പാഠം 6 / 11
മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് എന്തിന്?
ചുരുക്കത്തിൽ ഉത്തരം
ആരാധനയും മാന്യതയുമെന്ന നിലയിൽ അല്ലാഹു ഖുർആനിൽ കൽപ്പിച്ചതുകൊണ്ടാണ് മുസ്ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത്. അതേ ഭാഗം ആദ്യം പുരുഷന്മാരോട് അവരുടെ ദൃഷ്ടികൾ താഴ്ത്താനും മാന്യത കാത്തുസൂക്ഷിക്കാനും പറയുന്നു. തന്റെ മഹ്റം അല്ലാത്ത പുരുഷന്മാരുടെ മുന്നിൽ ഒരു സ്ത്രീ അയഞ്ഞ വസ്ത്രം കൊണ്ട് മുടിയും ശരീരവും മറയ്ക്കുന്നു (പിതാവ്, സഹോദരൻ, മകൻ പോലെ ഒരിക്കലും വിവാഹം ചെയ്യാൻ പാടില്ലാത്ത അടുത്ത ബന്ധുക്കളാണ് മഹ്റം). മുഖവും മറയ്ക്കണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇത് വിശ്വാസിനികളായ സ്ത്രീകൾ വിശ്വാസിനികളായി തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും സഹായിക്കുമെന്ന് ഖുർആൻ പറയുന്നു.
ഖബസ് എഴുതിയത്. അൽ-മുഖ്തസർ ഫീ തഫ്സീരിൽ ഖുർആനിൽ കരീം, തഫ്സീർ ഇബ്നു കസീർ, HadeethEnc.com-ലെ വിശദീകരണങ്ങൾ എന്നിവയുമായി ഒത്തുനോക്കിയിട്ടുണ്ട്.
ഖുർആനിൽ നിന്ന്
قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصۡنَعُونَ ﴿٣٠﴾ وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِيٓ إِخۡوَٰنِهِنَّ أَوۡ بَنِيٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّٰبِعِينَ غَيۡرِ أُوْلِي ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ ﴿٣١﴾
(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്.(10) തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച്(11) മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്ത്താക്കന്മാര്, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്മാര്, അവരുടെ ഭര്തൃപുത്രന്മാര്, അവരുടെ സഹോദരന്മാര്, അവരുടെ സഹോദരപുത്രന്മാര്, അവരുടെ സഹോദരീ പുത്രന്മാര്, മുസ്ലിംകളില് നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്.(12) സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.
ആയത്തുകളുടെ വിശദീകരണം
അല്ലാഹുവിൻ്റെ റസൂലേ! നോക്കുന്നത് വിരോധിക്കപ്പെട്ടിട്ടുള്ള സ്ത്രീകളിൽ നിന്നും സ്വകാര്യതകളിൽ നിന്നും തങ്ങളുടെ കണ്ണുകളെ പിടിച്ചു വെക്കാനും, നിഷിദ്ധമായ കാര്യങ്ങളിൽ ഗുഹ്യാവയവങ്ങൾ പതിക്കുന്നതിൽ നിന്ന് അവയെ സൂക്ഷിക്കുവാനും, അവ മറച്ചുവെക്കാനും വിശ്വാസികളോട് പറയുക. അല്ലാഹു നിഷിദ്ധമാക്കിയതിലേക്ക് നോക്കാതെ പിടിച്ചു വെക്കുകയും, ഗുഹ്യാവയവം സൂക്ഷിക്കലുമാണ് അല്ലാഹുവിങ്കൽ അവർക്ക് കൂടുതൽ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ ചെയ്തു കൊണ്ടിരിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവയിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.
നോക്കുന്നത് അനുവദനീയമല്ലാത്ത സ്വകാര്യതകളിലേക്ക് നോക്കുന്നതിൽ നിന്ന് കണ്ണുകളെ പിടിച്ചു വെക്കാനും, തങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ മ്ലേഛതകളിൽ നിന്ന് സൂക്ഷിക്കുവാനും, അവ മറച്ചു വെക്കുവാനും (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളോട് പറയുക. അന്യർക്ക് മുൻപിൽ തങ്ങളുടെ ഭംഗി അവർ പ്രദർശിപ്പിക്കാതിരിക്കട്ടെ; മറച്ചു വെക്കാൻ കഴിയാത്ത, പ്രകടമായി നിലകൊള്ളുന്ന വസ്ത്രമോ മറ്റോ പോലുള്ളതൊഴികെ. വസ്ത്രത്തിൻ്റെ മുകളിലൂടെ അവരുടെ മുടിയും മുഖവും കഴുത്തും മറയുന്ന രൂപത്തിൽ അവരുടെ തട്ടങ്ങൾ അവർ ഇടുകയും ചെയ്യട്ടെ. അവരുടെ ഭർത്താക്കന്മാർ, അവരുടെ പിതാക്കൾ, അവരുടെ ഭർതൃപിതാക്കൾ, അവരുടെ പുത്രന്മാർ, അവരുടെ ഭർത്താവിൻ്റെ പുത്രന്മാർ, അവരുടെ സഹോദരന്മാർ, അവരുടെ സഹോദരന്മാരുടെ പുത്രന്മാർ, അവരുടെ സഹോദരിമാരുടെ പുത്രന്മാർ, വിശ്വസ്തരായ അവരുടെ സ്ത്രീകൾ -മുസ്ലിംകളോ അല്ലാത്തവരോ ആണെങ്കിലും-, അവർ ഉടമപ്പെടുത്തിയ പുരുഷന്മാരോ സ്ത്രീകളോ ആയ അടിമകൾ, സ്ത്രീകളിൽ ആഗ്രഹമില്ലാത്ത പരിചാരകന്മാരായ പുരുഷന്മാർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത ചെറുപ്പം വിട്ടുമാറിയിട്ടില്ലാത്ത കുട്ടികൾ എന്നിവർക്ക് മുൻപിലല്ലാതെ അവർ മറഞ്ഞിരിക്കുന്ന അവരുടെ ഭംഗി പ്രകടിപ്പിക്കരുത്. പാദസരങ്ങളോ മറ്റോ പോലുള്ള, തങ്ങളുടെ മറഞ്ഞിരിക്കുന്ന അലങ്കാരങ്ങൾ അറിയുന്നതിന് വേണ്ടി തങ്ങളുടെ കാലുകൾ കൊണ്ട് അവർ അടിക്കുകയും ചെയ്യരുത്. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്ക് സംഭവിച്ചു പോകുന്ന (നിഷിദ്ധമായ) നോട്ടങ്ങളിൽ നിന്നും മറ്റും അല്ലാഹുവിലേക്ക് നിങ്ങളെല്ലാവരും പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങൾ ആഗ്രഹിക്കുന്നത് നേടിയെടുക്കാനും, ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം.
يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ﴿٥٩﴾
നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍(41) തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു.
ആയത്തുകളുടെ വിശദീകരണം
നബിയേ! താങ്കളുടെ ഭാര്യമാരോടും പെൺമക്കളോടും (അല്ലാഹുവിൽ) വിശ്വസിച്ച സ്ത്രീകളോടും 'അന്യപുരുഷന്മാർക്ക് മുന്നിൽ അവരുടെ മറക്കേണ്ട ഭാഗങ്ങൾ വെളിവാകാത്ത നിലക്ക്, അവർ ധരിക്കുന്ന അവരുടെ മൂടുപടം താഴ്ത്തിയിടൂ' എന്ന് പറഞ്ഞു കൊടുക്കുക. അവർ സ്വതന്ത്രരാണെന്ന് (മറ്റുള്ളവർക്ക്) വ്യക്തമാകാനും, അടിമസ്ത്രീകളെ ഉപദ്രവിക്കാൻ തുനിയുന്നതു പോലെ ആരും അവരെ ഉപദ്രവിക്കാതിരിക്കാനും അതാണ് കൂടുതൽ നല്ലത്. തൻ്റെ ദാസന്മാരിൽ തങ്ങളുടെ പാപങ്ങളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു അല്ലാഹു.