۞ وَإِن كُنتُمۡ عَلَىٰ سَفَرٖ وَلَمۡ تَجِدُواْ كَاتِبٗا فَرِهَٰنٞ مَّقۡبُوضَةٞۖ فَإِنۡ أَمِنَ بَعۡضُكُم بَعۡضٗا فَلۡيُؤَدِّ ٱلَّذِي ٱؤۡتُمِنَ أَمَٰنَتَهُۥ وَلۡيَتَّقِ ٱللَّهَ رَبَّهُۥۗ وَلَا تَكۡتُمُواْ ٱلشَّهَٰدَةَۚ وَمَن يَكۡتُمۡهَا فَإِنَّهُۥٓ ءَاثِمٞ قَلۡبُهُۥۗ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ ٢٨٣
ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.
തഫ്സീർ
ഇനി നിങ്ങൾ യാത്രയിലാവുകയും കടത്തിൻറെ രേഖ എഴുതിവെക്കാൻ ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ കടം വാങ്ങുന്നവൻ കടം നൽകുന്നവന് പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. കടം നൽകാനുള്ളവൻ അത് തിരിച്ചുനൽകുന്നത് വരെ അതവന് ഈടായി വെക്കാം. ഇനി നിങ്ങൾക്ക് പരസ്പരം ഉറപ്പുണ്ട് എങ്കിൽ കടം എഴുതുകയോ, കടം നൽകിയതിന് സാക്ഷി നിർത്തുകയോ, പണയവസ്തു വാങ്ങുകയോ ചെയ്യണമെന്ന നിർബന്ധമില്ല. കടം വാങ്ങിയവനെ സംബന്ധിച്ചിടത്തോളം കടം നൽകിയവനോടുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് ഈ ഇടപാട്. അത് തിരിച്ചു നൽകുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. തൻ്റെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുകയും, തൻ്റെ മേലുള്ള കടത്തിൽ ഒരു ഭാഗവും അവൻ നിഷേധിക്കുകയുമരുത്. കടം വാങ്ങിയവൻ അക്കാര്യം നിഷേധിക്കുകയാണ് എങ്കിൽ ഈ ഇടപാടിന് സാക്ഷിയായവൻ തൻ്റെ സാക്ഷ്യം നിറവേറ്റണം. അത് മറച്ചു വെക്കുക എന്നത് അവന് അനുവദനീയമല്ല. ആരെങ്കിലും തൻ്റെ സാക്ഷ്യം മറച്ചു വെക്കുന്നു എങ്കിൽ അവൻ്റെ ഹൃദയം ഒരു അധർമ്മിയുടെ ഹൃദയം തന്നെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി അറിയുന്നവനാകുന്നു. അവന് ഒന്നും ഗോപ്യമാകുന്നില്ല തന്നെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതാണ്.