يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا تَدَايَنتُم بِدَيۡنٍ إِلَىٰٓ أَجَلٖ مُّسَمّٗى فَٱكۡتُبُوهُۚ وَلۡيَكۡتُب بَّيۡنَكُمۡ كَاتِبُۢ بِٱلۡعَدۡلِۚ وَلَا يَأۡبَ كَاتِبٌ أَن يَكۡتُبَ كَمَا عَلَّمَهُ ٱللَّهُۚ فَلۡيَكۡتُبۡ وَلۡيُمۡلِلِ ٱلَّذِي عَلَيۡهِ ٱلۡحَقُّ وَلۡيَتَّقِ ٱللَّهَ رَبَّهُۥ وَلَا يَبۡخَسۡ مِنۡهُ شَيۡـٔٗاۚ فَإِن كَانَ ٱلَّذِي عَلَيۡهِ ٱلۡحَقُّ سَفِيهًا أَوۡ ضَعِيفًا أَوۡ لَا يَسۡتَطِيعُ أَن يُمِلَّ هُوَ فَلۡيُمۡلِلۡ وَلِيُّهُۥ بِٱلۡعَدۡلِۚ وَٱسۡتَشۡهِدُواْ شَهِيدَيۡنِ مِن رِّجَالِكُمۡۖ فَإِن لَّمۡ يَكُونَا رَجُلَيۡنِ فَرَجُلٞ وَٱمۡرَأَتَانِ مِمَّن تَرۡضَوۡنَ مِنَ ٱلشُّهَدَآءِ أَن تَضِلَّ إِحۡدَىٰهُمَا فَتُذَكِّرَ إِحۡدَىٰهُمَا ٱلۡأُخۡرَىٰۚ وَلَا يَأۡبَ ٱلشُّهَدَآءُ إِذَا مَا دُعُواْۚ وَلَا تَسۡـَٔمُوٓاْ أَن تَكۡتُبُوهُ صَغِيرًا أَوۡ كَبِيرًا إِلَىٰٓ أَجَلِهِۦۚ ذَٰلِكُمۡ أَقۡسَطُ عِندَ ٱللَّهِ وَأَقۡوَمُ لِلشَّهَٰدَةِ وَأَدۡنَىٰٓ أَلَّا تَرۡتَابُوٓاْ إِلَّآ أَن تَكُونَ تِجَٰرَةً حَاضِرَةٗ تُدِيرُونَهَا بَيۡنَكُمۡ فَلَيۡسَ عَلَيۡكُمۡ جُنَاحٌ أَلَّا تَكۡتُبُوهَاۗ وَأَشۡهِدُوٓاْ إِذَا تَبَايَعۡتُمۡۚ وَلَا يُضَآرَّ كَاتِبٞ وَلَا شَهِيدٞۚ وَإِن تَفۡعَلُواْ فَإِنَّهُۥ فُسُوقُۢ بِكُمۡۗ وَٱتَّقُواْ ٱللَّهَۖ وَيُعَلِّمُكُمُ ٱللَّهُۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ٢٨٢
സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെ രക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളില്‍ പെട്ട രണ്ടു പുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ തൃപ്തിപ്പെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതായാലും വലുതായാലും അതിന്‍റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
തഫ്സീർ
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ ഒരു നിശ്ചിത കാലാവധി വരേക്കുമായി കടമിടപാട് നടത്തുകയാണെങ്കിൽ -അതായത് നിങ്ങൾ പരസ്പരം കടം നൽകുകയാണെങ്കിൽ- ആ കടം നിങ്ങൾ എഴുതി വെക്കുക. ഇസ്ലാമിക നിയമങ്ങളോട് യോജിച്ചു കൊണ്ട്, നീതിയും സത്യവും പാലിച്ചു കൊണ്ട് ഒരു എഴുത്തുകാരൻ അത് നിങ്ങൾക്കിടയിൽ രേഖപ്പെടുത്തി വെക്കട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം നീതിയോടെ എഴുതാൻ വിസമ്മതിക്കരുത്. കടബാധ്യതയുള്ളവൻ പറഞ്ഞുകൊടുക്കുന്ന വാചകം അവൻ എഴുതട്ടെ. (കടബാധ്യതയുള്ളവൻ തന്നെ പറഞ്ഞു കൊടുക്കുന്നതോടെ) തൻ്റെ മേൽ കടമുണ്ടെന്ന കാര്യം അവൻ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അവൻ തൻറെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. കടത്തിൻറെ പരിധിയോ, ഇനമോ, രൂപമോ അവൻ കുറവ് വരുത്തരുത്. ഇനി കടബാധ്യതയുള്ള ആൾ സാമ്പത്തിക ക്രയവിക്രയം ചെയ്യാൻ അറിയാത്തവനോ, പ്രായക്കുറവോ ബുദ്ധിയില്ലായ്മയോ കാരണത്താൽ ദുർബലതയുള്ളവനോ, ബധിരത കാരണത്താൽ കടവാചകം പറഞ്ഞു കൊടുക്കാൻ കഴിയാത്തവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാൾക്ക് വേണ്ടി നീതിപൂർവ്വം വാചകം പറഞ്ഞു കൊടുക്കേണ്ടതാണ്. നീതിമാന്മാരും ബുദ്ധിയുള്ളവരുമായ രണ്ടു പുരുഷന്മാരെ നിങ്ങൾ സാക്ഷികളായി അന്വേഷിക്കുകയും ചെയ്യുക. ഇനി രണ്ട് പുരുഷന്മാരെ സാക്ഷിയായി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് തൃപ്തികരമായ മതനിഷ്ഠയും വിശ്വസ്തതയുമുള്ള ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും നിങ്ങൾ സാക്ഷികളാക്കുക. (സ്ത്രീകൾ രണ്ട് പേർ വേണമെന്നു പറഞ്ഞത്) അവരിൽ ഒരുവൾക്ക് തെറ്റ് പറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കാൻ വേണ്ടിയാണ്. കടമിടപാടിൻ്റെ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടാൽ സാക്ഷികൾ അതിൽ നിന്ന് വിട്ടുനിൽക്കരുത്. വിളിക്കപ്പെട്ടാൽ തങ്ങളുടെ സാക്ഷ്യം പറയുക എന്നത് അവരുടെ മേൽ നിർബന്ധമാകുന്നു. ഇടപാട് ചെറുതായാലും വലുതായാലും അതിൻറെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നരുത്. കടം എഴുതിവെക്കുക എന്നതാണ് അല്ലാഹുവിൻ്റെ ദീനിൽ ഏറ്റവും നീതിപൂർവ്വകമായതും, സാക്ഷ്യം തെളിയിക്കാനും പൂർണ്ണമായി ബോധ്യപ്പെടുത്താനും ഏറ്റവും സഹായകമായുള്ളതും. കടത്തിൻറെ രൂപത്തിലും അവയുടെ കണക്കിലും കാലാവധിയിലും നിങ്ങൾക്ക് സംശയം ജനിക്കാതിരിക്കാൻ കൂടുതൽ അനുയോജ്യമായിട്ടുള്ളതും അതു തന്നെ. എന്നാൽ നിങ്ങൾ അന്യോന്യം നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകൾ -കച്ചവട വസ്തുവും, അതിൻ്റെ വിലയും ഒരേ സമയം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിൽ- ഇതിൽ നിന്നൊഴിവാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ ക്രയവിക്രയം എഴുതിവെക്കേണ്ട ആവശ്യമില്ല എന്നതിനാൽ എഴുത്ത് ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ പിന്നീട് തർക്കങ്ങൾ ഉടലെടുക്കാതിരിക്കാൻ (കച്ചവടത്തിൽ) സാക്ഷികളെ നിർത്തുകയാവാം. എഴുത്തുകാരോ സാക്ഷികളോ ദ്രോഹിക്കപ്പെടാൻ പാടില്ല. അവരുടെ രേഖയോ സാക്ഷ്യമോ ആവശ്യപ്പെടുന്നവരെ പ്രയാസപ്പെടുത്താൻ അവർക്കും പാടില്ല. നിങ്ങൾ ഉപദ്രവം ചെയ്യുകയാണെങ്കിൽ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ ധിക്കരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിരോധങ്ങൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവെ ഭയക്കുക. ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയുള്ളത് അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ഒന്നും അവന് ഗോപ്യമാവുകയില്ല തന്നെ.