وَأَتِمُّواْ ٱلۡحَجَّ وَٱلۡعُمۡرَةَ لِلَّهِۚ فَإِنۡ أُحۡصِرۡتُمۡ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۖ وَلَا تَحۡلِقُواْ رُءُوسَكُمۡ حَتَّىٰ يَبۡلُغَ ٱلۡهَدۡيُ مَحِلَّهُۥۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ بِهِۦٓ أَذٗى مِّن رَّأۡسِهِۦ فَفِدۡيَةٞ مِّن صِيَامٍ أَوۡ صَدَقَةٍ أَوۡ نُسُكٖۚ فَإِذَآ أَمِنتُمۡ فَمَن تَمَتَّعَ بِٱلۡعُمۡرَةِ إِلَى ٱلۡحَجِّ فَمَا ٱسۡتَيۡسَرَ مِنَ ٱلۡهَدۡيِۚ فَمَن لَّمۡ يَجِدۡ فَصِيَامُ ثَلَٰثَةِ أَيَّامٖ فِي ٱلۡحَجِّ وَسَبۡعَةٍ إِذَا رَجَعۡتُمۡۗ تِلۡكَ عَشَرَةٞ كَامِلَةٞۗ ذَٰلِكَ لِمَن لَّمۡ يَكُنۡ أَهۡلُهُۥ حَاضِرِي ٱلۡمَسۡجِدِ ٱلۡحَرَامِۚ وَٱتَّقُواْ ٱللَّهَ وَٱعۡلَمُوٓاْ أَنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ ١٩٦
നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക് (ഹജ്ജ് നിര്‍വഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത് എത്തുന്നത് വരെ(46) നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടിനീക്കുന്നതിന്) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം(47) സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്.) ഇനി ആര്‍ക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേര്‍ത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
അടിക്കുറിപ്പുകൾ
46) സാധാരണ നിലയില്‍ മക്കയിലാണ് ബലികര്‍മം നടത്തേണ്ടത്. വഴിയില്‍ തടയപ്പെട്ടാല്‍ അവിടെവെച്ച് തന്നെ ബലി നടത്താം. ഹാജിമാർ ബലികര്‍മത്തിന് ശേഷം തല മുണ്ഡനം ചെയ്ത് 'ഇഹ്‌റാമില്‍' നിന്ന് ഒഴിവാകുന്നതാണ് ഉത്തമം.
47) ഹജ്ജും ഉംറഃയും നിര്‍വഹിക്കുന്നതിന് മൂന്ന് രീതികളുണ്ട്. അതിലൊന്നാണ് 'തമത്തുഅ്'. ഹജ്ജ് ചെയ്യാന്‍ നിര്‍ണയിക്കപ്പെട്ട മാസങ്ങളായ ശവ്വാല്‍, ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ എന്നീ മാസങ്ങളില്‍ ആദ്യം ഉംറഃ നിര്‍വഹിച്ച ശേഷം 'ഇഹ്‌റാമി'ല്‍ നിന്ന് ഒഴിവായി സുഖമായി കഴിയുകയും പിന്നീട് അതേ വര്‍ഷം തന്നെ അതേ യാത്രയില്‍ ഹജ്ജ് കര്‍മത്തിനു വേണ്ടി ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുന്ന രീതിക്കാണ് 'തമത്തുഅ്' എന്ന് പറയുന്നത്.
തഫ്സീർ
നിങ്ങൾ അല്ലാഹുവിന് വേണ്ടി -അവൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്- ഹജ്ജും ഉംറഃയും പൂർണ്ണമായി നിർവ്വഹിക്കുക. ഇനി രോഗമോ ശത്രുവിൻ്റെ ഉപദ്രവമോ കാരണത്താൽ നിങ്ങൾക്ക് ഹജ്ജ് പൂർത്തീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കപ്പെട്ടാൽ ഇഹ്റാമിൽ നിന്നും ഒഴിവാകുന്നതിന് വേണ്ടി നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ -ഒട്ടകം, ആട്, മാട് എന്നിവയിൽ നിന്നും- ബലിയർപ്പിക്കേണ്ടതാണ്. ബലിമൃഗം അറുക്കുന്നത് അനുവദിക്കപ്പെട്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങൾ തല മുണ്ഡനം ചെയ്യുകയോ തലമുടി വെട്ടുകയോ ചെയ്യരുത്. ഹറമിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയപ്പെട്ട അവസ്ഥയിലാണെങ്കിൽ തടയപ്പെട്ട ഇടത്താണ് ബലിയർപ്പിക്കേണ്ടത്. ഇനി ഹറമിൽ നിന്ന് തടയപ്പെട്ടിട്ടില്ല എങ്കിൽ ദുൽഹജ്ജ് പത്തിനോ അതിന് ശേഷമുള്ള അയ്യാമുത്തശ്രീഖിൻറെ (മൂന്ന്) ദിവസങ്ങളിലോ ഹറമിൽ വെച്ചും അറവ് നിർവ്വഹിക്കണം. നിങ്ങളിലാർക്കെങ്കിലും രോഗമോ, തലയിൽ പേൻ പോലുള്ള വല്ല ശല്യവും അനുഭവപ്പെടുകയോ ചെയ്താൽ മുടി (സമയമാകുന്നതിന് മുൻപ്) മുണ്ഡനം ചെയ്യുന്നതിന് കുഴപ്പമില്ല. അതിനുള്ള പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പെടുക്കുകയോ, ഹറമിലെ സാധുക്കളിൽ നിന്ന് ആറു പേരെ ഭക്ഷിപ്പിക്കുകയോ, ആടിനെ ബലിയറുത്ത് ഹറമിലെ ദരിദ്രർക്കിടയിൽ വിതരണം ചെയ്യുകയോ ചെയ്താൽ മതിയാകും. ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഹജ്ജ് മാസങ്ങളിലൊന്നിൽ ഉംറഃ നിർവ്വഹിച്ചിട്ട് ഹജ്ജിന് ഇഹ്റാം ചെയ്യുന്നത് വരെ അവന് ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ആടിനെയോ, അല്ലെങ്കിൽ മാട് ഒട്ടകം എന്നിവയിൽ ഏഴാളുകൾ പങ്ക് ചേർന്നോ ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്. ഇനി ആർക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നാട്ടിൽ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേർത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. ബലി നിർബന്ധമാകുന്നതും കഴിയാത്തവർ നോമ്പനുഷ്ഠിക്കലും മസ്ജിദുൽ ഹറമിൻ്റെ പരിസരത്തല്ലാതെ താമസിക്കുന്നവർക്കാകുന്നു. അല്ലാഹുവിൻറെ നിയമങ്ങളെ പിൻപറ്റിയും പരിധികളെ മഹത്വപ്പെടുത്തിയും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അവൻറെ കൽപ്പനകൾക്കെതിര് പ്രവർത്തിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.