സൂറ Al-An'am, ആയത്ത് 76

6:76

فَلَمَّا جَنَّ عَلَيۡهِ ٱلَّيۡلُ رَءَا كَوۡكَبٗاۖ قَالَ هَٰذَا رَبِّيۖ فَلَمَّآ أَفَلَ قَالَ لَآ أُحِبُّ ٱلۡأٓفِلِينَ ٧٦

അങ്ങനെ രാത്രി അദ്ദേഹത്തെ (ഇരുട്ട്കൊണ്ട്‌) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്‌! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല(16)

അടിക്കുറിപ്പുകൾ

16) വിഗ്രഹങ്ങളോടൊപ്പം സൂര്യ-ചന്ദ്ര-നക്ഷത്രാദികളെയും ആരാധിക്കുന്നവരായിരുന്നു ഇബ്‌റാഹീം നബി(عليه السلام)യുടെ നാട്ടുകാര്‍. അല്ലാഹുവിൻ്റെ സൃഷ്ടികളായ ആകാശഗോളങ്ങള്‍ക്ക് ദിവ്യത്വം കല്‍പിച്ച് ആരാധിക്കുന്നത് എത്ര വലിയ മൗഢ്യമാണെന്ന് അവരെ ഉണര്‍ത്താനാണ് ഇതുവഴി ഇബ്‌റാഹീം നബി (عليه السلام) ശ്രമിച്ചത്.

തഫ്സീർ

അങ്ങനെ രാത്രി അദ്ദേഹത്തിൻ്റെ മേൽ ഇരുളടഞ്ഞതായി തീർന്നപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാണെൻ്റെ രക്ഷിതാവ്! അങ്ങനെ ആ നക്ഷത്രം മാഞ്ഞു പോയപ്പോൾ അദ്ദേഹം പറഞ്ഞു: മറഞ്ഞു പോകുന്നവയെ ഞാൻ ഇഷ്ടപ്പെടുന്നില്ല. കാരണം യഥാർത്ഥ ആരാധ്യൻ എന്നെന്നും സന്നിഹിതനായിരിക്കും; അവനൊരിക്കലും മറഞ്ഞു പോവുകയില്ല.