പാഠം 3 / 5
എന്താണ് സകാത്ത്?
ഖുർആനിൽ നിന്ന്
خُذۡ مِنۡ أَمۡوَٰلِهِمۡ صَدَقَةٗ تُطَهِّرُهُمۡ وَتُزَكِّيهِم بِهَا وَصَلِّ عَلَيۡهِمۡۖ إِنَّ صَلَوٰتَكَ سَكَنٞ لَّهُمۡۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴿١٠٣﴾
അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَأَقَامُواْ ٱلصَّلَوٰةَ وَءَاتَوُاْ ٱلزَّكَوٰةَ لَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴿٢٧٧﴾
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് കൊടുക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
۞ إِنَّمَا ٱلصَّدَقَٰتُ لِلۡفُقَرَآءِ وَٱلۡمَسَٰكِينِ وَٱلۡعَٰمِلِينَ عَلَيۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِي ٱلرِّقَابِ وَٱلۡغَٰرِمِينَ وَفِي سَبِيلِ ٱللَّهِ وَٱبۡنِ ٱلسَّبِيلِۖ فَرِيضَةٗ مِّنَ ٱللَّهِۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴿٦٠﴾
സകാത്ത് മുതലുകൾ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും(18) (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും(19) മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
സുന്നത്തിൽ നിന്ന്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ദാനധർമ്മം സമ്പത്തിൽ നിന്ന് കുറവ് വരുത്തുകയില്ല. വിട്ടുവീഴ്ച്ച കൊണ്ട് അല്ലാഹു ഒരടിമക്കും പ്രതാപമല്ലാതെ അധികരിപ്പിക്കുകയില്ല. അല്ലാഹുവിന് വേണ്ടി ഒരാൾ വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."
വിശദീകരണം
ദാനധർമ്മങ്ങൾ സമ്പത്തിൽ യാതൊരു കുറവും വരുത്തുകയില്ല എന്ന് നബി ﷺ അറിയിക്കുന്നു. മറിച്ച്, ദാനധർമ്മം ചെയ്യുന്നവന് ബാധിക്കാമായിരുന്ന ആപത്തുകൾ തടയുകയും, ധാരാളം നന്മകൾ പകരമായി ലഭിക്കുകയും ചെയ്യും. ചുരുക്കത്തിൽ ദാനം വർദ്ധനവ് നൽകുകയാണ് ചെയ്യുന്നത്; യാതൊരു കുറവും വരുത്തുന്നില്ല.
പ്രതികാരം ചെയ്യാനും, ശിക്ഷ നൽകാനും സാധിക്കുന്ന വേളയിൽ ഒരാൾ വിട്ടുവീഴ്ച്ച കാണിക്കുകയും പൊറുത്തു നൽകുകയും ചെയ്യുന്നത് അവൻ്റെ ശക്തിയും പ്രതാപവും അധികരിപ്പിക്കുകയേ ഉള്ളൂ.
ഒരാൾ അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ചു കൊണ്ട് വിനയവും താഴ്മയും കാണിക്കുന്നതിനുള്ള പ്രതിഫലം അവന് അല്ലാഹു ഔന്നത്യവും ആഢ്യത്വവും അധികരിപ്പിച്ചു നൽകുമെന്നതല്ലാതെ മറ്റൊന്നുമല്ല. എന്നാൽ ആരെയെങ്കിലും പേടിച്ചു കൊണ്ടോ, 'നയതന്ത്രത്തിൻ്റെ' ഭാഗമായോ, എന്തെങ്കിലും ഉപകാരം ലഭിക്കുമെന്ന പ്രതീക്ഷയിലോ വിനയം കാണിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.