പാഠം 3 / 11
ഈസാ നബി ക്രൂശിക്കപ്പെട്ടുവെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നുണ്ടോ?
ചുരുക്കത്തിൽ ഉത്തരം
ഇല്ല. ഈസാ നബിയെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ലെന്നും, അവർക്ക് അങ്ങനെ തോന്നിപ്പിക്കപ്പെടുക മാത്രമാണുണ്ടായതെന്നും, അല്ലാഹു അദ്ദേഹത്തെ തന്നിലേക്ക് ഉയർത്തിയെന്നും ഖുർആൻ പറയുന്നു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നുവെന്നും, സ്വഹീഹായ ഹദീസുകൾ പറയുന്നതുപോലെ, അന്ത്യകാലത്തിന് മുമ്പ് മടങ്ങിവരുമെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഇരുകൂട്ടരും ഈസാ നബിയെ അഗാധമായി ആദരിക്കുന്നുണ്ടെങ്കിലും, ഇസ്‌ലാം ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് വ്യത്യാസപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണിത്.
ഖബസ് എഴുതിയത്. അൽ-മുഖ്തസർ ഫീ തഫ്സീരിൽ ഖുർആനിൽ കരീം, തഫ്സീർ ഇബ്നു കസീർ, HadeethEnc.com-ലെ വിശദീകരണങ്ങൾ എന്നിവയുമായി ഒത്തുനോക്കിയിട്ടുണ്ട്.
ഖുർആനിൽ നിന്ന്
وَقَوۡلِهِمۡ إِنَّا قَتَلۡنَا ٱلۡمَسِيحَ عِيسَى ٱبۡنَ مَرۡيَمَ رَسُولَ ٱللَّهِ وَمَا قَتَلُوهُ وَمَا صَلَبُوهُ وَلَٰكِن شُبِّهَ لَهُمۡۚ وَإِنَّ ٱلَّذِينَ ٱخۡتَلَفُواْ فِيهِ لَفِي شَكّٖ مِّنۡهُۚ مَا لَهُم بِهِۦ مِنۡ عِلۡمٍ إِلَّا ٱتِّبَاعَ ٱلظَّنِّۚ وَمَا قَتَلُوهُ يَقِينَۢا ﴿١٥٧﴾ بَل رَّفَعَهُ ٱللَّهُ إِلَيۡهِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا ﴿١٥٨﴾
അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്.(43) തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
ആയത്തുകളുടെ വിശദീകരണം
അല്ലാഹുവിൻ്റെ ദൂതനായ, മർയമിൻ്റെ മകൻ മസീഹ് ഈസയെ ഞങ്ങൾ കൊലപ്പെടുത്തിയിരിക്കുന്നു' എന്ന് അഹങ്കാരത്തോടെ ആക്രോശിച്ചതിനാലും അവരെ നാം ശപിച്ചിരിക്കുന്നു. അവർ അവകാശപ്പെടുന്നത് പോലെ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ അവർ കുരിശിലേറ്റിയിട്ടുമില്ല. എന്നാൽ അല്ലാഹു ഈസാ -عَلَيْهِ السَّلَامُ- യുടെ ശരീരസാദൃശ്യം ഇട്ടുനൽകിയ ഒരാളെയാണ് അവർ കൊലപ്പെടുത്തുകയും, കുരിശിലേറ്റുകയും ചെയ്തത്. അവർ ധരിച്ചത് തങ്ങൾ കൊലപ്പെടുത്തിയത് ഈസായെ ആണെന്നാണ്. തങ്ങൾ അദ്ദേഹത്തെ കൊലപ്പെടുത്തി എന്ന് പറയുന്ന യഹൂദരും, അദ്ദേഹത്തെ വഞ്ചിച്ച് യഹൂദർക്ക് ഏൽപ്പിച്ചു കൊടുത്ത നസ്വാറാക്കളും അദ്ദേഹത്തിൻ്റെ കാര്യത്തിൽ പരിഭ്രാന്തിയിലും സംശയത്തിലുമാണ്. അവർക്ക് ഉറച്ച ഒരു വിവരം ആ കാര്യത്തിലില്ല. കേവലം ഊഹത്തെ പിന്തുടരുക മാത്രമാണ് അവർ ചെയ്യുന്നത്. തീർച്ചയായും ഊഹമാകട്ടെ; സത്യത്തിന് യാതൊരു നിലക്കും പകരമാവുകയില്ല. ഉറപ്പായും അവർ ഈസായെ കൊലപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ കുരിശിലേറ്റിയിട്ടുമില്ല.
എന്നാൽ അല്ലാഹു അവരുടെ കുതന്ത്രത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും, അദ്ദേഹത്തിൻ്റെ ശരീരത്തോടെയും ആത്മാവോടെയും തന്നിലേക്ക് അദ്ദേഹത്തെ ഉയർത്തുകയുമാണ് ചെയ്തത്. അല്ലാഹു അവൻ്റെ അധികാരത്തിൽ ആർക്കും പരാജയപ്പെടുത്താൻ കഴിയാത്ത മഹാപ്രതാപവാനും (അസീസ്), തൻ്റെ നിയന്ത്രണത്തിലും വിധിയിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനും (ഹകീം) ആകുന്നു.
إِذۡ قَالَ ٱللَّهُ يَٰعِيسَىٰٓ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ وَمُطَهِّرُكَ مِنَ ٱلَّذِينَ كَفَرُواْ وَجَاعِلُ ٱلَّذِينَ ٱتَّبَعُوكَ فَوۡقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ يَوۡمِ ٱلۡقِيَٰمَةِۖ ثُمَّ إِلَيَّ مَرۡجِعُكُمۡ فَأَحۡكُمُ بَيۡنَكُمۡ فِيمَا كُنتُمۡ فِيهِ تَخۡتَلِفُونَ ﴿٥٥﴾
അല്ലാഹു പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക് നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എന്‍റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്.
ആയത്തുകളുടെ വിശദീകരണം
അല്ലാഹു അവർക്കെതിരെ തന്ത്രം പ്രയോഗിച്ചു, ഈസാ നബിയോട് അല്ലാഹു പറഞ്ഞു: ഹേ; ഈസാ! -മരണത്തിലൂടെയല്ലാതെ- തീർച്ചയായും നിന്നെ നാം പൂർണ്ണമായി ഏറ്റെടുക്കുന്നതാണ്. നിൻറെ ശരീരവും ആത്മാവും എൻറെ അടുക്കലേക്ക് ഉയർത്തുകയും, നിന്നിൽ അവിശ്വസിച്ചവരിൽ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, അവരിൽ നിന്ന് നിന്നെ അകറ്റുകയും ചെയ്യുന്നതാണ്. സത്യമതം പിൻപറ്റിക്കൊണ്ട് നിന്നെ പിൻപറ്റിയവർക്ക് നിഷേധികളുടെ മുകളിൽ നാം പ്രമാണവും പ്രതാപവും കൊണ്ട് അന്ത്യനാൾ വരെ നാം വിജയം നൽകുന്നതാണ്; മുഹമ്മദ് നബി (സ) യിൽ വിശ്വസിക്കുക എന്നതും സത്യമതം പിൻപറ്റുക എന്നതിൽ പെട്ടതാണ്. പിന്നീട് എൻറെ അടുത്തേക്ക് മാത്രമാണ് ഖിയാമത്ത് നാളിൽ നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ ഭിന്നിച്ചു കൊണ്ടിരുന്ന കാര്യത്തിൽ ഞാൻ സത്യപ്രകാരം തീർപ്പുകൽപിക്കുന്നതാണ്.