഠിക്കുകയും, അല്ലാഹുവിനോട് ഈ ദുആ കൊണ്ട് ചോദിക്കാനുമുള്ള പ്രോത്സാഹനം.
  • അനുവദനീയവും ഹലാലുമായ ഉപജീവനമാണ് നിഷിദ്ധമായ സമ്പാദ്യം എത്രയധികം ലഭിക്കുന്നതിനേക്കാളും നല്ലതും ഉത്തമവും.
  • സൃഷ്ടികളിൽ നിന്ന് മാറി, അല്ലാഹുവിൽ പരിപൂർണമായ ധന്യത അന്വേഷിക്കുകയും തേടുകയും ചെയ്യുക.
  • ചോദിച്ചു വരുന്നവർക്ക് നൽകാൻ നിൻ്റെ പക്കൽ യാതൊന്നുമില്ലെങ്കിൽ അവരെ നല്ല രൂപത്തിൽ മടക്കിയയക്കുക.

HadeethEnc.com ൽ വായിക്കുക

2 ഒരു തവണ

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ غَلَبَةِ الدَّيْنِ، وَغَلَبَةِ الْعَدُوِّ، وَشَمَاتَةِ الْأَعْدَاءِ

അർത്ഥവും ഉറവിടവും

അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, കടംകൊണ്ട് വലയുന്നതിൽ നിന്നും ശത്രുവിന് വിജയം ലഭിക്കുന്നതിൽ നിന്നും ശത്രുക്കൾക്ക് ആഹ്ളാദം നൽകുന്നതിൽ നിന്നും നിന്നിൽ ഞാൻ അഭയം തേടുന്നു."

رواه النسائي وأحمد പദവി: صحيح

വിശദീകരണം

നബി -ﷺ- ഈ ഹദീഥിൽ ചില പ്രയാസങ്ങളിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടിയിരിക്കുന്നു:

ഒന്ന്: അല്ലാഹുവേ! കടം എന്നെ വരിഞ്ഞു മുറുക്കുകയും, അതിൻ്റെ ആകുലത എന്നെ ബാധിക്കുകയും, ദുരിതം ഞാൻ അനുഭവിക്കുകയും ചെയ്യുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുകയും അഭയം ചോദിക്കുകയും ചെയ്യുന്നു. കടം വീട്ടുവാനും കൊടുത്തു തീർക്കാനും നീ എന്നെ സഹായിക്കണമെന്നും ഞാൻ നിന്നോട് തേടുന്നു.

രണ്ട്: ശത്രു എന്നെ കീഴടക്കുകയും എനിക്ക് മേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അവനിൽ നിന്നുള്ള ഉപദ്രവങ്ങൾ തടുത്തു നിർത്താനും, അവനെതിരെ എന്നെ സഹായിക്കാനും ഞാൻ നിന്നോട് തേടുന്നു.

മൂന്ന്: മുസ്‌ലിംകൾക്ക് പ്രയാസങ്ങൾ ഉണ്ടാവുകയും, അവരെ കുഴപ്പങ്ങളും പ്രശ്നങ്ങളും ബാധിക്കുകയും ചെയ്തതിൻ്റെ പേരിൽ ശത്രുക്കൾക്ക് ആഹ്ളാദവും സന്തോഷവും ലഭിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.

പ്രയോജനങ്ങൾ

  • അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് തിരിച്ചു കളയുകയും, ദുഖങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന കടങ്ങൾ പോലുള്ള പ്രയാസങ്ങൾ ഉണ്ടാകുന്നതിൽ നിന്നും അല്ലാഹുവിനോട് രക്ഷ തേടാനുള്ള ഓർമ്മപ്പെടുത്തൽ.
  • കടം ഉണ്ടാവുക എന്നത് എപ്പോഴും ഒരു പ്രശ്നമല്ല. എന്നാൽ കടം വീട്ടാൻ കഴിയാത്ത സ്ഥിതി വരുമ്പോഴാണ് അത് പ്രശ്നമാകുന്നത്; ഇതാണ് ഭാരമേറിയ കടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
  • ശത്രുവിന് സന്തോഷം നൽകുകയും, അവന് ആക്ഷേപിക്കാൻ കഴിയുകയും ചെയ്യുന്ന അവസ്ഥകൾ സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
  • അല്ലാഹുവിൽ വിശ്വസിച്ചവരോട് നിഷേധികൾക്ക് ശത്രുതയുണ്ട് എന്ന വസ്തുതയും, മുസ്‌ലിമിന് പ്രയാസം ബാധിക്കുമ്പോൾ അതിൽ അവർക്ക് സന്തോഷമുണ്ടാകുന്നുണ്ട് എന്നതും നബി -ﷺ- അറിയിക്കുന്നു.
  • ഒരാൾക്ക് ബാധിക്കുന്ന പ്രയാസത്തിൽ ഉണ്ടാകുന്ന വേദനയേക്കാൾ കഠിനമാണ് അതിൻ്റെ പേരിൽ അവൻ്റെ ശത്രുക്കൾ സന്തോഷം പ്രകടിപ്പിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന ദുഃഖം.

HadeethEnc.com ൽ വായിക്കുക

ചോദ്യങ്ങൾ

ഈ പേജിൽ എന്താണുള്ളത്?

കടം വീട്ടാനുള്ള ദുആ: ഓരോന്നും അറബിയിൽ, അർത്ഥം, ഉറവിടമായ ഹദീസ്, പദവി, വിശദീകരണം എന്നിവ സഹിതം.

വിവർത്തനങ്ങൾ എവിടെ നിന്നാണ്?

വിവർത്തനം ചെയ്ത പ്രവാചക ഹദീസുകളുടെ വിജ്ഞാനകോശമായ HadeethEnc.com ൽ നിന്ന്. ഓരോ ഹദീസും അവർ പ്രസിദ്ധീകരിച്ചതുപോലെ തന്നെ, ഉറവിടവും പദവിയും മൂലത്തിലേക്കുള്ള ലിങ്കും സഹിതം നൽകുന്നു.

ദിവസേന ഓർമ്മപ്പെടുത്തൽ ലഭിക്കുമോ?

ഉവ്വ്. Android നുള്ള സൗജന്യ Qabas ആപ്പ് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ ഓർമ്മിപ്പിക്കുന്നു, അതിൽ ഇതേ കൗണ്ടറുമുണ്ട്.