പാഠം 4 / 11
നബി മുഹമ്മദ് ﷺ ആണോ ഖുർആൻ എഴുതിയത്?
ചുരുക്കത്തിൽ ഉത്തരം
ഖുർആൻ മുഹമ്മദ് നബിയുടെ വാക്കല്ല, അല്ലാഹുവിന്റെ വചനമാണെന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. നബി ﷺക്ക് എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. നാൽപതാം വയസ്സിൽ മക്കയ്ക്കടുത്തുള്ള ഹിറാ ഗുഹയിൽ വെച്ച് തുടങ്ങി, മലക്ക് ജിബ്രീലിൽ നിന്നാണ് അദ്ദേഹത്തിന് ഖുർആൻ ലഭിച്ചത്. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ലെന്ന് ഖുർആൻ പറയുന്നു. സംശയിക്കുന്ന ആരോടും ഇതുപോലുള്ള ഒരു അധ്യായമെങ്കിലും കൊണ്ടുവരാൻ അത് വെല്ലുവിളിക്കുകയും ചെയ്യുന്നു.
ഖബസ് എഴുതിയത്. അൽ-മുഖ്തസർ ഫീ തഫ്സീരിൽ ഖുർആനിൽ കരീം, തഫ്സീർ ഇബ്നു കസീർ, HadeethEnc.com-ലെ വിശദീകരണങ്ങൾ എന്നിവയുമായി ഒത്തുനോക്കിയിട്ടുണ്ട്.
ഖുർആനിൽ നിന്ന്
وَمَا كُنتَ تَتۡلُواْ مِن قَبۡلِهِۦ مِن كِتَٰبٖ وَلَا تَخُطُّهُۥ بِيَمِينِكَۖ إِذٗا لَّٱرۡتَابَ ٱلۡمُبۡطِلُونَ ﴿٤٨﴾
ഇതിന് മുമ്പ് നീ വല്ല ഗ്രന്ഥവും പാരായണം ചെയ്യുകയോ, നിന്റെ വലതുകൈ കൊണ്ട് അത് എഴുതുകയോ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കില്‍ ഈ സത്യനിഷേധികള്‍ക്കു സംശയിക്കാമായിരുന്നു.(13)
ആയത്തുകളുടെ വിശദീകരണം
അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ ഖുർആനിന് മുൻപ് ഏതെങ്കിലുമൊരു ഗ്രന്ഥം വായിക്കുകയോ, താങ്കളുടെ വലതു കൈ കൊണ്ട് എന്തെങ്കിലുമൊന്ന് എഴുതുകയോ ചെയ്തിട്ടില്ല. കാരണം താങ്കൾ നിരക്ഷരനാണ്; എഴുതാനോ വായിക്കാനോ താങ്കൾക്കറിയുകയില്ല. താങ്കൾ വായിക്കുകയും എഴുതുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നെങ്കിൽ വിഡ്ഢികളായ ജനങ്ങൾക്ക് താങ്കളുടെ പ്രവാചകത്വത്തിൽ സംശയിക്കാമായിരുന്നു. മുൻപ് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് താങ്കൾ പകർത്തിയെഴുതിയതാണെന്ന് അവർ മുറവിളി കൂട്ടുകയും ചെയ്യുമായിരുന്നു.
مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ ﴿٢﴾ وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ ﴿٣﴾ إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ ﴿٤﴾ عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ ﴿٥﴾
നിങ്ങളുടെ കൂട്ടുകാരന്(1) വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്കപ്പെടുന്നത് മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
ആയത്തുകളുടെ വിശദീകരണം
അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് -ﷺ- സന്മാർഗത്തിൻ്റെ പാതയിൽ നിന്ന് വ്യതിചലിച്ചിട്ടില്ല. അദ്ദേഹം ദുർമാർഗിയായിട്ടുമില്ല. മറിച്ച് അങ്ങേയറ്റം സന്മാർഗത്തിൽ തന്നെയാകുന്നു അദ്ദേഹം.
അദ്ദേഹം ഈ ഖുർആൻ തൻ്റെ ദേഹേഛക്ക് തോന്നുന്ന പോലെ സംസാരിക്കുന്നില്ല.
ഈ ഖുർആൻ ജിബ്രീൽ മുഖേന അല്ലാഹു മുഹമ്മദ് -ﷺ- ക്ക് നൽകുന്ന ഒരു ബോധനമല്ലാതെ മറ്റൊന്നുമല്ല.
കടുത്ത ശക്തിയുള്ള ജിബ്രീലാണ് അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്.
وَمَا كَانَ هَٰذَا ٱلۡقُرۡءَانُ أَن يُفۡتَرَىٰ مِن دُونِ ٱللَّهِ وَلَٰكِن تَصۡدِيقَ ٱلَّذِي بَيۡنَ يَدَيۡهِ وَتَفۡصِيلَ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ ﴿٣٧﴾ أَمۡ يَقُولُونَ ٱفۡتَرَىٰهُۖ قُلۡ فَأۡتُواْ بِسُورَةٖ مِّثۡلِهِۦ وَٱدۡعُواْ مَنِ ٱسۡتَطَعۡتُم مِّن دُونِ ٱللَّهِ إِن كُنتُمۡ صَٰدِقِينَ ﴿٣٨﴾
അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ദൈവികപ്രമാണത്തിന്റെ വിശദീകരണവുമത്രെ അത്. അതില്‍ യാതൊരു സംശയവുമില്ല. ലോകരക്ഷിതാവിങ്കല്‍ നിന്നുള്ളതാണത്. അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്മാരാണെങ്കില്.
ആയത്തുകളുടെ വിശദീകരണം
ഈ ഖുർആൻ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. അത്പോലുള്ളത് കൊണ്ടുവരാൻ മനുഷ്യർക്ക് ഒരിക്കലും സാധ്യമല്ല. അതിനാൽ അല്ലാഹുവല്ലാത്തവരിലേക്ക് അവർ പറഞ്ഞുണ്ടാക്കിയതാണെന്ന രൂപത്തിൽ ഒരിക്കലും ചേർക്കപ്പെടാവതുമല്ല. പ്രത്യുത അതിൻ്റെ മുമ്പുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതും, അതിൽ ചുരുക്കി വിവരിക്കപ്പെട്ട വിധികളുടെ വിശദീകരണവുമത്രെ ഖുർആൻ. പരിശുദ്ധനായ, സൃഷ്ടികളുടെ രക്ഷിതാവിൽ നിന്നാണ് അതവതരിപ്പിക്കപ്പെട്ടത് എന്നതിൽ യാതൊരു സംശയവുമില്ല.
അതല്ല, നബി ഖുർആൻ കെട്ടിച്ചമക്കുകയും എന്നിട്ട് അല്ലാഹുവിലേക്ക് ചേർത്തതുമാണ് എന്നാണോ മുശ്രിക്കുകൾ പറയുന്നത്? നബിയേ, അവരോട് പറയുക: ഞാൻ സ്വയം കൊണ്ട് വന്നതാണെങ്കിൽ ഞാൻ നിങ്ങളെപ്പോലുള്ള മനുഷ്യനാണ്. അതിനാൽ അതുപോലുള്ള ഒരു അദ്ധ്യായം നിങ്ങൾ കൊണ്ടുവരിക. ഖുർആൻ കെട്ടിയുണ്ടാക്കിയതും കള്ളവുമാണെന്ന് നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം സഹായത്തിന് വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾക്കതിന് സാധ്യമല്ല. സ്ഫുടമായ ഭാഷയും വാക്ചാതുരിയും കൈമുതലുള്ളവരായ നിങ്ങൾക്ക് അതിന് സാധ്യമല്ല എന്നത്, ഖുർആൻ അല്ലാഹുവിൽ നിന്നവതരിപ്പിക്കപ്പെട്ടതാണ് എന്നതിന് തെളിവുമാണ്.
സുന്നത്തിൽ നിന്ന്
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: വഹ്യിന്റെ (അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന്റെ) ആരംഭമായി നബിക്ക് -ﷺ- ആദ്യം തുടക്കം കുറിച്ചത് സത്യമായി പുലരുന്ന സ്വപ്നങ്ങളായിരുന്നു. അവിടുന്ന് ഉറക്കത്തിൽ ഏതൊരു സ്വപ്നം കണ്ടാലും പ്രഭാതം പൊട്ടിവിടരുന്നത് പോലെ അത് പുലർന്നു കാണുമായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാക്കപ്പെട്ടു. ഹിറാ ഗുഹയിൽ അവിടുന്ന് ആരാധനകളുമായി ഏകാന്തനായി -രാത്രികൾ- കഴിച്ചു കൂട്ടുമായിരുന്നു. പിന്നീട് അവിടുന്ന് തന്റെ വീട്ടുകാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലും. വീണ്ടും ഏകാന്തനായി ഇരിക്കുന്നതിന് വേണ്ട വിഭവങ്ങൾ ഒരുക്കും. വീണ്ടും -സമാനമായ ദിവസങ്ങൾക്ക് വേണ്ടി- ഖദീജയുടെ അരികിലേക്ക് തിരിച്ചു ചെല്ലും. അങ്ങനെയിരിക്കെ -അവിടുന്ന് ഹിറാ ഗുഹയിൽ ആയിരിക്കുന്ന വേളയിൽ- അവിടുത്തേക്ക് ആ സത്യം വന്നെത്തി. മലക്ക് അവിടുത്തെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: "വായിക്കുക!" നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അവിടുന്ന് പറഞ്ഞു: "അപ്പോൾ ആ മലക്ക് എന്നെ പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു." ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്റെ റബ്ബിൻ്റെ നാമത്തില്‍ നീ വായിക്കുക! മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-5) നബി (ﷺ) അതുമായി മടങ്ങിവന്നു. അവിടുത്തെ ഹൃദയാന്തരം കിടുങ്ങി വിറക്കുന്നുണ്ടായിരുന്നു. ഖദീജഃയുടെ അരികിൽ പ്രവേശിച്ചു കൊണ്ട് നബി (ﷺ) പറഞ്ഞു: "എന്നെ പുതപ്പിക്കൂ! എന്നെ പുതപ്പിക്കൂ!" അവർ അവിടുത്തെ പുതപ്പിച്ചു. അവിടുത്തെ പരിഭ്രാന്തി നീങ്ങിയപ്പോൾ നബി (ﷺ) ഖദീജയോട് കാര്യങ്ങൾ പറഞ്ഞു. "എനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടുപോയി." അവിടുന്ന് പറഞ്ഞു. അപ്പോൾ ഖദീജ പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു സത്യം! അവനൊരിക്കലും താങ്കളെ അപമാനിക്കുകയില്ല. താങ്കൾ കുടുംബബന്ധം ചേർക്കുന്നു. (അശരണരുടെ) പ്രയാസങ്ങൾ ഏറ്റെടുക്കുന്നു. ഇല്ലാത്തവർക്ക് (ദാനം) നൽകുന്നു. അതിഥിയെ ആദരിക്കുന്നു. സത്യത്തിന് വേണ്ടി നിലകൊള്ളേണ്ട വേളകളിൽ അതിന് സഹായമേകുന്നു." അങ്ങനെ നബിയെയും (ﷺ) കൂട്ടി ഖദീജ (رضي الله عنها) അവരുടെ പിതൃസഹോദരനായ വറഖതു ബ്നു നൗഫലിൻ്റെ അരികിൽ ചെന്നു. ജാഹിലിയ്യത്തിൽ നസ്വാറാ മതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം ഹീബ്രു ഭാഷയിൽ എഴുതാറുണ്ടായിരുന്നു. ഇഞ്ചീലിൽ നിന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം പകർത്തി എഴുതാറുമുണ്ടായിരുന്നു. ഏറെ പ്രായം ചെന്നതിനാൽ കണ്ണുകൾക്ക് അന്ധത ബാധിച്ച ഒരു വൃദ്ധനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് ഖദീജ (رضي الله عنها) പറഞ്ഞു: "പിതൃസഹോദരാ! താങ്കളുടെ സഹോദരപുത്രന് പറയാനുള്ളത് കേട്ടുനോക്കൂ." വറഖ ചോദിച്ചു: "എന്താണ് മകനേ നീ കാണുന്നത്?" നബി (ﷺ) അദ്ദേഹത്തോട് താൻ കണ്ട കാര്യങ്ങളെല്ലാം പറഞ്ഞു. ഇത് കേട്ടപ്പോൾ വറഖ പറഞ്ഞു: "മൂസായുടെ മേൽ വന്നെത്തിയ അതേ നാമൂസ് തന്നെയാണിത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ..! താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ..!" അത് കേട്ടപ്പോൾ നബി (ﷺ) ചോദിച്ചു: "അവർ എന്നെ പുറത്താക്കുകയോ?!" വറഖ പറഞ്ഞു: "അതെ! താങ്കൾ കൊണ്ടുവന്നതിന് സമാനമായ കാര്യവുമായി വന്ന ഒരാളും തന്നെ ശത്രുക്കളെ സമ്പാദിക്കാതിരുന്നിട്ടില്ല. ആ ദിവസങ്ങളിൽ ഞാനുണ്ടെങ്കിൽ താങ്കളെ ഞാൻ ശക്തമായി സഹായിക്കുക തന്നെ ചെയ്യും." എന്നാൽ പിന്നീട് അധികം വൈകാതെ തന്നെ വറഖ മരണപ്പെട്ടു. വഹ്യ് (താൽക്കാലികമായി) നിലക്കുകയും ചെയ്തു."
വിശദീകരണം
നബിക്ക് (ﷺ) അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ ആരംഭമായി ഉണ്ടായത് അവിടുന്ന് ഉറക്കത്തിൽ കാണാറുള്ള സത്യസന്ധമായ സ്വപ്നങ്ങളായിരുന്നു; അവിടുന്ന് ഏതൊരു സ്വപ്നം കണ്ടാലും സൂര്യവെളിച്ചം പോലെ വ്യക്തമായി അവ പുലരുമായിരുന്നു. പിന്നീടാണ് അവിടുത്തേക്ക് ഏകാന്തത പ്രിയങ്കരമാകുന്നത്. അങ്ങനെ നബി (ﷺ) ഹിറാ ഗുഹയിൽ പല രാത്രികൾ ആരാധനകളുമായി കൂടുമായിരുന്നു. പിന്നീട് അവിടുന്ന് തൻ്റെ വീട്ടിലേക്ക് തിരിച്ചു പോവുകയും വീണ്ടും അതു പോലെ വിഭവങ്ങൾ കയ്യിലെടുത്ത് തിരിച്ചു പോവുകയും ചെയ്യുമായിരുന്നു. വീണ്ടും ഖദീജഃ (رضي الله عنها) യുടെ അടുത്ത് വരികയും, രാത്രികൾ കഴിയാനുള്ള വിഭവങ്ങൾ സ്വരുക്കൂട്ടിയ ശേഷം ഹിറായിലേക്ക് തിരിച്ചു പോവുകയും ചെയ്യും. അങ്ങനെ, അവിടുന്ന് ഹിറാ ഗുഹയിലായിരിക്കെ നബിക്ക് (ﷺ) സത്യദീനിൻ്റെ സന്ദേശം വന്നെത്തി. അല്ലാഹുവിൻ്റെ മലക്കായ ജിബ്രീൽ
(عليه السلام) നബിയുടെ (ﷺ) അടുത്ത് വരികയും, അവിടുത്തോട് 'വായിക്കാൻ' കൽപ്പിക്കുകയും ചെയ്തു. നബി (ﷺ) പറഞ്ഞു: "എനിക്ക് വായിക്കാൻ അറിയില്ല." അപ്പോൾ ജിബ്രീൽ നബിയെ (ﷺ) അണച്ചു പിടിക്കുകയും ശക്തമായി കെട്ടിപ്പിടിക്കുകയും, നബിക്ക് (ﷺ) അങ്ങേയറ്റത്തെ പ്രയാസവും കഠിനതയും ബാധിക്കുന്ന വിധത്തിൽ അത് ശക്തമാവുകയും ചെയ്തു. ശേഷം നബിയെ (ﷺ) അയച്ചു വിടുകയും, അവിടുത്തോട് വീണ്ടും വായിക്കാൻ കൽപ്പിക്കുകയും ചെയ്തു.
നബി (ﷺ) പറയുന്നു: അപ്പോൾ ആ മലക്ക് എന്നെ രണ്ടാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് വീണ്ടും പറഞ്ഞു: "വായിക്കുക!" ഞാൻ പറഞ്ഞു: "എനിക്ക് വായിക്കാൻ സാധിക്കുകയില്ല." അപ്പോൾ ആ മലക്ക് എന്നെ മൂന്നാമതും പിടിക്കുകയും, അണച്ചു ചേർക്കുകയും ചെയ്തു. എനിക്ക് സാധിക്കാവുന്നതിൻ്റെ അങ്ങേയറ്റമെത്തിയപ്പോൾ എന്നെ അദ്ദേഹം അയച്ചുവിട്ടു. ശേഷം മലക്ക് പറഞ്ഞു: "സൃഷ്ടിച്ചവനായ നിന്റെ റബ്ബിൻ്റെ നാമത്തില്‍ വായിക്കുക! മനുഷ്യനെ അവന് ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക! നിന്റെ റബ്ബ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു." (അലഖ്: 1-3) അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് അവതരിച്ച ഈ വചനങ്ങളുമായി നബി (ﷺ) വീട്ടിലേക്ക് മടങ്ങി; മരണഭയത്താൽ അവിടുത്തെ ഹൃദയം വിറക്കുന്നുണ്ടായിരുന്നു. മുഅ്മിനീങ്ങളുടെ മാതാവും നബിയുടെ (ﷺ) പ്രിയപത്നിയുമായിരുന്ന ഖദീജഃ (رضي الله عنها) യുടെ അടുത്ത് ചെന്നു കൊണ്ട് അവിടുന്ന് പറഞ്ഞു: "എന്നെ ഒരു വസ്ത്രം കൊണ്ട് പുതക്കുക! എന്നെ ഒരു വസ്ത്രം കൊണ്ട് മൂടുക." അവർ നബിയെ (ﷺ) വസ്ത്രം കൊണ്ട് മൂടിയണക്കുകയും, അവിടുത്തെ ഭയം നീങ്ങുകയും ചെയ്തു. അപ്പോൾ ഖദീജഃ (رضي الله عنها) യോട് നബി (ﷺ) കാര്യങ്ങളെല്ലാം വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: "എൻ്റെ ജീവൻ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയന്നു പോയി." അപ്പോൾ ഖദീജഃ (رضي الله عنها) പറഞ്ഞു: "ഒരിക്കലുമില്ല! അല്ലാഹു തന്നെ സത്യം! താങ്കളെ അല്ലാഹു ഒരിക്കലും നിന്ദ്യനാക്കുന്നതല്ല. അങ്ങ് കുടുംബബന്ധം ചേർക്കുകയും, സ്വന്തം കാര്യങ്ങൾ നോക്കാൻ ശേഷിയില്ലാത്ത ദുർബലരുടെ പ്രയാസങ്ങൾ വഹിക്കുകയും, യാതൊന്നും കയ്യിലില്ലാത്ത പരമദരിദ്രർക്ക് മറ്റൊരാളും നൽകാത്തത് താങ്കൾ നൽകുകയും ചെയ്യുന്നു. അതിഥികളെ ആദരിക്കുകയും, സത്യത്തിൻ്റെ വക്താക്കൾക്ക് സഹായം നൽകുകയും ചെയ്യുന്നു." അങ്ങനെ ഖദീജഃ (رضي الله عنها) നബിയെയും (ﷺ) കൂട്ടി വറഖതു ബ്നു നൗഫൽ ബ്നി അസദ് ബ്നി അബ്ദിൽ ഉസ്സാ എന്ന വ്യക്തിയുടെ അടുത്ത് ചെന്നു; ഖദീജഃ (رضي الله عنها) യുടെ പിതൃവ്യ പുത്രനായിരുന്നു അദ്ദേഹം. ബഹുദൈവാരാധകരുടെ ജാഹിലിയ്യഃ സമ്പ്രദായങ്ങൾ ഉപേക്ഷിക്കുകയും, നസ്റാനീ (ക്രൈസ്തവ) മതം സ്വീകരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഹീബ്രു ഭാഷയിൽ ഇഞ്ചീലിൽ നിന്ന് അദ്ദേഹം ചിലതെല്ലാം പകർത്തിയെഴുതാറുണ്ടായിരുന്നു. കാഴ്ച നഷ്ടമായ ഒരു വയോധികനായിരുന്നു അദ്ദേഹം; ഖദീജഃ (رضي الله عنها) അദ്ദേഹത്തോട് പറഞ്ഞു: "എൻ്റെ പിതൃവ്യപുത്രാ! താങ്കളുടെ സഹോദരന്റെ മകന് പറയാനുള്ളത് കേൾക്കൂ!" വറഖ ചോദിച്ചു: "മകനേ! എന്താണ് നീ കാണുന്നത്?" നബി (ﷺ) താൻ കണ്ട കാര്യങ്ങൾ അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ വറഖഃ പറഞ്ഞു: "അല്ലാഹു തൻ്റെ ദൂതനായ മൂസായുടെ അരികിലേക്ക് നിയോഗിച്ച ജിബ്രീലാകുന്നു അത്. ഞാൻ ഇക്കാലഘട്ടത്തിൽ ഒരു യുവാവായിരുന്നെങ്കിൽ.!
താങ്കളുടെ ജനത താങ്കളെ പുറത്താക്കുന്ന വേളയിൽ ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ.!"
അപ്പോൾ നബി (ﷺ) ചോദിച്ചു: "എന്നെ അവർ പുറത്താക്കുകയോ?!" വറഖഃ പറഞ്ഞു: "അതെ. താങ്കൾ കൊണ്ടുവന്നതിന് സമാനമായത് കൊണ്ടുവന്ന ഒരാളും ഉപദ്രവങ്ങൾ ഏറ്റുവാങ്ങുകയും ശത്രുവാക്കപ്പെടുകയും ചെയ്യാതെ ഉണ്ടായിട്ടില്ല. താങ്കളുടെ കാലഘട്ടത്തിൽ ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഞാൻ താങ്കൾക്ക് ശക്തമായ സഹായം നൽകുന്നതാണ്." പിന്നീട് അധികം താമസിയാതെ തന്നെ വറഖഃ മരണപ്പെട്ടു; ഒരു ചെറിയൊരിടവേള അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ വഹ്യ് നിലക്കുകയും ചെയ്തു.