സൂറ Al-Baqarah, ആയത്ത് 259

2:259

أَوۡ كَٱلَّذِي مَرَّ عَلَىٰ قَرۡيَةٖ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحۡيِۦ هَٰذِهِ ٱللَّهُ بَعۡدَ مَوۡتِهَاۖ فَأَمَاتَهُ ٱللَّهُ مِاْئَةَ عَامٖ ثُمَّ بَعَثَهُۥۖ قَالَ كَمۡ لَبِثۡتَۖ قَالَ لَبِثۡتُ يَوۡمًا أَوۡ بَعۡضَ يَوۡمٖۖ قَالَ بَل لَّبِثۡتَ مِاْئَةَ عَامٖ فَٱنظُرۡ إِلَىٰ طَعَامِكَ وَشَرَابِكَ لَمۡ يَتَسَنَّهۡۖ وَٱنظُرۡ إِلَىٰ حِمَارِكَ وَلِنَجۡعَلَكَ ءَايَةٗ لِّلنَّاسِۖ وَٱنظُرۡ إِلَى ٱلۡعِظَامِ كَيۡفَ نُنشِزُهَا ثُمَّ نَكۡسُوهَا لَحۡمٗاۚ فَلَمَّا تَبَيَّنَ لَهُۥ قَالَ أَعۡلَمُ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ ٢٥٩

അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ(58) അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്‌. തുടര്‍ന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്‌); അദ്ദേഹം മറുപടി പറഞ്ഞു. 'അല്ല, നീ നൂറു വര്‍ഷം കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്‍റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്‍റെ കഴുതയുടെ നേര്‍ക്ക് നോക്കൂ. (അതെങ്ങനെയുണ്ടെന്ന്‌). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്‌. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക' എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു

അടിക്കുറിപ്പുകൾ

58) ബഹുഭൂരിപക്ഷം മുഫസ്സിറുകള്‍ അഭിപ്രായപ്പെടുന്നത് പ്രസ്തുത വ്യക്തി ഉസൈര്‍ (عليه السلام) ആണെന്നും പട്ടണം ഫലസ്തീൻ ആണെന്നുമാണ്.

തഫ്സീർ

അല്ലെങ്കിൽ, മേൽക്കൂരകൾ വീണടിഞ്ഞും ചുമരുകൾ തകർന്നും താമസക്കാർ നശിച്ചും ശൂന്യവും വിജനവുമായ ഒരു പട്ടണത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരാളുടെ ഉദാഹരണം താങ്കൾ കണ്ടില്ലേ. അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു: നിർജീവമായിപ്പോയതിനു ശേഷം ഈ പട്ടണവാസികളെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? തുടർന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വർഷം മരിപ്പിക്കുകയും പിന്നീട് അദ്ദേഹത്തെ ജീവിപ്പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം മരിച്ച നിലയിൽ കഴിഞ്ഞു കൂടി? അദ്ദേഹം പറഞ്ഞു: ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്പഭാഗമോ ആണ് ഞാൻ കഴിച്ചുകൂട്ടിയത്. അല്ലാഹു പറഞ്ഞു: അല്ല, നീ നൂറു വർഷം പൂർണമായി കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങൾ നോക്കൂ. വളരെ പെട്ടെന്ന് മാറ്റം വരുന്നവയായിട്ടുപോലും അവക്ക് മാറ്റം വന്നിട്ടില്ല. (എന്നാൽ അതേ) സമയം നിൻ്റെ കഴുത ചത്തു പോവുകയും ചെയ്തിരിക്കുന്നു. ഈ ജനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവനാണ് എന്നതിന് നീയൊരു തെളിവായി മാറുന്നതിനാണ് ഇതെല്ലാം. ചത്തുപോയ നിന്റെ കഴുതയുടെ എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തിൽ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക. ശേഷം നാമതിലേക്ക് ജീവൻ തിരികെ കൊണ്ടുവരുന്നു. അങ്ങനെ അത് കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യം വ്യക്തമാവുകയും അല്ലാഹുവിൻറെ കഴിവ് ബോധ്യപ്പെടുകയും ചെയ്തു. അക്കാര്യം അംഗീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹു എല്ലാകാര്യങ്ങൾക്കും കഴിവുള്ളവനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.