പാഠം 7 / 11
മുസ്ലിംകൾ എന്തുകൊണ്ട് പന്നിമാംസം കഴിക്കുകയോ മദ്യം കുടിക്കുകയോ ചെയ്യുന്നില്ല?
ചുരുക്കത്തിൽ ഉത്തരം
കാരണം അല്ലാഹു ഖുർആനിൽ അവ വിലക്കിയിരിക്കുന്നു. അവന്റെ കൽപ്പനകൾ നമ്മുടെ നന്മയ്ക്കാണെന്ന് വിശ്വസിച്ചുകൊണ്ട് മുസ്ലിംകൾ അവനെ അനുസരിക്കുന്നു. പന്നിമാംസം, രക്തം, ശവം, അല്ലാഹു അല്ലാത്തവർക്കായി അർപ്പിച്ച മാംസം എന്നിവ നിഷിദ്ധമാണ്. എന്നാൽ മറ്റൊരു വഴിയുമില്ലാതെ വിശപ്പ് കാരണം നിർബന്ധിതനായവന് കുറ്റമില്ല. മദ്യവും മറ്റെല്ലാ ലഹരിവസ്തുക്കളും നിഷിദ്ധമാണ്. അവയുടെ ദോഷം പ്രയോജനത്തേക്കാൾ വലുതാണെന്നും, അവ വിദ്വേഷം ഇളക്കിവിടുകയും ജനങ്ങളെ അല്ലാഹുവിൽ നിന്നും നമസ്കാരത്തിൽ നിന്നും തടയുകയും ചെയ്യുന്നുവെന്നും ഖുർആൻ പറയുന്നു.
ഖബസ് എഴുതിയത്. അൽ-മുഖ്തസർ ഫീ തഫ്സീരിൽ ഖുർആനിൽ കരീം, തഫ്സീർ ഇബ്നു കസീർ, HadeethEnc.com-ലെ വിശദീകരണങ്ങൾ എന്നിവയുമായി ഒത്തുനോക്കിയിട്ടുണ്ട്.
ഖുർആനിൽ നിന്ന്
إِنَّمَا حَرَّمَ عَلَيۡكُمُ ٱلۡمَيۡتَةَ وَٱلدَّمَ وَلَحۡمَ ٱلۡخِنزِيرِ وَمَآ أُهِلَّ بِهِۦ لِغَيۡرِ ٱللَّهِۖ فَمَنِ ٱضۡطُرَّ غَيۡرَ بَاغٖ وَلَا عَادٖ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴿١٧٣﴾
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടത്(34) എന്നിവ മാത്രമേ അവന് നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും (നിഷിദ്ധമായത് ഭക്ഷിക്കുവാന്‍) നിര്‍ബന്ധിതനായാല്‍ അവൻ്റെ മേല്‍ കുറ്റമില്ല. (എന്നാല്‍) അവന് നിയമലംഘനത്തിനു മുതിരാതിരിക്കുകയും (അനിവാര്യതയുടെ) പരിധി കവിയാതിരിക്കുകയും വേണം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
ആയത്തുകളുടെ വിശദീകരണം
മതത്തിൽ അംഗീകരിക്കപ്പെട്ട അറവ് കൊണ്ടല്ലാതെ ചത്തുപോയ ശവം, ഒഴുക്കപ്പെട്ട രക്തം, പന്നിമാംസം, അറുക്കുമ്പോൾ അല്ലാഹുവിൻറെതല്ലാത്ത നാമം സ്മരിക്കപ്പെട്ടത് എന്നിവ മാത്രമേ ഭക്ഷണത്തിൽ നിന്നും അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും അത് കഴിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന രൂപത്തിൽ നിർബന്ധിതനായാൽ അവനു കുറ്റമോ ശിക്ഷയോ ഇല്ല. എന്നാൽ ആവശ്യമില്ലാതെ കഴിക്കുകയെന്ന അക്രമം ചെയ്യാതെയും അനിവാര്യതയുടെ പരിധി കവിയാതെയും ആയിരിക്കുകയും അത്. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന തൻറെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു. നിർബന്ധിത സമയത്ത് നിഷിദ്ധമാക്കപ്പെട്ടവ ഭക്ഷിക്കുന്നത് അനുവദിച്ചു എന്നത് അവൻറെ കാരുണ്യമത്രെ.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِنَّمَا ٱلۡخَمۡرُ وَٱلۡمَيۡسِرُ وَٱلۡأَنصَابُ وَٱلۡأَزۡلَٰمُ رِجۡسٞ مِّنۡ عَمَلِ ٱلشَّيۡطَٰنِ فَٱجۡتَنِبُوهُ لَعَلَّكُمۡ تُفۡلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ ٱلشَّيۡطَٰنُ أَن يُوقِعَ بَيۡنَكُمُ ٱلۡعَدَٰوَةَ وَٱلۡبَغۡضَآءَ فِي ٱلۡخَمۡرِ وَٱلۡمَيۡسِرِ وَيَصُدَّكُمۡ عَن ذِكۡرِ ٱللَّهِ وَعَنِ ٱلصَّلَوٰةِۖ فَهَلۡ أَنتُم مُّنتَهُونَ ﴿٩١﴾
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും(17) പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?
ആയത്തുകളുടെ വിശദീകരണം
അല്ലാഹുവിൽ വിശ്വസിച്ചവരേ! ബുദ്ധിയെ നശിപ്പിക്കുന്ന ലഹരിയും, രണ്ട് വിഭാഗവും ചൂതു വെക്കുന്ന ചൂതാട്ടവും, ബഹുദൈവാരാധകർ ആദരവിൻ്റെ ഭാഗമായി ബലിയർപ്പിക്കുന്നതോ ആരാധിക്കുന്നതിനായി നാട്ടിയതോ ആയ പ്രതിഷ്ഠകളും, തങ്ങൾക്ക് വിധിക്കപ്പെട്ടിരിക്കുന്ന മറഞ്ഞ കാര്യം അന്വേഷിക്കുന്നതിനായി അവർ സ്വീകരിച്ചിരുന്ന പ്രശ്നക്കോലുകളുമെല്ലാം തിന്മകൾ മാത്രമാകുന്നു. അവയെല്ലാം പിശാച് അലങ്കരിപ്പിച്ചു തരുന്നവയാകുന്നു. അതിനാൽ അതിൽ നിന്നെല്ലാം നിങ്ങൾ അകന്നു നിൽക്കുക. (എങ്കിൽ) ഇഹലോകത്ത് മാന്യമായ ജീവിതവും പരലോകത്ത് സ്വർഗീയാനുഗ്രഹങ്ങളും നേടിയെടുത്ത് വിജയികളാകുവാൻ നിങ്ങൾക്ക് സാധിക്കും.
മദ്യത്തെയും ചൂതാട്ടത്തെയും നിങ്ങൾക്ക് ഭംഗിയാക്കി തോന്നിപ്പിക്കുന്നത് കൊണ്ട് പിശാച് ഉദ്ദേശിക്കുന്നത് ഹൃദയങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉണ്ടാക്കുവാനും, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്നും നിസ്കാരത്തിൽ നിന്നും തിരിച്ചു കളയാനുമാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിക്കുന്നവരേ!- നിങ്ങളീ തിന്മകൾ ഇനിയും ഉപേക്ഷിക്കുന്നില്ലേ?! അതാണ് നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ളത് എന്നതിൽ യാതൊരു സംശയവുമില്ല; അതിനാൽ അവയെല്ലാം നിങ്ങൾ അവസാനിപ്പിക്കുക.
۞ يَسۡـَٔلُونَكَ عَنِ ٱلۡخَمۡرِ وَٱلۡمَيۡسِرِۖ قُلۡ فِيهِمَآ إِثۡمٞ كَبِيرٞ وَمَنَٰفِعُ لِلنَّاسِ وَإِثۡمُهُمَآ أَكۡبَرُ مِن نَّفۡعِهِمَاۗ وَيَسۡـَٔلُونَكَ مَاذَا يُنفِقُونَۖ قُلِ ٱلۡعَفۡوَۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَتَفَكَّرُونَ ﴿٢١٩﴾
(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിൻ്റെ അംശമാണ് പ്രയോജനത്തിൻ്റെ അംശത്തേക്കാള്‍ വലുത്. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു.
ആയത്തുകളുടെ വിശദീകരണം
നബിയേ, താങ്കളുടെ അനുയായികൾ താങ്കളോട് മദ്യത്തെ (ബുദ്ധിയെ മറയ്ക്കുകയും നീക്കിക്കളയുകയും ചെയ്യുന്ന എല്ലാ വസ്തുക്കളുമാണ് മദ്യം എന്നത് കൊണ്ട് ഉദ്ദേശം)ക്കുറിച്ച് ചോദിക്കുന്നു. അത് കുടിക്കുന്നതിനെയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും കുറിച്ച് ചോദിക്കുന്നു ? ചൂതാട്ടത്തെക്കുറിച്ചും അവർ ചോദിക്കുന്നു. (മത്സരങ്ങളിലൂടെ പണം സമ്പാദിക്കലാണ് ചൂതാട്ടം. അഥവാ പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കക്ഷികളും അതിൽ തോറ്റാൽ പണം പകരം വെക്കുന്നു.) അവരോട് ഉത്തരം പറയുക: അവ രണ്ടിലും പല ദോഷങ്ങളുമുണ്ട്. അഥവാ, ബുദ്ധിയും സമ്പത്തും നശിപ്പിക്കുക, പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുക പോലുള്ള ദുന്യാവിനെയും ദീനിനെയും ബാധിക്കുന്ന നിരവധിഉപദ്രവകരമായ കാര്യങ്ങളുണ്ട്. സമ്പത്തുണ്ടാക്കൽ പോലുള്ള ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങളും അതുകൊണ്ടുണ്ടാകുന്ന പാപവും പ്രയോജനത്തെക്കാൾ വലുതാണ്. ഉപകാരത്തെക്കാൾ ഉപദ്രവമുള്ള കാര്യങ്ങളിൽ നിന്ന് ബുദ്ധിയുള്ളവരെല്ലാം അകന്നുനിൽക്കും. മദ്യം നിഷിദ്ധമാക്കുന്നതിൻറെ ആമുഖമായിട്ടാണ് ഈ വിശദീകരണം അല്ലാഹു നൽകിയത്. ഓ നബിയേ, താങ്കളുടെ സഹാബിമാർ ചോദിക്കുന്നു, പുണ്യം ലഭിക്കാൻ എത്രയാണവർ ചെലവ് ചെയ്യേണ്ടതെന്ന്. നീ പറയുക: അത്യാവശ്യം കഴിച്ച് മിച്ചമുള്ളത് നിങ്ങൾ ചിലവഴിക്കുക. (ഇത് ആദ്യകാലങ്ങളിലെ നിയമമായിരുന്നു. പിന്നീട് നിശ്ചിത ഇനം സമ്പത്തിൽ നിശ്ചിത തോതനുസരിച്ച് സകാത്ത് നിർബന്ധമാക്കപ്പെട്ടു). നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് ഇതുപോലെ സംശയരഹിതമായി തെളിവുകൾ വിവരിച്ചുതരുന്നു.
സുന്നത്തിൽ നിന്ന്
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ലഹരിയുണ്ടാക്കുന്ന എല്ലാം മദ്യമാണ്. ലഹരിയുണ്ടാക്കുന്ന എല്ലാം നിഷിദ്ധവുമാണ്. ആരെങ്കിലും ഇഹലോകത്ത് മദ്യം കുടിക്കുകയും, അങ്ങനെ സ്ഥിര മദ്യപാനിയായി കൊണ്ട് -പശ്ചാത്തപിക്കാതെ- മരണപ്പെടുകയും ചെയ്താൽ അവൻ അന്ത്യനാളിൽ അത് കുടിക്കുകയില്ല."
വിശദീകരണം
ബുദ്ധിഭ്രംശം സംഭവിക്കുകയും അതിനെ ഇല്ലാതാക്കുകയും ചെയ്യുന്ന എല്ലാ വസ്തുക്കളും മദ്യത്തിൻ്റെ പരിധിയിൽ പെടുമെന്നും, അത് കുടിക്കുന്ന പാനീയമോ കഴിക്കുന്ന ഭക്ഷണമോ മൂക്കിൽ വലിക്കുന്ന വസ്തുക്കളോ മറ്റേതോ ആയാലും സമം തന്നെ. ഇപ്രകാരം ലഹരിയുണ്ടാക്കുന്നതും ബുദ്ധിമറക്കുന്നതുമായ എല്ലാ വസ്തുക്കളും അല്ലാഹു നിഷിദ്ധമാക്കുകയും വിലക്കുകയും ചെയ്തിരിക്കുന്നു; അത് കുറച്ചായാലും കൂടുതലായാലും ഒരു പോലെത്തന്നെ. ഈ പറയപ്പെട്ട ലഹരിവസ്തുക്കളിൽ ഏതൊന്നാകട്ടെ, അവ ഒരാൾ സ്ഥിരമായി ഉപയോഗിക്കുകയും, അതിൽ തുടരുകയും, ആ അവസ്ഥയിൽ തന്നെ -അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങാതെ- മരണപ്പെടുകയും ചെയ്താൽ... അവൻ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹനായിരിക്കും. പരലോകത്ത് സ്വർഗത്തിലെ മദ്യം അവന് കുടിക്കാൻ സാധിക്കില്ല.